2024 ഭാരതത്തെ സംബന്ധിച്ചടത്തോളം നാഴികക്കല്ലുകളുടെ വര്‍ഷമാണ്. രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്പുള്ള പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തിട്ട് ഒരു ദശകം പിന്നിടുന്നു എന്നതാണ് 2024 ന്റെ ഏറ്റവും വലിയ പ്രത്യേകത. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആക്ട് ഈസ്റ്റ് നയവും ഒരു ദശകം പിന്നിടുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായിട്ടുള്ള സാമ്പത്തിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട നയം എന്ന വിശേഷണത്തില്‍ നിന്നുമാറി ഇന്നതിന് രാഷ്ട്രീയവും, സാംസ്കാരികവും തന്ത്രപ്രധാനവുമായ മാനങ്ങള്‍ കൈവന്നിരിക്കുന്നു.
ആസിയാന്‍ രാജ്യങ്ങളാണ് ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയത്തിന്റെയും, വിശാലമായ ഇന്തോ-പസഫിക്കിനായുള്ള കാഴ്ചപ്പാടിന്റെയും കേന്ദ്ര ബിന്ദു. 2014ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ നയത്തിലൂടെ ഭാരതവും ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊര്‍ജസ്വലവും പ്രവര്‍ത്തനാധിഷ്ഠിതമായതായും നമുക്ക് കാണാന്‍ സാധിക്കും. ആസിയാന്‍-ഇന്ത്യ ഉച്ചകോടി, കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടി, എഡിഎംഎം പ്ലസ്, ആസിയാന്‍ മേഖലാ ഫോറം, വികസിത ആസിയാന്‍ മാരിടൈം ഫോറം തുടങ്ങി ആസിയാന്‍ നേതൃത്വം നല്കുന്ന എല്ലാ സംവിധാനങ്ങളിലും ഭാരതം സജീവ പങ്കാളിത്തം വഹിക്കുന്നു. മെക്കോങ്-ഗംഗാ സഹകരണം, ബിംസ്റ്റെക് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പങ്കാളിത്തങ്ങളിലൂടെയും ഭാരതം ഈ മേഖലയുമായി ഇടപഴകുന്നു.
ഒക്ടോബര്‍ 10 ന് ലാവോസില്‍ നടന്ന 21-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടി ഭാരതവും ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായിട്ടുള്ള വേദിയായി. ആസിയാന്‍ കേന്ദ്രീകരണം, ഐക്യം, ഇന്തോ-പസഫിക്കിലെ ആസിയാന്‍ വീക്ഷണം എന്നിവയ്ക്കുള്ള ഭാരതത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ ശേഷിയുള്ള പല പ്രഖ്യാപനങ്ങള്‍ക്കും ഈ വര്‍ഷത്തെ ഉച്ചകോടി സാക്ഷിയായി.
ബഹുമുഖ പങ്കാളിത്തം-തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സാംസ്കാരിക ബന്ധങ്ങളുടെയും നാഗരിക ബന്ധങ്ങളുടെയും ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമാണ്. ആസിയാനുമായുള്ള ഭാരതത്തിന്റെ ഔപചാരിക ബന്ധം 1992ല്‍ മേഖലാ ചര്‍ച്ചാ പങ്കാളി എന്ന നിലയിലാണ് ആരംഭിച്ചത്. അതില്‍നിന്ന് വളര്‍ന്ന് സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തമായി അതിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നു. ആസിയാന്‍ രാജ്യങ്ങള്‍ ഭാരതത്തിനു മുമ്പില്‍ വിശാല സാധ്യതകളാണ് തുറന്നിടുന്നത്, തിരിച്ചും അങ്ങനെ തന്നെ. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിച്ചു 130 ബില്ല്യണ്‍ ഡോളറിനടുത്തു എത്തി. 3.2 ട്രില്ല്യന്‍ ഡോളര്‍ വരുന്ന ആസിയാന്‍ രാജ്യങ്ങളുടെ ജിഡിപി ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനൊരു കൈമുതലാണ്. 11 ശതമാനമാണ് ഭാരതത്തിന്റെ മൊത്തം ആഗോള വ്യാപാരത്തില്‍ ആസിയാന്‍ രാജ്യങ്ങളുടെ വിഹിതം. രാജ്യം സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടിട്ടുള്ള ചുരുക്കം ചില കൂട്ടായ്മകളിലൊന്നാണ് ആസിയാന്‍.
യൂറോപ്യന്‍ യൂണിയനുമായി ഇത്തരത്തിലൊരു കരാര്‍ ഒപ്പിടുവാനുള്ള ചര്‍ച്ചകള്‍ നീണ്ടു പോകുന്ന സാഹചര്യം കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇരു കൂട്ടരുടെയും പ്രയോജനത്തിനായി ഇപ്പോള്‍ നിലനില്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ സമഗ്രമായ അവലോകനം സമയ ബന്ധിതമായി പൂര്‍ത്തിയാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവേ അടിവരയിട്ടു. ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുക എന്നത് ഈ അവലോകനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ചൈനയില്‍ നിന്നും ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റുവാനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ അരങ്ങേറുന്നത്കൊണ്ടുകൂടിയാണ് ഇത്തരത്തിലൊരു അവലോകനത്തിന് പ്രാധാന്യമേറുന്നത്. ആര്‍സിഇപി( റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) കരാറില്‍ നിന്നുള്ള ഭാരതത്തിന്റെ പിന്മാറ്റം ആസിയാനുമായിട്ടുള്ള ബന്ധത്തില്‍ യാതൊരു കോട്ടവും തട്ടുവാന്‍ ഇടയാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതിരോധത്തിന്റെ കരുത്ത്
ആസിയാന്‍ രാജ്യങ്ങളുമായിട്ടുള്ള ഭാരതത്തിന്റെ സഹകരണത്തിന് ഊര്‍ജ്ജം പകരുന്ന മറ്റൊരു മേഖല പ്രതിരോധവും സമുദ്ര സുരക്ഷയുമാണ്. ആസിയാനില്‍ അംഗമായ ഫിലിപ്പീന്‍സായിരുന്നു ഭാരതം വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യത്തെ കയറ്റുമതി ലക്ഷ്യസ്ഥാനം. വിയറ്റ്നാമുമായി ഏര്‍പ്പെട്ട സൈനിക താവളങ്ങളുടെ പരസ്പരമുള്ള ഉപയോഗത്തിനായുള്ള കരാറും പ്രാധാന്യമര്‍ഹിക്കുന്നതാണ്. റഷ്യക്കും ചൈനക്കും അമേരിക്കക്കും ശേഷം ആസിയാന്‍ രാജ്യങ്ങളുമായി സംയുക്ത നാവികാഭ്യാസത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ രാജ്യമായി 2023ല്‍ ഭാരതം മാറി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷക്കും വളര്‍ച്ചക്കുമായി ഭാരതം 2015 ല്‍ വിഭാവനം ചെയ്ത സാഗര്‍ എന്ന ആശയം ലക്ഷ്യം കാണണമെങ്കില്‍ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. കടല്‍കൊള്ളക്കെതിരായ നടപടികളും അനധികൃത മല്‍സ്യബന്ധനം, ദുരന്തനിവാരണം എന്നീ മേഖലകളിലെ സഹകരണവും ഈ ആശയത്തെ ആസ്പദമാക്കിയാണ്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ നിന്ന് ആസിയാന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധത്തെ വ്യത്യസ്തമാക്കുന്നത് അതിലെ സാംസ്കാരിക പശ്ചാത്തലമാണ്. വാസ്തുവിദ്യ, മതങ്ങള്‍, ഭക്ഷണം, എന്നിവയുടെ സമ്പന്നമായ വര്‍ണ്ണനൂലിഴകള്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കൂടുതല്‍ ദൃഢമാകുവാനുള്ള പദ്ധതികള്‍ പലതും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഇരു വിഭാഗങ്ങളില്‍നിന്നുമുള്ള കലാകാരന്മാരുടെ ക്യാമ്പുകളും സംഗീതോത്സവവും നാം പങ്കിടുന്ന പൈതൃകത്തെ ആഘോഷിക്കുന്നു.
2022ല്‍ സ്ഥാപിതമായ ഭാരതത്തിലെയും ആസിയാനിലെയും സര്‍വ്വകലാശാലകളെ ബന്ധിപ്പിക്കുന്ന ശൃംഖല അക്കാദമികവും സാംസ്കാരികവുമായ കൈമാറ്റങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. നവീകരിച്ച നളന്ദ സര്‍വകലാശാലയില്‍ ആസിയാന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിപ്പിക്കുവാനുള്ള തീരുമാനം മനുഷ്യര്‍ തമ്മിലുള്ള അകലം കുറക്കുന്നതില്‍ സഹായകമാകും.
നയതന്ത്രം സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ-സാങ്കേതികവിദ്യയിലൂടെ ജനജീവിതത്തെ മാറ്റിമറിച്ചു ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതത്തിനു സാധിച്ചു. ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരും ഈ നേട്ടം തിരിച്ചറിയുകയും പരസ്യമായി പ്രശംസിക്കുന്ന കാഴ്ച്ചക്കും ആസിയാന്‍ – ഇന്ത്യ ഉച്ചകോടി വേദിയായി. സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള ആസിയാന്‍ രാജ്യങ്ങളില്‍ യുപിഐ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ശരവേഗത്തില്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ആസിയാന്‍ രാജ്യങ്ങളിലെ സാമ്പദ് വ്യവസ്ഥ ഭാരതത്തിലെ ഐടി മേഖലക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മുമ്പില്‍ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. സൈബര്‍സുരക്ഷാ, കൃത്രിമ ബുദ്ധി, കാലാവസ്ഥ പ്രവചനം തുടങ്ങിയ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. മരുന്ന് നിര്‍മാണം, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യ-ആസിയാന്‍ സഹകരണം വൈവിദ്ധ്യമാര്‍ന്നതും കരുത്തുറ്റതുമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു.
സുസ്ഥിര വികസനമാണ് ഇന്നത്തെ ലോകത്തിന്റ ആപ്തവാക്യം. അര്‍ദ്ധചാലകങ്ങളുടെ ഉത്പാദനം, ഊര്‍ജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലേയ്ക്കു വിഭാഗങ്ങളുടെയും സഹകരണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ മുന്‍നിരയില്‍ ഭാരതത്തെയും ആസിയാനെയും പ്രതിഷ്ഠിക്കുന്നു. പുനരുപയോഗ ഊര്‍ജത്തില്‍, പ്രത്യേകിച്ച് സൗരോര്‍ജ്ജത്തില്‍ ഭാരതത്തിന്റെ വൈദഗ്ധ്യം, ആസിയാന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നു. അടിസ്ഥാന സൗകര്യ വികസനം-ആസിയാനുമായുള്ള ഭാരതത്തിന്റെ ബന്ധത്തിലെ മറ്റൊരു പ്രധാന ഘടകമാണ് കണക്റ്റിവിറ്റി. കാലാടന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്, ഇന്ത്യ – മ്യാന്മര് – തായ്ലന്ഡ് ഹൈവേ തുടങ്ങിയ പദ്ധതികള്‍ ഭാരതത്തെയും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. മെക്കോങ് – ഗംഗാ സഹകരണത്തിന് കീഴില്‍ ഭാരതം 160 ക്വിക്ക് ഇംപാക്ട് പ്രോജക്ടുകള്‍ (ക്യുഐപികള്‍) നടപ്പിലാക്കിയിട്ടുണ്ട്, ഇത് മെക്കോങ് ഉപമേഖലയിലുടനീളമുള്ള നൂറുകണക്കിന് പ്രാദേശിക ജനസമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടും. ആസിയാന്‍ രാജ്യങ്ങള്‍ ഭാരതീയ വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഉയര്‍ന്നുവരുന്നു. 7 ആസിയാന്‍ അംഗരാജ്യങ്ങളുമായി ഭാരതത്തിന് നേരിട്ടുള്ള വ്യോമഗതാഗത ബന്ധം ഇന്ന് നിലനില്ക്കുന്നു. വിനോദസഞ്ചാരികളുടെ ഒഴുക്കും ബിസിനസ്സ് ഇടപെടലുകളും വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളും അസ്ഥിരതയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യയും ഭാരതവും ഉള്‍പ്പെടുന്ന ഇന്‍ഡോ-പസഫിക് മേഖല അതിനൊരപവാദമമാണ്. തെക്കന്‍ ചൈന കടലില്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന നടപടികളുമായി ചൈന മുന്നോട്ടു പോകുമ്പോഴും ഈ മേഖലയെ ശാന്തമായി നിലനിര്‍ത്താന്‍ ഭാരതത്തിന്റെയും ആസിയാന്‍ രാജ്യങ്ങളുടെയും ഊഷ്മളമായ ബന്ധത്തിനായിട്ടുണ്ട്. 2021-ല്‍ അംഗീകരിച്ച ആസിയാന്‍-ഭാരത സംയുക്ത പ്രസ്താവന ഇന്‍ഡോ- പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്‍ഡോ-പസഫിക്ക് സഹകരണത്തിന് ശക്തമായ അടിത്തറ നല്കുന്നു. പരസ്പര വിശ്വാസത്തില്‍ നെയ്തെടുത്ത ബന്ധമാണ് ഭാരതത്തിന്റെയും ആസിയാന്റെയും. ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയതിനു ശേഷവും ഈ ബന്ധം സുഗമമായി മുന്നോട്ട് പോകുന്നു. കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ വിറ്റ് മറ്റു രാഷ്ട്രങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ കമ്പോളമൊരുക്കുന്ന, 140 കോടി ജനത വസിക്കുന്ന വെറുമൊരു രാഷ്ട്രമല്ല ഇന്ന് ഭാരതം എന്ന തിരിച്ചറിവ് ആസിയാന്‍ രാജ്യങ്ങള്‍ക്കും ഒപ്പം തന്നെ ലോക രാജ്യങ്ങള്‍ക്കും ഉണ്ടായിരിക്കുന്നു എന്നതിനെയാണ് ഇതടിവരയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: