Categories: Vicharam

പരിഹാരമില്ലാത്ത സ്വാശ്രയ പ്രവേശനം

Published by

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്‌. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെയ്‌ 31 ന്‌ ശേഷം പിജി പ്രവേശനം അനുവദനീയമല്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ തീരുമാനമാണ്‌ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന സ്വാശ്രയ മേഖലയെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്‌. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം അവസാന തീയതി മെയ്‌ 31 ആണെങ്കിലും ആള്‍ ഇന്ത്യാ ക്വാട്ടയിലെ പ്രവേശനതീയതി സുപ്രീംകോടതി ജൂണ്‍ 30 വരെ നീട്ടി. പക്ഷെ ഇത്‌ മാനേജ്മെന്റ്‌ സീറ്റുകള്‍ക്ക്‌ ബാധകമാകില്ല. എംസിഐ മാനദണ്ഡം അടിസ്ഥാനമാക്കി ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ അവരുടെ കോളേജുകളില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ലിസ്റ്റ്‌ സമയത്തിന്‌ ലഭിക്കാത്തതിനാലാണ്‌ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയതെന്നാണ്‌ അവരുടെ ന്യായീകരണം. കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ സീറ്റിലും സ്വന്തം നിലയില്‍ ഏപ്രില്‍ 30 ഓടെ പ്രവേശനം നടത്തിയിരുന്നു.

കേരളത്തില്‍ സ്വാശ്രയ പ്രശ്നം കഴിഞ്ഞ അഞ്ചുകൊല്ലമായി പുകയുന്നു. 50:50 ഫോര്‍മുല അട്ടിമറിക്കപ്പെട്ട ശേഷമാണിത്‌. ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും സ്വാശ്രയ പ്രവേശന പ്രതിസന്ധിയില്‍ പരസ്പരം പഴിചാരുകയാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാരല്ല അഡ്മിഷനില്‍ കാലതാമസം വരുത്തിയതെന്നും ഏപ്രില്‍ ഏഴിന്‌ പ്രവേശന നടപടി തുടങ്ങണമെന്ന്‌ ഉത്തരവിറക്കിയെന്നും വാദിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത്‌ മെയ്‌ 13 വരെ ആയിരുന്നു. ഇതിനുള്ളില്‍ എന്തുകൊണ്ട്‌ പ്രവേശനം ഉറപ്പുവരുത്തിയില്ല എന്ന ചോദ്യത്തിന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പഴിചാരാനാണ്‌ മുന്‍ ആരോഗ്യമന്ത്രി ശ്രമിക്കുന്നത്‌. മെയ്‌ 13 ന്‌ അധികാരത്തില്‍ വന്ന യുഡിഎഫിന്‌ 31-നുള്ളില്‍ പ്രവേശന നടപടി എടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സ്വാശ്രയ പ്രശ്നം സങ്കീര്‍ണമാക്കിയത്‌ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ സ്വയംപ്രവേശനമായിരുന്നു. മറ്റ്‌ പ്രൊഫഷണല്‍ മാനേജ്മെന്റുകള്‍, എംഇഎസ്‌ അടക്കം 50:50 ഫോര്‍മുല അംഗീകരിച്ചപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ സ്വയംനിര്‍ണയാവകാശ പ്രവേശനം അവരെക്കൂടി ഫോര്‍മുലയില്‍നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചു. ഒരേ സാമൂഹ്യനീതി എന്ന തത്വശാസ്ത്രത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രിസഭാ ഉപസമിതിയും ഈവര്‍ഷം ഇങ്ങനെ പോകട്ടെ എന്നും അടുത്തവര്‍ഷം ഈ സീറ്റുകള്‍ തിരിച്ചുപിടിക്കാം എന്ന ധാരണയിലാണ്‌ എത്തിയത്‌. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫും ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ പ്രവേശനം തടഞ്ഞില്ല. എല്‍ഡിഎഫ്‌ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശനത്തിന്‌ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ്‌ യഥാസമയം അയച്ചില്ല എന്നതും മെയ്‌ 15 ന്‌ അധികാരത്തില്‍ വന്ന യുഡിഎഫും ഈ പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പരാജയപ്പെട്ടു എന്നതും വസ്തുതയാണ്‌. ഇപ്പോള്‍ സമയപരിധി നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്‌.

