Categories: World

കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി ലഷ്ക്കര്‍ ക്യാമ്പുകള്‍ സജീവം: ഹെഡ്ലി

Published by

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടാന്‍ പാക്‌ ഭീകരസംഘടനയായ ലഷ്ക്കര്‍ തൊയ്ബ ഒട്ടേറെ ഭീകര പരിശീലന പരിപാടികള്‍ നടത്തിവരുന്നതായി അന്താരാഷ്‌ട്ര ഭീകരന്‍ ഡേവിഡ്‌ ഹെഡ്ലി വെളിപ്പെടുത്തി.

ലഷ്ക്കര്‍ തൊയ്ബ നടത്തുന്ന ഭീകര പരിശീലന പരിപാടിയില്‍ മത, സൈനിക, രഹസ്യാന്വേഷണ പരിശീലനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്നത്‌ താനാണെന്ന്‌ യുഎസ്‌ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഹെഡ്ലി പറഞ്ഞു. ലഷ്ക്കര്‍ തൊയ്ബ 2002 ല്‍ നടത്തിയ മതപരിശീലനം 2003 ല്‍ നടത്തിയ മൂന്നുമാസത്തെ പ്രായോഗിക സൈനിക പരിശീലനം, 2004 ല്‍ ലഷ്ക്കര്‍ തൊയ്ബയുടെ നേതൃത്വ കോഴ്സ്‌ തുടങ്ങിയവയിലെല്ലാം ഹെഡ്ലി പങ്കെടുത്തിട്ടുണ്ട്‌. 2003 ല്‍ രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട മറ്റൊരു കോഴ്സിലും ഇയാള്‍ പങ്കെടുത്തു. ഇതെല്ലാം പൂര്‍ത്തിയാക്കിയത്‌ ജമ്മുകാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നത്രെ.

ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടത്തക്കവിധം നഗര, ഗ്രാമ പരിസ്ഥിതികളില്‍ പരമ്പരാഗത, ഗറില്ല, യുദ്ധതന്ത്രങ്ങള്‍ ലഷ്ക്കര്‍ തൊയ്ബ പഠിപ്പിച്ചിരുന്നു. ജമ്മുകാശ്മീരിലെ പോരാട്ടങ്ങളില്‍ പങ്കാളിയാവുകയായിരുന്നോ ലക്ഷ്യമെന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന്‌ അത്‌ ശരിയാണെന്നായിരുന്നു ഹെഡ്ലിയുടെ മറുപടി.

ലഷ്ക്കര്‍ തൊയ്ബാ ഭീകരരുടെ ചെറുസംഘങ്ങള്‍ ഇന്ത്യയിലെത്തി താവളമടിച്ച്‌ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്‌ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ‘ഇന്ത്യയിലോ, കാശ്മീരിലോ രണ്ടിടങ്ങളിലുമോ’ ജീവിക്കാനായിരുന്നു ലഷ്ക്കര്‍ നേതൃത്വത്തിന്റെ നിര്‍ദേശം. പൊതുവെയുള്ള നിരീക്ഷണം കൂടാതെ ചില പ്രത്യേക കേന്ദ്രങ്ങളും വിഐപികളും വ്യക്തികളുമൊക്കെയടങ്ങുന്നവരെ നോട്ടമിടാനും നിര്‍ദേശിക്കപ്പെട്ടിരുന്നു. ലഷ്ക്കര്‍ തൊയ്ബക്കുവേണ്ടി 4-5 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ്‌ മേജര്‍ ഇഖ്ബാല്‍ 2006 ല്‍ ഹെഡ്ലിയുമായി ബന്ധപ്പെടുന്നതത്രെ. ലാണ്ടി കോട്ടാലിലെ മിലിറ്ററി കന്റോണ്‍മെന്റില്‍വെച്ച്‌ പരിചയപ്പെട്ട വ്യക്തിയാണ്‌ മേജര്‍ ഇഖ്ബാലിനെ പരിചയപ്പെടുത്തിയതെന്നും ഹെഡ്ലി പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by