പരസ്പര ധാരണയുടെയും അത്ര ഗാഢമല്ലാത്ത സൗഹൃദത്തോടെയും മുന്നേറുന്ന ഒരു നയതന്ത്ര ബന്ധമാണ് ഭാരതത്തിനും കാനഡയ്ക്കുമിടയിലുള്ളത്. ഇപ്പോള്‍ നിലവിലുള്ള നയതന്ത്ര ബന്ധങ്ങളില്‍പോലും വിള്ളല്‍ വീഴ്ത്തുന്ന തീരുമാനങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി കനേഡിയന്‍ സര്‍ക്കാരിന്റെ, പ്രത്യേകിച്ചും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ, ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭാരതത്തില്‍ വേരുകളറ്റ ഖലിസ്ഥാന്‍ പ്രശ്നത്തെ സജീവ വിഷയമാക്കി കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കാനാണ് ട്രൂഡോ പരിശ്രമിക്കുന്നത്. ആഗോള തീവ്രവാദത്തെയും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭാരത വിരുദ്ധ നിലപാടുകള്‍ക്ക് ഉപകരണമായി ഖലിസ്ഥാന്‍ പ്രസ്ഥാനം മാറുന്നതിനെയും ഭാരതം തുറന്നെതിര്ക്കുന്നുണ്ടങ്കിലും, അത്തരമൊരു നിലപാടല്ല ട്രൂഡോ പിന്തുടരുന്നത്. സിഖ് വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും ആശ്രയകേന്ദ്രമായി മാറുക വഴി പാശ്ചാത്യ രാജ്യങ്ങളിലെ ഭാരത വിരുദ്ധതയുടെ കേന്ദ്രമായി കാനഡ ചിത്രീകരിക്കപ്പെടുന്നുണ്ട് . അതുകൊണ്ടുതന്നെ, ഭാരത വിരുദ്ധത നിര്‍മിക്കുന്നതിനുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും അതുവഴി ബഹുഭൂരിപക്ഷം വരുന്ന സിഖ് സമുദായത്തെ ലോകത്തിനു മുന്പില് തീവ്രവാദികളായി ഒറ്റപ്പെടുത്തുന്നതിനു കൂട്ടുനില്ക്കുന്നതും കാനഡയുടെ ആഭ്യന്തര സുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭാരത വിരുദ്ധതയുടെ ആഗോള മുഖമാകാന്‍ തീരുമാനിച്ചിരിക്കുന്ന കാനഡയുടെ ഭരണകൂടം ഇത്തരം ഗുരുതര പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടാണ് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭാരതത്തെ പ്രകോപിച്ചുകൊണ്ടിരിക്കുന്നത്.
കുടിയേറ്റത്തിന്റെ നാള്‍വഴികള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഭാരത വംശജര്‍, പ്രത്യേകിച്ചും സിഖുകാര്‍, അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാനഡയില്‍ ജോലി തേടിയെത്തിയത്. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എഡ്വേഡ് ഏഴാമന്റെ കിരീടധാരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബ്രിട്ടീഷ്- ഭാരത സൈനികരില്‍ നിന്നും കാനഡയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചും താരതമ്യേന ഉയര്‍ന്ന വേതനത്തെക്കുറിച്ചും മനസ്സിലാക്കിയ ഹിന്ദു/സിഖ് വംശജര്‍ കൊളോണിയല്‍ ഇന്ത്യയിലെ സാമ്പത്തിക ചുറ്റുപാടില്‍ നിന്നും ഭാഗ്യാന്വേഷികളായാണ് 1903 -1906 കാലഘട്ടത്തില്‍ വാന്‍കൂവറിലും ബ്രിട്ടീഷ് കൊളംബിയയിലും എത്തിച്ചേര്‍ന്നത്. പ്രതികൂല കാലാവസ്ഥയോട് പോരാടിയും വംശീയവിദ്വേഷത്തോട് സമരസപ്പെട്ടും മുന്നേറിയ ഭാരത വംശജര്‍ ക്രമേണ കാനഡയില്‍ വേരുകളുറപ്പിച്ചു. എന്നാല്‍, ചൈനയും ജപ്പാനുമടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരുന്ന കുടിയേറ്റത്തെ സമീപിച്ചതുപോലെ ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റത്തെയും ബ്രിട്ടീഷ് സര്‍ക്കാര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. അതുകൊണ്ടുതന്നെ, ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റം തുടങ്ങി കേവലം ഒരു ദശാബ്ദത്തിനുള്ളില്‍ കാനഡയിലെ ഭാരത വംശജരുടെ മനുഷ്യാവകാശവും കുടിയേറ്റ സാധ്യതകളും ഇല്ലാതാക്കുന്ന ധാരാളം നിയമ നിര്‍മാണങ്ങള്‍ കൊളോണിയല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നിയമ നിര്‍മാണങ്ങളെയും നയസമീപനങ്ങളെയും ഭാരതീയ ദേശീയതയുടെ ചിഹ്നങ്ങളുയര്‍ത്തിയാണ് കാനഡയിലെ ഭാരത സമൂഹം പ്രതിരോധിച്ചതെന്ന വസ്തുത ശ്രദ്ധേയമാണ്.
കുടിയേറ്റ വിരോധവും കൊളോണിയല്‍ വിരുദ്ധതയും ഒരുപോലെ കാനഡയില്‍ നിറഞ്ഞുനിന്ന ഈ കാലത്തിന്റെ പ്രതിഫലനമായിരുന്നു 1913 ലെ ഗദ്ദര്‍ പാര്‍ട്ടിയെന്ന തീവ്രവിപ്ലവ പ്രസ്ഥാനവും തുടര്‍ന്നുണ്ടായ ‘കോമാഗഥ മരു’ (Komagata Maru ) പ്രശ്നവും. അതായത്, ഭാരതീയ കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ഭാരതീയ ദേശീയതയുടെ മൂല്യങ്ങളോട് ഇഴുകിച്ചേര്ന്നവരും ഈ മണ്ണില്‍ നിന്നു ബ്രിട്ടീഷുകാരെ പുറത്താക്കണമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരുമായിരുന്നു. പക്ഷെ, ഈ ദേശീയതയും സ്വത്വത്തോടുള്ള കൂറും കാനഡയിലെ സിഖ് വംശജരില്‍ ക്രമേണ കുറയുന്നതിനും ആ സ്ഥാനത്ത് ഭാരത വിരുദ്ധത വളര്‍ന്നുവരുന്നതിനും 1970കള്‍ സാക്ഷ്യം വഹിച്ചു. ഭാരതത്തില്‍ രാഷ്ട്രീയ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ഇന്ദിരാ-സഞ്ജയ് ഗാന്ധിമാരുടെ ജനാധിപത്യവിരുദ്ധ സ്വപ്നങ്ങളാണ് അതിലേക്ക് നയിച്ചത്.
കണ്ടെടുക്കപ്പെട്ട ഖാലിസ്ഥാന്‍ വാദം
ഒരു സ്വതന്ത്ര സിഖ് രാജ്യത്തിനുവേണ്ടിയുള്ള ഒരു വിഭാഗം സിഖ് വംശജരുടെ ആഗ്രഹങ്ങള്‍ 1920 കളില്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും സിഖ് വംശജരുടെ സ്വതന്ത്ര ഭൂമിയെന്ന അവകാശവാദം തീവ്രമായി ഉന്നയിക്കപ്പെട്ടത് 1946 മാര്‍ച്ചില്‍ അകാലിദള്‍ അവതരിപ്പിച്ച പ്രമേയത്തോടെയാണ്. സിഖ് വംശജര്‍ക്ക് പഞ്ചാബിന്റെ മേലുള്ള വൈകാരികവും ചരിത്രപരവുമായ പ്രത്യേക അവകാശം ഈ പ്രമേയത്തിന്റെ ആത്മാവായിരുന്നു. എന്നാല്‍, പാകിസ്ഥാന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ പ്രത്യേക സിഖ് രാഷ്ട്രത്തിനുവേണ്ടിയുള്ള തീവ്ര കലാപങ്ങള്‍ ഭാരതത്തിലുണ്ടായില്ല. 1950 മുതല്‍ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളിലൂടെ മുന്നേറിയ ‘സിഖ് ദേശീയത’ 1966 ലെ ‘പഞ്ചാബി പ്രവിശ്യ’ പ്രസ്ഥാനത്തെത്തുടര്ന്നുണ്ടായ പുതിയ പഞ്ചാബിന്റെ രൂപീകരണത്തില്‍ അവസാനിച്ചു. എന്നാല്‍ ഈ ശാന്തത നാമമാത്രമായിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. ഭാരത സമൂഹത്തിന്റെ ഭാഗമായി തുടരുന്നതിനും ഭാരതീയ സാംസ്കാരിക ധാരയില്‍ ചേര്‍ന്ന് നില്ക്കുന്നതിനും സിഖുകാര്‍ പ്രകടിപ്പിച്ച താല്പര്യങ്ങള് 1980 കളോടെ ഇല്ലാതായി. 1970 കള്‍ ആയപ്പോഴേക്കും വടക്കേ അമേരിക്കയിലും കാനഡയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുമായി ഖാലിസ്ഥാന്‍ വാദം പ്രോത്സാഹിപ്പിക്കപ്പെടാന്‍ തുടങ്ങി. ഭാരത വിരുദ്ധത വളര്‍ത്തുന്നതിലും ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതിലും താല്പര്യമുണ്ടായിരുന്ന പാകിസ്ഥാന്റെ പിന്തുണയോടെ ഖാലിസ്ഥാന്‍ വാദികള്‍ സിഖുകാരെ തീവ്രചിന്താഗതികളിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. പാകിസ്ഥാന് അടക്കമുള്ള വിദേശശക്തികളുടെ നിരന്തര പിന്തുണയുണ്ടായിട്ടുപോലും മന്ദീഭവിച്ചു നിന്നിരുന്ന സിഖ് വിഘടനവാദത്തിന് 1980 കളില്‍ പുതിയ മാനങ്ങള്‍ കൈവന്നു.
പഞ്ചാബിലെ രാഷ്ട്രീയ താല്പര്യങ്ങള് തങ്ങള്‍ക്കു രുചിക്കുന്നതായിരിക്കണമെന്ന ഇന്ദിരാ-സഞ്ജയ് ഗാന്ധിമാരുടെ ആഗ്രഹം ജര്‍ണേല്‍ സിംഗ് ഭിന്ദ്രന്‍വാലയെന്ന ഖാലിസ്ഥാന്‍ തീവ്രവാദിയുടെ കണ്ടെത്തലില്‍ കലാശിച്ചു. ഇന്ദിരയുടെ മൗനാനുവാദത്തോടെയും സഞ്ജയുടെ പ്രത്യക്ഷപിന്തുണയോടെയും രാഷ്ട്രീയ എതിരാളികളെ കശാപ്പുചെയ്തു വളര്‍ന്ന ഭിന്ദ്രന്‍വാല വളരെപ്പെട്ടന്ന് സിഖ് വിഘടനവാദത്തിന്റെ പതാകയുയര്‍ത്തി. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ആസ്ഥാനമാക്കി ഒരു സമാന്തര സര്‍ക്കാരുണ്ടാക്കുന്നതില്‍ ഭിന്ദ്രന്‍വാല വിജയിച്ചപ്പോഴാണ് ഇന്ദിരാ ഗാന്ധിക്ക് തന്റെ രാഷ്ട്രീയ മൗഢ്യത്തിന്റെ വില മനസ്സിലായത്. തുടര്‍ന്നുണ്ടായ 1984 ജൂണിലെ ഓപ്പറേഷന് ബ്ലൂസ്റ്റാറും ഓപ്പറേഷന് വുഡ്റോസും സുവര്‍ണ്ണ ക്ഷേത്രത്തിനെതിരെ നടന്ന സൈനിക നടപടികളും ലോകമെമ്പാടുമുള്ള സിഖ് വംശജരില്‍ ഭാരത വിരുദ്ധത നിര്‍മിച്ചു. ഇന്ദിരയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1984 ല്‍ നടമാടിയ സിഖ് വംശഹത്യ ഈ വികാരങ്ങളെ ആളിക്കത്തിച്ചു. ഭാരത വിരുദ്ധതക്ക് ഏറ്റവും അനുകൂലമായ സാഹചര്യം, രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാല്‍, അന്നുമുതല്‍ കാനഡ ഒരുക്കി നല്‍കുന്നുവെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനു തെളിവായിരുന്നു 1985 ജൂണില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടപ്പിലാക്കിയ കനിഷ്ക വിമാന ദുരന്തം. 329 മനുഷ്യജീവനുകളപഹരിച്ച കനിഷ്ക വിമാന ദുരന്തത്തിന് പിന്നില്‍ കാനഡയുടെ അനൗദ്യോഗിക പിന്തുണ ഉണ്ടായിരുന്നുവെന്ന വാദം 1984 മുതല്‍ ശക്തമായിരുന്നു. അന്വേഷണത്തിന്റെ പരിമിതികള്‍ മൂലവും തെളിവുകളുടെ അഭാവത്തിലും കനിഷ്ക ദുരന്തത്തിലെ കാനഡയുടെ പങ്ക് അവ്യക്തമായി തുടരുന്നു. എന്നാല്‍ , കഴിഞ്ഞ കുറെ ദശകങ്ങളായി ‘സിഖ് കാര്‍ഡ് ‘ ഉപയോഗിച്ച് ഭാരത വിരുദ്ധത വളര്‍ത്തുന്നതില്‍ കാനഡക്ക് താല്പര്യമുണ്ടന്നും നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്താണ് ട്രൂഡോ ആഗ്രഹിക്കുന്നത് ?
കാനഡയില്‍ ക്രമാനുഗതമായി ഖാലിസ്ഥാന്‍ വാദികള്‍ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ വേണം ട്രൂഡോയുടെ സമീപകാല നിലപാടുകളെ മനസ്സിലാക്കേണ്ടത്. ഭാരത വിരുദ്ധതക്കു പിന്നിലുള്ള ട്രൂഡോയുടെ താല്പര്യങ്ങള് കേവലം രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ്. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രശ്നം ഉയര്‍ത്തി പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള ശ്രമമാണ് ട്രൂഡോ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന് ഓഫീസിനെതിരായ ആരോപണങ്ങളുമായി ട്രൂഡോയെത്തിയത്. യഥാര്‍ത്ഥത്തില്‍, ആഭ്യന്തര-രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനും വേണ്ടി ട്രൂഡോ ഭാരതത്തെ കരുവാക്കുകയാണ് ചെയ്യുന്നത്. റെയില്‍വേ തൊഴിലാളികളും -വ്യാപാരികയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജഗ്മിത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കുള്ള പിന്തുണ സപ്തംബര്‍ ആദ്യവാരം പിന്‍വലിക്കുകയുണ്ടായി. ഭൂരിപക്ഷം നഷ്ടപ്പെട്ട, ഏതുനിമിഷവും താഴെ വീഴാവുന്ന സര്‍ക്കാരിനെ നയിക്കുന്ന ട്രൂഡോയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സിഖ് സമുദായത്തിന്റെ വോട്ടുബാങ്ക് നിര്‍ണ്ണായകമാണ്. ഒപ്പം , വ്യാപാര-വ്യവസായ മേഖലകളില്‍ നിര്‍ണ്ണായക ശക്തിയായ സിഖുകാരുടെ സാമ്പത്തിക പിന്തുണയും ട്രൂഡോ ആഗ്രഹിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ താല്പര്യങ്ങളുള്ളവരെ പ്രീണിപ്പിക്കുന്നതിനും അവരെ ട്രൂഡോയോടു ചേര്‍ത്തുനിര്‍ത്തുന്നതിനും വേണ്ടിയാണ് കാനഡയിലെ ഓരോ കൊലപാതകത്തിലും ട്രൂഡോ ഭാരതത്തിന്റെ പങ്ക് ‘ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അതുമാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായതുപോലെ, ഹിന്ദു ഉത്സവങ്ങള്‍ , ദേശീയതയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ എന്നിവയ്ക്ക് നേരെ തുടര്‍ച്ചയായി ഖാലിസ്ഥാന്‍ വാദികളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലും ട്രൂഡോ നിശ്ശബ്ദപാലിച്ചുകൊണ്ടിരിക്കുന്നു.