സ്വാശ്രയ പ്രവേശനത്തില്‍ കഴിഞ്ഞവര്‍ഷത്തെ നില തുടരാനാണ്‌ യുഡിഎഫ്‌ തീരുമാനം എന്നും ഈ പ്രശ്നത്തില്‍ യുഡിഎഫിന്റെ അടിസ്ഥാനതത്വം 50:50 അനുപാതമാണ്‌ എന്നും യുഡിഎഫ്‌ കണ്‍വീനറും വ്യക്തമാക്കുന്നു. പിജി സീറ്റിന്റെ കാര്യത്തിലും നിലപാടില്‍ മാറ്റമില്ല. സ്വാശ്രയ മാനേജ്മെന്റുകള്‍ അവര്‍ക്കനുവദിക്കപ്പെട്ടതില്‍ അധികം സീറ്റില്‍ പ്രവേശനം നടത്തിയാല്‍ അത്രയും സീറ്റ്‌ അടുത്തവര്‍ഷം മാനേജ്മെന്റ്‌ ക്വാട്ടയില്‍നിന്ന്‌ ലഭിക്കുമെന്ന്‌ ഒരു സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. യുഡിഎഫും ഈ സ്ഥിതി ഈ വര്‍ഷവും തുടരട്ടെ എന്നു പറയുമ്പോഴും സ്വാശ്രയപ്രശ്ന പരിഹാരം അടുത്ത കൊല്ലവും നടപ്പാകാനുള്ള സാധ്യതയും മങ്ങുന്നു.

കീറാമുട്ടിയാവുന്ന വനിതാസംവരണം

വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടതോടെ വനിതാ സംവരണ ബില്ലിന്റെ വിധി പിന്നെയും തുലാസില്‍തന്നെ എന്ന്‌ വ്യക്തമായി. വനിതാ സംവരണ ബില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യസഭയില്‍ പാസാക്കുകയുണ്ടായി. അന്ന്‌ ബില്ലിനെ എതിര്‍ത്തവരെ സഭക്ക്‌ പുറത്താക്കിയാണ്‌ വോട്ടിംഗ്‌ സുഗമമാക്കിയത്‌. ആ രീതി തുടരാന്‍ താല്‍പര്യമില്ലെന്ന്‌ ബിജെപി നേതാവ്‌ സുഷമാസ്വരാജ്‌ അറിയിച്ചുകഴിഞ്ഞു.

സ്പീക്കര്‍ മീരാകുമാര്‍ മുന്‍കയ്യെടുത്താണ്‌ ലോക്സഭാ സമ്മേളനത്തിന്‌ മുമ്പില്‍ സമവായം ഉണ്ടാക്കാന്‍ ഈ സര്‍വകക്ഷി സമ്മേളനം വിളിച്ചത്‌. പക്ഷെ ഈ സമ്മേളനത്തില്‍നിന്ന്‌ വനിതാ സംവരണ ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എസ്പിയും ബിഎസ്പിയും വിട്ടുനിന്നു. ഇവര്‍ ആവശ്യപ്പെടുന്നത്‌ വനിതാ സംവരണത്തിനുള്ളില്‍ 27 ശതമാനം പിന്നോക്കവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക്‌ നല്‍കണമെന്നാണ്‌. ശിവസേനയാകട്ടെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന്‌ പകരം രാഷ്‌ട്രീയപാര്‍ട്ടികള്‍ സ്വയം സീറ്റുകള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ മറ്റീവ്ക്കണമെന്ന അഭിപ്രായക്കാരാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗം പ്രത്യേകമായി വിളിച്ച്‌ സമവായശ്രമം നടത്തണം എന്നാവശ്യപ്പെട്ടിരിക്കുന്നത്‌. ഇപ്പോഴത്തെ വനിതാ സംവരണ ബില്ലില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അത്‌ അവര്‍ക്ക്‌ ഈ ചര്‍ച്ചയില്‍ ഉന്നയിക്കാവുന്നതാണ്‌.

വനിതാ സംവരണ ബില്‍ പാസാകുമ്പോള്‍ ഭരണഘടനാ ഭേദഗതിയും ഒപ്പം പാസാകേണ്ടതുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ബിജെപി ഇത്‌ അവതരിപ്പിക്കേണ്ടത്‌ സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. വനിതാ സംവരണ ബില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ലോക്സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ജനസംഖ്യയുടെ പകുതിവരുന്ന വനിതകളുമായി അധികാരം പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെയാണ്‌. കേരളത്തില്‍ പഞ്ചായത്ത്‌ തലത്തില്‍ 50 ശതമാനം സംവരണം നല്‍കിയെങ്കിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ 10 ശതമാനം സീറ്റുകള്‍ പോലും വനിതകള്‍ക്ക്‌ നീക്കിവെച്ചില്ല എന്ന വസ്തുതതന്നെ തെളിയിക്കുന്നത്‌ പുരുഷ മേധാവിത്വം സംവരണ തത്വം അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by