എന്താണ് അഹൈതുകീഭക്തിയെന്ന് ശ്രീരാമകൃഷ്ണദേവന് ശിഷ്യര്‍ക്കും ഭക്തര്‍ക്കും വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. കാമനയും വാസനയും ഉള്ളതു സകാമഭക്തി. ഇവയില്ലാത്ത നിഷ്ക്കാമഭക്തിയാണ് അഹൈതുകീഭക്തി. ”പ്രഭോ, എനിക്ക് മുക്തിയും ധനവും മാനവും രോഗശാന്തിയും ഒന്നും വേണ്ട, എനിക്ക് അവിടുത്തെ മാത്രം മതി.” ഇതിന്റെ പേരാണ് അഹൈതുകീഭക്തി. ഒന്നും ആവശ്യമില്ലെങ്കിലും ഈശ്വരനെ സ്നേഹിക്കുക. നാരദനും പ്രഹഌദനും ഒക്കെ ഈശ്വരന്റെ പാദപത്മത്തില്‍ ഈ ശുദ്ധഭക്തി ഉണ്ടാകാന്‍ മാത്രമെ പ്രാര്‍ത്ഥിച്ചിട്ടുള്ളു.
ശ്രീരാമകൃഷ്ണവചനാമൃതം എന്ന അനുപമഗ്രന്ഥത്തില്‍ ശ്രീരാമകൃഷ്ണദേവന്റെ ഭക്തിഭാവം ഉടനീളം കാണാം. ശിഷ്യരോട്, പ്രത്യേകിച്ച് ഗൃഹസ്ഥശിഷ്യരോട്, ശ്രീരാമകൃഷ്ണദേവന് ഈശ്വരനെ പ്രാപിക്കാന്‍ ഭക്തിമാര്‍ഗ്ഗം അവലംബിക്കാനാണ് ഉപദേശിച്ചത്. ജ്ഞാനയോഗത്തിലും കര്‍മ്മയോഗത്തിലും കലിയുഗത്തിന് പറ്റിയത് ഭക്തിയോഗമാണ്. ഭക്തി ഉണ്ടാകാന്‍ ഈശ്വര കൃപ വേണം. അഹങ്കാരമാകുന്ന കുന്നില്‍ ഈശ്വര കൃപയാകുന്ന ജലം തങ്ങി നില്‍ക്കില്ല. അഹംഭാവക്കുന്നിനെ ഭക്തിയുടെ കണ്ണുനീരില്‍ കുതിര്‍ത്ത് സമനിരപ്പാക്കണം. കാമിനീകാഞ്ചനം കൊണ്ട് മലിനമായ മനസ്സിനെ ശ്രീരാമകൃഷ്ണദേവന് മണ്ണുപുരണ്ട സൂചിയോട് ഉപമിക്കുന്നു. സൂചിയിലെ മണ്ണ് കഴുകി വൃത്തിയാക്കിയാലെ കാന്തവുമായി ചേരൂ. അതുപോലെ ചിത്തം പരിശുദ്ധമായാലെ ഈശ്വരനെ പ്രാപിക്കൂ.
മനസ്സിന് ശുദ്ധിവരുത്തുവാന്‍ ഭഗവാന് ആവര്‍ത്തിച്ചു പറഞ്ഞ ഉപായങ്ങളാണ് ഏകാന്തവാസം, സാധന, സാധുസംഗം, നാമസങ്കീര്‍ത്തനം എന്നിവ. സരളമായ ഉപമകളിലൂടെ ശ്രീരാമകൃഷ്ണദേവന് ഇതു വ്യക്തമാക്കുന്നു. നടക്കാവുകളില്‍ വൃക്ഷത്തൈ നടുമ്പോള്‍ ചുറ്റും വേലികെട്ടിയില്ലെങ്കില്‍ ആടുമാടുകള്‍ തിന്നും. തടി വളര്‍ന്നാല്‍ വേലിയുടെ ആവശ്യം ഇല്ല; പിന്നെ ആനയെ തളച്ചാലും ഒടിയില്ല. കുറച്ചുനാള്‍ ഏകാന്തവാസം ചെയ്ത് ഈശ്വരനിലുള്ള ഭക്തി ഉറച്ചാല്‍ സംസാരത്തില്‍ വാണാലും ഭക്തി ദൃഢമായി നില്ക്കും. കൈയില്‍ എണ്ണ പുരട്ടി ചക്ക മുറിച്ചാല്‍ മുളഞ്ഞ് കൈയില്‍ ഒട്ടില്ല. പാല് ഉറയൊഴിച്ച് തൈരാകാന്‍ കുറച്ചധികം നേരം അനക്കാതെ വയ്ക്കണം. തൈരായി കഴിഞ്ഞാല്‍ അത് കടയുമ്പോള്‍ വെണ്ണ കിട്ടുന്നു. ആ വെണ്ണ വെള്ളത്തിലിട്ടാല്‍ കലരാതെ പൊങ്ങിക്കിടക്കുന്നു. നിര്‍ജ്ജനത്തില്‍ വസിച്ച് സാധന ചെയ്ത് മനസ്സില്‍ ഭക്തി ഈ വിധത്തില്‍ ഉറപ്പിക്കണം.
ഈശ്വരന്റെ പാദപത്മത്തില്‍ ഭക്തിപുലര്‍ത്തിക്കൊണ്ട് ലൗകിക ധര്‍മ്മങ്ങള്‍ ചെയ്യുന്ന ഗൃഹസ്ഥന് ധന്യനാണ് എന്നതിന് ശ്രീരാമകൃഷ്ണദേവന് എപ്പോഴും പറയുന്ന ഉദാഹരണമാണ് ജോലിക്കാരി യജമാനന്റെ വീട്ടിലെ ജോലി ചെയ്യുമ്പോഴും അവിടുത്തെ കുട്ടികളെ ലാളിക്കുകയും ചെയ്യുമ്പോഴും മനസ്സ് സദാ സ്വന്തം വീട്ടിലും സ്വന്തംമക്കളിലും ആയിരിക്കുമെന്ന വസ്തുത. സാധന ചെയ്യാതെ ഭക്തി ലഭിക്കില്ല എന്നതിന് ശ്രീരാമകൃഷ്ണദേവന്റെ സരളമായ ഉപമയാണ് പായല്‍ തള്ളിനീക്കാതെ വെള്ളം കാണാനൊക്കില്ല എന്നത്.
ശ്രീരാമകൃഷ്ണദേവന് സ്നേഹവാത്സല്യങ്ങളുടെ നിറകുടം ആയിരുന്നെങ്കിലും തന്റെ അന്തരംഗശിഷ്യര്‍ക്ക് കഠിനസാധനകള്‍ നിഷ്ക്കര്ഷിച്ചിരുന്നു. അവരില്‍ ഓരോരുര്ത്തര്ക്കും ഗൃഹസ്ഥശിഷ്യര്‍ക്കും അനുയോജ്യമായ സാധനാക്രമങ്ങള്‍ ആണ് നല്‍കിയിരുന്നത്. സാധാരണ ഭക്തര്‍ക്ക് ലളിതസാധനയാണ് ഉപദേശിച്ചിരുന്നത്. ഒരിക്കല്‍ തന്നെ കാണാന്‍ വന്ന രണ്ടു ഭക്തന്മാരുടെ ഭാര്യമാര്‍ക്ക് ഭക്തി വളര്‍ത്താന്‍ ഭഗവാന് കൊടുത്ത ഉപദേശം-ഈശ്വരപൂജയ്ക്കായി പൂ പറിക്കുക, ചന്ദനമരയ്ക്കുക, പൂജാപാത്രങ്ങള്‍ തേയ്ക്കുക, നിവേദ്യം തയാറാക്കുക ഈ വകയൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ മനസ്സ് ആ വഴിക്കു തന്നെ പോകും എന്നായിരുന്നു. ബാല്യത്തിലെ സാധുസംഗത്തില്‍ തല്പരനായിരുന്ന ശ്രീരാമകൃഷ്ണന് മഹാത്മാക്കളെ നേരിട്ട് പോയികാണുമായിരുന്നു. ”സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു നമിക്കണം” എന്ന പൂന്താനത്തിന്റെ ഈരടികള്‍ സ്വയം ആചരിച്ച് അദ്ദേഹം ശിഷ്യര്‍ക്ക് മാതൃകയായി. സജ്ജനങ്ങളുടെ ചിത്രം മുറിയില്‍ വെച്ചാല്‍ ഏതു നേരവും ഈശ്വരചിന്ത ഉണര്‍ത്തപ്പെടും എന്നും അദ്ദേഹം പറയുമായിരുന്നു.
മേല്‍പ്പറഞ്ഞ ഉപായങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ ഈശ്വരനില്‍ പ്രേമം ഉണ്ടാകുന്നു. ശ്രീരാമകൃഷ്ണദേവന് ഈശ്വരനോടുള്ള പ്രേമം ആണ് ഭക്തി. ഈശ്വരനിലുള്ള പ്രേമത്തെ രാഗഭക്തി എന്നു പറയുന്നു. ഈശ്വരനെ സ്നേഹിക്കുന്നത് ഒന്നിനും വേണ്ടിയാവരുത്. ഈ പ്രേമഭക്തി ലഭിച്ചാല്‍ ഈശ്വരനെ ബന്ധിക്കാനുള്ള കയറു കിട്ടി എന്നാണ് ശ്രീരാമകൃഷ്ണദേവന് പറയുന്നത്. മനസ്സിനെ ബാഹ്യവസ്തുക്കളില് നിന്നെല്ലാം മടക്കി ഈശ്വരനില്‍ ബന്ധിക്കണം. പുഴ കടലിനോടടുക്കുന്തോറും വേലിയേറ്റവും വേലിയിറക്കവും കൂടിക്കൂടി വരുന്നതുപോലെ ഈശ്വരനിലേക്ക് എത്ര അടുക്കുന്നുവോ അത്രയ്ക്കും അദ്ദേഹത്തിന്റെ ഭാവവും ഭക്തിയും ഉണ്ടാകും. ഭക്തന് എപ്രകാരമാണോ ഭഗവാനെ വേണ്ടത് അതുപോലെ ഭഗവാനും ആയിത്തീരും. ”സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ” എന്ന് ഭഗവാന് ശ്രീകൃഷ്ണന് ഭഗവദ്ഗീതയില്‍ പറഞ്ഞതു തന്നെയാണ് ശ്രീരാമകൃഷ്ണദേവന് ”സര്‍വ്വവും ത്യജിച്ച് ഭഗവാനെ പ്രാപിക്കാന്‍ സാധന ചെയ്യാന്‍” ഉത്തമ ശിഷ്യരോട് അരുളിയത്. ശ്രീരാമകൃഷ്ണന് ഗീതയുടെ സാരം ‘ത്യാഗി’ എന്ന വാക്കില്‍ ഒതുക്കി. ത്യാഗികള്‍ ഹരിരസമേ ആസ്വദിക്കു. ഈശ്വരനല്ലാതെ വേറൊന്നും അവര്‍ക്ക് പ്രിയമല്ല. ഈശ്വര പാദപത്മങ്ങളില്‍ ഭക്തി ഉണ്ടാവാന്‍ സാധന അനുഷ്ഠിച്ച് അത്യന്തം വ്യാകുലതയോടെ കരഞ്ഞു വിളിക്കണം. ഇതെല്ലാം ശ്രീരാമകൃഷ്ണദേവന് ജീവിതത്തില്‍ ആചരിച്ചു കാണിച്ചതാണ്. ”ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ വേദവാക്യങ്ങളാണ്” എന്ന് ശ്രീശാരദാദേവി ശിഷ്യരോട് പറയുമായിരുന്നു. ‘കലിയുഗഗീത’ എന്ന് ശ്രീരാമകൃഷ്ണവചനാമൃതത്തെ വിശേഷിപ്പിക്കുന്നതും അതിനാലാണ്.
കലിയുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണദേവന് പകര്‍ന്ന ഭക്തിലഹരി നമ്മുടെ മനസ്സിനെയും ഉദ്ദീപിപ്പിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: