തൊഴില്‍ ഏതു തന്നെയായാലും ചെയ്യുന്നവര്‍ക്ക് അത് മഹത്തരം ആകണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചെയ്യുന്ന തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ് ചെയ്യണം. ഏതു തൊഴിലും ഗുണം ലഭ്യമാകുന്ന തരത്തില്‍ ആണു ചെയ്യേണ്ടത്. ചെയ്യുന്നആള്‍ എത്ര മഹത്തരം ആയി കാണുന്നു എന്നുള്ളതാണ് ഏത് തൊഴിലിനും മാഹാത്മ്യം നല്‍കുന്നത്.
എന്തിനാണ് ഒരാള്‍ തൊഴില്‍ ചെയ്യുന്നത്?
ഉത്തരം – ശമ്പളം ലഭിക്കും, ജീവിക്കാന്‍ വേണ്ടിയാണ്, മക്കളെ വളര്‍ത്താന്‍ വേണ്ടിയാണ്, കുടുംബം നോക്കാനാണ്, ആത്മവിശ്വാസം ലഭിക്കാനാണ്, സെല്‍ഫ് എസ്റ്റീം കൂടാനാണ് എന്നിങ്ങനെ ആയിരിക്കും.
എന്നാല്‍ ചെയ്യുന്ന തൊഴില്‍ അതില്‍ ലയിച്ച് അതിന്റെ ഉദ്ദേശ ശുദ്ധിയോടെ, തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ മനോഭാവത്തോടെ, തന്മയത്വമായി, ആത്മാര്‍ത്ഥമായി ആയി ചെയ്യുമ്പോള്‍ ഇപ്പറഞ്ഞവയ്ക്കപ്പുറം എന്തെങ്കിലും ലഭിക്കുന്നുണ്ടോ? അത് അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഇത് ആത്മപരിശോധനയിലൂടെയേ മനസ്സിലാക്കാന്‍ കഴിയൂ. ഉണ്ടെങ്കില്‍ അതാണ് അയാള്‍ക്ക് ലഭിക്കുന്ന ‘യഥാര്‍ത്ഥ പ്രതിഫലം’.
ഉദാഹരണത്തിന് ഗാനഗന്ധര്വ്വന് ഡോ. കെ ജെ യേശുദാസ് ഗാനാലാപനം നടത്തുകയാണ് എന്ന് സങ്കല്‍പ്പിക്കുക. പാട്ട് തീര്‍ന്നശേഷം അദ്ദേഹത്തിനു ലഭിക്കുന്ന പണം, അവാര്‍ഡുകള്‍, പാരിതോഷികങ്ങള്‍,.. പ്രശസ്തി.. തുടങ്ങിയവയൊക്കെ പ്രതിഫലം ആണ്.
എന്നാല്‍ പൂര്‍ണ്ണ ആത്മസമര്‍പ്പണത്തോടെ പാടി കൊണ്ടിരിക്കുമ്പോള്‍ ഇതൊന്നുമല്ലാത്ത യഥാര്‍ത്ഥ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
ഒരു ദിവസം അഞ്ച് ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ ഡോക്ടര്‍ക്ക് അടുത്ത ദിവസം 15 ശസ്ത്രക്രിയ നടത്താന്‍ സഹായിക്കുന്ന വൈദഗ്ധ്യവും യഥാര്‍ത്ഥ പ്രതിഫലമാണ്.
ഒരു ഡ്രൈവറെ ഉദാഹരണമായെടുത്താല്‍ വാഹനം ഓടിച്ചതിനു ലഭിക്കുന്ന പ്രതിഫലത്തിന് ഉപരിയായി ആസ്വദിച്ചു വാഹനം ഓടിക്കുന്ന നിമിഷങ്ങളിലെല്ലാം ആ ഡ്രൈവര്‍ക്ക് സംതൃപ്തിയെന്ന ഒരു പ്രതിഫലം ലഭിക്കുന്നുണ്ട്.
അധ്യാപന ജോലിയില്‍ ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ അവര്‍ അതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ടു വന്ന്, പുതിയ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്, ഏത് പ്രശ്നത്തിലും എങ്ങനെ മാതൃകാപരമായി ഇടപെടണമെന്ന് നേരില്‍ കാണിച്ചുകൊടുത്ത്, ക്ലാസ് സമയം അവസാനിക്കുമ്പോള്‍ അടുത്ത ക്ലാസ്സില്‍ കുട്ടികള്‍ അധ്യാപകനെ പ്രതീക്ഷിച്ചിരിക്കുന്ന നിലയിലേക്ക് കുട്ടികളുടെ താല്പര്യത്തെ ഉണര്‍ത്തി അവരുടെ ബുദ്ധിപരവും നൈസര്‍ഗികവുമായ എല്ലാ വാസനകളും മനസ്സിലാക്കി സന്തതസഹചാരിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകന് മാസാവസാനം ലഭിക്കുന്ന ശമ്പളമോ, നല്ല അധ്യാപകന് എന്നുള്ള പേരോ, അവാര്‍ഡുകളോ, പ്രശസ്തിയോ അല്ല യഥാര്‍ത്ഥ പ്രതിഫലം.
കൃത്യതയോടും അര്‍പ്പണബോധത്തോടെയും കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുന്നത് ‘പ്രദാനം’ ആണ്. ആത്മസമര്‍പ്പണത്തോടെ ‘പ്രദാനം’ ചെയ്യുമ്പോള്‍ തിരികെ ലഭിക്കുന്നതാണ് ‘ആദാനം.’
കുട്ടികളുടെ മനസ്സ് തുറക്കുന്നത് കാണാന്‍ (കണ്ണുകള്‍കൊണ്ടല്ല) കഴിയുന്ന അധ്യാപകന് ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന യഥാര്‍ത്ഥ പ്രതിഫലമാണ് ‘ആദാനം’!
യേശുദാസിന് കീര്‍ത്തനം ആലപിക്കുംമ്പോഴാണ് ‘ആദാനം’ ലഭിക്കുക!
ശരിയായി വാഹനമോടിക്കുമ്പോഴാണ് ഡ്രൈവര്‍ക്ക് ‘ആദാനം’ ലഭിക്കുന്നത്!
ഇങ്ങനെ ചെയ്യുന്ന തൊഴിലില്‍ നിന്ന് ആദാനം പ്രതിഫലമായി ലഭിക്കുന്ന അനുഭൂതിയിലേക്ക് ഓരോരുത്തരും എത്തിച്ചേരേണ്ടതുണ്ട്. ഈ അനുഭൂതി അനുഭവിക്കാന്‍ കഴിഞ്ഞാല്‍, ഏറ്റവും വലിയ പ്രതിഫലം ‘ആദാനം’ ആവും.
ഈ ‘ആദാനം’ വ്യക്തമായ അനുഭൂതിയിലൂടെ ഉള്‍ക്കൊള്ളാനും അത് ലഭിക്കാനും ഇടയാകുന്ന തരത്തിലും ചെയ്താല്‍ ഏതു തൊഴിലും മഹത്തരമാകും.
(എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദധാരിയും, വിഎച്ച്എസ്ഇ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനും, സര്‍ട്ടിഫൈഡ് അഡോളസന്‍സ് കൗണ്‍സിലറും, സാമൂഹിക നിരീക്ഷകനും ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: