18 വയസ്സുള്ള രാജുവിന് (യഥാര്‍ഥ പേരല്ല) 2017 ലാണ് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയത്. ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായി. രാജുവിന്റെ അച്ഛന് കന്നുകാലികളും സ്ഥലവും വിറ്റു. 2019 ല്‍ ആ കുടുംബത്തിന് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍നിന്ന് (എബി-പിഎംജെഎവൈ) കത്തു ലഭിച്ചെങ്കിലും അതവര് കാര്യമാക്കിയില്ല. 2022ല്‍ രാജുവിന്റെ നില വഷളായി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. മറ്റു വഴികളില്ലാതെ വന്നപ്പോള്‍ ആശുപത്രി ജീവനക്കാരന് കുടുംബത്തോടു പിഎംജെഎവൈ യോഗ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ യോഗ്യത സ്ഥിരീകരിച്ചു. തുടര്‍ന്ന്, രാജു അവിടെ ഏകദേശം 1.83 ലക്ഷം രൂപ ചെലവുള്ള ജീവന്‍രക്ഷ ശസ്ത്രക്രിയയ്ക്കു വിധേയനായി. 67 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം, അദ്ദേഹം ആശുപത്രി വിടുകയും പുതിയ ജീവിതത്തിലേക്കു കടക്കുകയും ചെയ്തു.
എബി-പിഎംജെഎവൈയുടെ ഗുണഭോക്താക്കളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള എണ്ണമറ്റ അനുഭവങ്ങളില്‍ ഒന്നുമാത്രമാണിത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏകദേശം 7.8 കോടി ആശുപത്രി പ്രവേശനങ്ങള്‍ ഈ പദ്ധതിക്കു കീഴില്‍ അനുവദിച്ചതിലൂടെ, പിഎം-ജെഎവൈ ദശലക്ഷക്കണക്കിനുപേരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ജീവന് രക്ഷിക്കുകയും ചെയ്തു. അതോടൊപ്പം ഭാരിച്ച ആശുപത്രിച്ചെലവു കൊണ്ട് ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും നീങ്ങുന്നതില്‍ നിന്നു നിരവധി കുടുംബങ്ങളെയും രക്ഷിച്ചു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി സാര്‍വത്രിക ആരോഗ്യ പരിരക്ഷയ്ക്കായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി.
ഓരോ ഗുണഭോക്താവിന്റെ കുടുംബത്തിനും ദ്വിതീയ-തൃതീയ ചികിത്സയ്ക്കായി 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യപരിചരണം നല്കി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലുടനീളമുള്ള ആരോഗ്യ പരിപാലന അടിത്തറയെ പിഎംജെഎവൈ സ്പര്‍ശിച്ചു. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന ഭീമമായ സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക ചെറുതായിരിക്കാം. എന്നാല്‍ പദ്ധതിയുടെ രൂപകല്‍പ്പനയും തോതും കണക്കിലെടുക്കുമ്പോള്‍ ദശലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഈ തുകയുടെ സ്വാധീനം, ജീവിതം മെച്ചപ്പെടുത്തുന്നതും ജീവന് രക്ഷിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ മിക്കവാറും എല്ലാ വാര്‍ഷിക ആശുപത്രി പരിചരണ ആവശ്യകതകളും ഈ പരിരക്ഷയിലൂടെ നിറവേറ്റപ്പെടുന്നുണ്ട്.
രൂപകല്‍പ്പന അനുസരിച്ച്, പിഎംജെഎവൈ ഇന്‍പേഷ്യന്റ് ദ്വിതീയ-തൃതീയ പരിചരണത്തിനുള്ളതാണ്. ഔട്ട്പേഷ്യന്റ് സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമല്ല. ഇവയെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ സമാന ഉത്കര്‍ഷേച്ഛയുള്ള സമഗ്ര പ്രാഥമികാരോഗ്യ ദൗത്യത്തിലൂടെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതിനുകീഴില്‍, 1.75 ലക്ഷം ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ (എഎഎം) സ്ഥാപിച്ചിരുന്നു. അവിടെ സൗജന്യ പരിശോധന, രോഗനിര്‍ണയം എന്നിവ നടത്തുകയും മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നു. രണ്ടു സംവിധാനങ്ങളിലുടനീളമുള്ള കരുത്തുറ്റ ദ്വിമുഖസംയോജനവും പരിചരണത്തിന്റെ തുടര്‍ച്ചയുമാണ് നിലവില്‍ ശ്രദ്ധാകേന്ദ്രം. ഭാരതത്തിന്റെ സാര്‍വത്രിക ആരോഗ്യ പരിരക്ഷാ മാതൃക പൊതു ധനസഹായത്തോടെയുള്ള സമഗ്ര പ്രാഥമിക ആരോഗ്യസംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പദ്ധതിനിര്‍വഹണ കാലയളവില്‍, ആരോഗ്യ ആനുകൂല്യ പാക്കേജിനു (എച്ച്ബിപി) കീഴിലുള്ള നടപടിക്രമങ്ങളും നിരക്കുകളും പരിഷ്കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തു. 2018-ല്‍ 1393 എച്ച്ബിപികള് മാത്രമായിരുന്നെങ്കില്‍ 2022 മുതല്‍ അത് 1949 ആയി ഉയര്‍ന്നു.
പദ്ധതിയുടെ വിജയവും പൊതുജനക്ഷേമത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും പരിരക്ഷ വിപുലീകരിക്കുന്നതിന് ഈ വര്‍ഷം രണ്ടു പ്രധാന സംരംഭങ്ങളിലേക്കു നയിച്ചു. ഇടക്കാല ബജറ്റില്‍, ആശ-അങ്കണവാടി പ്രവര്‍ത്തകര്‍, സഹായികള്‍ എന്നിവരുടെ ഏകദേശം 37 ലക്ഷം കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
രണ്ടാമതായി, വര്‍ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹ്യ-സാമ്പത്തിക നില പരിഗണിക്കാതെ, 70 വയസും അതിനു മുകളിലുമുള്ള എല്ലാ പൗരന്മാരിലേക്കും പിഎംജെഎവൈ പരിരക്ഷ വ്യാപിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണു മറ്റൊന്ന്. 4.5 കോടി കുടുംബങ്ങളിലെ ആറുകോടി മുതിര്‍ന്ന പൗരന്മാര്ക്കും ഇതു പ്രയോജനപ്പെടും. ഭാരതത്തിലെ ആരോഗ്യത്തെക്കുറിച്ചുള്ള ദേശീയ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) 75-ാം റൗണ്ട് റിപ്പോര്‍ട്ട് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ആശുപത്രി പ്രവേശന നിരക്ക് ഉയര്‍ന്ന നിലയായ 11 ശതമാനം കവിയുന്നു എന്നാണ്.
പിഎംജെഎവൈ, പൊതു-സ്വകാര്യ ആരോഗ്യ മേഖലകളെ ‘ഒരു രാഷ്ട്രം, ഒരു സംവിധാനം’ എന്നതുമായി കൂട്ടിയിണക്കുന്നു. ഇന്നുവരെ, പിഎംജെഎവൈയ്ക്കു പട്ടികപ്പെടുത്തിയ ഏകദേശം 13,000 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 29,000-ത്തിലധികം ആശുപത്രികളുടെ അഖിലേന്ത്യാശൃംഖലയുണ്ട്. കൂടാതെ, ഇവയില്‍ ഏകദേശം 25,000 ആശുപത്രികള്‍ രണ്ടാംശ്രേണി, മൂന്നാംശ്രേണി നഗരങ്ങളിലാണു സ്ഥിതിചെയ്യുന്നത്. എണ്ണത്തിലും നിരക്കിലും സ്വകാര്യമേഖലയില്‍ അംഗീകൃത ആശുപത്രി പ്രവേശനത്തിന്റെ അനുപാതം യഥാക്രമം 57 ശതമാനം, 67ശതമാനം എന്നിങ്ങനെയാണ്. ഇത് ഈ മേഖലയിലെ ഗണ്യമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, ഗുണഭോക്താവിനു പട്ടികയിലുള്ള പൊതു-സ്വകാര്യ ആശുപത്രികളിലേതും തെരഞ്ഞെടുക്കാം.
നിരവധി പേര്‍ക്ക് ഇന്ന് ആരോഗ്യ സേവനങ്ങള്‍ പ്രാപ്യമാകുന്നു. ഒപ്പം, ആസ്തികളും സമ്പാദ്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നു.
ആയുഷ്മാന്‍ ഭാരത് പിഎംജെഎവൈ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാത്തിനുമുപരിയായി, മികച്ച ആരോഗ്യം, ക്ഷേമത്തിന്റെയും ദേശീയ ഉത്പാദനക്ഷമതയുടെയും സമൃദ്ധിയുടെയും അടിത്തറ കൂടിയാണ്.
(നിതി ആയോഗ് (ആരോഗ്യം) അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: