ധര്മാനുഷ്ഠാനത്താല് ജ്വലിതമായ അഗ്നിയില്‍ സ്വാര്ത്ഥകാമനകളെ ഹോമിച്ച് പൂര്‍ണ്ണശുദ്ധി പ്രാപിക്കയാല്‍ ഒടുവിലത്തെ പൂര്ണ്ണാഹുതിയാകുന്ന മഹാപ്രസ്ഥാനത്തില്‍ ജീവന്മുക്തനാകാന്‍ (മരണത്തിനു മുമ്പേ മുക്തനാകാന്‍) സാധിച്ച ഒരേ ഒരു പാണ്ഡുപുത്രന് ധര്മപുത്രരാണെന്നതും ഈ പുനര്‍വായന എടുത്തുകാട്ടുന്നു. വിരക്തിപൂണ്ട യുധിഷ്ഠിരനും സഹോദരന്മാരും രാജ്യാവകാശം പരീക്ഷിത്തിനു നല്‍കിയശേഷം ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനം എന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടരവെ ദ്രൗപദിയും നകുലസഹദേവന്മാരും അര്‍ജ്ജുനനും ഭീമനും ഓരോരുത്തരായി വഴിയില്‍ വീണു മരിക്കുന്നു. യുധിഷ്ഠിരന് മാത്രം മരണമടയുന്നില്ല. പകരം ഇന്ദ്രന് നേരിട്ടുവന്ന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യുന്നു.
മരിച്ചുവീണ പത്നിയെയും സോദരന്മാരെയും തിരിഞ്ഞു നോക്കാതെ തികച്ചും നിസ്സംഗനായി ലക്ഷ്യത്തിലേക്ക് മുന്നേറിയ ധര്‍മപുത്രര്‍ മാത്രമാണ് ജീവന് നിലനില്‍ക്കവെതന്നെ അമരത്വം നേടാന്‍ യോഗ്യനായത്. സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ക്കു പോലും ദുര്‍ല്ലഭമായ അവസ്ഥയാണിതെന്ന ഈ പുനര്‍വായനയുടെ നിരീക്ഷണം ഉചിതം തന്നെ. ധര്‍മപുത്രരെ ഇന്ദ്രന് സ്വര്‍ഗ്ഗത്തേക്ക് ക്ഷണിച്ച വേളയില്‍ ആകാശവും ഭൂമിയുമെല്ലാം ദിവ്യതേജസ്സിനാല്‍ വിളങ്ങിയെന്നും, യുധിഷ്ഠിരനെപ്പോലെ പൂര്‍ണ്ണമായി ധര്‍മ്മിഷ്ഠനും മഹാജ്ഞാനിയുമായ ആരും സ്വര്‍ഗ്ഗത്തില്‍പ്പോലുമില്ലെന്ന് നാരദന് ഉദ്ഘോഷിച്ചെന്നുമാണ് വ്യാസന് രേഖപ്പെടുത്തുന്നത്.
മാനുഷിക സ്വത്വത്തിന്റെ അഭിമാന ബോധം തീര്‍ത്തും വെടിയുമ്പോഴാണ് ജീവാത്മാവിന് യഥാര്‍ത്ഥ ആത്മീയ സ്വത്വം സാക്ഷാത്കരിക്കാനാവുന്നതെന്ന പരമ സത്യമാണ് മഹാ പ്രസ്ഥാനം വ്യക്തമാക്കുന്നത്. ധര്‍മപുത്രര്‍ ഒഴികെയുള്ളവര്‍ക്ക് അവരവരില്‍ അവശേഷിച്ച അഭിമാനബോധം ശരീരത്തോടൊപ്പം മാത്രമാണ് ഉപേക്ഷിക്കാന്‍ സാധിച്ചത്. ഇപ്രകാരം ദ്രൗപദിക്ക് അര്‍ജ്ജുനന്റെ നേര്‍ക്കുണ്ടായിരുന്ന പക്ഷപാതവും, ഭീമന് ഭക്ഷണത്തോടുള്ള പ്രിയവും, അര്ജ്ജുനന് അസ്ത്രവിദ്യയിലുള്ള അഭിമാനവും, സഹദേവന് പ്രാജ്ഞനെന്ന വിചാരവും, നകുലന് സുന്ദരനാണെന്ന ഭാവവും തങ്ങളുടെ ഉടലിനൊപ്പം മാത്രമാണ് ഉപേക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ മാനുഷിക സ്വത്വത്തിന്റെ അടിസ്ഥാനശിലയാകുന്ന അഹംബോധം പോലുമില്ലാതിരുന്ന ധര്മപുത്രര്ക്ക് അതുപേക്ഷിക്കേണ്ട പ്രശ്നമുദിച്ചില്ല. അതിനാല്‍ ഉടലുപേക്ഷിക്കുന്നതിനു മുമ്പുതന്നെ അമരത്വം പ്രാപ്തമായി.
മഹാപ്രസ്ഥാനത്തിലെ ഉജ്വല മാതൃക
മഹാപ്രസ്ഥാനമനുഷ്ഠിക്കുന്ന സമയത്ത്, തന്നെ ആശ്രയിച്ച ഒരു ശ്വാനനു വേണ്ടി സ്വര്‍ഗം പോലും ത്യജിക്കാന്‍ ഒരുമ്പെട്ട ധര്‍മപുത്രര്‍ മനുഷ്യരാശിക്ക് സര്‍വ്വകാലത്തും ഉത്തമ മാതൃകയാകുന്നു. ധര്മദേവന് ഒരുക്കിയ ഈ പരീക്ഷയില്‍ തന്റെ പുത്രന് വിജയിച്ചതുകൊണ്ടും തൃപ്തനാകാതെ ധര്‍മപുത്രരെ വീണ്ടും പരീക്ഷിച്ചുവല്ലോ. ദ്രൗപദിയും സഹോദരന്മാരും നരകത്തില്‍ വസിക്കുന്ന ദയനീയാവസ്ഥയുടെ മായക്കാഴ്ച ധര്‍മപുത്രരെ കാട്ടിക്കൊടുക്കുന്നു. അപ്പോള്‍ താനും അവരോടൊപ്പം നരകത്തില്‍ വസിച്ചുകൊള്ളാമെന്ന് പറയുന്ന ഈ മാഹാത്മാവ് തന്നെയാണ് മനുഷ്യര്‍ക്ക് അനുകരിക്കാവുന്ന മാതൃകാപുരുഷനെന്ന് സമര്‍ത്ഥിക്കുന്നതാണ് ഈ പുനര്‍വായന.
ഇപ്രകാരം ക്ഷമ, സത്യം, അഹിംസ, ത്യാഗം എന്നീ ഉല്കൃഷ്ടമൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുകയും, ധര്‍മത്തെ തേരിലേറ്റി യുദ്ധം ചെയ്തു വിജയിക്കുകയും, ഒടുവില്‍ പരമപുരുഷാര്‍ത്ഥം പ്രാപ്തമാക്കുകയും ചെയ്ത ചക്രവര്‍ത്തി യുധിഷ്ഠിരന്, ‘ധര്മ്മപുത്രന്’ എന്ന പേരിന് തികച്ചും അര്‍ഹനായ മഹാത്മാവ് തന്നെയാണ് മഹാഭാരതത്തിലെ യഥാര്‍ത്ഥ നായകന്. ഇതാണ് വ്യാസന്റെ മഹാഭാരതം സ്പഷ്ടമാക്കുന്നതെന്ന വായനയാണ് വിശ്വംഭരന് മുന്നോട്ടു വയ്ക്കുന്നത്.
ശ്രീകൃഷ്ണന് പ്രപഞ്ച നായകന്
ശ്രീകൃഷ്ണന്റേത് മനുഷ്യജന്മമല്ലാത്തതിനാല് സ്വന്തമായി ജീവിതമില്ല. മനുഷ്യ ജീവിതമില്ലാത്തതിനാല്‍ ശ്രീകൃഷ്ണന് മഹാഭാരതത്തിലെ കഥാപാത്രമാകുന്നില്ല. അതിനാല്‍ ശ്രീകൃഷ്ണനല്ല കഥയിലെ നായകന്, ധര്മപുത്രരാണെന്നാണ് പ്രൊഫ. വിശ്വംഭരന്റെ നിഗമനം. സര്‍വ്വരിലും കുടികൊള്ളുന്ന പരമാത്മാവാകുന്നു ശ്രീകൃഷ്ണന്. അനശ്വരമായിട്ടുള്ള ഈ ആത്മതത്ത്വത്തിന് ജീവിതമോ മരണമോ ഇല്ല. ഇനി അഥവാ ജീവിതമുണ്ടെങ്കില്ത്തന്നെ സമഷ്ടിയാണ് ആനുഭവിക ലോകം. അന്തരാത്മായ കൃഷ്ണനെ മാര്ഗ്ഗദര്ശിയാക്കി ജീവിതം നയിച്ചതുകാരണം പാണ്ഡുപുത്രന്മാര്ക്ക് സാമൂഹിക നന്മ ഉറപ്പാക്കാനും, ഉത്തമ പുരുഷാര്‍ത്ഥം നേടാനും സാധിച്ചു. കുബുദ്ധിയാല്‍ നയിക്കപ്പെട്ടതു കാരണം ദുര്യോധനന് ശ്രീകൃഷ്ണനെ സ്വീകരിക്കാനായില്ല. സര്‍വ്വജീവികളിലും കുടികൊള്ളുന്നതുകാരണം കൃഷ്ണന് വേണമെങ്കില്‍ ദുര്യോധനനെ നന്മയുടെ പാതയിലേക്ക് സ്വാധീനിക്കാമായിരുന്നുവെന്ന അറിവുണ്ടായിരുന്നതിനാലാണ് ഗാന്ധാരിക്ക് കോപമടക്കാന്‍ സാധിക്കാതെ വന്നതും, കൃഷ്ണനെയും യാദവ കുലത്തെയും ശപിച്ചതും. അന്തരാത്മാവായ കൃഷ്ണന് എന്തുകൊണ്ട് ദുര്യോധനനെ നേര്‍വഴിക്ക് പ്രചോദിപ്പിച്ചില്ലയെന്നത് ഏവര്‍ക്കും തോന്നാവുന്ന സംശയമാണ്. ദുഷ്ടന്മാരുടെ ഉള്ളിലും ഭഗവാന് തന്നെയല്ലേ വസിക്കുന്നത്? എന്നാല്‍ ഈശ്വരന് സൃഷ്ടിവികാസത്തിന്റെ സ്വാഭാവിക ഗതിയില്‍ അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമേ ഇടപെടാറുള്ളുവെന്നതാണ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നത്. ഈശ്വരന് അവതാരം കൈക്കൊള്ളുന്നത് ഇപ്രകാരമുള്ള സന്ദര്‍ഭമാണ്. പക്ഷേ ഓരോ വ്യക്തിക്കും കര്മ്മാനുസരണമായി പ്രത്യേക സംസ്കാരം വന്നുചേരുന്നത് സൃഷ്ടിയുടെ നിയമമാണ്. അതിലിടപെട്ട് സൃഷ്ടി വ്യവസ്ഥയെ ലംഘിക്കുന്നത് ഭഗവാന് കഴിയുന്നത്ര ഒഴിവാക്കുന്നു. ജീവികള്‍ സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ടു നെയ്തുകൂട്ടിയ പൂര്വ്വജന്മ സംസ്കാരത്തിന്റെ കൂമ്പാരം അന്തരാത്മാവിനെ മറയ്ക്കുന്നതു കാരണം അത് ബന്ധനസ്ഥന്റെ അവസ്ഥയിലാകുന്നു. ശാന്തിദൂതുമായി ഹസ്തിനപുരം കൊട്ടാരത്തിലെത്തിയ കൃഷ്ണനെ ബന്ധിക്കാന്‍ ദുര്യോധനന് തുനിഞ്ഞത് ഇതിന്റെ പ്രതീകാത്മക പ്രതിപാദനമാണ്. ഭഗവാനില്‍ ശരണാഗതി അടയുന്ന ജീവാത്മാക്കളുടെ സ്ഥിതി മറിച്ചാണ്. അവരുടെ അന്തരാത്മാവ് ഉണര്‍ന്നു കഴിഞ്ഞതിനാല്‍ ഉള്ളിലെ ഇരുട്ടും നീങ്ങുന്നതാണ്. ഭഗവാന്റെ ഉപദേശമാകുന്ന ജ്ഞാനാഗ്നിയില്ത്തന്നെ അവരുടെ പൂര്വ്വകര്മ്മബന്ധനം കത്തി നശിക്കുകയും അവര്‍ അന്തരാത്മാവിനാല്‍ നയിക്കപ്പെടുന്നവരുമാകുന്നു.
പാണ്ഡവരുടെ നേതാവായി നിലകൊണ്ട ഭഗവാന് തന്നെയല്ലേ, മദ്യത്തിന്റെ ഉന്മാദത്തില് പരസ്പരം കലഹിച്ച് സര്‍വ്വനാശം വരിക്കാനിടയായ സ്വന്തം കുലത്തെ രക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്താതിരുന്നത്? സൃഷ്ടി സ്ഥിതിയുടെ രഹസ്യമറിയുന്ന കൃഷ്ണന് മാനവകുലത്തിന്റെ ധര്മ്മസംസ്ഥാപനാര്ത്ഥമാണ് പ്രവര്‍ത്തിച്ചത്. അതില്‍ വ്യക്തിഗത ധര്‍മ്മങ്ങളും സ്വന്തം കുലപരിരക്ഷണവും മറ്റും അപ്രധാനമായി മാറുകയായിരുന്നു. വ്യക്തിഗത ധര്മ്മമനുഷ്ഠിച്ചിരുന്ന ഭീഷ്മര്‍ക്ക് അധര്‍മ്മികളുടെ സംരക്ഷകനാകുന്നതിലൂടെ സ്വാഭാവികമായി ധര്‍മ്മപക്ഷം വെടിയേണ്ടി വന്നതും, പരാജയം സ്വീകരിക്കേണ്ടി വന്നതും ഇവിടെ പ്രസക്തമാണ്.
സൃഷ്ടിയുടെ അകവും പുറവും ഏകാത്മാവിനാല്‍ നിറഞ്ഞിരിക്കുന്നുവെന്നതാണല്ലോ വൈദിക ജ്ഞാനത്തിന്റെ അകംപൊരുള്‍. സൃഷ്ടി വൈവിധ്യത്തില്‍ വര്‍ത്തിക്കുന്ന ഈ ഏകതത്ത്വത്തെയാണ് മഹാഭാരത കഥാതന്തുക്കളിലൂടെയും പ്രൊഫ.വിശ്വംഭരന് കാണാന്‍ സാധിച്ചത്. അതിനാല്‍ ഈ ഏകത്വ ദര്‍ശനം തന്നെയാണ് പുനര്‍വായനയെ നയിച്ചതും. സൃഷ്ടിക്കകത്തും എന്നാല്‍ സൃഷ്ടിക്കതീതമായും നില്ക്കുന്ന ഈ ഏകതത്ത്വം തന്നെയാണ് ശ്രീകൃഷ്ണപരമാത്മാവ് എന്നും വിശ്വംഭരന് സമര്‍ത്ഥിക്കുന്നു. അത് ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: ‘മഹാഭാരതത്തില്‍ കാര്‍മേഘത്തിലെ ഇന്ദ്രധനുസ്സു പോലെയാണ് കൃഷ്ണന്. മഴവില്ല് കാര്മേഘത്തിന്റേതല്ലാത്തതുപോലെ കൃഷ്ണനും മഹാഭാരതത്തിന്റേതല്ല. പക്ഷേ, അനുഭവത്തിന്റെ പ്രാഥമിക തലത്തില്‍ മഴവില്ല് കാര്മേഘത്തിന്റേതാണ്. അതുപോലെ കൃഷ്ണന് മഹാഭാരതത്തിന്റേതാണ്’.
പാശ്ചാത്യ രാജ്യങ്ങളിലെ സര്‍ഗ്ഗസാഹിത്യത്തില്‍ ഇപ്രകാരമൊരു മഹാപുരുഷന് അവതരിച്ചുയരാത്തത് എന്തുകൊണ്ടാണെന്ന പ്രസക്തമായ ചോദ്യവും ഇവിടെ വ്യാഖ്യാതാവ് ഉയര്‍ത്തുന്നുണ്ട്. നവീന ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ അടിസ്ഥാനമാക്കി ആദിശക്തിയുടെ പ്രതിബിംബങ്ങള്‍ അവര്‍ക്കും നിര്‍മ്മിക്കാവുന്നതാണ്. പക്ഷേ അവര്‍ക്ക് അതിനുതകുന്ന മാര്‍ഗ്ഗവും ലക്ഷ്യവും കാട്ടിക്കൊടുക്കാന്‍ വേദങ്ങളില്ലല്ലോ. ഭാരതത്തിലെ ഋഷികള്‍ സൃഷ്ടിച്ചതെല്ലാം സൃഷ്ടിയെയും സ്രഷ്ടാവിനെയും അടിസ്ഥാനമാക്കിക്കൊണ്ടായിരുന്നു, സ്വയം ദര്‍ശിച്ച ഇന്ദ്രിയാതീത ജ്ഞാനമായിരുന്നു അവരുടെ സര്‍ഗ്ഗ ശക്തിയെ നയിച്ചത്. അതിനാല്‍ സൃഷ്ടിയുടെ അന്തഃസത്തയെ പ്രതിനിധീകരിക്കുന്ന ദിവ്യജന്മങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചു. പ്രപഞ്ചസത്തയുടെ പ്രതീകങ്ങളാകുന്ന അവരെ അവതാരങ്ങളായി സ്വീകരിക്കാനുള്ള ആര്‍ജവവും വിനയവും കുലീനതയും ഭാരതത്തിലെ തത്ത്വദര്ശികള്ക്കുണ്ടായിരുന്നു.
ഔചിത്യപൂര്‍ണ്ണവും യുക്തിപൂര്‍വ്വകവുമായ ദാര്‍ശനിക വ്യാഖ്യാനമെന്ന നിലയില്‍ ഉല്‍കൃഷ്ടത കൈവരിച്ച പ്രൊഫ. വിശ്വംഭരന്റെ പുനര്‍വായനയുടെ ഉപസംഹാരം ഇപ്രകാരമാകുന്നു: ‘മഹാഭാരതം മനുഷ്യകഥയുടെ സമഗ്രാഖ്യാനം മാത്രമല്ല. പ്രപഞ്ചത്തിന്റെ ജീവിതാഖ്യാനം കൂടിയാണെന്നതും ഓര്‍ക്കുക. സ്ഥൂല ദൃഷ്ടിയില് ഇതിഹാസത്തിലെ നായകന് ധര്‍മ്മപുത്രരും സൂക്ഷ്മ ദൃഷ്ടിയില് കൃഷ്ണനുമാണ്. ഇതുതന്നെയാണ് മഹാഭാരതത്തിന്റെ അതുല്യതയ്ക്ക് കാരണവും.”
(അവസാനിച്ചു)
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും ഗ്രന്ഥകാരിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: