Categories: India

കൊങ്കണ്‍പാതയില്‍ ഗതാഗത തടസം തുടരുന്നു

Published by

പനാജി: മണ്ണിടിച്ചില്‍ തടയാന്‍ കെട്ടിയ കോണ്‍‌ക്രീറ്റ് മതിലിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയിലൂടെ റെയില്‍ ഗതാഗതം താറുമാറായി. കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രത്നഗിരിക്കും നിവാര്‍ണിനും ഇടയിലാണ് മതില്‍ ഇടിഞ്ഞ് വീണത്.

അപകടത്തെ തുടര്‍ന്ന്‌ ഇതു വഴിയുള്ള തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്‌. നാലു ട്രെയിനുകള്‍ റദ്ദാക്കുകയും, അഞ്ചെണ്ണം വഴി തിരിച്ചു വിടുകയും ചെയ്‌തു. കൊച്ചു‌വേളി – കുര്‍ള ഗരീബ്‌രഥ്, തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി എക്സ്‌പ്രസ്, കൊച്ചുവേളി – ഡെറാഡൂണ്‍, എറണാകുളം – പൂനെ എക്സ്‌പ്രസ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.

ഇന്ന് പുറപ്പെടുന്ന എറണാകുളം – കുര്‍ള തുരന്തോ എക്സ്‌പ്രസ്, ഹാപ്പ – എറണാകുളം എക്സ്‌പ്രസ് ട്രെയിനുകള്‍ കല്യാണ്‍-പൂനെ- ഷോളാപ്പൂര്‍ വഴിയും കൊച്ചുവേളി – ചണ്ഡിഗഡ് സമ്പര്‍ക്ക ക്രാന്തി എക്സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈറോഡ് വഴിയും തിരിച്ചുവിടും.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ സ്ഥിരം സംഭവമായതിനാല്‍ അത്‌ തടയുന്നതിന്‌ വേണ്ടി അടുത്തിടെ നിര്‍മ്മിച്ച മതിലാണ്‌ തകര്‍ന്ന്‌ വീണത്‌. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയാണ്‌ മതില്‍ ഇടിഞ്ഞു വീഴുന്നതിന്‌ കാരണമായതെന്ന്‌ കരുതുന്നു. മതില്‍ ഇടിഞ്ഞത് കേരളത്തില്‍ നിന്നുള്ള നൂറ് കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by