Categories: Kerala

മുഹമ്മദ്‌ കമ്മറ്റി ഫീസ്‌ നിശ്ചയിച്ചു

Published by

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി പ്രവേശനത്തിനുള്ള ഫീസ്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മറ്റി നിശ്ചയിച്ചു. നോണ്‍ ക്ലിനിക്കല്‍ വിഭാഗം കോഴ്സുകള്‍ക്ക്‌ രണ്ടുലക്ഷവും ക്ലിനിക്കല്‍ വിഭാഗം കോഴ്സുകള്‍ക്ക്‌ അഞ്ചുലക്ഷം രൂപ വരെയുമാണ്‌ ഫീസ്‌. മുഴുവന്‍ പിജി സീറ്റുകള്‍ക്കും ഈ ഫീസ്‌ ബാധകമായിരിക്കും. പിജി പ്രവേശനം സംബന്ധിച്ച്‌ സ്വാശ്രയ കോളേജുകള്‍ പുറത്തിറക്കിയ പ്രോസ്പെക്റ്റസും പ്രൊപ്പോസലുകളിലെ ഫീസും തമ്മില്‍ അന്തരമുള്ളതായി മുഹമ്മദ്‌ കമ്മറ്റി കണ്ടെത്തിയിരുന്നു. ഫീസ്‌ നിശ്ചയിക്കുന്നതില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നല്‍കിയ രേഖകള്‍ അപൂര്‍ണമായിരുന്നുവെന്നും കമ്മറ്റി വിലയിരുത്തി. ഫീസ്‌ നിര്‍ണയം സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്‌ താത്ക്കാലികമാണെന്നും കമ്മറ്റി വ്യക്തമാക്കി.

ഈ അധ്യയന വര്‍ഷം മുതലാണ്‌ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ പിജി കോഴ്സുകള്‍ തുടങ്ങാന്‍ സര്‍വകലാശാലയും മെഡിക്കല്‍ കൗണ്‍സിലും അനുമതി നല്‍കിയത്‌. ഈ കോഴ്സുകള്‍ സ്വാശ്രയ മേഖലയില്‍ ഇല്ലാതിരുന്നതിനാല്‍ ഫീസ്‌ നിരക്ക്‌ പ്രഖ്യാപിച്ചിരുന്നില്ല. കോഴ്സ്‌ അനുവദിച്ചയുടന്‍ കോലഞ്ചേരി, പുഷ്പഗിരി, അമല, ജൂബിലി, കണ്ണൂര്‍, പരിയാരം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജുകള്‍ അവര്‍ തന്നെ ഫീസ്‌ നിശ്ചയിച്ച്‌ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. മുഹമ്മദ്‌ കമ്മറ്റിക്ക്‌ ഫീസ്‌ നിശ്ചയിക്കാന്‍ അധികാരമില്ലെന്ന്‌ മാനേജ്മെന്റ്‌ ഫെഡറേഷന്‍ ആരോപിച്ചിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by