Categories: Kerala

മൂലമറ്റം തീപിടുത്തത്തെ കുറിച്ച്‌ അന്വേഷിക്കും : ആര്യാടന്‍ മുഹമ്മദ്‌

Published by

തിരുവനന്തപുരം: മൂലമറ്റത്ത്‌ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. തീപിടുത്തത്തില്‍ കാര്യമായ യന്ത്രത്തകരാറുകള്‍ ഉണ്ടായിട്ടില്ലെന്നാണ്‌ പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി വിതരണം ഇന്ന്‌ തന്നെ പുനരാരംഭിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം കുറയ്‌ക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ഏറ്റവും വലിയ വൈദ്യുതോല്പാദനകേന്ദ്രമാണ് മൂലമറ്റത്തേത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ആറ് ജനറേറ്ററുള്ള പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍പാനലിലാണ് തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അസി. എന്‍ജിനിയര്‍ തൊടുപുഴ പൂമാല തെക്കോലിക്കല്‍ മെറിന്‍ ഐസക്കിനും (26), സബ് എന്‍ജിനിയര്‍ തിരുവനന്തപുരം ഇഞ്ചമൂല വെള്ളാരൂര്‍ ജലജമന്ദിരം കെ.എസ്.പ്രഭയ്‌ക്കും(48) അപകടത്തില്‍ പൊള്ളലേറ്റു.

പ്രഭയ്‌ക്ക് 80 ശതമാനവും മെറിന് 70 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by