എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രതിബദ്ധതയെന്ന് ഒരു നിമിഷം ചിന്തിക്കൂ! നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? എന്തിനോടാണ് നിങ്ങളുടെ പ്രതിബദ്ധത? ഓരോരുത്തരും ആനന്ദം അനുഭവിക്കാന്‍ പ്രതിബദ്ധരാണ് എന്ന് കാണുവാന്‍ കഴിയും. ജീവനുള്ള ഓരോ കണികയും ആനന്ദത്തിനുവേണ്ടി തുടിക്കുന്നു. സദാ ആനന്ദപൂര്ണനായിരിക്കുക എന്നതാണ് ജീവിതത്തിന്റെ മൗലികമായ പ്രതിബദ്ധത. നിങ്ങള്‍ എന്തുചെയ്യുന്നുവോ അതെല്ലാം നിങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ്. ധനമോ, അധികാരമോ വിഷയസുഖമോ മറ്റു ചിലതോ ആകട്ടെ, എല്ലാത്തിന്റെയും ആത്യന്തിക ലക്ഷ്യം ഒന്നുമാത്രമാണ്. ആനന്ദം-നിങ്ങള്‍ക്ക് ആനന്ദിക്കണം-ദുരിതത്തിന്റെ കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒരുവന് ഇച്ഛിക്കുന്നത് സന്തോഷം മാത്രമാണ്. മനുഷ്യന് അതികഠിനമായ ദുരിതം പേറുമ്പോഴും, ഒരു പ്രത്യേകതരം ആത്മനിര്‍വൃതി അനുഭവിക്കുന്നതായി കാണാം. “എനിക്ക് സന്തോഷിക്കണം, അതിനുവേണ്ടിയാണ് ഞാന്‍ നിലനില്‍ക്കുന്നത്” എന്ന ഭാവമാണ് നമ്മുടെ വിവിധ പ്രവൃത്തികളെ സംയോജിപ്പിക്കുന്ന കേന്ദ്രബിന്ദു. ഒരുവന് അവിടെ തിരയുമ്പോഴും ഇവിടെ തിരയുമ്പോഴും അതുചെയ്യുമ്പോഴും ഇതു ചെയ്യുമ്പോഴും എല്ലാം അവന്റെ വിചാരം, ഇവയെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പിന്നീട് സന്തോഷവാനായി ജീവിക്കാമെന്നാണ്.
പക്ഷേ, അപ്രകാരം സംഭവിക്കുന്നില്ല; അഥവാ സംഭവിച്ചാല്‍തന്നെ ആ സന്തോഷം നൈമിഷികമാണ് എന്ന് നിങ്ങള്‍ക്ക് കാണാം. ഒരു കൊച്ചുകുട്ടിയോട് ചോദിക്കൂ,”നീ സന്തോഷവാനാണോ?” ആ കുട്ടി പറയും, “ഓ! ഞാന്‍ വളര്‍ന്ന് എന്റെ ചേട്ടനെപ്പോലെയാകുമ്പോള്, ഞാന്‍ കോളേജില്‍ പോകുമ്പോള്‍, എനിക്ക് കുറെക്കൂടി സ്വാതന്ത്ര്യം കിട്ടുമ്പോള്‍, ഞാന്‍ സന്തോഷവാനാകും.” വീണ്ടും നിങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയോട് ചോദിക്കൂ, “നീ സന്തോഷവാനാണോ?” “ഒരു ഉദ്യോഗം കിട്ടിയാല്‍……, ഒരു വ്യാപാരമോ, വ്യവസായമോ തുടങ്ങി രക്ഷപ്പെട്ടാല്‍………, സന്തോഷവാനാകും” എന്നു പറയും. നിങ്ങള്‍ ജോലിയോ, ബിസിനസ്സോ ഉള്ള മറ്റൊരു വ്യക്തിയോട് ഇതേ ചോദ്യം ചോദിച്ചാല്‍ എന്തു പറയും എന്ന് നിങ്ങള്‍ക്കറിയാം. ചിലര്‍ പറയും, “ഒരു നല്ല ജീവിതപങ്കാളിയെ കിട്ടിയാല്‍…” മറ്റു ചിലര്‍ ഒരു കുഞ്ഞു പിറന്നുകണ്ടിട്ട് സന്തോഷിക്കാനിരിക്കുന്നവരാണ്. കുട്ടികള്‍ ഉള്ള മാതാപിതാക്കളോട് ചോദിച്ചാല്‍, “എന്റെ കുട്ടിയെ പഠിപ്പിക്കണം, ചികിത്സിക്കണം, നല്ല കൂട്ടുകാരെ വേണം, കുട്ടികളെ വളര്‍ത്തി വലുതാക്കി നല്ല നിലയിലാക്കുന്നതുവരെ എനിക്ക് എങ്ങനെ സ്വസ്ഥനാകുവാന്‍ കഴിയും? അതുകൊണ്ട് കുട്ടികള്‍ വളരട്ടെ, അവര്‍ സ്വന്തം കാലില്‍ നില്ക്കട്ടെ, അതിനുശേഷം സന്തോഷിക്കാമല്ലൊ.” ചിലര്‍ക്ക് ഉത്തരവാദിത്തമുള്ള ജോലിയായതുകൊണ്ട് സന്തോഷിക്കാന്‍ സാധിക്കുന്നില്ല. അവര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചതിനുശേഷം സന്തോഷിക്കാം എന്നുപറയുന്നു. ഇനി നിങ്ങള്‍ ജോലിയില്‍നിന്നും വിരമിച്ച ഒരു വ്യക്തിയോട് ചോദിക്കൂ, “നിങ്ങള്‍ സന്തോഷവാനാണ് അല്ലേ?” അപ്പോള്‍ അവര്‍ പറയുന്നു, “ഹാ! കഷ്ടം! ആ പഴയകാലം എത്ര മഹത്തരമായിരുന്നു! അന്നെനിക്ക് 40-50 വയസ്സ് പ്രായം, ആ നാളുകള്‍ എത്ര സുന്ദരമായിരുന്നു.”
ഇപ്രകാരം വരാനിരിക്കുന്ന ഏതോ നാളുകളില്‍ സന്തോഷിക്കുവാനുള്ള വൃഥാശ്രമത്തില്‍, നമ്മുടെ ജീവിതംതന്നെ ഉരുകിത്തീരുന്നു. രാത്രിമുഴുവന്‍ കിടക്ക വിരിച്ച് ശരിയാക്കിക്കൊണ്ടിരുന്നതുമൂലം, ഉറങ്ങാന്‍ സമയം കിട്ടാത്തവനെപ്പോലെ, രാത്രിമുഴുവന്‍ തിരിച്ചും മറിച്ചും കിടക്ക വിരിച്ച് ശരിപ്പെടുത്തിക്കൊണ്ടിരുന്നാല്, ഉറങ്ങാന്സാധ്യമല്ല. അങ്ങനെ നാം ജീവിക്കുവാന്‍ തയ്യാറെടുക്കുമ്പോഴേക്കും മരണം കടന്നുവരുന്നു. ജീവിതം അവിടെ പൂര്‍ണമാകുന്നു.
നമ്മുടെ ജീവിതകാലം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന് സാമാന്യരീതിയില് ഒന്നു പരിശോധിക്കാം. ഒരാളുടെ ആയുസ്സ് 80 അഥവാ 90 വര്‍ഷം എന്ന് സങ്കല്‍പ്പിക്കുക. 80 വര്‍ഷം ആയുര്‍ദൈര്‍ഘ്യമുള്ള ഒരാള്‍ അതില്‍ 35 വര്‍ഷം ഉറങ്ങുന്നു. ഇനി കുളിമുറിയില്‍ ചെലവഴിക്കുന്ന സമയം ദിവസം രണ്ടര-മൂന്ന് മണിക്കൂര്‍ വീതം കണക്കാക്കിയാല്‍ അത് 8-10 വര്‍ഷം വരും. ജീവിതത്തില്‍ 8 വര്‍ഷം നിങ്ങള്‍ ബാത്ത്റൂമിലാണ്. ഇനി ഭക്ഷണം കഴിക്കാന്‍ തീന്മേശയില് ചെലവഴിക്കുന്ന സമയം, 8 വര്‍ഷം, മറ്റൊരു 9 വര്‍ഷം കാല്‍നടയായോ വാഹനത്തിലോയാത്ര ചെയ്യുന്നു. 8 മണിക്കൂര്‍ ജോലി ചെയ്യുന്നുവെങ്കില്‍ അത് മറ്റൊരു 30-35 വര്‍ഷം വരും. ഇനി ദിവസം എത്ര മണിക്കൂര്‍ അല്ലെങ്കില്‍ എത്ര മിനിറ്റ് നാം യഥാര്‍ത്ഥമായ സന്തോഷത്തില്‍ ജീവിക്കുന്നു? ദിവസത്തില്‍ എത്ര നിമിഷം നാം പൂര്‍ണമായ ആനന്ദം, അഥവാ ആന്തരികമായ നിര്‍വൃതി അനുഭവിക്കുന്നു? ബാഹ്യമായ സന്തോഷപ്രകടനങ്ങള്‍ കണക്കാക്കേണ്ട. ആന്തരികമായ സന്തോഷം. ആന്തരികമായ പുഞ്ചിരി. നാം യഥാര്‍ത്ഥമായി ജീവിച്ചത് ആ നിമിഷങ്ങളില്‍ മാത്രമാണ്. ആ ദിനങ്ങള്‍ നിങ്ങള്‍ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോഴായിരിക്കും. അന്ന് മഴ നനഞ്ഞ് ഓടിക്കളിച്ച നിമിഷങ്ങള്‍, ആദ്യമായി തോണിയില്‍ കയറിയ നിമിഷങ്ങള്‍, മലമുകളില്‍നിന്ന് കീഴ്പ്പോട്ട് നോക്കിയ നിമിഷങ്ങള്‍, പൂര്‍ണമനസ്സോടെ പൂര്‍ണസ്വാതന്ത്ര്യത്തോടെ ജീവിതവുമായി ലയിച്ചുചേര്‍ന്ന് ഒന്നായിത്തീര്‍ന്ന നിമിഷങ്ങള്‍…..! ആ നിമിഷങ്ങളില്‍ നിങ്ങള്‍ ജീവിക്കുകയായിരുന്നു; നിങ്ങള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു.
ആകയാല്‍ നമുക്ക് രണ്ടുരീതിയില്‍ ജീവിതത്തെ നോക്കിക്കാണാം. ഒന്നുകില്‍, ഇത് നേടിയതിനുശേഷം സന്തോഷിക്കാം എന്ന് ചിന്തിച്ചുകൊണ്ട് ജീവിക്കുക. അല്ലെങ്കില്‍ എന്തുംവരട്ടെ, ഞാന്‍ സന്തോഷവാനായിരിക്കുമെന്ന് മാത്രമല്ല, അതോടൊപ്പം നേടേണ്ടത് നേടുകയും ചെയ്യും. എന്ന നിശ്ചയത്തോടെ ജീവിക്കുക. ഈ രണ്ടു വീക്ഷണങ്ങളിലും അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. നിങ്ങളുടെ ജോലിയെ അഥവാ പ്രവൃത്തിയെത്തന്നെ ഒരു ആനന്ദതരംഗമാക്കിത്തീര്ക്കുക. നേരെ മറിച്ച് ആ പ്രവൃത്തിയില്‍നിന്നുള്ള ഫലം കിട്ടിക്കഴിഞ്ഞ് സന്തോഷിക്കാമെന്ന് വിചാരിച്ചാല്‍, അത് ഒരിക്കലും സംഭവിക്കില്ല.
ഇവിടെ നമ്മുടെ പൂര്‍ണമായ ശ്രദ്ധ വേണം. ആദ്യം നിങ്ങള്‍ നിങ്ങളെത്തന്നെ നിരീക്ഷിക്കൂ! നിങ്ങളുടെ ഉള്ളിലെ അനന്തസാധ്യതകളെ തൊട്ടുണര്‍ത്തേണ്ടതുണ്ട്. അനന്തചൈതന്യം നിങ്ങള്‍തന്നെയാണ്. വിളിച്ചാല്‍ മാത്രമേ, അത് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. നോക്കൂ! ഒരു കാര്യം കൂടെ കൂടെ നിങ്ങള്‍ ഓര്മിച്ചുകൊണ്ടിരുന്നില്ലെങ്കില്, അത് നിങ്ങളില്‍ ദീര്‍ഘകാലം നിലനില്ക്കയില്ല. നിങ്ങള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിക്കുന്നില്ലെങ്കില്‍, ആ കഴിവ് നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്നു. ആദ്യമായി നിങ്ങള്‍ നിങ്ങളുടെ ശരീരത്തെപ്പറ്റി ബോധവാനാകുക. നോക്കൂ! നാം നമ്മുടെ ശരീരം ശ്രദ്ധിക്കുന്നുണ്ടോ? തലവേദന ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം തല എന്ന അവയവത്തെപ്പറ്റി ബോധവാനാകുന്നത്. ശരീരത്ത് എവിടെയെങ്കിലും വേദന വന്നാല്‍, നാം ശരീരത്തെ അറിയുന്നു. കാലിന് മുറിവ് പറ്റുമ്പോള്‍, പെട്ടെന്ന് നാം ശരീരം ശ്രദ്ധിക്കുന്നു. ആ നിമിഷംവരെ നാം ശരീരം ശ്രദ്ധിച്ചിരുന്നില്ല. അതുപോലെതന്നെയാണ് ശ്വാസവും. ശ്വാസത്തെ നാം അറിയുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ നാം ദീര്‍ഘശ്വാസം എടുക്കുന്നു. അപ്പോള്‍ നാം ശ്വാസം ശ്രദ്ധിക്കുന്നു. അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ മാലിന്യമുള്ളപ്പോള്, നാം ശ്വാസം ശ്രദ്ധിക്കുന്നു. ഹൊ! ഈ വായു എത്ര അശുദ്ധം! എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ!
ഈ ലോകത്തിലേക്ക് നിങ്ങള്‍ പിറന്നുവീണപ്പോള്‍, നിങ്ങള്‍ ആദ്യം ചെയ്ത ചേഷ്ഠ എന്താണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒരു ദീര്‍ഘശ്വാസം എടുത്തു അതിനുശേഷം കരയാന്‍ തുടങ്ങി. അവസാനമായി നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കൃത്യം എന്താണ്? ഒരു ശ്വാസം പുറത്തേക്ക് വിടും; പിന്നീട് ഒരിക്കലും ഉള്ളിലേക്ക് വലിക്കയില്ല. അത്രതന്നെ. അതോടെ ചുറ്റും നില്ക്കുന്നവര് കരയാന്‍ തുടങ്ങുന്നു. ജീവിതത്തിന്റെ തുടക്കം ഒരു ശ്വാസം അകത്തേക്ക് എടുത്തു. ഒടുക്കം ഒരു ശ്വാസം പുരത്തേക്ക് വിട്ടു. രണ്ടിനും ഇടയിലുള്ള നമ്മുടെ ജീവിതകാലം മുഴുവന്‍ നാം ശ്വസിച്ചുകൊണ്ടാണിരിക്കുന്നതെങ്കിലും, നാം അത് ശ്രദ്ധിക്കാറില്ല. നമ്മുടെ ശ്വാസകോശത്തിന്റെ യഥാര്‍ത്ഥമായ ശക്തിയുടെ മുപ്പതുശതമാനം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ. നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന മാലിന്യങ്ങളുടെ തൊണ്ണൂറു ശതമാനവും പുറന്തള്ളേണ്ടത് നിശ്വാസ വായുവില്‍ക്കൂടിയാണ്. നിമിഷംപ്രതി ഓരോ തവണ നാം ഉച്ഛ്വസിക്കുമ്പോഴും നമ്മുടെ ദേഹത്തില്‍ ഉണ്ടാകുന്ന ധാരാളം മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നു. നമ്മുടെ ശ്വസനപ്രക്രിയയും മനസ്സും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്.
ഇപ്പോള്‍ നമുക്ക് മനസ്സിനെ ഒന്ന് നിരീക്ഷിക്കാം. മനസ്സില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചിന്തകളുടെ പ്രവാഹം വരുന്നു. അത് ഉള്ളിലേക്ക് വരുന്നു, പുറത്തേക്ക് പോകുന്നു. ഒരുദിവസം ഏകദേശം 16-18 മണിക്കൂര്‍ നാം ചിന്തിക്കുന്നു. ഏകദേശം 14-15 മണിക്കൂര്‍ നാം സംസാരിക്കുന്നു. ഓരോ ചിന്തയും ഓരോ ഊര്ജ്ജതരംഗമാണ്. അതേസമയം ബുദ്ധിസ്ഥുലിംഗവുമാണ്. അപ്പോള്‍ എത്രയധികം ഊര്‍ജ്ജമാണ് ദിവസേന നാം പാഴാക്കുന്നത്? ഒരു പ്രത്യേക ചിന്ത ഉപബോധമനസ്സില്‍ ഒട്ടിപ്പിടിച്ചുകിടന്നാലോ? ഒരു ഗ്രാമഫോണിന്റെ സൂചി ഒരേ ട്രാക്കില്‍ കിടന്ന് കറങ്ങിയാലെന്നപോലെ കേള്‍ക്കുന്ന പല്ലവിതന്നെ ആവര്‍ത്തിച്ച് കേള്‍ക്കുന്നു. ആ സൂചി ബലമായി പിടിച്ച് അടുത്ത ട്രാക്കില്‍ ഇടുന്നതുവരെ ആവര്‍ത്തനം തുടരുന്നു. അതുപോലെതന്നെ മനസ്സിലും സംഭവിക്കുന്നു. നമ്മുടെ മനസ്സ് ഒരു നിശ്ചിതസ്ഥലത്തോ സന്ദര്‍ഭത്തിലോ ഒട്ടിപ്പിടിച്ച് നിന്ന് അവിടെത്തന്നെ വട്ടം കറങ്ങുന്നതിനാണ് ദുഃഖം എന്നുപറയുന്നത്. നിങ്ങള്‍ പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ ഒരു ചിന്ത മനസ്സിലേക്ക് കടന്നുവന്നു. നിങ്ങള്‍ പല്ലുതേക്കുമ്പോഴും, കുളിക്കുമ്പോഴും അതേ ചിന്ത തന്നെ കയറിവരുന്നു. ചായ കുടിക്കുന്ന നേരത്ത് അത് വീണ്ടും ഇരച്ചുകയറിവരുന്നു. കാറില്‍ കയറി ഓഫീസിലേക്ക് പോകുമ്പോള്‍ അതേ ചിന്താതരംഗം പൂര്‍വാധികം ശക്തിയോടെ വീണ്ടും തുളച്ചുകയറുന്നു. ഓരോ തവണ ട്രാഫിക് ലൈറ്റ് തെളിയുമ്പോഴും, വീണ്ടും ആ ചിന്ത തന്നെ. എന്താണ് ഈ പ്രക്രിയ? ഇപ്രകാരം എന്തുകൊണ്ട് സംഭവിക്കുന്നു? എന്തുകൊണ്ട് നമ്മുടെ മനസ്സ് ഇപ്രകാരം ചാഞ്ചാടുന്നു? കൊഴിഞ്ഞുപോയ ഏതോ ഇന്നലെകളെപ്പറ്റി ഓര്‍മിച്ച് നാം ദുഃഖിക്കുന്നു. അല്ലെങ്കില്‍ എന്തോ ഒന്നിനോട് അടക്കാനാവാത്ത രോഷം, അതുമല്ലെങ്കില്‍ നാളെ എന്തു സംഭവിക്കും എന്നുള്ള ഉത്കണ്ഠ. കഴിഞ്ഞുപോയ ഒരു നിമിഷം, അത് അങ്ങനെ വേണ്ടായിരുന്നു. ഇങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ നന്നായിരിക്കുമായിരുന്നു എന്ന് ചിന്തിച്ച്, നിങ്ങള്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയും? നിങ്ങള്‍ ഭൂതകാല സംബന്ധിയായ ഒരു വ്യാകുലതയില്‍ കുടുങ്ങിക്കിടക്കുന്നു. ഇപ്പോള്‍-ഈ നിമിഷം-ഭൂതകാലമല്ല; ഭൂതകാലം നേരത്തെത്തന്നെ ഒഴുകിപ്പോയതാണ്; അത് കടന്നുപോയതാണ്. ഈ പൂച്ചെട്ടി ഇവിടെ താഴെ വീണ് ഉടഞ്ഞുപോയെന്ന് സങ്കല്‍പ്പിക്കുക. അത് താഴെവീണ് പൊട്ടിച്ചിതറി. അത് ഉടയരുതായിരുന്നു; അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നു പറയുന്നതുകൊണ്ട് എന്തുഫലം? ഇതല്ലേ നാം ചെയ്യുന്നത്? കഴിഞ്ഞുപോയ കാലത്തിന് നേര്‍ക്കാണ് നമ്മുടെ രോഷം ജ്വലിക്കുന്നത്. അവര്‍ എന്നോട് അത് ചെയ്യരുതായിരുന്നു……! എങ്കിലും അവര്‍ എന്നോട് ഇങ്ങനെയുള്ള പരുഷവാക്കുകള്‍ പറഞ്ഞുവല്ലോ…..!അവര്‍ എന്തിന് എന്നെ അധിക്ഷേപിച്ചു?!
നോക്കൂ! അവര്‍ നിങ്ങളെ എന്തിനാണ് അധിക്ഷേപിച്ചതെന്ന് അവര്‍ക്കുപോലും അറിയില്ല. കാരണം, ഒരാള്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍, അയാള്‍ക്ക് തന്റെ പ്രവൃത്തിയെപ്പറ്റി ശരിയായ അറിവോ അവബോധമോ ഉണ്ടായിരിക്കയില്ല. എന്തുകൊണ്ടെന്നാല്‍, ആ നിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്താതരംഗങ്ങളെപ്പറ്റി വേണ്ടത്ര അറിവും അവബോധവും അയാള്‍ക്ക് ഉണ്ടാവണമെന്നില്ല. ഞാന്‍ കഴിഞ്ഞ പതിനഞ്ച് മിനിറ്റ് നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു അരിപ്പപോലെ എന്തോ ഒന്ന് ഉണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍, അത്, “അതെ, അതെ” എന്നോ”അല്ല, അല്ല” എന്നോ പറയുന്നുണ്ട്. നിങ്ങള്‍ക്ക് നേരത്തെ അറിയാവുന്ന ഒരു കാര്യം കേള്‍ക്കുമ്പോള്‍ ‘ശരി’ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യം കേള്‍ക്കുമ്പോള്‍ മനസ്സ് അത് നിഷേധിക്കുന്നു. അപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നത് എന്നെയല്ല; മറിച്ച് നിങ്ങളുടെതന്നെ അന്തരാത്മാവിനെയത്രേ! ശരിയല്ലേ? നാം സമ്മതിക്കുന്നോ, വിസമ്മതിക്കുന്നോ എന്നുള്ളതല്ല ഇവിടെ പ്രശ്നം. നാം സമ്മതിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുമ്പോള്‍, മനസ്സിന്റെ ആ പ്രക്രിയയെപ്പറ്റി നമുക്ക് ഉള്‍ക്കാഴ്ചയും അവബോധവും ഉണ്ടായിരിക്കണം. ഇത് പ്രധാനപ്പെട്ട ഒരു മര്‍മമാണ്.
എന്റെ ഉള്ളിന്റെ ഉള്ളില്‍ എന്തു സംഭവിക്കുന്നുവോ, അതിനെപ്പറ്റിയുള്ള അറിവ്-അതാണ് അവബോധം എന്ന് അറിയപ്പെടുന്നത്. അവബോധം ഉണ്ടെങ്കില്‍ ഞാന്‍ എന്റെ ധര്‍മം നിര്‍വഹിക്കും. അവബോധം ഇല്ലെങ്കില്‍, ഞാന്‍ സാഹചര്യങ്ങളോട് യാന്ത്രികമായി പ്രതികരിക്കുക മാത്രമേ ചെയ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: