Categories: India

കനിമൊഴിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതിയും തള്ളി

Published by

ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ ഡിഎംകെ എംപി കെ. കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി. കൂട്ടുപ്രതിയും കലൈഞ്ജര്‍ ടിവി എംഡിയുമായ ശരത്കുമാറിനും ജാമ്യമില്ല.

ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സ്പെക്ട്രം കുംഭകോണം വഴി കിട്ടിയ കോഴപ്പണത്തില്‍ 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക്‌ കൈമാറിയ കേസിലാണ്‌ കനിമൊഴിയും ശരത്കുമാറും അറസ്റ്റിലായത്‌. ശക്തമായ രാഷ്‌ട്രീയബന്ധങ്ങള്‍ ഉള്ളതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ 10ന്‌ ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ്‌ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്‌. കുറ്റപത്രം നല്‍കിക്കഴിഞ്ഞ്‌ ഇരുവര്‍ക്കും ജാമ്യാപേക്ഷയുമായി പ്രത്യേക സിബിഐ കോടതിയെ സമീപിക്കാവുന്നതാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

കലൈഞ്ജര്‍ ടിവിക്ക്‌ കൈമാറിയ 200 കോടിരൂപ വായ്പാതുകയാണെന്ന കനിമൊഴിയുടെയും ശരത്കുമാറിന്റെയും വാദം അസംബന്ധമാണെന്ന്‌ സിബിഐ നേരത്തെ വിശേഷിപ്പിച്ചിരുന്നു. ചാനലില്‍ ഇരുവര്‍ക്കും 20 ശതമാനം ഓഹരിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. പ്രത്യേക സിബിഐ കോടതിയും ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിരസിച്ച സാഹചര്യത്തിലാണ്‌ കനിമൊഴി (43) സുപ്രീംകോടതിയെ സമീപിച്ചത്‌. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ മകളാണ്‌ രാജ്യസഭാംഗമായ കനിമൊഴി.

കനിമൊഴിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസുമാരായ പി. സദാശിവം, എ.കെ. പട്നായിക്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വിട്ടുനിന്നതിനെത്തുടര്‍ന്ന്‌ ജസ്റ്റിസ്‌ ജി.എസ്‌. സിംഗ്‌വിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക ബെഞ്ചാണ്‌ ഇന്നലെ കേസ്‌ പരിഗണിച്ചത്‌. ജസ്റ്റിസ്‌ ബി.എസ്‌. ചൗഹാനും ബെഞ്ചില്‍ ഉണ്ടായിരുന്നു. ജസ്റ്റിസ്‌ സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനാണ്‌ കേസിന്റെ നിരീക്ഷണ ചുമതല. കനിമൊഴിയെയും ശരത്കുമാറിനെയും പുറത്തുവിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന നിലപാട്‌ സുപ്രീംകോടതിയിലും സിബിഐ ആവര്‍ത്തിച്ചു.

ജാമ്യഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞ 13ന്‌ തീരുമാനിച്ച സുപ്രീംകോടതി കലൈഞ്ജര്‍ ടിവിക്ക്‌ കൈമാറിയ 200 കോടിരൂപ എവിടെപ്പോയെന്ന്‌ അറിയിക്കാനും ജാമ്യഹര്‍ജിയിന്മേലുള്ള മറുപടി ഫയല്‍ ചെയ്യാനും സിബിഐയോട്‌ ആവശ്യപ്പെട്ടിരുന്നു. ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒരാള്‍ക്ക്‌ 13 ലൈസന്‍സുകള്‍ അനുവദിച്ചതുമൂലം ഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by