മഹാകുംഭമേളയും ശബരിമല തീര്‍ഥാടനവും നമുക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി മാറുകയാണ്. സനാതന ധര്‍മ്മത്തെ നെഞ്ചേറ്റുന്ന സര്‍ക്കാരും, സനാതന വിരോധികളായ സര്‍ക്കാരും എപ്രകാരം ഹൈന്ദവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും വില കല്‍പ്പിക്കുന്നുവെന്ന് ഇരു തീര്‍ത്ഥാടനങ്ങളും മനസ്സിലാക്കിത്തരുന്നു.
ലോകം ഉറ്റുനോക്കുന്ന കുംഭമേളയ്ക്കായി ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളാണ് യോഗി ആദിത്യനാഥ് നയിക്കുന്ന ഡബിള്‍ എന്ജിന് സര്‍ക്കാര്‍ ഒരുക്കിയത്. നൂതന സാങ്കതിക വിദ്യകളും, കൃത്യമായ ആസൂത്രണവും കൊണ്ട് കുംഭമേള ലോകശ്രദ്ധ ആര്ജ്ജിക്കുമ്പോള്, സംഘാടനപിഴവു കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കേരളത്തിലെ ഇന്‍ഡി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ശബരിമല തീര്‍ത്ഥാടനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.
40 കോടി തീര്‍ത്ഥാടകരാണ് 45 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. എഐ ക്യാമറകള്‍, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, ഏഴ് ലയര്‍ സുരക്ഷാ സംവിധാനങ്ങള്‍, പുതുതായി നിര്‍മിച്ച 12 കിലോമീറ്റര്‍ ഖാട്ട് എന്നിവയെല്ലാം മേളാ നടത്തിപ്പ് സുഗമമാക്കുന്നു.
7500 കോടി രൂപയാണ് ഈ പരിപാടിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. 5400 കോടി രൂപ സംസ്ഥാനവും 2100 കോടി രൂപ കേന്ദ്രവും വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക മേഖലയ്ക്ക് രണ്ടുലക്ഷം കോടി രൂപയുടെ അധിക വരുമാനവും ഇത് നേടിക്കൊടുക്കുമെന്നു മാത്രമല്ല, രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഒരു ശതമാനം സംഭാവന നല്‍കുകയും ചെയ്യും.
ശബരിമലത്തിന്റെ കാര്യം മറ്റൊന്നാണ്. ഈ സീസണില്‍ മാത്രം 440 കോടി രൂപയോളം ശബരിമലയില്‍ നിന്നും സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ കാലങ്ങളിലും ഭീമമായ വരുമാനം ശബരിമല കേരള സര്‍ക്കാരിന് നേടികൊടുത്തിട്ടുണ്ട്. എന്നിട്ടും വേണ്ട രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സനാതന വിരുദ്ധരായ ഇന്‍ഡി സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. മികവുറ്റ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും അയ്യപ്പന്മാര്ക്കു കിട്ടാക്കനിയാണ്.
40 കോടി തീര്‍ത്ഥാടകരാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും 100 കോടി തീര്‍ത്ഥാടകര്‍ക്കായുളള സജ്ജീകരണങ്ങള്‍ കുംഭമേളയില്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി ഡിജിറ്റല്‍ കുംഭ് 2025 വഴി 2750 ക്രൗഡ് സര്‍വ്വേ ക്യാമറകളും, 24/7 ഐസിസിസി കേന്ദ്രങ്ങളും 10 ഡിജിറ്റല്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
നേരെമറിച്ച് ശബരിമലയില്‍ ഇന്‍ഡി സര്‍ക്കാരിന്റെ പാളിപ്പോയ വെര്‍ച്വല്‍ ക്യു സംവിധാനം ഭക്തരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മൂന്ന് ദിവസത്തോളം കാത്തിരുന്നാണ് പലരും ദര്‍ശനം പൂര്‍ത്തിയാക്കിയത്. ശബരിമലയ്ക്കടുത്തുള്ള പ്രധാന കേന്ദ്രമായ കോട്ടയത്ത് കൊച്ചു മാളികപ്പുറങ്ങളും അയ്യപ്പന്മാരും കെഎസ്ആര്‍ടിസി ബസ്സിനായി 20 മണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥ പോലുമുണ്ടായി. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ദര്‍ശനം 80,000 പേര്‍ക്കായി സര്‍ക്കാര്‍ ചുരുക്കിയതോടെ പല അയ്യപ്പന്മാര്ക്കും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. 2025 ജനുവരി എട്ട് മുതല്‍ 15 വരെ അശാസ്ത്രിയ നിയന്ത്രണം ഏര്‍പ്പെടുത്തി പല അയ്യപ്പന്മാരുടേയും മകരവിളക്ക് ദര്‍ശനം എന്ന സ്വപ്നത്തെ സര്‍ക്കാര്‍ മനഃപൂര്‍വ്വം തല്ലിക്കെടുത്തി.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വളരെ വൈകിയാണ് ഇന്‍ഡി സര്‍ക്കാര്‍ ആരംഭിക്കുന്നത്. നവംബര്‍ 17 ന് തുടങ്ങേണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയത് സപ്തംബര്‍ 29ന് മാത്രമായിരുന്നു. പണി തീരാത്ത കെട്ടിടങ്ങളും ശുചിമുറികളും എല്ലാ തീര്‍ത്ഥാടന കാലത്തെയും പോലെ ഇക്കൊല്ലവും പതിവ് തെറ്റാത്ത കാഴ്ചയായി. നേരെ മറിച്ച് കുംഭ മേളയുടെ തയ്യാറെടുപ്പുകള്‍ യുപി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പേ ആരംഭിച്ചു. ഫെബ്രുവരി 2023 ല്‍ മേളയ്ക്കായി 2022-23 കാലഘട്ടത്തിലെ 621.55 കോടി രൂപയ്ക്ക് പുറമേ 2500 കോടി രൂപ നീക്കി വച്ചു. മേളയുടെ പ്രധാന സ്ഥലമായ 4200 ഏക്കര്‍ ഭൂമിയിലെ ഒരുക്കങ്ങള്‍ 2024 ഒക്ടോബറിലും 13 അഖാരകള്‍ക്കായുള്ള സ്ഥലം നീക്കിവയ്പ്പ് 2024 നവംബറിലും പൂര്‍ത്തിയായി.
കുംഭമേളയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും, ശുചിത്വവും ഗതാഗതവും കൃത്യമാക്കുവാനുമായി 6990 കോടിയാണ് 549 പ്രോജക്ടുകളിലായി യുപി സര്‍ക്കാര്‍ നിക്ഷേപിച്ചത്. അടിസ്ഥാന സൗകര്യത്തില്‍ ഏറ്റവും പ്രധാനഘടകം ഗതാഗതമാണ്. ഇത് ഉറപ്പാക്കാനായി ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 7750 ബസ്സുകളാണ് പ്രയാഗ് രാജിലേക്ക് സര്‍വീസ് നടത്തുന്നത്. യുപി യുമായി അതിര്‍ത്തി പങ്കിടുന്ന ദല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 550 ഷട്ടില്‍ സര്‍വീസ് ബസുകളും ഏര്‍പ്പെടുത്തി. അതേസമയം അയ്യപ്പന്മാരോട് കെഎസ്ആര്‍ടിസി എപ്രകാരമാണ് പെരുമാറുന്നതെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ.
13000 ട്രെയിനുകള്‍ പ്രയാഗ് രാജിലേക്ക് സര്‍വീസ് നടത്തുന്നു. ഇതില്‍ 3134 എണ്ണവും സ്പെഷ്യല്‍ ട്രെയിനുകളാണ്. മേളയോടനുബന്ധിച്ച് 1.6 ലക്ഷം ടെന്റുകളും 1.5 ലക്ഷം ടോയ്ലറ്റുകളും 1280 കിലോമീറ്റര്‍ പൈപ്പ് ലൈനും 6700 എല്‍ഇഡി ലൈറ്റുകളും 2000 സോളാര്‍ ലൈറ്റുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനാവശ്യമായ ബജറ്റ് നീക്കിയിരിപ്പ് കേരള സര്‍ക്കാര്‍ ഒരുകാലത്തും നടത്തിയിട്ടില്ല. 2024 ല്‍ കേവലം 27.6 കോടി രൂപയാണ് ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവെച്ചത്. 1033 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ എങ്ങുമെത്താതെ ഇഴയുകയാണ്.
സനാതന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭാരതീയ സംസ്കാരവും ഹൈന്ദവ വിശ്വാസങ്ങളും എത്രമാത്രമാണ് വിരാജിക്കപ്പെടുന്നത് എന്നത് കുംഭമേളയിലൂടെ കാണാന്‍ സാധിക്കും. നേരെമറിച്ച് നിരീശ്വരവാദികള്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ ആചാരലംഘനവും ഹൈന്ദവ വിശ്വാസത്തിനെതിരായുള്ള ഗൂഢമായ പ്രവര്‍ത്തനങ്ങളുമാണ് നടമാടുന്നത്. ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും കപട മതേതര രാഷ്ട്രീയ കോമരങ്ങളുടെ കൈകളില്‍ ഞെരിഞ്ഞമരുകയാണ് പുണ്യ പൂങ്കാവനവും ഇന്‍ഡി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഹൈന്ദവ ക്ഷേത്രങ്ങളും. ഇതിനെല്ലാം അറുതി വരുത്തേണ്ടത് അത്യാവശ്യമാണ്. മേല്‍ പറഞ്ഞ വ്യത്യാസങ്ങളെല്ലാം ജനങ്ങളുടെ പ്രത്യേകിച്ച് സനാതനധര്‍മ്മ വിശ്വാസികളുടെ കണ്ണുതുറപ്പിക്കുമെന്ന് കരുതാം.
#
പ്രതികരിക്കാൻ ഇവിടെ എഴുതുക: