മരട്: നാടിന്റെ ഉറക്കംകെടുത്തുന്ന ലഹരിവില്‍പന മാഫിയക്കെതിരെ പോരാടാന്‍ ഒരുഗ്രാമം ഒന്നടങ്കം തെരുവിലിറങ്ങി. കുമ്പളം പഞ്ചായത്തിലെ ചേപ്പനം-ചാത്തമ്മ പ്രദേശത്ത് അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് കച്ചവടത്തിനെതിരെയാണ് ലഹരി വിരുദ്ധ ജനകീയ കമ്മറ്റി രൂപീകരിച്ച് ജനങ്ങള്‍ സമരപരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കഞ്ചാവ്, ഹാന്‍സ്, മയക്കുമരുന്നുകള്‍ എന്നിവ ഗ്രാമത്തിലെ കൊച്ചുകുട്ടികളെ വരെ അടിമകളാക്കാന്‍ തുടങ്ങുന്നു എന്ന വിപത്ത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കക്ഷിരാഷ്‌ട്രീയഭേദമന്യേ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി പ്രത്യക്ഷസമര പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം ചേപ്പനം- ചാത്തമ്മ പ്രദേശത്ത് വന്‍ ലഹരിവിരുദ്ധ സന്ദേശറാലിയും പൊതുസമ്മേളനവും നടന്നു. റാലിയില്‍ സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരും, വൃദ്ധരും ഉള്‍പ്പെട്ട ഗ്രാമവാസികളായ മഴുവന്‍പേരും അണിനിരന്നു. പ്ലക്കാര്‍ഡുകളും ലഹരി വിപത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വൈകിട്ട് 3ന് സൗത്ത് കോളനിയില്‍ നിന്നും ആരംഭിച്ച റാലി ചേപ്പനം ബണ്ട് വഴി കോളനിയിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ വി.എം.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പി.എല്‍.വിജയന്‍, സരോജിനി ഗംഗാധരന്‍, പി.കെ.വിശ്വംഭരന്‍, പി.കെ.കാര്‍ത്തികേയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജഗിരി കോളേജ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോഷി ലഹരിവിരുദ്ധക്ലാസെടുത്തു.
ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ലഹരിവസ്തുക്കള്‍ പഞ്ചായത്തില്‍ വില്‍പന നിരോധിച്ചവയാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് കച്ചവടക്കാര്‍ ഇവ സ്വന്തം വീടുകളില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. കായലോരത്തെ ഒറ്റപ്പെട്ട തുരുത്തുകളിലാണ് കഞ്ചാവ് കച്ചവടക്കാര്‍ താവളമാക്കിയിരിക്കുന്നത്. രാത്രിയിലും മറ്റും പ്രദേശത്ത് എത്തുന്ന കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന മാഫിയസംഘങ്ങള്‍ യുവാക്കള്‍ക്കും മറ്റും ഇവ രഹസ്യമായി എത്തിച്ചുകൊടുക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലഹരിവില്‍ക്കുന്നവരെക്കുറിച്ച് പനങ്ങാട് പോലീസില്‍ പരാതിപ്പെട്ടാല്‍, മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ പരാതി പറയുന്നവരുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് ഭീഷണി മുഴക്കുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ലഹരിവില്‍പനക്കാര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ചേപ്പനം- ചാത്തമ്മ നിവാസികള്‍ ഒന്നടങ്കം പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: