കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചു. റഫറല്‍ ആശുപത്രിയാക്കിയതിനു ശേഷം ആയിരക്കണക്കിന് രോഗികള്‍ ആശുപത്രിയില്‍ എത്തിച്ചേരുന്നുണ്ടെങ്കിലും മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. പല സമയത്തും ഡോക്ടര്‍മാര്‍ ഇല്ല. പ്രസവ വാര്‍ഡ് ചോര്‍ന്നൊലിക്കുന്നു. വാര്‍ഡുകളില്‍ ദുര്‍ഗന്ധം അസഹനീയമാണ്. ജനറേറ്റര്‍ ഇല്ലെങ്കില്‍ ഓപ്പറേഷന്‍ പോലും നടക്കാത്ത സാഹചര്യമാണുള്ളത്. രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തിലാണ് രോഗികള്‍ കഴിയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുവമോര്‍ച്ച കോട്ടയം മണ്ഡലം പ്രസിഡന്റ് ശരത്കുമാറിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. സ്ഥലം എംഎല്‍എയും റവന്യൂമന്ത്രിയുമായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ അടിയന്തരമായി ജില്ലാ ആശുപത്രി സന്ദര്‍ശിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. സമരം ഉണ്ടെന്നറിഞ്ഞ് വന്‍ പോലീസ് സന്നാഹത്തെയാണ് ആശുപത്രിക്കു ചുറ്റും വിന്യസിച്ചിരുന്നത്. പ്രകടനം പോലീസ് തടഞ്ഞെങ്കിലും സുപ്രണ്ടിന്റെ റൂമിലേക്ക് പ്രവര്‍ത്തകര്‍ കയറിക്കൂടി. എന്‍.ഹരി, ബിജെപി മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് എന്നിവരെ പോലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വെളിയില്‍ ആക്കുകയായിരുന്നു. അധികാരികളെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് നേതൃത്വം അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
സി.എന്‍.സുബാഷ്, ബിനു ആര്‍.വാര്യര്‍, യുവമോര്‍ച്ച നേതാക്കളും ടി.ആര്‍.രാജീവ്, വി.പി.മുകേഷ്, എം.ജി.സുരേഷ്, അനീഷ് കല്ലില്‍, പ്രീതിഷ് പ്രസാദ്, വിനോദ് നട്ടാശ്ശേരി, ഉണ്ണികൃഷ്ണന്‍, സുനി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി. പോലീസ് നടപടിയെ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: