ശബരിമല: പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട് വിവാദം ചര്‍ച്ചയാകുമ്പോള്‍ വെളിവാകുന്നത് വന്‍ സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് പോലീസുകാര്‍ ആചാരലംഘനം നടത്തി ഫോട്ടോയെടുക്കുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല എന്നത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഡിവൈഎസ്പിമാരും സിഐമാരുമടക്കം പോലീസ് സംഘത്തിനാണ് മേലെ തിരുമുറ്റത്തെ സുരക്ഷാ ചുമതല.
നട അടച്ചിരുന്ന സമയത്താണ് ഫോട്ടോ ഷൂട്ട് നടന്നത്. ആ സമയം ഉന്നത ഉദ്യോഗസ്ഥരാരും അവിടെ ഉണ്ടായിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. അല്ലങ്കില്‍ അവരുടെ അനുമതിയോടെയാണ് ഫോട്ടോയെടുപ്പ് നടന്നതെന്ന് സമ്മതിക്കേണ്ടി വരും. സന്നിധാനമാകെയും പ്രത്യേകിച്ച് പതിനെട്ടാം പടിയും പരിസരവും ക്യാമറാ നിരീക്ഷണത്തിലുമാണ്. കണ്ട്രോള് റൂമില്‍ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെന്നിരിക്കെ പതിനെട്ടാം പടിയില്‍ നടന്ന സംഭവങ്ങള്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് ഏറെ ഗൗരവതരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേ സമയം മറ്റെന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമമുണ്ടായാലും പോലീസ് ഉന്നതരുടെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയില്ലന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന് ഫോട്ടോയെടുത്ത പോലീസുകാരുടെ പേരില്‍ മാത്രം നടപടിയെടുത്ത് സംഭവം അവസാനിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. മണ്ഡല-മകരവിളക്ക് കാലയളവില്‍ പതിനെട്ടാംപടി ഡ്യൂട്ടിക്കും കൊടിമര ചുവട്ടിലും നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാറുണ്ട്. പരിശീലനവേളയിലോ ഡ്യൂട്ടിയുടെ ആരംഭ ഘട്ടത്തിലോ ഇവര്‍ക്ക് പതിനെട്ടാം പടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെ കുറിച്ചുമുള്ള അവബോധം നല്‍കണമെന്നും അഭിപ്രായം ഉയരുന്നു. ആദ്യമായി ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരില്‍ പലര്‍ക്കും ശബരിമല സന്നിധാനത്തെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: