തിരുവനന്തപുരം : സംസ്ഥാനത്തു നൂറു ദിവസത്തിനുളളില്‍ അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു 2011 മാര്‍ച്ച് 31നു മുന്‍പു പണമടച്ച എല്ലാവര്ക്കും വൈദ്യുതി കണക്ഷന് നല്‍കും.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ 11 കെവി ലൈന്‍ സ്ഥാപിക്കും. 1,500 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയും 2,000 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി പോസ്റ്ററുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഇടമലയാറില്‍ വൈദ്യുതി ബോര്‍ഡ് നേരിട്ടു പോള്‍കാസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. നൂറു ദിവസത്തിനകം അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഉപഭോഗം കൂടുന്ന സമയങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതിക്കു തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയില്‍ സമവായത്തോടെ തീരുമാനമെടുക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കേരളത്തില്‍ സമവായം ഉണ്ടായാല്‍ പാരിസ്ഥിതിക അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. ആളുകളെ വെടിവച്ചു കൊന്നു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: