അള്ളാഹുവിന്റെ ഇഷ്ടദാസന്മാരായി മുസ്ലീമുകള്‍ അംഗീകരിക്കുന്ന ഔലിയാക്കള്‍ക്ക് അമാനുഷിക കഴിവുകളുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഔലിയാക്കള്‍ക്ക് അത്ഭുത കഴിവുകള്‍ അള്ളാഹു കൊടുത്തിട്ടുണ്ടെന്നാണ് ഖുറാനിലെ 27/38ലും 18/70ലും വിവരിക്കുന്നത്. മാത്രമല്ല അവരെ ആദരിച്ചാല്‍ ആഗ്രഹസഫലീകരണമുണ്ടാകുമെന്ന് 3/40, 7/96 എന്നീ സൂക്തങ്ങളിലും അവരെ ആദരിക്കുന്നത് പൂജയല്ലെന്ന് 2/34, 7/11 എന്നീ സൂക്തങ്ങളിലും അവരെ അനാദരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് 33/58; 36/28 എന്നീ വചനങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗശമനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും മന്ത്രവാദ ചികിത്സ നടത്തുന്നതും ഇസ്ലാമിക ആചാരത്തിന്റേയും പ്രവാചകന്റെ പ്രചോദനം ഉള്‍ക്കൊണ്ടുമാണ്. കണ്ണേറ്, വിഷബാധ, ശകുനം തുടങ്ങിയവക്കെല്ലാം പ്രവാചകന് മന്ത്രവാദ ചികിത്സ നടത്തിയ വിവരങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളിലുണ്ട്. ഇക്കാര്യങ്ങള്‍ ഖുറാന് പറയുന്നതിങ്ങനെയാണ്.
“നിങ്ങള്‍ ഉറങ്ങുമ്പോള്‍ ആത്മാവിനെ അള്ളാഹു പിടിച്ചുവെച്ചിരിക്കുന്നു.” (39/42)
“ധിക്കാരികളായ പിശാചുക്കളില്‍നിന്നും സുരക്ഷിതമായിരിക്കുന്ന ഉന്നത സദസില്‍നിന്ന് അവര്‍ക്ക് യാതൊന്നും കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാ ഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. എന്നാല്‍ റാഞ്ചിക്കൊണ്ടുപോകുന്നവര്‍ ഒഴികെ തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും.” (37/6)
“നല്ല സ്വപ്നങ്ങള്‍ അള്ളാഹുവില്‍നിന്നും ചീത്ത സ്വപ്നങ്ങള്‍ പിശാചില്‍നിന്നുമാണ്. മാരണക്കാരുടെ ഉപദ്രവത്തില്‍നിന്ന് രക്ഷനേടാന്‍ അള്ളാഹുവില്‍ അഭയം തേടുക.” (113/4)
“നാം ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചിനെ എറിയാനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.” (67/5)
മനുഷ്യദൃഷ്ടിക്ക് കാണാന്‍ കഴിയാത്ത ഇബിളെസ്, ജിന്ന് തുടങ്ങിയ പിശാചുക്കളും മാലാഖമാരും ഉണ്ടെന്ന് പറയുന്നതുതന്നെ വെറും മൂഢസങ്കല്‍പ്പങ്ങളാണ്. പിശാചുക്കളെ എറിഞ്ഞോടിക്കുന്നത് നക്ഷത്രങ്ങള്‍ കൊണ്ടാകുമ്പോള്‍ പിശാച് ചില്ലറക്കാരനൊന്നുമാകില്ല. എന്നാല്‍ അന്നത്തെ വീക്ഷണത്തില്‍ നക്ഷത്രങ്ങളെന്ന് പറയുന്നത് നമ്മുടെ കയ്യിലൊതുക്കാന്‍ മാത്രം വലിപ്പമുള്ളവയാണെന്ന മിഥ്യാധാരണ വെച്ചുകൊണ്ടുള്ള വിവരങ്ങളായിട്ടെ ഇതിനെ കാണാനാകൂ.
മുസ്ലീം സമുദായത്തില്‍ മന്ത്രവാദമെത്തിയത് ഇതരമതക്കാരില്‍നിന്നാണെന്നാണ് മുജാഹിദ്, ജമാഅത്തുകാരുടെയൊക്കെ വാദം. മതത്തെ വെള്ള പൂശുവാനുള്ള അടവാണിത്. അതിന് ഖുറാന് വചനങ്ങളും നബിചര്യയുമെല്ലാം മൂടിവെക്കുകയാണിവര്‍ ചെയ്യുന്നത്. യാഥാസ്ഥിതിക ആശയങ്ങള്‍ അനുയായികളില്‍ കുത്തിവെച്ച് കാശുണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന തിരിച്ചറിഞ്ഞവരാണ് സിദ്ധന്മാരായി വേഷം കെട്ടാറുള്ളത്. അതില്‍ പരാജയപ്പെടുന്നവര്‍ വ്യാജസിദ്ധന്മാരായും വിജയിച്ചവര്‍ യഥാര്‍ത്ഥ സിദ്ധന്മാരുമായി മാറുന്നു. ഔലിയാക്കളെ മനുഷ്യന് ചുമന്നുകൊണ്ട് നടക്കേണ്ടതില്ലെന്നാണ് പുരോഗമനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന മുജാഹിദ്-ജമാഅത്തെ ഇസ്ലാമി വക്താക്കള്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ പ്രവാചകന് ആകാശാരോഹണം നടത്തിയെന്നും, ഏഴാം ആകാശത്തുപോയി അള്ളാഹുവുമായി സന്ധിയുണ്ടാക്കിയെന്നും മാറാരോഗങ്ങള്‍ സുഖപ്പെടുത്തിയെന്നുമൊക്കെയുള്ള അത്ഭുതകൃത്യങ്ങള്‍ ചെയ്തുവെന്ന കാര്യത്തില്‍ അവര്‍ക്കും അഭിപ്രായവ്യത്യാസമില്ല.
മന്ത്രം ജപിച്ച വെളിച്ചെണ്ണ, വെള്ളം, ചരട്, ഏലസ് തുടങ്ങിയവയെല്ലാം സിയാറത്ത് കേന്ദ്രങ്ങളിലുണ്ടാകും. ജാറം മൂടല്‍, ഖത്തം ദുആ തുടങ്ങിയവയാണ് ഖബര്‍ സിയാറത്തിലെ പ്രധാന ആരാധന. ഖബറിന്റെ മുകളില്‍ ഒരു പുതുവസ്ത്രംകൊണ്ട് മൂടുന്നതിനെയാണ് ജാറം മൂടല്‍ എന്ന് പറയുന്നത്. വസ്ത്രം അവിടെ സ്റ്റോക്കുണ്ടാകും. അതിന്റെ വില കൊടുത്താല്‍ മതി. വസ്ത്രം നമുക്ക് കൊണ്ടുപോരാനുള്ളതല്ല. ഒരു വസ്ത്രം കൊണ്ടുതന്നെയാണ് വരുന്നവരെല്ലാം ജാറം മൂടുന്നത്. ഖുറാന് ആദ്യം മുതല്‍ അവസാനംവരെ ഓതിയാല്‍ ഒരു കത്തം തീര്‍ത്തുവെന്ന് പറയും. ഓതിത്തീര്‍ക്കാന്‍ മണിക്കൂറുകള്‍ പിടിക്കും. അതിനും ബുദ്ധിമുട്ടില്ല. “ഖത്തം ഓത്ത്” തൊഴിലാളികളുണ്ടവിടെ. അവര്‍ക്കതിനുള്ള കാശ് കൊടുത്താല്‍ അക്കാര്യം അവരേല്‍ക്കും. ഇവിടങ്ങളില്‍ വര്‍ഷംതോറും നടത്തുന്ന നേര്‍ച്ചകളുമുണ്ടാകും. ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നതുപോലെ റോഡില്‍ ഇല വിരിച്ച് അതില്‍ നേര്ച്ചച്ചോര് വിതരണം ചെയ്യാറായിരുന്നു മുമ്പ്. ഇന്നതിപ്പോള്‍ പരിഷ്ക്കരിച്ചിട്ടുണ്ട്. പൊതിച്ചോറായി ബിരിയാണിയാണിപ്പോള്‍ വിതരണം ചെയ്തുവരുന്നത്.
മമ്പുറം, പുത്തന്‍പള്ളി, ബീമാപള്ളി, ഉള്ളാള്‍ തുടങ്ങിയ സിയാറത്ത് കേന്ദ്രങ്ങള്‍ കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ഇത്തരം ആചാരാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമാണ് എല്ലാ ഖബര്‍ സിയാറത്ത് കേന്ദ്രങ്ങളിലും നടക്കുന്നത്. നാട്ടുമ്പറത്തെ സിദ്ധന്മാരും നേര്‍ച്ചകളും മറ്റും നടത്തി പൊതുജനങ്ങളെ ആകര്‍ഷിപ്പിക്കാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ യാതൊരു അത്ഭുതസിദ്ധിയും കാണിക്കാത്ത “ഔലിയാക്കള്‍” മരിച്ചുപോയാല്‍ അവരുടെ പേരില്‍ കെട്ടുകഥകളുണ്ടാക്കി വന്‍ പ്രചരണം നടത്തിയാണ് സിയാറത്ത് കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
കൊലപാതകക്കേസുകളും മറ്റും അന്വേഷിക്കാന്‍ ഇന്ന് ശാസ്ത്രീയവിദ്യകള്‍ ഉപയോഗപ്പെടുത്തിയും പോലീസ് നായയുടെ സഹായത്തോടെയും മറ്റും കുറ്റവാളികളെ കണ്ടെത്താനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നിയമപാലകര്‍ക്ക് ഇന്ന് ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. എന്നാല്‍ പ്രവാചകന്മാര് നാടുവാണിടുംകാലം ഇതൊന്നുമില്ലായിരുന്നു. അക്കാലത്ത് കുറ്റവാളികളെ കണ്ടെത്താന്‍ അള്ളാഹു പറഞ്ഞുകൊടുത്ത ഒരു ഇന്‍വെസ്റ്റിഗേഷന്‍ മാര്‍ഗമുണ്ട്. ഇക്കാര്യം അല്‍ബക്കറയിലെ അധ്യയത്തിലെ ആറ് വചനങ്ങളിലാണ് അവതരിപ്പിക്കുന്നത്. അതിങ്ങനെയാണ്.
ലക്ഷണമൊത്ത ഒരു പശുവിനെ തെരഞ്ഞെടുത്ത് ബലിയര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന്റെ ഏതെങ്കിലും അവയവമെടുത്ത് കൊല ചെയ്യപ്പെട്ട മൃതദേഹത്തില്‍ അടിക്കുകയോ, ഉഴിയുകയോ ചെയ്താല്‍ മരിച്ച വ്യക്തി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും തന്നെ കൊന്നയാളുടെ പേരുവിവരങ്ങള്‍ പറഞ്ഞ് വീണ്ടും മരിക്കുമെന്നും ഖുറാന് അവകാശപ്പെടുന്നു. അല്‍ബക്കറ അധ്യായത്തില്‍ 286 വചനങ്ങളാണുള്ളത്. അതില്‍ 67 മുതല്‍ 73 വരെയുള്ള സൂക്തങ്ങളിലാണ് ഇക്കഥ പറയുന്നത്. പശു എന്നര്‍ത്ഥമുള്ള അല്‍ബക്കറ എന്ന അധ്യായത്തിന് ആ പേര് കൊടുക്കാന്‍തന്നെ കാരണം ഈ കഥക്കുള്ള പ്രാധാന്യം കൊണ്ടാണ്.
മൂസാ നബിയുടെ കാലത്ത് ഒരു പ്രമുഖ വ്യക്തി കൊല്ലപ്പെടുന്നു. ഘാതകനെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. നാട്ടുകാര്‍ മൂസാ നബിയെ ചെന്നുകണ്ടു. നബി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ കിട്ടിയ സന്ദേശപ്രകാരം മൂസാനബി അവരോട് പറഞ്ഞു
“നിങ്ങള്‍ ഒരു പശുവിനെ ബലിയര്‍പ്പിക്കുക”
പശുവിനെ ബലിയര്‍പ്പിച്ചാലെങ്ങനെ കൊലപാതകം തെളിയും?” അവര്‍ ചോദിച്ചു.
“അള്ളാഹുവിന്റെ കല്‍പ്പനയാണത്. നിങ്ങളത് ചെയ്യുക. കല്‍പ്പന എന്തുമാകട്ടെ അതക്ഷരംപ്രതി സ്വീകരിക്കാന്‍ മാത്രമാണ് നമ്മുടെ കടമ. അത് നമ്മുടെ ബുദ്ധിക്കും യുക്തിക്കും എതിരായാല്‍പ്പോലും അനുസരിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. ഏറ്റവും വലിയ യുക്തിജ്ഞന്റെ യുക്തിയെ നാം ചോദ്യം ചെയ്യരുത്”.
“ശരി, ഏതുതരം പശുവിനെയാണ് ബലിയര്‍പ്പിക്കേണ്ടത്?”
“മഞ്ഞനിറവും മദ്ധ്യപ്രായമുള്ളതും ഭൂമി ഉഴുതുന്നതിനോ മറ്റു കൃഷി ആവശ്യത്തിന് ഉപയോഗിക്കാത്തതൊ ആയിരിക്കണം”.
അങ്ങനെ ലക്ഷണമൊത്ത പശുവിനെ കൊണ്ടുവന്ന് അവര്‍ ബലിയര്‍പ്പിച്ചു. ബലിയര്‍പ്പിച്ച മൃഗത്തിന്റെ ഒരവയവമെടുത്ത് മരിച്ചുകിടക്കുന്ന ശവത്തില്‍ അടിച്ചു. ഉടനെ ശവം എണീറ്റിരുന്ന് തന്നെ കൊലചെയ്ത ആളുടെ പേര് പറഞ്ഞുകൊടുത്തു. അത് വീണ്ടും ശവമായിത്തീര്‍ന്നു.
ഇക്കാലത്തും ഈ മാര്‍ഗം ഉപയോഗിക്കാന്‍ എന്തുകൊണ്ടാണാവോ മതനേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്താത്തത്. ശരീഅത്ത് നിയമത്തില്‍ ഇതുള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. എന്നാലും ബലിയര്‍പ്പിക്കുന്നതിന്റെ പ്രാധാന്യം മുസ്ലീങ്ങള്‍ക്ക് ബോധ്യം വന്നതുകൊണ്ടുതന്നെയാണ് ഹജ്ജ് വേളയിലും നേര്‍ച്ചകളിലും ഈ മൃഗബലി ഇന്നും തുടരുന്നത്.
വെള്ളിയാഴ്ച മുസ്ലീങ്ങള്‍ പള്ളികളില്‍ ജുമുഅ നടത്തുന്നതുപോലെ ജൂതന്മാര് ശനിയാഴ്ചയാണ് സാബത്ത്ദിനം ആചരിക്കുന്നത്. സാബത്തില്‍ പങ്കെടുക്കാതെ ചിലര്‍ മത്സ്യബന്ധനത്തിന് പോയതിന്റെ പേരില്‍ അവരെയെല്ലാം കുരങ്ങന്മാരാക്കിയ കഥ ഖുറാനിലെ അല്‍ബക്കറ (2/65)യില്‍ തന്നെ വിവരിക്കുന്നുണ്ട്. ഈ സൂക്തം ചൂണ്ടിക്കാട്ടി മുസ്ലീങ്ങള്‍ ജുമുഅക്ക് വരാതിരുന്നാല്‍ അവര്‍ക്കും ഈ ശാപം കിട്ടുമെന്നാണ് മതനേതാക്കള്‍ മുന്നറിയിപ്പ് നല്‍കാറുള്ളത്.
അനുയായികളെ ചൂഷണം ചെയ്യാന്‍ സിദ്ധന്മാരെ സഹായിക്കുന്നത് ഇത്തരം ഖുറാന് വചനങ്ങളാണ്. മാനസികരോഗമുണ്ടായിരുന്ന ഒരു കുട്ടിയെ ഞങ്ങളുടെ നാട്ടില്‍ ഒരു സിദ്ധന് ചികിത്സിച്ചുകൊന്ന സംഭവമുണ്ടായത് കുറച്ചുമുമ്പാണ്. കുട്ടിയുടെ ജീവന് തിരിച്ചുവരുമെന്ന് സിദ്ധനും അനുയായിയും രക്ഷിതാവിനെ ധരിപ്പിച്ച് “ജീവന് വാ, ജീവന് വാ”, എന്ന മന്ത്രോച്ചാരണം നടത്തിനോക്കിയിട്ടും രക്ഷയുണ്ടായില്ല. ഇതറിഞ്ഞ നാട്ടുകാരാണവരെ പോലീസില്‍ ഏല്‍പ്പിച്ചത്. സിദ്ധനേയും അനുയായിയേയും കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിക്കുകയുണ്ടായി. ഖുറാന് വചനങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ് ചിലര്‍ മതതീവ്രവാദികള്‍വരെയാകുന്നത്. അള്ളാഹുവിനെ സഹായിക്കുന്നവരെ അള്ളാഹു തിരിച്ചും സഹായിക്കുമെന്നും മതം അള്ളാഹുവിന് മാത്രമായി തീരുന്നതുവരെ സത്യനിഷേധികളോട് യുദ്ധം ചെയ്യണമെന്ന ഖുറാന് ആഹ്വാനം മനസാ വാചാ കര്‍മണാ പ്രായോഗികമാക്കാന്‍ പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം വരുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ മായാലോകത്തിലാണ് ജീവിക്കുന്നത്. മതാന്ധത തലയില്‍ കയറ്റുന്നതില്‍ ഈ സിയാറത്ത് കേന്ദ്രങ്ങള്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
-സെയ്ത് മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: