Categories: India

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു:അദ്വാനി

Published by

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകരാറിലാക്കുകയാണെന്നും സംസ്ഥാനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അന്തര്‍സംസ്ഥാന കൗണ്‍സിലുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി തന്റെ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു.

1967 ന്‌ മുമ്പ്‌ സംസ്ഥാനങ്ങള്‍ക്ക്‌ പ്രാദേശികമായും അന്തര്‍സംസ്ഥാനവുമായ പ്രശ്നങ്ങളില്‍ വ്യത്യസ്തനിലപാടുകളുണ്ടായിരുന്നുവെന്ന്‌ 1983 ല്‍ ഇന്ദിരാഗാന്ധി രൂപംകൊടുത്ത സര്‍ക്കാരിയ കമ്മീഷന്‌ അഭിപ്രായമുണ്ടായിരുന്നു. ഇതാണ്‌ അന്തര്‍സംസ്ഥാന കൗണ്‍സിലുകളുടെ രൂപീകരണത്തിന്‌ കാരണമായത്‌.

അന്തര്‍സംസ്ഥാന കൗണ്‍സിലുകളുടെ രൂപീകരണത്തിന്‌ ആര്‍ട്ടിക്കിള്‍ 263 പ്രകാരം ഭരണഘടനാ സാധുതയുണ്ടെങ്കിലും 1990 ല്‍ മാത്രമാണ്‌ അത്‌ നിലവില്‍ വന്നത്‌. 1998 ല്‍ ഞങ്ങള്‍ കേന്ദ്രഭരണത്തില്‍ വന്നപ്പോഴാണ്‌ അതിന്റെ പ്രവര്‍ത്തനം സജീവമായത്‌, അദ്വാനി തുടരുന്നു.

1998 ല്‍ അടല്‍ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്‌ അത്‌ പുനരാരംഭിച്ചത്‌. എന്‍ഡിഎയുടെ ഭരണകാലത്ത്‌ മിക്കവാറും എല്ലാ വര്‍ഷവും കൗണ്‍സില്‍ യോഗങ്ങള്‍ നടത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്ന കേന്ദ്രമന്ത്രിമാരും അതില്‍ അംഗങ്ങളാണ്‌.

വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ സര്‍ക്കാരിയ കമ്മീഷന്റെ 247 ശുപാര്‍ശകള്‍ വരികയും അവക്ക്‌ പരിഹാരം കാണുകയുമുണ്ടായി, ബ്ലോഗ്‌ തുടരുന്നു. ഈയടുത്ത കാലത്തായി ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട്‌ കേന്ദ്രം ചിറ്റമ്മ നയമാണ്‌ അനുവര്‍ത്തിക്കുന്നത്‌. ഗുജറാത്തില്‍ മണ്ണെണ്ണയുടെ ക്വാട്ട വെട്ടിക്കുറച്ചു. കര്‍ണാടകത്തില്‍ പ്രസിഡന്റ്‌ ഭരണമേര്‍പ്പെടുത്തണമെന്ന്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍.ഭരദ്വാജ്‌ ശുപാര്‍ശ ചെയ്യുന്നു.

ജൂണ്‍ ആദ്യം ലഖ്നൗവില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഫെഡറല്‍ സംവിധാനത്തിനുനേരെ യുപിഎ സര്‍ക്കാര്‍ നടത്തുന്ന ഗുരുതരമായ ഭീഷണിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു, അദ്വാനി ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by