ഭാരതത്തിന്റെ തീരുമാനങ്ങള്‍
ട്രൂഡോയുടെ ഭാരത വിരുദ്ധ പരാമര്‍ശം വന്നതിനു തൊട്ടുപിന്നാലെ അനിതരസാധാരണമായ ആര്‍ജ്ജവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ ഹൈ കമ്മീഷണറെ തിരികെ വിളിച്ച ഭാരതം കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തു നിന്ന് പുറത്താക്കി. സഞ്ജയ് വര്‍മ്മയേയും മറ്റ് ഭാരത ഉദ്യോഗസ്ഥരെയും സംശയമുനയില്‍ നിര്‍ത്തുന്ന ട്രൂഡോയുടെ പരാമര്‍ശങ്ങള്‍ സംശയലേശമന്യേ ഭാരതം തിരസ്കരിക്കുന്നു. 2018 മുതല്‍ ഭാരതത്തിനെതിരായ വ്യക്തികളെയും ആശയങ്ങളെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ട്രൂഡോ ഉപയോഗിക്കുകയാണെന്നും ഖാലിസ്ഥാന്‍ വാദത്തെ പിന്തുണക്കുന്നവരുമായി വിട്ടുവീഴ്ചയില്ലെന്നും ഭാരതം പലപ്പോഴായി ആവര്‍ത്തിച്ചിരുന്നു. ട്രൂഡോയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങള് മാത്രമാണുള്ളതെന്നും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തെളിവുകളൊന്നും തരാതെ ട്രൂഡോ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ട്രൂഡോയെ ആഭ്യന്തര-അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ ഭാരതത്തിനെതിരെ പരിധികവിഞ്ഞ തീരുമാനങ്ങള്‍ കാനഡയില്‍നിന്നും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. അടിസ്ഥാനപരമായി, ഖാലിസ്ഥാന്വാദത്തിനെതിരായ ഭാരതത്തിന്റെ നിലപാട്, ആഭ്യന്തര രാഷ്ട്രീയത്തില്‍ തങ്ങള്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളിലേക്കുള്ള മുന്നറിയിപ്പുകൂടിയായി കനേഡിയന്‍ ജനത തിരിച്ചറിയുകയാണെങ്കില്‍ ജസ്റ്റിന് ട്രൂഡോയുടെ രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടും. ഒപ്പം, ആഭ്യന്തര-രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് ഒരാവശ്യവുമില്ലാതെ ഭാരതത്തെ വലിച്ചിട്ടതുമൂലം ഖാലിസ്ഥാനികളെ സംബന്ധിക്കുന്ന ഒരു പുതിയ സംവാദത്തിനു ട്രൂഡോ തുടക്കമിട്ടിരിക്കുന്നു. ആ സംവാദത്തിനു ഭാരതത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയുകയില്ലങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിനുനേരെ തീവ്രവാദം വളര്‍ത്തുന്നുവെന്ന വസ്തുതയോടു കനേഡിയന്‍ ജനത എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിലെ ഭാരത-കാനഡ നയതന്ത്രം.
(ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: