ഉദ്ദാലകപുത്രനായ ശ്വേതകേതു മഹാപണ്ഡിതനായിരുന്നു. ഉദ്ദാലകനു കഹോഡന്‍ എന്നു പേരായ ശിഷ്യനുണ്ടായിരുന്നു. കഹോഡന്റെ ഗുരുഭക്തിയില്‍ സന്തുഷ്ടനായ ഉദ്ദാലകന്‍ വേദങ്ങളെല്ലാം അവന് ഉപദേശിച്ചുകൊടുത്തു. ഒപ്പം മകളായ സുജാതയെ വിവാഹവും കഴിച്ചു കൊടുത്തു. ഉദ്ദാലകന്റെ മകന്‍ ശ്വേതകേതുവും മഹാ പണ്ഡിതനായിരുന്നു. കാലം പോകെ സുജാത ഗര്‍ഭിണിയായി. കഹോഡന്‍ ഭാര്യയോടുള്ള കര്‍ത്തവ്യം പൂര്‍ണമാക്കാതെ സദാ ശിഷ്യരുടെ വേദപഠനത്തില്‍ മാത്രം ശ്രദ്ധിക്കുന്നത് തെറ്റാണെന്ന് ഗര്‍ഭത്തില്‍ കിടക്കുമ്പോഴേ അഷ്ടാവക്രന്‍ ചൂണ്ടിക്കാട്ടി. പുത്രന്റെ വിമര്‍ശനത്തില്‍ കുപിതനായ കഹോഡന്‍ നീ എട്ടുവളവുകളോടെ ജനിക്കട്ടെ എന്നു ഗര്‍ഭസ്ഥശിശുവിനെ ശപിച്ചു. മാസങ്ങള്‍ കടന്നപ്പോള്‍ സുജാതക്ക് പ്രസവമടുത്തു.
ജനക രാജധാനിയില്‍ മഹാപണ്ഡിത സദസു നടക്കുന്നുണ്ടെന്നും വിജയിച്ചാല്‍ ധാരാളം സ്വര്‍ണ നാണയം പാരിതോഷികം കിട്ടുമെന്നും സുജാത ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെ കഹോഡന്‍ ശ്വേതകേതുവുമായി ജനക സദസിലെത്തി. അവിടെ വന്ദിയുമായുള്ള തര്‍ക്കത്തില്‍ കഹോഡന്‍ പരാജിതനായി. അന്നത്തെ നിയമപ്രകാരം പരാജിതനായ കഹോഡനെ വെള്ളത്തില്‍ മുക്കിക്കൊന്നു. ശ്വേതകേതു തിരികെയെത്തി കഹോഡന്റെ മരണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും അഷ്ടാവക്രന്‍ ഇതൊന്നും അറിയരുതെന്നും സഹോദരിയായ സുജാതയെ ഓര്‍മ്മപ്പെടുത്തി. ഉദ്ദാലകനെ പിതാവെന്നും ശ്വേതകേതുവിനെ ജ്യേഷ്ഠനെന്നും കരുതി അഷ്ടാവക്രന്‍ വളര്‍ന്നു.
അഷ്ടാവക്രനു പന്ത്രണ്ടു വയസായപ്പോള്‍ ശ്വേതകേതു ഉദ്ദാലകന്റെ മടിയിലിരുന്ന അവനെ പിടിച്ചു മാറ്റി ഇതെന്റെ അച്ഛനാണ് ഇവിടെ എനിക്കാണ് ഇരിക്കാന്‍ അവകാശം നിന്റെയച്ഛന്‍ വേറെയാണ് എന്നുപഞ്ഞു. അതുകേട്ട് അഷ്ടാവക്രന്‍ വീട്ടിലെത്തി അമ്മയോട് താന്‍ കേട്ടതു സത്യമാണോ എന്ന് ആരാഞ്ഞു. ഭീതിയോടെയെങ്കിലും സുജാത മകനോട് നടന്ന സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞു.
അഷ്ടാവക്രന്‍ ആ രാത്രിതന്നെ ശ്വേതകേതുവിനെ കണ്ട് നമുക്ക് ജനക മഹാരാജന്റെ സന്നിധിയില്‍ പോകാം അവിടെ നടക്കുന്ന യജ്ഞം വളരെ വിശേഷപ്പെട്ടതാണ.് നമൂക്ക് അവിടെപ്പോയി ബ്രാഹ്മണരുടെ ഗംഭീരമായ ശാസ്ത്ര ചര്‍ച്ചകള്‍ കേള്‍ക്കാം എന്നു പറഞ്ഞു.
അങ്ങനെ ഇരുവരും മിഥിലയിലെത്തി. യാഗശാലയിലേക്കു കടത്താതെ ദ്വാരപാലകര്‍ ഇരുവരേയും തടഞ്ഞുവെച്ചു. എന്നാല്‍ അഷ്ടാവക്രന്റെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അവര്‍ മറ്റൊരു വഴിയിലൂടെ ജനകനെ കാണുകയും രാജാവുമായുള്ള സംവാദത്തില്‍ വൈഭവം തെളിയിച്ച് പണ്ഡിത സദസില്‍ പ്രവേശിക്കുവാന്‍ അനുവാദം കരസ്ഥമാക്കുകയും ചെയ്തു. അങ്ങനെ കൈശോരനായ അഷ്ടാവക്രന്‍ വന്ദിയുമായി ചര്‍ച്ചയാരംഭിച്ചു. ഏകം ദ്വയം തുടങ്ങി ചര്‍ച്ച ദ്വാദശി ത്രയോദശിയില്‍ എത്തിനില്‍ക്കേ ശ്ലോകം വന്ദിക്കു മുഴുപ്പിക്കാനാകാതെ വന്നു. അഷ്ടാവക്രന്‍ ശ്ലോകം മുഴുമിപ്പിച്ച് വന്ദിയെ പരാജയപ്പെടുത്തി. പരാജയം ഏറ്റുവാങ്ങിയ വന്ദിയെ, നിയമം പാലിച്ച് തന്റെ പിതാവിനെ ജലത്തില്‍ മുക്കിക്കൊന്ന അതേ രീതിയില്‍ കൊല്ലണമെന്ന് ജനകനോട് അഷ്ടാവക്രന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ വരുണപുത്രനാണെന്നും തന്നെ ജലത്തില്‍ മുക്കി കൊല്ലാന്‍ കഴിയില്ലെന്നും ജലത്തില്‍ മുക്കിക്കൊന്നു എന്നുപറയുന്ന ഒരു പണ്ഡിതരും മരിച്ചിട്ടില്ലെന്നും വരുണന്‍ പന്ത്രണ്ടു വര്‍ഷമായി നടത്തിവരുന്ന മഹായാഗത്തിനായി ഉത്തമരായ പണ്ഡിതരെ എത്തിക്കുകയായിരുന്നു ഈ സദസിലൂടെ താന്‍ ചെയ്തതെന്നും വന്ദി അറിയിച്ചു. യാഗം പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് വരുണ സന്നിധിയില്‍നിന്നും അവരെയെല്ലാം ജീവനോടെ തിരികെ എത്തിക്കാമെന്നും വന്ദി വാക്കുനല്‍കി. അങ്ങനെ പുത്രനായ അഷ്ടാവക്രന്റെ സാമര്‍ത്ഥ്യത്താല്‍ കഹോഡന്‍ വരുണലോകത്തു നിന്ന് തിരിച്ചെത്തിക്കപ്പെട്ടു. താന്‍ ശപിച്ചു എട്ട് വളവുള്ളവനാക്കിയ മകനാല്‍ മോചിതനായ കഹോാഡന്‍ അഷ്ടാവക്രനെയും കൂട്ടി സമംഗയില്‍ സ്‌നാനംനടത്തി. അങ്ങനെ എട്ടു വളവുകളും മാറിയ അഷ്ടാവക്രന്റെ കഥയുള്ളത് മഹാഭാരതം വനപര്‍വ്വത്തിലാണ്. ലോമശ മുനി യുധിഷ്ടിരാദികളോട് തീര്‍ത്ഥസ്ഥാനങ്ങളെപ്പറ്റി വര്‍ണ്ണിക്കുമ്പോഴാണ് അഷ്ട്ാവക്രോപാഖ്യാനം വരുന്നത്. മധുപില എന്നു കൂടി പേരുള്ള സമംഗ അംഗങ്ങള്‍ സമമാക്കുന്നവളാണ്.
രാജര്‍ഷിയും ചക്രവര്‍ത്തിയുമായ ജനകനും മഹാജ്ഞാനിയായ അഷ്ടാവക്രനും തമ്മിലുള്ള സംവാദമാണ് അഷ്ടാവക്രഗീത. അറിവ് പകരുമ്പോള്‍ അതു സാധാരണക്കാരനു പ്രയോജന പ്രദമാവണം എന്നാണ് പൊതുതത്ത്വം. എന്നാല്‍ ആത്മീയതയുടെ കാര്യത്തിലാവുമ്പോള്‍ പാത്രമറിഞ്ഞ് ദാനം എന്നതിനാണ് പ്രസക്തി. ആത്മജ്ഞാനത്തിന്റെ ഔന്നത്യങ്ങളില്‍ വിരാജിക്കുന്നവരാണ് അഷ്ടാവക്രനും ജനകനും. ഇവര്‍ തമ്മിലുള്ള സംവാദം സാധാരണക്കാര്‍ക്ക് ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: