2021 ലെ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘നാഷണല്‍ സോളിഡാരിറ്റി ഫോറ’ത്തിലെ റവ. പീറ്റര്‍ മച്ചാഡോയും, റവ. വിജയേഷ് ലാലും ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമമാരോപിച്ചു കേന്ദ്ര സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സുപ്രീം കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി 2022 ല്‍ ഫയല്‍ ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ വ്യാജ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ റിപ്പോര്‍ട്ടുകളും കേന്ദ്രമിതിനായി ഉപയോഗിച്ചു. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സംഭവങ്ങള്‍ തെറ്റായതും അതിശയോക്തിപരവും സ്ഥിരീകരിക്കാത്തതുമാണെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന് 2023 ഏപ്രിലില്‍, പൊതുതാല്പര്യ ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കേസുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഡാറ്റയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ചതിന്റെ ഫലമായി അവ തെറ്റാണെന്ന് തെളിഞ്ഞു. 2022 നവംബറില്‍ മധ്യപ്രദേശില്‍ ദമ്പതികളെ നിര്‍ബന്ധിതമായി മതം മാറ്റിയതിന് ഇഎഫ്ഐ ചെയര്മാന് ഡോ. അജയ് ലാലിനെ പ്രതിചേര്‍ത്തു. ഒട്ടുമിക്ക ക്രിസ്ത്യന്‍ പീഡന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാന സ്രോതസ്സാണ് ഇഎഫ്ഐ റിപ്പോര്‍ട്ടെങ്കിലും അതിന് വിശ്വസനീയമായ ഡാറ്റയില്ലെന്നു പറയാന്‍ കഴിയും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആഗോള സ്രോതസ്സായി ഇഎഫ്ഐ മാറി. ഇതില്‍ ഭാരതത്തിലൂടെ മറ്റ് ക്രൈസ്തവ സഭകളും വീണുപോകുന്നു.
വ്യാപകമായി പ്രചരിക്കുന്ന ഇഎഫ്ഐ റിപ്പോര്‍ട്ടുകള്‍
ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍ മാത്രമല്ല ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍’ (ഐസിസി), Persecution.org പോലെയുള്ള നിരവധി മറ്റ് ആഗോള ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ ഇഎഫ്ഐയെ അവരുടെ ലേഖനങ്ങളിലും റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അമേരിക്ക ആസ്ഥാനമായി 1995 ല്‍ രൂപംനല്കിയ ഒരു സംഘടനയാണ് ‘ഐസിസി’. ഈ സംഘടനയും ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ’ (യുഎസ്സിഐആര്‍എഫ് ) മായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു. മാത്രമല്ല വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും രാജ്യങ്ങളെ കൂടുതല്‍ വിലയിരുത്തുന്നതിനും ഐസിസിയുടെ റിപ്പോര്‍ട്ടുകള്‍ യുഎസ്സിഐആര്‍എഫ് ആധാരമാക്കുന്നു. എന്നാല്‍ ഐസിസി പ്രത്യേകിച്ചു 2020 ലും 2021-ലും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇഎഫ്ഐയുടെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാല്‍ അവ തയ്യാറാക്കിയിരിക്കുന്നത് സ്ഥിരീകരിക്കാനാവാത്ത സംഭവങ്ങളും കണക്കുകളും കൊണ്ടാണ്. ചുരുക്കത്തില്‍ ഓപ്പണ്‍ ഡോര്‍സ്, ഐസിസി ഇഎഫ്ഐ എന്നിവര്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗമായ യുഎസ്സിഐആര്‍എഫ് മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തെ ഉള്‍പ്പെടുത്തുന്നതെന്ന് സാരം.
ഈ ഇഎഫ്ഐ പോലെ തന്നെ ഭാരതത്തിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന മറ്റൊരു സംഘടനയാണ് ‘ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക’ അഥവാ ‘ഫിയാക്കോണ’. ഇന്ത്യന്‍-അമേരിക്കന്‍ ക്രിസ്ത്യാനികളെയും അവരുടെ സംഘടനകളെയും പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള സംഘടനയാണെന്ന അവകാശവാദത്തോടെയാണ് ‘ഫിയാക്കോണ’ 2000-ല്‍ ആരംഭിച്ചത്.
ജോണ്‍ ദയാലും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറവും
ഇഎഫ്ഐ റിപ്പോട്ടിന്റെ കൃതജ്ഞതാ ഭാഗത്ത് അവരുടെ പഠനത്തിന് സൗകര്യമൊരുക്കിയവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ജോണ്‍ ദയാല്‍’, ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം’ (യുസിഎഫ്), ‘പ്രോസിക്യുഷന് റിലീഫ്’ എന്നിങ്ങനെ ഇതില്‍ പരാമര്‍ശിക്കുന്ന മൂന്ന് പേരുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് പേരുകളും യുഎസ് ആസ്ഥാനമായുള്ള ഫിയാക്കോണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോണ്‍ ദയാല്‍ സുവിശേഷക ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. മുന്‍പ് ദല്‍ഹി മിഡ്-ഡേ പത്രത്തിന്റെ എഡിറ്ററും സിഇഒയും കൂടാതെ ‘എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ’യുടെ ട്രഷററുമായിരുന്നു. മാത്രമല്ല മുന്‍പ് സൂചിപ്പിച്ച യുസിഎഫിന്റെ ദേശീയ കണ്‍വീനര്‍ കൂടിയാണ്. ഫിയാക്കോണയുടെ ഉപദേശക സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം, അവരുടെ റിപ്പോര്‍ട്ടുകളുടെ മേല്നോട്ടക്കാരനായി സംഘടനയെ നയിക്കുന്നു. ദലിത് ഫ്രീഡം നെറ്റ്വര്‍ക്ക് (ഡിഎഫ്എന്‍) എന്ന പേരില്‍ ഐസിസിക്ക് ഒരു യുഎസ് വിഭാഗവും ഉണ്ട്. യുഎസില്‍ ജീവിക്കുന്ന ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ചും ഭാരതത്തിലെ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയെക്കുറിച്ചും വിമര്‍ശനാന്മകമായി സംസാരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ജോസഫ് റസ്സല്‍ പിറ്റ്സുമായി ഐസിസിക്ക് അടുത്ത ബന്ധമുണ്ട്.
ഭാരതത്തിലെ ക്രിസ്ത്യന്‍ അതിക്രമങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ രേഖകള്‍ പുറത്തുവിടുന്ന ഇഎഫ്ഐ, ഫിയാക്കോണ തുടങ്ങിയവരിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കെല്ലാം പിന്നിലെ പ്രധാന വ്യക്തി ദയാലായിരുന്നു. ന്യൂദല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍ജിഒ ആയ ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (യുസിഎഫ് എച്ച് ആര് ) നല്കിയ ഒരു ഹെല്പ്പ്ലൈന് നമ്പറാണ് ഇഎഫ്ഐ റിപ്പോര്‍ട്ടുകള്‍ക്ക് സൗകര്യമൊരുക്കിയത്. ഈ ഹെല്പ് ലൈന്‍ നമ്പറിന്റെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ദയാല്‍ . നിലവില്‍ സംഘടനയുടെ ദേശീയ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. 1998 ല്‍ ദല്‍ഹിയിലാണ് യുസിഎഫ് എച്ച്ആര്‍ രൂപീകരിച്ചത്. 1990കളില്‍ ഭാരതത്തില്‍ സംശയാസ്പദമായി പ്രവര്‍ത്തിച്ച വെബ്സൈറ്റായ ‘ദളിതസ്ഥാ’നെ പ്രോത്സാഹിപ്പിച്ച സംഘടനകളിലൊന്നായിരുന്നു യുസിഎഫ് എച്ച്ആര്‍. ഭാരതത്തിലൊരു ദളിത് മാതൃരാജ്യമുള്പ്പെടെ നിരവധി വ്യത്യസ്ത രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് വാദിച്ചുകൊണ്ടിരുന്ന യുഎസ് ആസ്ഥാനമായുള്ള ശക്തികളാണ് ദളിതസ്ഥാന് പ്രൊജക്ട് ആരംഭിച്ചത്. ഇതിന്റെ സ്ഥാപകര്‍ കെര്‍മിറ്റ് നോര്ത്ത്കട്ട്, ഡെബ്ര ഷ്വാര്‍ട്സ്, ജോര്‍ജ്ജ് ഷ്വാര്‍ട്സ്, ഹെലന് എക്ലണ്ട്, ആന്‍ഡി മൂര്‍ എന്നിവരുള്‍പ്പെടെ യുഎസില്‍ നിന്നുള്ള സുവിശേഷകരായിരുന്നു. ദലിത്സ്ഥാന് പദ്ധതിയുടെ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തത് ദളിതസ്ഥാന്റെ സഹസ്ഥാപകരില്‍ ഒരാളായ ഹെലന് എക്ലണ്ട് ആണ്. ഈ വെബ്സൈറ്റ് അംഗീകരിച്ച ഒരേയൊരു ക്രിസ്ത്യന്‍ സംഘടന ജോണ്‍ ദയാലിന്റെ യുസിഎഫ് എച്ച്ആര്‍ ആയിരുന്നു.
പെര്‍സിക്യൂഷന്‍ റിലീഫും ഷിബു തോമസും
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ബിസിനസുകാരനാണ് ഷിബു തോമസ്. പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായാണ് ‘പെര്‍സിക്യൂഷന്‍ റിലീഫി’ന് 2016-ല്‍ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ ഷിബു തോമസ് രൂപം നല്‍കുന്നത്. 2016 മുതല്‍ 2021 വരെ അദ്ദേഹം ഫിയാക്കോണയുമായി ബന്ധപ്പെട്ടിരുന്നു. ‘പെര്‍സിക്യൂഷന്‍ റിലീഫ്’ സ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ഭാരതത്തെക്കുറിച്ചുള്ള സംശയാസ്പദമായ റിപ്പോര്‍ട്ടുകള്‍ യുഎസ്സിഐആര്‍എഫ് ഉള്‍പ്പെടെയുള്ള യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സ്ഥാപനങ്ങളുമായി പങ്കിട്ടതായി സംഘടനയ്ക്കെതിരെ ആരോപണമുണ്ട്. 2020 ല്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ‘ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം’ രാജ്യത്ത് പതിവായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വര്‍ഗീയ നിറം നല്കി ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചു പെര്‍സിക്യൂഷന്‍ റിലീഫിനെതിരെ കേസ് ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന്, ജബല്‍പൂര്‍ ഹൈക്കോടതി മധ്യപ്രദേശ് സര്‍ക്കാരിനും നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിനും (എന്‍സിപിസിആര്‍) നോട്ടീസ് അയച്ചിരുന്നു. ഷിബു ഭാരതത്തിലെ ‘അബണ്ടന്റ് ലൈഫ്’ എന്ന അനാഥാലയത്തിന്റെ പ്രസിഡന്റ് കൂടിയാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളും ഈ സ്ഥാപനത്തിനെതിരെയുണ്ട്.
നാളെ: ജോണ്‍ പ്രഭുഡോസെന്ന അമേരിക്കന്‍ കളിപ്പാവ
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: