Categories: Kottayam

അയര്‍ക്കുന്നം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട്‌ വകമാറ്റിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

Published by

അയര്‍ക്കുന്നം: അയര്‍ ക്കുന്നം ഗ്രാമപഞ്ചായത്തിലെ 2010 – 11 ലെ വാര്‍ഷിക പദ്ധതിയില്‍ പെട്ട 27 ലക്ഷം രൂപ വകമാറ്റി ചിലവാക്കിയതായി കണ്ടെത്തി. ഡിപ്പാര്‍ട്ട്മെന്റ്‌ തല ഓഡിറ്റിംഗിലാണ്‌ ഇത്‌ കണ്ടെത്തിയത്‌. ചിലവാകാതെ പോകുന്ന പദ്ധതി തുക ഇ.എം.എസ്‌. ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക്‌ മാറ്റാമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ മറപറ്റിയാണ്‌ തുക വകമാറ്റി ചിലവഴിച്ചത്‌. പദ്ധതികള്‍ വെയ്‌ക്കാതെയും അംഗീകാരം വാങ്ങാതെയും രൂപ വകമാറ്റിയതായാണ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്‌.

2009 – 10 ലെ പദ്ധതികള്‍ നടക്കാതെ പോയ ഇനത്തില്‍ അയര്‍ക്കുന്നം പഞ്ചായത്ത്‌ 58 ലക്ഷം രൂപ പരിഹാരതുകയായി അടയ്‌ക്കേണ്ടി വരും. ഇതോടെ പഞ്ചായത്തിന്‌ അര്‍ഹമായ പ്ലാന്‍ ഫണ്ട്‌ പകുതിയിലേറെ സര്‍ക്കാരിലേക്ക്‌ അടയ്‌ക്കേണ്ടി വരും. 2011-12 ലെ വാര്‍ഷിക പദ്ധതിക്കായി ഫണ്ട്‌ കണ്ടെത്താന്‍ പഞ്ചായത്ത്‌ ഏറെ ബുദ്ധിമുട്ടേണ്ടി വരും. റോഡ്‌ ടാറിംഗ്‌, തെരുവ്‌ വിളക്ക്‌, വ്യക്തിഗത ആനുകൂല്യങ്ങള്‍ എന്നിവ ഈ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ മാത്രം നടക്കാതെ വരും.

വേണ്ടത്ര മുന്നൊരുക്കമില്ലാത്തതും ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മില്‍ ഏകോപനമില്ലാത്തതുമാണ്‌ പ്രശ്നത്തിനു കാരണം. പ്രാദേശിക കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ മുഖ്യമന്ത്രിയെക്കൊണ്ട്‌ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പദ്ധതി പാസ്സാക്കാന്‍ ശ്രമിച്ചുവരികയാണ്‌. ഇത്തരം ക്രമക്കേടുകള്‍ കൊണ്ട്‌ ബുദ്ധിമുട്ടുന്നത്‌ നാട്ടിലെ പാവം ജനങ്ങളാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by