ന്യൂദല്‍ഹി: ബില്ലുകള്‍ക്ക് അംഗീകാരം നല്കുന്നതിന് രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയില്‍ സുപ്രധാന നീക്കവുമായി രാഷ്‌ട്രപതി. വിധിയില്‍ വ്യക്തത തേടി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിക്ക് കത്തയച്ചു. 14 ചോദ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 (1) പ്രകാരമാണ് നടപടി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ചുള്ള അത്യപൂര്‍വ നടപടിയാണ് രാഷ്‌ട്രപതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. രാഷ്‌ട്രപതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സുപ്രീംകോടതി രേഖാമൂലം മറുപടി നല്കണം.
ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും ബാധകമായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്താണ് രാഷ്‌ട്രപതിയും ഗവര്‍ണര്‍മാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബില്ലുകള്‍ക്ക് രാഷ്‌ട്രപതി അംഗീകാരം നല്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് സുപ്രീംകോടതി വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്നും രാഷ്‌ട്രപതി സുപ്രീംകോടതിക്ക് കൈമാറിയ റഫറന്‍സില്‍ വ്യക്തമാക്കുന്നു.
ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്‌ട്രപതിക്കോ, ഗവര്‍ണര്‍മാര്‍ക്കോ ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. ഭരണഘടനയില്‍ വ്യവസ്ഥ ഇല്ലെന്നിരിക്കേ എങ്ങനെയാണ് സുപ്രീംകോടതിക്ക് ഇത്തരമൊരു ഉത്തരവിടാനാവുക എന്ന് രാഷ്‌ട്രപതി ചോദിക്കുന്നു. ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെ, ബില്ലുകള്‍ക്ക് അംഗീകാരം നല്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണോ, ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്ലിന് നിയമപ്രാബല്യം നല്കാനാകുമോ തുടങ്ങിയ ചോദ്യങ്ങളും രാഷ്‌ട്രപതി ഉന്നയിച്ചിട്ടുണ്ട്.
തമിഴ്നാട് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാംമേഘ്വാളും രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രപതിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്.
സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍
1. ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെ?
2. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍ ആണോ?
3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
4 . ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികള്‍ക്ക് പരിശോധിക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 361 പ്രകാരമുള്ള പരിരക്ഷ തടസമാണോ?
5. ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടനയില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?
6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്‌ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
7. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ രാഷ്‌ട്രപതിക്ക് സമയപരിധി നിശ്ചയിട്ടില്ലാത്തതിനാല്‍ കോടതിക്ക് ഉത്തരവുകള്‍ വഴി സമയപരിധി നിശ്ചയിക്കാനും എങ്ങനെ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശിക്കാനാകുമോ?
8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്‌ട്രപതി സുപ്രീംകോടതിയുടെ ഉപദേശമോ അഭിപ്രായമോ തേടേണ്ടത് ഉണ്ടോ?
9. ബില്ലുകള്‍ നിയമം ആകുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ടോ?. നിയമമാകുന്നതിന് മുമ്പ് ബില്ലുകളില്‍ രാഷ്‌ട്രപതിയും ഗവര്‍ണറും എടുക്കുന്ന തീരുമാനങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന ആകാമോ?
10. രാഷ്‌ട്രപതിയുടെയും ഗവര്‍ണറുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും ഏതെങ്കിലും വിധത്തില്‍ മറികടക്കാന്‍ കഴിയുമോ?
11. ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന നിയമസഭ പാസാക്കിയ നിയമം പ്രാബല്യത്തിലുള്ള നിയമമാകുമോ?
12. ഭരണഘടനാ വ്യാഖ്യാനങ്ങള്‍ ഉള്ള വിഷയങ്ങള്‍ സു
പ്രീംകോടതിയുടെ കുറഞ്ഞത് അഞ്ചംഗ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടത് നിര്‍ബന്ധമല്ലേ?
13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീംകോടതിയുടെ അധികാരങ്ങള്‍ നടപടിക്രമ നിയമങ്ങളുടെ കാര്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ, അല്ലെങ്കില്‍ ഭരണഘടനയ്‌ക്കോ നിലവിലുള്ള നിയമങ്ങള്‍ക്കോ വ്യവസ്ഥകള്‍ക്കോ വിരുദ്ധമായതോ, പൊരുത്തമില്ലാത്തതോ ആയ നിര്‍ദ്ദേശങ്ങള്‍/ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടോ?
14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള ഒരു കേസ് വഴിയല്ലാതെ, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റേതെങ്കിലും അധികാരപരിധി ഭരണഘടന തടയുന്നുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: