Categories: Vicharam

മെട്രോ റെയില്‍ ഇനിയും വൈകിക്കൂടാ

Published by

കൊച്ചി നഗരത്തിലൂടെയുള്ള യാത്ര ദിനം പ്രതി ദുരിതപൂര്‍ണമാകുകയാണ്‌. നഗരത്തിലെ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക്‌ എപ്പോള്‍ എത്താന്‍ കഴിയുമെന്നതിന്‌ ഒരു വ്യക്തതയുമില്ല. വാഹനപ്പെരുപ്പം നഗരയാത്രകള്‍ ദുസ്സഹമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ വാഹനക്കുരുക്കില്‍പ്പെട്ട്‌ കിടക്കേണ്ട ഗതികേട്‌ ഏറിവരികയാണ്‌. മഴ തുടങ്ങിയതിനാല്‍ റോഡുകള്‍ കുണ്ടും കുഴികളുമായി താറുമാറായിരിക്കുന്നു. നഗരത്തിലെ റോഡുകളിലൂടെയുള്ള സഞ്ചാരം കൂടുതല്‍ ദുഷ്കരമായിരിക്കുന്നു. റെയില്‍വേ ഗേറ്റുകളും, റോഡിന്റെ വീതി കുറവും ഫ്ലൈ ഓവറുകളുടെയും ഓവര്‍ബ്രിഡ്ജുകളുടേയും അഭാവവും റോഡിന്റെ ദുഃസ്ഥിതിയും ട്രാഫിക്‌ നിയമലംഘനങ്ങളും റോഡ്‌ കയ്യേറ്റവും ജനപ്പെരുപ്പവും എല്ലാം നഗരയാത്ര മന്ദഗതിയിലാക്കിയിരിക്കുന്നു. യാത്രാക്ലേശത്തിന്‌ പരിഹാരമായി സ്ക്കൈബസ്‌, ഭൂഗര്‍ഭ റെയില്‍, സബര്‍ബന്‍ റെയില്‍, മെട്രോ റെയില്‍ തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച്‌ ഭരണനേതൃത്വം ചിന്തിച്ചു തുടങ്ങിയത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഇതില്‍ മെട്രോ റെയില്‍ ഒഴികെയുള്ള എല്ലാ പദ്ധതികള്‍ക്കും വമ്പിച്ചതോതിലുള്ള സ്ഥലമെടുപ്പും, കുടിയൊഴിപ്പിക്കലും ആവശ്യമായി വരുമെന്നതിലാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. സബര്‍ബന്‍ റെയില്‍ നഗരത്തിനകത്തുള്ള യാത്രയ്‌ക്ക്‌ ഉപകാരപ്പെടില്ല. റെയില്‍വേ ഗേറ്റുകളുടെ എണ്ണംകൂടും, റെയില്‍വേയെ ആശ്രയിക്കേണ്ടതിനാല്‍ പണിതീരുവാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും, നൈറ്റ്‌ ഷോപ്പിംഗിന്‌ പ്രയോജനപ്പെടില്ല. നഗരത്തിലെ വെള്ളക്കെട്ട്‌ സബര്‍ബന്‍ റെയിലിന്റെ സിഗ്നലിംഗ്‌ സിസ്റ്റത്തെ താറുമാറാക്കും തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉടലെടുക്കും എന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു സബര്‍ബന്‍ റെയില്‍ പദ്ധതി. അവസാനം 2005-06 കാലഘട്ടത്തില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കൊച്ചി സര്‍വകലാശാലയും സംയുക്തമായി മെട്രോ റെയിലിനായി പരിസ്ഥിതി ആഘാതപഠനം നടത്തുകയും 2006 ഫെബ്രുവരിയില്‍ പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി എറണാകുളം ടൗണ്‍ഹാളില്‍ വച്ച്‌ പബ്ലിക്‌ ഹിയറിംഗും നടത്തിയതാണ്‌, മെട്രോ റെയില്‍ പദ്ധതിക്ക്‌ വേണ്ടി. 2011-ാ‍ം ആണ്ട്‌ പകുതി കഴിഞ്ഞു.

പദ്ധതി നടപ്പാക്കുന്നത്‌ ഇനിയും വൈകുന്നത്‌ ഭരണകൂടത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന്‌ തുല്യമാണ്‌. കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ഉതകുന്ന ഒരു പദ്ധതിയാണ്‌ വച്ചു താമസിപ്പിക്കുന്നത്‌. ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തി കുറവുതന്നെയാണ്‌ പദ്ധതി നടത്തിപ്പിലെ പ്രധാന പ്രശ്നം. ചില തല്‍പ്പരകക്ഷികള്‍ ദിശമാറ്റവും സര്‍ക്കാര്‍ പങ്കാളിത്തവും പറഞ്ഞ്‌ പദ്ധതി മനഃപൂര്‍വം വൈകിപ്പിക്കുകയാണ്‌. പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കിയ പ്രദേശത്തുകൂടി തന്നെയേ പദ്ധതി നടപ്പാക്കാനാകൂ എന്നൊന്നും അറിയാത്തവരല്ല പദ്ധതി വച്ചു താമസിപ്പിക്കുന്നത്‌. കൊച്ചി നഗരത്തിനകത്തുള്ള യാത്രയും ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള യാത്രയും സുഗമമാകുമെന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌ പ്രതിദിനം ലക്ഷക്കണക്കിന്‌ ആളുകള്‍ക്കായിരിക്കും. റോഡിന്റെ മീഡിയനില്‍ 988 തൂണുകളില്‍ പണിയുന്ന റെയിലിന്‌ 1.5മീറ്റര്‍ മാത്രം വീതി. 5.5 മീറ്റര്‍ മുതല്‍ 8.5 മീറ്റര്‍വരെ ഉയരത്തില്‍ ഓടുന്ന 3 ബോഗികളുള്ള ഇലക്ട്രിക്‌ ട്രെയിനുകളാണ്‌ മെട്രോ റെയിലിന്റെ ആകര്‍ഷണം. ആകെ 16 ഹെക്ടര്‍സ്ഥലമാണ്‌ വേണ്ടത്‌. സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും ഏറ്റവും മറ്റു പദ്ധതികളേക്കാള്‍ കുറവ്‌. പദ്ധതി ഡിഎംആര്‍ഡി നടപ്പാക്കുന്നതിനാല്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കും. രാത്രി 12 മണിവരെ സര്‍വീസ്‌. ആലുവയ്‌ക്കും തൃപ്പൂണിത്തുറയ്‌ക്കും ഇടയില്‍ 24സ്റ്റേഷനുകള്‍. ഒരു ദിവസം രണ്ട്‌ ലക്ഷം ആളുകള്‍ക്ക്‌ യാത്ര ചെയ്യാനാകും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതിയിലേറെ സര്‍ക്കാര്‍ ഭൂമി. ഒരു സ്റ്റേഷന്‍ നിര്‍മിക്കുവാന്‍ ആകെ വേണ്ടത്‌ 3610 സ്ക്വയര്‍ മീറ്റര്‍ പ്രദേശം മാത്രമാണ്‌.

രാത്രി വൈകിയും മെട്രോ ഓടുന്നതിനാലും എംജിറോഡ്‌, കച്ചേരിപ്പടി, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കണക്റ്റ്‌ ചെയ്യുന്നതിനാലും നൈറ്റ്‌ ഷോപ്പിംഗിന്‌ സാധ്യത ഏറും. 24 സ്റ്റേഷനുകളില്‍നിന്നും റോഡിന്റെ ഇരുഭാഗത്തേക്കും ഫ്ലൈഓവറുകള്‍ ഉള്ളതിനാല്‍ കാല്‍നടക്കാര്‍ക്ക്‌ റോഡുകള്‍ മുറിച്ചു കടക്കുക സുരക്ഷിതമായിരിക്കും. ഇലക്ട്രിക്‌ ട്രെയിനായതിനാല്‍ വായുമലിനീകരണവും ശബ്ദമലിനീകരണവും നന്നേ കുറവായിരിക്കും. റോഡിലെ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാതെ പൊതു യാത്രാ സംവിധാനം നടപ്പാക്കാനാകും. വാഹനാപകടങ്ങള്‍ കുറയും. നഗരത്തിലെ വെള്ളക്കെട്ട്‌ മെട്രോ റെയില്‍ സംവിധാനത്തെ ബാധിക്കില്ല. കൂടുതല്‍ വിനോദസഞ്ചാരികളെ നഗരത്തിലേക്ക്‌ ആകര്‍ഷിക്കാനാകും. വേഗതയിലും കുറഞ്ഞ സമയത്തിലും സുരക്ഷിതമായി നഗരയാത്ര ഉറപ്പാക്കാനാകും. വ്യാപാര സാധ്യത വര്‍ധിക്കും. നഗരസൗന്ദര്യം വര്‍ധിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കുടിയൊഴുപ്പിക്കലും സ്ഥലമെടുപ്പും കുറവായതിനാല്‍ നിര്‍മാണ സമയം ചുരുക്കാനാകും. കൊച്ചിയിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വതപരിഹാരം. റെയില്‍ സ്ഥാപിക്കുന്നത്‌-ഭൂനിരപ്പില്‍നിന്ന്‌ 5.5 മീറ്റര്‍ ഉയരത്തിലായതിനാല്‍ നിര്‍മാണ സമയത്തും അതിനുശേഷവും റോഡ്‌ ഗതാഗതത്തിന്‌ തടസ്സം നേരിടില്ല. പദ്ധതിക്കായി റോഡരികിലുള്ള 477 മരങ്ങള്‍ മുറിച്ചാലും 4770 മരങ്ങള്‍ നട്ട്‌ വളര്‍ത്തി നഗരത്തിന്‌ ശ്വാസകോശമുണ്ടാക്കുവാന്‍ മംഗള വനത്തോട്‌ ചേര്‍ന്നുള്ള സ്ഥലം ഉപയോഗിക്കുവാന്‍ പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്‌. വായു മലിനീകരണം തടയുവാന്‍ ഗ്രീന്‍ ബെല്‍റ്റ്‌, ജലമലിനീകരണ നിയന്ത്രണ ഉപാധികള്‍, ട്രീറ്റ്മെന്റ്‌ പ്ലാന്റുകള്‍, സ്റ്റേഷനുകളില്‍ പൂന്തോട്ടങ്ങള്‍, നിരന്തരമായി വായു ടെസ്റ്റ്‌ ചെയ്യുവാനുള്ള മോണിറ്ററിംഗ്‌ സംവിധാന നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ മെട്രോ പദ്ധതിയെ പരിസ്ഥിതി സൗഹൃദമാക്കുന്നു.

ഇത്രയൊക്കെ പൊതുജന ഉപകാരപ്രദമെങ്കിലും ചില ദുഷ്ടശക്തികള്‍ പദ്ധതി വരാതിരിക്കുവാനും കാലതാമസം വരുത്തുവാനും മനഃപൂര്‍വം ശ്രമിക്കുന്നുവെന്നതാണ്‌ കഴിഞ്ഞ ആറ്‌ വര്‍ഷമായിട്ടുള്ള അനുഭവം. ഗോശ്രീ പാലം, കണ്ടെയ്നര്‍ ടെര്‍മിനസ്‌ റോഡ്‌, റെയില്‍, ഇടപ്പള്ളി അരൂര്‍ ദേശീയ പാത, എറണാകുളം ആലപ്പുഴ റെയില്‍, കപ്പല്‍ശാല നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത ആളുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ തോത്‌ നോക്കുമ്പോള്‍ തുലോം തുച്ഛമായ സ്ഥലംനഷ്ടപ്പെടുന്നതിന്റെ പേരില്‍ ചിലര്‍ ഈ പദ്ധതി വൈകിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ടോ എന്ന്‌ സംശയിക്കുന്നു. സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണം. പദ്ധതിഇനിയും വൈകിക്കൂട. കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒരു പദ്ധതിയാണിത്‌. കേരളത്തിനകത്തും പുറത്തും പദ്ധതിക്കായി മുതല്‍മുടക്കുവാനായി തയ്യാറുള്ള ഒട്ടനവധി ആളുകളുണ്ട്‌.

മെട്രോ പദ്ധതി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്‌ ഒരുപക്ഷെ പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ സഹായിക്കുമായിരിക്കും. എന്നിരിക്കിലും സര്‍ക്കാര്‍ യന്ത്രത്തിന്റെ നിരന്തരമായ ഇടപെടലുകളും ഇച്ഛാശക്തിയും പദ്ധതിയുടെ നടത്തിപ്പിന്‌ അത്യന്താപേക്ഷിതമാണ്‌. പദ്ധതിക്കെതിരെയുള്ള ശക്തികളെ വകവയ്‌ക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള ശേഷിയും ശേമൂഷിയും ഭരണകൂടം കാണിക്കണം. വ്യക്തി താല്‍പ്പര്യങ്ങളല്ല മറിച്ച്‌ കൊച്ചി മെട്രോ പദ്ധതി പൊതുവികാരമായിട്ടാണ്‌ കണക്കാക്കേണ്ടത്‌. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ്‌ വേണ്ടത്‌. നഗരത്തിലെ ഗതാഗതം നിശ്ചലമാകാതിരിക്കുവാന്‍ മെട്രോ പദ്ധതിയെന്ന ഒരു ഒറ്റമൂലി മാത്രമാണുള്ളത്‌. മെട്രോ പദ്ധതി നെടുമ്പാശ്ശേരിവരെയും പശ്ചിമകൊച്ചിവരെയും മറ്റും നീട്ടണമെന്ന നിര്‍ദ്ദേശമൊക്കെ പിന്നീട്‌ പരിഗണിക്കാവുന്നതാണ്‌. ദിശമാറ്റമെന്ന നിര്‍ദ്ദേശവും സബര്‍ബന്‍ സര്‍വീസ്‌ ആദായകരമെന്ന ആശയവുമൊക്കെ ഇനിയും പദ്ധതി നീണ്ടുപോകാനെ ഉപകരിക്കൂ. പദ്ധതി നടപ്പാക്കി ലാഭത്തിലാക്കുവാന്‍ സമയമെടുക്കുമെന്നതിനാല്‍ പൊതുമേഖലാ സംരംഭമായിത്തന്നെ പദ്ധതി നടപ്പാക്കണം. സിയാല്‍ നടപ്പാക്കി ലോകത്തിന്‌ മാതൃക കാണിച്ചതുപോലെ കൊച്ചി മെട്രോയും നടപ്പാക്കി കേരളം കേന്ദ്രത്തിന്‌ മാതൃകയാകണം. ജനുറോം പദ്ധതിയില്‍ ഓടുന്ന എസി ബസുകള്‍ ലാഭകരമായി മാറിയതുപോലെ കൊച്ചി മെട്രോ ലാഭകരമാകും. ഗതാഗതക്കുരുക്കില്‍നിന്നും മോചനം ലഭിക്കുവാന്‍ ഒരു നഗരം മുഴുവനും പ്രതിദിനം അവിടെ വന്നുപോകുന്ന ലക്ഷക്കണക്കിന്‌ ആളുകളും ആഗ്രഹിക്കുന്നു.

കേന്ദ്ര നഗരവികസനവകുപ്പ്‌, സാമ്പത്തിക വകുപ്പ്‌ എന്നിവയില്‍നിന്ന്‌ പദ്ധതിയ്‌ക്കായി അംഗീകാരം അതിവേഗത്തില്‍ വാങ്ങുവാനും പദ്ധതിയുമായി യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകുവാനും അധികാരികള്‍ സന്നദ്ധരാകണം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഇച്ഛാശക്തി കാണിക്കണം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി വൈകിച്ചതിനുള്ള ഉത്തരവാദിത്തം പൂര്‍ണമായും ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‌ തന്നെയാണ്‌. ഇനിയെങ്കിലും രാഷ്‌ട്രീയം മറന്ന്‌ ഒരു നഗരത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലായി മാറാവുന്ന മെട്രോ റെയില്‍ പദ്ധതിക്കായി കേരള സര്‍ക്കാരും പ്രതിപക്ഷവും ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും മെട്രോ പദ്ധതി നടപ്പാക്കുവാനുള്ള പ്രത്യേക സംവിധാനവും കൈകോര്‍ക്കണം. ഭരണയന്ത്രം ഇക്കാര്യത്തില്‍ ഒന്നടങ്കം ക്രിയാത്മകമായി പ്രവര്‍ത്തിക്കണം.

നഗരത്തിലെ റോഡുകളില്‍ ജനങ്ങളെ ഇനിയും കഷ്ടപ്പടുത്താതെ പരിസ്ഥിതി സൗഹൃദമായി കൊച്ചി മെട്രോ നടപ്പാക്കണം. അതുവഴി വികസനത്തിന്റെ ഗുണം സാധാരണക്കാരനും ലഭ്യമാകണം. വൈറ്റില മൊബിലിറ്റി ഹബ്‌, മെട്രോ റെയില്‍ എന്നീ രണ്ടുപദ്ധതികളും നഗരത്തിലെ ഗതാഗതക്കുരുക്ക്‌ അവസാനിക്കുവാന്‍ ഇട നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ജനപ്രതിനിധികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമേ ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയൂ.

ഡോ.സി.എം.ജോയി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by