Categories: India

ബോംബ്‌ നിര്‍വീര്യമാക്കി ആയിരത്തോളം തീവണ്ടി യാത്രക്കാരെ രക്ഷപ്പെടുത്തി

Published by

ഗുവാഹത്തി: വെള്ളിയാഴ്ച ദീര്‍ഘദൂര തീവണ്ടിയിലെ ആയിരത്തോളം യാത്രക്കാര്‍ അത്ഭുതകരമായി ഒരു ദുരന്തത്തില്‍നിന്ന്‌ രക്ഷപ്പെട്ടു. ട്രെയിനില്‍ കണ്ടെത്തിയ ദുരന്തകാരണമായേക്കാവുന്ന ബോംബ്‌ വിദഗ്‌ദ്ധര്‍ നിര്‍വീര്യമാക്കി.

കാഞ്ചന്‍ ജംഗ എക്സ്പ്രസിലെ എസ്‌ 5 കോച്ചിലാണ്‌ സ്റ്റീല്‍ കവചത്തിനുള്ളില്‍ ടൈമര്‍ സംവിധാനത്തോടുകൂടിയ ബോംബ്‌ കണ്ടെത്തിയത്‌. വെളുപ്പിന്‌ 5.15 ഓടെ ബാംഗ്ലൂരില്‍നിന്ന്‌ ഗുവാഹത്തിയിലെത്തിയ തീവണ്ടിയിലെ സാധാരണ നടത്താറുള്ള പരിശോധനയിലാണ്‌ ഇത്‌ കണ്ടെത്തിയത്‌. യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബ്‌ സ്ക്വാഡ്‌ രംഗത്തെത്തുകയുമുണ്ടായി. അഞ്ച്‌ കിലോ തൂക്കം വരുന്ന ആധുനിക രീതിയിയിലുള്ള ബോംബിന്‌ ഒരു ടൈമറുമുണ്ടായിരുന്നു. അത്‌ പൊട്ടിത്തെറിച്ചെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന്‌ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

രാത്രിയില്‍ ആസ്സാം ഭാഗത്തുവെച്ച്‌ ഈ ബോംബ്‌ തീവണ്ടിയില്‍ വെച്ചതാകാമെന്നാണ്‌ പ്രാഥമിക നിഗമനം. ആരാണിത്‌ ചെയ്തതെന്നറിയില്ലെന്നും ആസ്സാം തീവ്രവാദികളാകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by