Categories: India

കരുണാനിധി കനിമൊഴിയെ സന്ദര്‍ശിച്ചു

Published by

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍പ്പെട്ട്‌ തിഹാര്‍ ജയിലിലായ ഡിഎംകെ എംപി കനിമൊഴിയെ പിതാവ്‌ കരുണാനിധി സന്ദര്‍ശിച്ചു. ഭാര്യ രാജാത്തി അമ്മാളിനൊപ്പം ജയിലിലെത്തിയ കരുണാനിധി നിറകണ്ണുകളോടെയാണ്‌ സന്ദര്‍ശകമുറിയിലെത്തിയതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജയിലിന്റെ ആറാം ബ്ലോക്കിലെ സന്ദര്‍ശക മുറിയില്‍ നടന്ന കൂടിക്കാഴ്ച അത്യന്തം വികാരനിര്‍ഭരമായിരുന്നു. കരുണാനിധിയുടെ അരികിലെത്തി അദ്ദേഹത്തിന്റെ കരം കവര്‍ന്നുകൊണ്ട്‌ കനിമൊഴി സംസാരിക്കുമ്പോള്‍ രാജാത്തി അമ്മാള്‍ കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. മകള്‍ക്ക്‌ നല്‍കാന്‍ രണ്ട്‌ പായ്‌ക്കറ്റ്‌ അരിമുറുക്കും കരുണാനിധി കൈയില്‍ കരുതിയിരുന്നു. തന്റെ മകനെക്കുറിച്ചും കേസിന്റെ ഭാവിയെക്കുറിച്ചും കനിമൊഴി കരുണാനിധിയോട്‌ സംസാരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനിടയില്‍ ജയില്‍ അധികൃതര്‍ കരുണാനിധിക്ക്‌ ചായ നല്‍കിയെങ്കിലും അദ്ദേഹം അത്‌ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. കനിമൊഴിക്ക്‌ പരമാവധി നിയമസഹായം ലഭ്യമാക്കുമെന്ന്‌ കരുണാനിധി ഉറപ്പ്‌ നല്‍കി. തുടര്‍ന്ന്‌ ഇതേ ജയിലില്‍ കഴിയുന്ന കലൈഞ്ജര്‍ ടിവി എംഡി ശരത്‌ കുമാറിനെയും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയേയും കരുണാനിധി സന്ദര്‍ശിച്ചു. ദിനംപ്രതി ആറോളംപേര്‍ കനിമൊഴിയെ സന്ദര്‍ശിക്കാനെത്താറുണ്ടെന്നും എന്നാല്‍ ജയില്‍ നിയമങ്ങള്‍ക്ക്‌ വിധേയമായി പരമാവധി രണ്ടുപേര്‍ക്ക്‌ മാത്രമേ സന്ദര്‍ശനം അനുവദിക്കാറുള്ളൂവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by