മുംബൈ : കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തില്‍ അമ്മമാര്‍ക്ക് ഉദ്യോഗം തടസ്സമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജോലിക്കാരികളായ സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ബോംബേ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേര്‍ബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസുമാരായ വിജയ കാപ്സെ, എം.എല്‍.തഹല്യാനി എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു വാദം കേട്ടത്.
വിവാഹമോചിതനായ നിലേഷ് സാതേ അഞ്ചുവയസുകാരിയായ മകളെ ഭാര്യയായ നീലിമയില്‍ നിന്നും വിട്ടുകിട്ടാനായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്. ഭാര്യ മുഴുവന്‍ സമയ ജോലിക്കാരിയായതിനാല്‍ കുഞ്ഞിനെ നോക്കാന്‍ ആവശ്യമായ സമയം കിട്ടില്ലെന്നുമായിരുന്നു നിലേഷിന്റെ വാദം. എന്നാല്‍ ഉദ്യോഗസ്ഥരാണ് എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി നന്നായി നോക്കാന്‍ കഴിയില്ല എന്ന വാദം ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അഞ്ചുവയസുകാരിയായ പെണ്‍കുട്ടി അമ്മയുടെ കൂടെ ജീവിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: