ലോകമെങ്ങും 1988 മുതല്‍ ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നു.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ആണ് എയ്ഡ്സ് എന്ന രോഗത്തിന് കാരണം. എച്ച്ഐവിയും എയ്ഡ്സും യഥാര്‍ഥത്തില്‍ ഒന്നല്ല. എച്ച്ഐവി വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു സങ്കീര്‍ണ രോഗാവസ്ഥയാണ് അക്വയേര്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി ഡിന്‍ഡ്രോം (AIDS) അഥവാ എയിഡ്സ്. എച്ച്ഐവി ബാധയുടെ ഫലമായി രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു, അത് മരണകാരണമായി മാറുന്നു.
പ്രധാനമായും എച്ച്ഐവി പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി, രോഗബാധിതരില്‍ നിന്നും രക്തം സ്വീകരിക്കുന്നത് വഴി, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം വഴി, അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് ശരീരസ്രവം വഴി എന്നിങ്ങനെയാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും, സമയോചിതമായ രോഗനിര്‍ണയവും, കോമ്പിനേഷന്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി (അഞഠ) ചികിത്സയും എച്ച്ഐവി വൈറസ് ബാധയെ മരണകാരണമായ മാരക രോഗം എന്ന വെല്ലുവിളിയില്‍ നിന്ന് നിയന്ത്രിക്കാവുന്ന ഒരു രോഗാവസ്ഥയാക്കി മാറ്റി. കോമ്പിനേഷന്‍ ആന്റി റെട്രോവൈറല്‍ തെറാപ്പിയുടെ വിജയകരമായ വ്യാപക ഉപയോഗത്തിന് 1996ല്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്കി. കൃത്യമായ ആന്റി റെട്രോവൈറല്‍ തെറാപ്പി വഴി എച്ഐവി ബാധിതരിലെ ജീവിതദൈര്‍ഘ്യവും ജീവിതനിലവാരവും ഉയര്‍ത്താന്‍ സാധിച്ചു.
ആന്റി റിട്രോവൈറല്‍ ചികിത്സ സ്വീകരിക്കുന്ന എച്ച്ഐവി ബാധിതര്‍ക്ക് ചികിത്സ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതദൈര്‍ഘ്യം ഉള്ളതിനാല്‍ തന്നെ അവര്‍ക്ക് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി മറ്റ് തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നത് അവര്‍ നേരിടുന്ന അടുത്ത വെല്ലുവിളിയായി കണക്കാക്കാം.
ലോകത്ത് ഏകദേശം 39 മില്യണ്‍ (ദശലക്ഷം) ആളുകള്‍ എച്ഐവി ബാധിതരാണ്. ഇതില്‍ 24 ദശലക്ഷം പേര്‍ക്ക് കോമ്പിനേഷന്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി വിജയകരമായി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രതിവര്‍ഷം 2 ദശലക്ഷം പുതിയ അണുബാധകള്‍ ഉണ്ടാകുന്നു.
നേരത്തേയുള്ള രോഗനിര്‍ണയവും, കൃത്യമായ ആന്റി റിട്രോവൈറല്‍ ചികിത്സയും ആളുകള്‍ സ്വീകരിക്കുന്നതിനാല്‍ രോഗപ്രതിരോധ വ്യവസ്ഥയുടെ പരാജയത്തിലേക്കോ, അല്ലെങ്കില്‍ എയ്ഡ്സ് സങ്കീര്‍ണതകളിലേക്കോ എച്ച്ഐവി ബാധ പരിണമിക്കുന്നില്ല. എന്നാല്‍ എച്ച്ഐവി ബാധിതരില്‍ വിട്ടുമാറാത്ത വിവിധ രോഗങ്ങള്‍ നേരത്തെ ആരംഭിക്കുന്നത് ഹൃദ്രോഗങ്ങളിലേക്കുള്ള അപകടസാധ്യതകളായി നിലനില്ക്കുന്നു. ചികിത്സിക്കാത്ത എച്ച്ഐവി അണുബാധ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു, എന്നാല്‍ രോഗനിര്‍ണയത്തിന് ശേഷം ഉടന്‍ ചികിത്സ ആരംഭിക്കുന്നത് ഈ അപകടസാധ്യതകള്‍ ഗണ്യമായി കുറയ്ക്കും.
എച്ച്ഐവി ബാധിതരില്‍ ഹൃദ്രോഗ-സ്ട്രോക്ക് സാധ്യത വൈറസ് ബാധയില്ലാത്തവരെക്കാള് 2 മടങ്ങ് കൂടുതലാണ്. ലോകത്ത് പ്രതിവര്‍ഷം 2.6 മില്യണ്‍ (ദശലക്ഷം) പേര് എച്ച്ഐവിയുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളാല്‍ മരണപ്പെടുന്നു. എച്ച്ഐവി ബാധിതരില്‍ നടത്തുന്ന ആന്റി റിട്രോവൈറല്‍ തെറാപ്പി ഹൃദ്രോഗസാധ്യതയുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ ആദ്യകാലത്ത് കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്കിടെ ആന്റി റിട്രോവൈറല്‍ തെറാപ്പി നടത്തിയവരെ അപേക്ഷിച്ച് തുടര്‍ച്ചയായും കൃത്യമായും ആന്റി റിട്രോവൈറല്‍ തെറാപ്പി സ്വീകരിച്ച ആളുകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് വന്ന പഠനങ്ങള്‍ ആ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു.
എച്ഐവി വൈറസ് നന്നായി നിയന്ത്രിക്കപ്പെടുമ്പോള്‍ പോലും എച്ച്ഐവി ബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത കോശജ്വലനം (ഇന്ഫ്ളമേഷന്), രോഗപ്രതിരോധ സംവിധാനത്തിന്റെ അസാധാരണമായ ഉത്തേജനം എന്നിവയുമായി ഈ ഉയര്‍ന്ന ഹൃദ്രോഗ സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. ഏത് അണുബാധയോടും നമ്മുടെ രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുന്നു. എച്ച്ഐവി നിയന്ത്രിക്കുന്നതിനായി രോഗപ്രതിരോധ സംവിധാനം സജീവമാകുകയും ആ സജീവമാക്കല്‍ പ്രക്രിയയില്‍ അത് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഉപാപചയ സങ്കീര്‍ണതകളായ ഉയര്‍ന്ന കൊളസ്ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ശരീരഘടനയിലെ മാറ്റങ്ങള്‍ എന്നിവയുമായി എച്ച്ഐവി അണുബാധ ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും. എച്ച്ഐവി അണുബാധയുടെ മുഖമുദ്രയായ വിട്ടുമാറാത്ത കോശജ്വലനം ഈ രോഗാവസ്ഥകളുടെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിട്ടുമാറാത്ത കോശജ്വലനം രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിലേക്കും, അതുവഴി ഹദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത കോശജ്വലനം കുറയ്ക്കുന്നതിനും ഹൃദയ-ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവ് വ്യായാമം ഉള്‍പ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഉയര്‍ന്ന കൊളസ്ട്രോള്‍, രക്താതിസമ്മര്‍ദ്ദം, കൊറോണറി ധമനീ രോഗങ്ങള്‍, ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), സ്ട്രോക്ക് (പക്ഷാഘാതം), ഹൃദയപരാജയം (ഹാര്‍ട്ട് ഫെയില്യര്‍), പള്‍മണറി ഹൈപ്പര്ടെന്ഷന്, ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന എച്ച്ഐവി അനുബന്ധ കാര്‍ഡിയോമയോപ്പതി-മയോകാര്‍ഡൈറ്റിസ് രോഗങ്ങള്‍, ഹൃദയമിടിപ്പിനെ ബാധിക്കുന്ന അറിത്മിയ രോഗങ്ങള്‍ എന്നിവ എച്ച്ഐവി ബാധിതരില്‍ കണ്ടുവരുന്നു.
കൊറോണറി ഹൃദ്രോഗത്തിന്റെ അധിക അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍, എച്ച്ഐവി ബാധിതരില്‍ ഹാര്‍ട്ട് ഫെയില്യര്‍ സാധ്യത രോഗമില്ലാത്തവരെ അപേക്ഷിച്ചു 1.5 മുതല്‍ 2 മടങ്ങ് വരെ കൂടുതലാണ്. ഈ ഹാര്‍ട്ട് ഫെയില്യര്‍ സാധ്യതകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത സാധാരണ രീതിയില്‍ ഉള്ളവരിലും, ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞവരിലും കണ്ടുവരുന്നു. എച്ച്ഐവി ബാധിതരില്‍ രോഗമില്ലാത്തവരെ അപേക്ഷിച്ചു ഹൃദയമിടിപ്പ് രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്, അതില്‍ ക്രമാതീതമായി ഹൃദയമിടിപ്പ് ഉയരുന്ന ഏട്രിയല്‍ ഫിബ്രിലേഷന്‍ രോഗം സാധാരണയായി കണ്ടുവരുന്നു. അനിവാര്യമായ ഒരു ജൈവ പ്രക്രിയയാണ് വാര്‍ദ്ധക്യം. നേരത്തെയുള്ള ആര്‍ത്തവവിരാമം എച്ച്ഐവി ബാധിതരായ പ്രായമായ സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയധമനിരോഗങ്ങള് വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ എച്ച്ഐവി ബാധിതരായ സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യതയും കൂടുതലാണ്. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു.
നിലവില്‍ ചികിത്സയും ഗവേഷണങ്ങളും എച്ച്ഐവിയുമായി ബന്ധപ്പെട്ട ഹൃദ്രോഗസാധ്യത കുറയ്ക്കന്നതിലും, അതിജീവനം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതേ, ഹൃദ്രോഗം ആശങ്കകള്‍ക്ക് മുകളിലാണ്.
(മലപ്പുറം കാവനൂര്‍ ഡോ. അജയ് രാഘവന്‍സ് ക്ലിനിക്കിലെ കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: