എഴുപതുകളുടെ അവസാന വര്‍ഷങ്ങളിലെപ്പോഴോ കോഴിക്കോട്ട് രണ്ടു ദിവസം അടുപ്പിച്ച് രണ്ട് പാട്ടു കച്ചേരികള്‍ക്ക് പാലക്കാട് മണി അയ്യര്‍ മൃദംഗം വായിച്ചത് അന്നേയ്ക്ക് മൃദംഗത്തിന്റെ പാഠക്കൈകള്‍ സാധകം ചെയ്തു തുടങ്ങിയിരുന്ന എന്നില്‍ ആദരവും ഭയഭക്തിബഹുമാനങ്ങളും വളര്‍ത്തിയ സംഭവമായിരുന്നു. മണി സ്വാമിയുടെ – ശിഷ്യരുടെ ഇടയില്‍ അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നത് അങ്ങിനെയാണ് – പ്രേഷ്ഠ ശിഷ്യരായ പുതുക്കോട് എസ്. കൃഷ്ണനും തിരുവനന്തപുരം വി. സുരേന്ദ്രനും അന്ന് കോഴിക്കോട് ആകാശവാണിയില്‍ നിലയവിദ്വാന്മാര് ആയിരുന്നതാവാം അദ്ദേഹം തിരക്കേറിയ പരിപാടികള്‍ക്കിടയിലും കോഴിക്കോട്ട് രണ്ടു ദിവസം തങ്ങാന്‍ അപ്രധാനമല്ലാത്ത ഒരു കാരണം.
അന്ന് മൃദംഗസാധനയും ധാരാളം കച്ചേരികള്‍ കേള്‍ക്കലുമായി കഴിഞ്ഞിരുന്ന എനിക്ക് സ്വാമിയുടെ വായനയുടെ സാങ്കേതിക മികവിനെ കുറിച്ചോ അദ്ദേഹം വായിച്ച കണക്കുകളെ കുറിച്ചോ കാര്യമായി എന്തെങ്കിലും മനസ്സിലായി എന്നു പറയാനാവില്ല. എന്നാല്‍ ആ വിരലുകള്‍ നെയ്തെടുത്ത നാദശുദ്ധിയും വ്യക്തതയും അന്യാദൃശമാണെന്ന് തോന്നി. മറ്റൊന്ന് പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സൃഷ്ട്ടിച്ച അന്തസ്സും ഗൗരവവും ആണ്. ഇംഗ്ലീഷില്‍ ഇലക്ട്രിഫൈയിങ് -വിദ്യുത്പ്രകമ്പനം – എന്ന് വിശേഷിപ്പിക്കാവുന്ന ഊര്‍ജ്ജം അന്നത്തെ രണ്ട് മൈക് രഹിത കച്ചേരികളിലും അനുഭവവേദ്യമായിരുന്നു. ആദ്യ ദിനം പ്രസിദ്ധനും പ്രഗത്ഭനുമായ ആലത്തൂര്‍ ശ്രീനിവാസ അയ്യരും രണ്ടാം ദിവസം അക്കാലത്ത് ഉയര്‍ന്നുവരുന്ന വിദ്വാനായിരുന്ന സുന്ദരേശ്വരന് സാറുമായിരുന്നു പാടിയത്. ഈ വ്യത്യാസമൊന്നും തന്നെ മണി സ്വാമി അരങ്ങിനെ അണിയിച്ചിരുന്ന ‘ആത്മഗൗരവത്തിനോ’ സാങ്കേതിക മികവിനോ കടുകിട കുറവു വരുത്തിയില്ല എന്നത് എന്റെ കൗമാരമനസ്സിനെ പോലും അന്ന് സ്വാധീനിച്ചു എന്നതും ശ്രദ്ധേയം.
തുടര്‍ച്ചയായതും കാര്യകാരണനിബദ്ധമായതുമായ സാധകമായിരുന്നു മണി സ്വാമി കച്ചേരികള്‍ക്ക് കൊണ്ടു വന്ന മികവിന് ഒന്നാം കാരണം. അദ്ദേഹം ചിട്ടപ്പെടുത്തിയെടുത്ത സാധകമുറ പിന്‍പറ്റുന്ന ആര്‍ക്കും ഒരു പരിധി വരെയെങ്കിലും വ്യക്തതവറ്റാതെ മേല്ക്കാല ചൊല്ലുകള്‍ ചൊല്ലാനും വായിക്കാനും കഴിഞ്ഞിരുന്നു. പാട്ടുകള്‍ക്ക് അനേകം തവണ വായിച്ചു വായിച്ച് കൃതിയുമായും അതിലെ സ്വരസഞ്ചാരങ്ങളുമായും അതീതജ്ഞാനം -സിക്സ്ത് സെന്‍സ് എന്നു പോലും വിശേഷിപ്പിക്കാവുന്ന പരിചയം സമ്പാദിക്കുന്നതിനു സ്വാമി പ്രാഥമ്യം നല്കി.
മൃദംഗ പരിപാലനത്തിലും അതിന്റെ ശ്രുതിച്ചേര്ച്ച നിലനിര്‍ത്തുന്നതിലും സ്വാമി നല്‍കിയിരുന്ന പ്രധാന്യം അനന്യം തന്നെയായിരുന്നു. ഒരിക്കല്‍ സുരേന്ദ്രന് മാഷ് മണി സ്വാമി വായിച്ച ഒരു മൃദംഗം കച്ചേരി സ്ഥലത്തു നിന്നും നേരെ കോഴിക്കോട്ടേയ്ക്കു കൊണ്ടു വന്നത് ഓര്‍ക്കുന്നു. അതിന്റെ വാറുകള്‍ക്കിടയില്‍ തമിഴില്‍ എഴുതിയ ഒരു കാര്‍ഡ് തിരുകി വച്ചിരുന്നു. ഏത് തീയതിയില്‍ ആരുടെ കച്ചേരിക്ക് എന്ത് ശ്രുതിയിലാണ് വായിച്ചത് എന്നും മൃദംഗത്തിന് ചെയ്യേണ്ട പരിപാലന ജോലികളുടെ പട്ടികയുമായിരുന്നു അതില്‍. ഒരു പക്ഷേ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞേ സ്വാമി ആ മൃദംഗം ഉപയോഗിച്ചു എന്നു വരൂ. പക്ഷേ വാദ്യം കുറ്റമറ്റ രീതിയില്‍ പരിപാലിക്കണം എന്ന ആ നിഷ്ഠയുണ്ടല്ലോ – അത് സമാദരണീയം തന്നെ.
മറ്റൊന്ന് ശ്രദ്ധയില്‍ പെട്ടത് മണി സ്വാമിയുടെ അച്ചടക്ക ബോധമാണ്. പ്രധാന ഗായകനും വയലിന് വിദ്വാനും അരങ്ങില്‍ എത്തിയ ശേഷമേ അദ്ദേഹം അരങ്ങിലേക്കു കയറിയിരുന്നുള്ളു. അത് ആലത്തൂരിനും സുന്ദരേശ്വരനും ഒരു പോലെ നല്കിയ ആദരവായിരുന്നു. ഉപപക്കവാദ്യക്കാര് തന്റെ പിന്നാലയേ അരങ്ങേറാവു എന്നും അദ്ദേഹം നിഷ്ക്കര്ഷിച്ചിരുന്നു. മൃദംഗം അടിസ്ഥാനപരമായി അകമ്പടിക്കുള്ള താളവാദ്യമാണെന്നും പാട്ടിന്റെ നിലീനമായ താള സൗഭഗങ്ങള്ക്ക് അടിവരയിടുകയാണ് മൃദംഗവിദ്വാന്റെ ഭാഗം എന്നുമുള്ള അടിയുറച്ച തിരിച്ചറിവിന്റെ നിദര്ശമായിരുന്നിരിക്കാം ഈ സമീപനം. വായ്പ്പാട്ടുകാരനും വയലിന് വിദ്വാനും ഒരേ നിരയില്‍ സദസ്സിനെ അഭിമുഖീകരിച്ചിരിക്കാനും മറ്റുമുള്ള ഇന്നത്തെ തത്രപ്പാട് സംഗീതക്കച്ചേരി എന്നത് കലാകാരന്മാരുടെ കൂട്ടായ ശ്രമമാണെന്ന് മണിസ്വാമി അടിവരയിട്ട് കാണിച്ചിരുന്നതിന്റെ നിരാസമാണോ?
തിരുവില്വാമലയില്‍ രാമസ്വാമിയായി 1912-ല്‍ ജനിച്ച മണി അയ്യര്‍ വീട്ടുകാര്‍ വിളിച്ചിരുന്ന ഓമനപ്പേരായ മണി എന്നു പേരില്‍ തന്നെ ലോകപ്രശസ്തനായി. 1971ല്‍ രാഷ്ട്രം പത്മഭൂഷണ്‍ വിരുദു നല്കി ആദരിച്ച ഈ മഹാകലാകാരന് 1966ല്‍ തന്നെ സംഗീതകലാനിധി പട്ടം ലഭിച്ചിരുന്നു. ആലത്തൂര്‍ സഹോദരന്മാര്, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രനിവാസ അയ്യര്‍ തുടങ്ങി മുന്‍നിര ഗായകര്‍ക്കൊക്കെ മണി സ്വാമി പക്കം വായിയ്ക്കുന്നത് അന്തസ്സേറ്റുന്ന ആഹ്ലാദമായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
മൃദംഗത്തില്‍ അപ്രമാദിത്വത്തിന്റെ കൊടുമുടി കൈയ്യടക്കിയ മണി സ്വാമി കീര്‍ത്തനങ്ങള്‍ക്ക് സുഗമമായും ഗായകന്റെ നീക്കങ്ങള്‍ ഒട്ടെക്കെ മുന്‍കൂട്ടി കണ്ടും വായിക്കുന്നതിലാണ് യഥാര്‍ത്ഥവും നവസാദ്ധ്യതകള്‍ വിരിഞ്ഞു നില്ക്കുന്നതുമായ വെല്ലുവിളി എന്നു വിശ്വസിച്ചിരുന്നു. 1981ല്‍ കൊച്ചിയില്‍ മൃദംഗവിദ്വാന്‍ കൂടിയായ മകന് പാലക്കാട് രാജാമണിയോടൊപ്പം താമസിക്കുമ്പോള്‍ മണി സ്വാമി അന്തരിച്ചത് കാലാതിവര്‍ത്തിയായ ഈ സംഗീതതത്വം അരങ്ങില്‍ ജീവിച്ചു കാട്ടിയിട്ടാണ് എന്നത് ഇന്നത്തെ കര്‍ണ്ണാടകസംഗീതലോകം വീണ്ടും വീണ്ടും ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: