തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകളിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആരോപിച്ചു. രാഷ്ട്രീയ പകപോക്കലും അഴിമതിയുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വൈക്കം വിശ്വന് ആരോപിച്ചു.
തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു വൈക്കം വിശ്വന്. പാമോലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് സംശയകരമാണ്. കുഞ്ഞാലിക്കുട്ടി, ജേക്കബ്, മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം തെറ്റായ നീക്കങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം.
നാടിന്റെ നേട്ടങ്ങള്‍ എല്ലാം തകര്‍ത്തു ഭരിക്കാനാണു തീരുമാനമെങ്കില്‍ എല്‍ഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ല. 32 കേസുകള്‍ വിട്ടു കൊടുത്തു കൊണ്ട് ലോട്ടറി കേസിലെ പ്രതികളെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമം. വകുപ്പ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിന്റെ ന്യായങ്ങള്‍ ബോധിക്കുന്നതല്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കുവേണ്ടി തകര്‍ക്കുകയാണ്. സ്വാശ്രയ നയത്തിലൂടെ സാമൂഹിക നീതി നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ അഴിമതി വിരുദ്ധ ദേശീയ പ്രചാരണം കേരളത്തിലും നടത്തുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
ജൂലായ് 15 മുതല്‍ 21വരെ നിയോജകമണ്ഡലം തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത എല്‍ഡിഎഫ് യോഗം ജൂലൈ 25ന് ചേരുമെന്നും വൈക്കം വിശ്വന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: