പച്ചയായ മനുഷ്യസ്നേഹി… ഇതിനുമപ്പുറം രത്തന്‍ ടാറ്റയെ എങ്ങനെ വിശേഷിപ്പിക്കാന്‍. ദശലക്ഷക്കണക്കിന് ഭാരതീയരുടെ താങ്ങും തണലുമായ മനുഷ്യന്. ടാറ്റ ട്രസ്റ്റിന്റെ പേരില്‍ തന്റെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റിവച്ച രത്തന്‍ ടാറ്റയെ ഒരിക്കലും ആഢംബരങ്ങളും അംഗീകാരങ്ങളും ഭ്രമിപ്പിച്ചിരുന്നില്ല.
വ്യാവസായിക താത്പര്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യത്വം നശിക്കുന്ന ഇന്നത്തെ കാലത്ത് ഇവ രണ്ടും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് അദ്ദേഹം ലോകത്തിന് തന്നെ മാതൃകയായി. ഭാരതത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം അനിര്‍വചനീയമാണ്. ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തില്‍ അദ്ദേഹം നിലയുറപ്പിച്ചു.
അര്‍ബുദ രോഗികള്‍ക്ക് കൈത്താങ്ങായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. നിരവധി കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകള്‍, ട്രസ്റ്റുകള്‍, രോഗികള്‍ക്ക് അവരുടെ വീടിനടുത്ത് താങ്ങാനാകുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കിയുള്ള പദ്ധതികള്‍. അങ്ങനെ നീളുന്നു ആരോഗ്യ രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍.
ഭാരതത്തിന്റെ വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച നാനോ പിറന്നതും രത്തന്‍ ടാറ്റയുടെ ആശയത്തില്‍ നിന്ന്. മുംബൈയിലെ തിരക്കേറിയ നിരത്തില്‍ നിന്ന് തന്റെ കണ്ണിലുടക്കിയ ഒരു ദൃശ്യം. അത് മനസിനെ അസ്വസ്ഥമാക്കി. അതിലൂടെ സാധാരണക്കാരന് സ്വന്തമായി ഒരു കാറെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. സ്കൂട്ടറില്‍ തിക്കി തിരക്കിയുള്ള ഒരു കുടുംബത്തിന്റെ യാത്രയില്‍ നിന്ന് പിറന്ന ടാറ്റ നാനോ ഭാരതത്തിന്റെ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവര്‍ഷം രത്തന്‍ ടാറ്റ പംഖ് സ്കോളര്‍ഷിപ്പ് നല്കി വരുന്നുണ്ട്. കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നിരവധി സംഭാവനകള്‍ നല്കി. സാധാരണക്കാര്‍ക്കായി സ്വച്ഛ് വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാക്കി.
ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയാണ് ഈ പദ്ധതിക്ക്. സുനാമിക്കുശേഷം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ കുടിവെള്ള ഫില്‍റ്ററുകള്‍ നല്കുന്ന പദ്ധതിയായിരുന്നു ഇത്.
മൃഗസ്നേഹിയായിരുന്നു രത്തന്‍ ടാറ്റ. മുംബൈയിലെ താമസ സ്ഥലമായ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ മൃഗങ്ങള്‍ക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു. 200 വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിലൊന്നുമൊതുങ്ങുന്നതല്ല രത്തന്‍ ടാറ്റയെന്ന ഭാരത രത്നത്തിന്റെ അതുല്യ സംഭാവനകള്‍. ജനങ്ങള്‍ക്കിടയിലെ സമ്പത്തിക അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.
ആര്യാ ചന്ദ്രന് എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: