Categories: Samskriti

പ്രാരബ്ധദുരിത ശമനം

Published by

അദ്വൈതാവസ്ഥയില്‍ എത്തിയവര്‍ പറയുന്നത്‌ ആരും ജനിക്കുന്നില്ല ആരും മരിക്കുന്നില്ല എന്നാണ്‍എന്ന്‌ അമ്മ പറയുന്നു. അവര്‍ക്ക്‌ ശരീരബോധമില്ല അതുകാരണം അവരെ സംബന്ധിച്ചിടത്തോളം ആരും ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ശരീരബോധത്തില്‍ കഴിയുന്നവരല്ലേ ഏറെയും. ഭൗതികതയില്‍ മാത്രം മുഴുകിക്കഴിയുന്ന അവരുടെ മനസ്സ്‌ അതിദുര്‍ബ്ബലമാണ്‌. തങ്ങള്‍ പൂര്‍ണരാണെന്ന്‌ അവര്‍ അറിയുന്നില്ല. വ്യവഹാരങ്ങള്‍ അവരെ ബന്ധിക്കുന്നു. തന്മൂലം അവര്‍ ദുഃഖിക്കുന്നു. നീ ഇക്കാണുന്ന ശരീരമല്ല, മനസ്സല്ല,ബുദ്ധിയല്ല തുടങ്ങിയ അദ്വൈതതത്ത്വങ്ങള്‍ അവരോട്‌ പറഞ്ഞാല്‍ അവര്‍ക്കതിനെ പെട്ടെന്ന്‌ ജീവിതവുമായി ബന്ധിപ്പിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ പ്രയാസമാണ്‌. ഭൗതികത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ അതുള്‍ക്കൊള്ളാന്‍ കഴിയില്ല.
അവര്‍ക്കതനുഭവമാകുന്നില്ല. അതാണ്‌ സത്യമെന്നവര്‍ക്ക്‌ വിശ്വാസം വന്നാല്‍ത്തന്നെയും പ്രാപഞ്ചികത്തില്‍ മുഴുകിക്കിടക്കുന്നതുകൊണ്ട്‌ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുന്നില്ല. അദ്വൈതമാര്‍ഗം പാത്രമറിഞ്ഞ്‌ ഉപദേശിക്കേണ്ടതാണ്‌. കൈമുറിഞ്ഞ്‌ കരയുന്ന കുട്ടിയോട്‌ നീ കരയല്ലേ, നീ ശരീരമല്ല എന്ന്‌ പറഞ്ഞാല്‍ പ്രയോജനമില്ല. കുട്ടി കരയുകതന്നെ ചെയ്യും. എന്നാല്‍ കരഞ്ഞതുകൊണ്ടുമാത്രം മുറിവ്‌ പൊറുക്കുകയുമില്ല. മുറിവ്‌ ഉണങ്ങണമെങ്കില്‍ മരുന്ന്‌ വെയ്‌ക്കണം. ഈ മരുന്ന്പോലെയാണ്‌ ആദ്ധ്യാത്മികം.

സാധാരണ ജങ്ങ്ങ്ങള്‍ പൊതുവേ ശരീരബോധത്തില്‍ ജീവിക്കുന്നവരാണ്‌. ജീവിതത്തില്‍ പല ദുരിതങ്ങളും അവര്‍ അനുഭവിക്കുന്നുണ്ട്‌. ജനിക്കുന്ന സമയമനുസരിച്ച്‌ ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഓരോ ദശാസന്ധിയുണ്ട്‌. ഈപ്രാരബ്ധദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഇങ്ങനെ ദുഃഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ ബ്രഹ്മസ്ഥാനക്ഷേത്രങ്ങള്‍. ഇന്നാട്ടില്‍ എത്രപേര്‍ക്ക്‌ യഥാര്‍ത്ഥ ഈശ്വരവിശ്വാസമുണ്ട്‌. ക്ഷേത്രത്തോട്‌ ശരിയായ ഭക്തി ജനങ്ങളില്‍ കാണുന്നില്ല. പലരും ക്ഷേത്രങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ തത്വം മനസ്സിലാക്കിക്കൊടുത്താല്‍ അവരില്‍ മാറ്റം വരുത്താന്‍ കഴിയും. യുക്തിസഹമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങളില്‍ ഭക്തിയും വിശ്വാസവും വളരുമല്ലോ. അങ്ങനെ ശരിയായ ആരാധനാരീതികളും ജീവിതത്തിന്റെ ലക്ഷ്യവും മനസ്സിലാക്കി പ്രയത്നിക്കാന്‍ അവര്‍ തയ്യാറാകും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by