മാറി മാറി വരുന്ന ഋതുക്കള്‍ക്കനുസരിച്ച് ആരോഗ്യ സംരക്ഷണത്തിന് മലയാളികള്‍ക്ക് ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സഹായകരമായി നിന്നത് അതത് കാലങ്ങളില്‍ അവനവന്റെ തൊടിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍കൊണ്ട് തയ്യാറാക്കിയിരുന്ന നാടന്‍ ഭക്ഷണമാണ്. കൃത്രിമരുചികളോ നിറക്കൂട്ടുകളോ ഒന്നും ചേരാതെ പൂര്‍വ്വികരാല്‍ കൈമാറ്റം ചെയ്ത് കിട്ടിയ പാചകവിദ്യയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ മുന്‍പ് നമ്മള് സന്നദ്ധരായിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ എന്നത് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലം. കായ്കനികളും അരിയാഹാരവും, ചുട്ടെടുത്തു കഴിച്ചിരുന്ന കിഴങ്ങുവര്‍ഗ്ഗവിളകളും പാലും പാലുല്‍പ്പന്നങ്ങളും പുഴമത്സ്യവും, ആവിയില്‍ പുഴുങ്ങിയെടുത്ത ആരോഗ്യകരമായ നാടന്‍പലഹാരങ്ങളുമൊക്കെയായിരുന്നു മലയാളിയുടെ പാരമ്പര്യ ഭക്ഷണം. എന്നാല്‍ പിന്നിടെപ്പോഴോ വേഷത്തിലും കാഴ്ചപ്പാടിലും ജീവിതരീതിയിലുമെല്ലാം ആരെയോക്കെയോ അനുകരിക്കാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമെന്നോണം മാറ്റങ്ങള്‍ വിധേയരായ മലയാളികള്‍ക്ക് അവരുടെ തനതായ ഭക്ഷണസംസ്കാരവും ഇല്ലാതായി.
സമീപകാലത്തായി ഒരുപാട് പ്രോസസ്സ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ വിപണിയില്‍ ലഭ്യമായതോടെ, അത്രയൊന്നും ആരോഗ്യദായകമല്ലാത്ത ആ രുചികള്‍ക്ക് നമ്മള് പ്രത്യേകിച്ചും പുതുതലമുറ അടിമപ്പെട്ടുകഴിഞ്ഞു. ബര്‍ഗറും സാന്‍വിച്ചും പിസയും ഗ്രില്‍ഡ് ചിക്കനും ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമില്ലാതെ നമുക്കിന്ന് ആഘോഷങ്ങളില്ല. അതിഥിസല്‍ക്കാരമില്ല. ശുദ്ധഭക്ഷണം എന്തെന്നുള്ള തിരിച്ചറിവില്ലായ്മ ലഹരിക്കടിമപ്പെടുന്നതുപോലെയുള്ള നാശോന്മുഖമായ ഒരു പ്രവണത തന്നെയാണ്.
അന്നൊക്കെ മഴക്കാല ദിനങ്ങളില്‍ കേരളത്തിലെ ഗ്രാമീണഭവനങ്ങളിലെ അടുക്കളയില്‍ നിന്ന് മൂന്നു നേരവും ഉയര്‍ന്നിരുന്നത് ആവിയില്‍ പുഴുങ്ങുന്ന പുട്ട്, ഇലയട, ഉപ്പുമാങ്ങാക്കറി, മത്തങ്ങ എരിശ്ശേരി, കണ്ണിമാങ്ങ അച്ചാര്‍, കായും ചേനയും ചേര്‍ത്ത മോരുകറി, വാട്ടുകപ്പ പുഴുക്ക്, കര്‍ക്കിടക കഞ്ഞി എന്നിവയുടെയൊക്കെ കൊതിപ്പിക്കുന്ന ഗന്ധമായിരുന്നു. പകരംവയ്ക്കാനില്ലാത്ത നാട്ടുരുചിയുടെ നനവാര്‍ന്ന ഗന്ധങ്ങള്‍. ഓണക്കാലമായാല്‍ പിന്നെ സമൃദ്ധിയുടെ നിറവോടെ സദ്യ ഉണ്ണാനിരിക്കുന്നത് ഇത്തിരി സ്വകാര്യ അഹങ്കാരത്തോടു കൂടിയാണ്. 26 കൂട്ടം വിഭവങ്ങള്‍ ചേരുന്ന ഇല നിറയുന്ന ഈ രുചി ഉത്സവത്തിനൊപ്പം നില്ക്കാന് മറുനാടുകളിലൊന്നും മറ്റൊരു വിഭവമില്ലായെന്ന അഹങ്കാരം ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം എന്ന അര്‍ത്ഥമുള്ള സഗ്ധി എന്ന സംസ്കൃത ശബ്ദത്തില്‍ നിന്ന് വന്ന സദ്യയെന്ന വാക്ക് മലയാളക്കരയുടെ തന്നെ മുഖമുദ്രയാണ്.
മഴമാറി വരുന്ന മഞ്ഞുകാലത്തിനൊടുവിലാകും പഴയകാലങ്ങളില്‍ വീട്ടുവളപ്പുകളില്‍ ധാരാളമായി കണ്ടുവന്നിരുന്ന വൈവിധ്യമാര്‍ന്ന കിഴങ്ങ് വര്‍ഗ്ഗവിളകളുടെ വിളവെടുപ്പ്. അതത് സമയങ്ങളിലുള്ള ഇത്തരം വിളവെടുപ്പുകള്‍ ആചാരങ്ങളുടെ ഭാഗമായി മാറിയെന്നതും സ്വാഭാവികമായിരിക്കാം. വിവിധ കിഴങ്ങുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന തിരുവാതിര പുഴുക്ക് ഇതിനുദാഹരണമാണ്.
വിളഞ്ഞ നെല്‍പ്പാടങ്ങളുടെയും, മകരക്കൊയ്ത്ത്തിനുശേഷം വയലുകളില്‍ കൃഷി ചെയ്യുന്ന വിവിധ യിനം പച്ചക്കറികളുടെയും അടി മുതല്‍ മുടി വരെ മതിവരുവോളം കായ്ഫലം നിറഞ്ഞ പ്ലാവുകളുടെയും, പൂത്തുനില്ക്കുന്ന നാട്ടുമുരിങ്ങയുടെയും കായ്കനികളാല്‍ തോരണം ചാര്‍ത്തിയ നാട്ടുമാവുകളുടെയും നിറകാഴ്ചയായിരുന്ന വേനല്‍ക്കാലം ചുട്ടുപൊള്ളുന്ന അന്നത്തെ ദിനങ്ങള്‍ക്കുമുണ്ടായിരുന്നു.
കൊതിയൂറുന്ന നാട്ടുഗന്ധങ്ങള്‍
ചക്കക്കുരുവും മാങ്ങയും ഉണക്ക ചെമ്മീനും ചേര്‍ന്ന കറി തിളക്കുന്നതിന്റെ ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ചക്ക ഉപ്പേരിയുടെ തേങ്ങയും കുരുമുളകും കറിവേപ്പിലയും പച്ചമുളകുമെല്ലാം അരച്ചെടുത്ത് തയ്യാറാക്കുന്ന ചക്കപ്പുഴുക്കിന്റെ അരിയും ശര്‍ക്കരയും തേങ്ങയും നാടന്‍ പശുവിന്റെ നെയ്യും ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തിന്റെ, മാമ്പഴപുളിശ്ശേരിയുടെ, ഇടിച്ചക്കതോരന്റെ പുതുതലമുറയ്ക്ക് തീര്‍ത്തും അറിയാത്ത മുരിങ്ങാപ്പൂ തോരന്റെ അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാട്ടുരുചിയുടെ പകരം വയ്ക്കാനില്ലാത്ത ഊഷ്മളഗന്ധങ്ങള്‍. പഴുത്ത വരിക്കച്ചക്കയുടെയും താനേ ഞെട്ടറ്റു വീഴുന്ന നാട്ടുമാമ്പഴത്തിന്റെയും, ഉപ്പു കൂട്ടി ഉണക്കാന്‍ വയ്ക്കുന്ന വാളന്‍പുളിയുടെയും ആട്ടിയെടുത്ത എള്ളെണ്ണയുടെയും വെളിച്ചെണ്ണയുടെയുമൊക്കെ വേനല്‍ഗന്ധങ്ങളെ എങ്ങനെയാണ് മറക്കാന്‍ കഴിയുക. വേനല്‍ക്കാലങ്ങളില്‍ ദാഹമകറ്റുന്നതിനും ശരീരക്കുളിര്‍മക്കുമായി അന്നുള്ളവര് ഉപയോഗിച്ചത് സംഭാരവും പച്ചമാങ്ങയും ഉള്ളിയും ചതച്ചിട്ട പാനീയവും നാടന്‍ കരിക്കുമൊക്കെയായിരുന്നു. ശരീരത്തിനും മനസ്സിനും അറിഞ്ഞോ അറിയാതെയോ ഉണര്‍വ് പ്രദാനം ചെയ്ത നാട്ടുരുചികളുടെ നന്മനിറഞ്ഞ ഒരു കാലത്തെ തിരിച്ചറിവില്ലാതെ പാടെ മറന്നവരാണ് നമ്മള് എന്നു പറയുക യാവും കൂടുതല്‍ ഉചിതം.
ആരോഗ്യമെന്നത് അടിസ്ഥാനപരമായി നിലനില്‍ക്കുന്നത് ആഹാരം എന്ന മൂന്ന് അക്ഷരം ചേര്‍ന്ന വാക്കിലാണ്. ഭക്ഷണമാണ് മരുന്ന് എന്നതില്‍ നിന്നും ഭക്ഷണത്തിനൊപ്പം മരുന്നും എന്നൊരു തലത്തിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് നമ്മുടേതായിരുന്ന തനത് രുചിക്കൂട്ടുകളെ ചിലരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയത്.
കേരളീയവിഭവങ്ങളുടെ സ്വാദറിഞ്ഞ വിദേശികള്‍ അതിനായി മലയാളക്കരയില്‍ എത്തുമ്പോള്‍ നമ്മള് വിദേശവിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നത് വിരോധാഭാസമാണ്. എന്തു തന്നെയായാലും അത മാത്രം ആരോഗ്യപ്രദമായിരുന്ന ഒരുഭക്ഷണ സംസ്കാരത്തെ പാടേ മറക്കുന്നത് നല്ലപ്രവണതയല്ല. എന്തെങ്കിലും വിളകള്‍ എപ്പോഴുമുള്ള പഴയകാല തൊടികള്‍ ഇനിയെങ്ങനെ സാധ്യമാവും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കുടുംബകൃഷി നമ്മുടേതായിരുന്ന നാട്ടുഫലവൃക്ഷങ്ങളേയും കാലാവസ്ഥക്ക് അനു യോജ്യമായ മറ്റു ഭക്ഷ്യവിളകളെയും കഴിയുന്നത് നട്ടുവളര്‍ത്തി അതുപയോഗിച്ച് കേരളത്തനിമയുള്ള ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനാണ് ഇനിയുള്ള കാലം ശ്രമിക്കേണ്ടത്. നാട്ടുനന്മകള് മറന്നുകൊണ്ടുള്ള മാറ്റം ജീര്‍ണ്ണതയുടെ തുടക്കമാണ് എന്ന യാഥാര്‍ത്ഥ്യം ഇവിടെയും പ്രസക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: