തൃശൂര്‍: മുഖ്യമന്ത്രിക്ക് പിന്നാലെ പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്. ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടി അന്‍വറിനെ തള്ളിപ്പറഞ്ഞതോടെ സിപിഎമ്മിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. അന്‍വര്‍ ഇടതുപക്ഷത്തിന്റെ എംഎല്‍എ ആണെന്നും സിപിഎമ്മിന്റെ നിയമസഭാകക്ഷി അംഗമാണെന്നും ഓര്‍ക്കണം എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാര്‍ട്ടിക്ക് ഒരു നിലയ്ക്കും അംഗീകരിക്കാനാവാത്ത പരസ്യ പ്രതികരണമാണ് അന്‍വര്‍ നടത്തിയതെന്നും വിജയരാഘവന് തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം പിണറായിയും വിജയരാഘവനും തള്ളിപ്പറഞ്ഞിട്ടും അന്‍വറിനെ പരസ്യമായി തള്ളിപ്പറയാത്ത പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ശ്രദ്ധേയമാണ്. പി.ശശിക്കെതിരായ അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ ഗോവിന്ദന്റെ താല്പര്യങ്ങള് ഉണ്ടെന്ന് സിപിഎമ്മിനുള്ളില്‍ സംസാരമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തയാറെടുക്കുന്ന പി.ശശിക്കെതിരെ ഗോവിന്ദനുള്‍പ്പെടെ കണ്ണൂരിലെ മറ്റു നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഇവര്‍ അന്‍വറിന് രഹസ്യ പിന്തുണ നല്കുന്നു എന്നാണ് വിവരം. ഇതും പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കും.
മന്ത്രി മുഹമ്മദ് റിയാസ്, മുന്‍മന്ത്രി കെ.ടി. ജലീല്‍, പിണറായിയുടെ മുന്‍ അടുപ്പക്കാരന് ഫാരിസ് അബൂബക്കര്‍ തുടങ്ങിയവര്‍ക്ക് അന്‍വറുമായുള്ള അടുപ്പവും പാര്‍ട്ടിക്ക് തലവേദനയാണ്. പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാവും മുന്‍പ് അന്‍വറിനെ ഏതുവിധേനയും ഒതുക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നത്. വിജയരാഘവന് ഇന്നലെ പിണറായിയെ തൃശൂരില്‍ സന്ദര്‍ശിച്ചിരുന്നു. പിണറായിയുടെ താത്പര്യ പ്രകാരമാണ് വിജയരാഘവന് അന്‍വറിനെ തള്ളിപ്പറഞ്ഞത്. ഗോവിന്ദന്റെ മൗനത്തിനുള്ള മറുപടിയാണ് വിജയരാഘവനിലൂടെ പിണറായി നല്‍കിയതെന്ന് കരുതുന്നു.
അന്‍വറിനെതിരെ എതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിട്ടുള്ള അന്വേഷണവും ഈ നീക്കത്തിന്റെ ഭാഗമാണ്. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്പെട്ടവരുടെ ഫോണ്‍ ചാര്‍ത്തി എന്ന പരാതിയുള്‍പ്പെടെ അന്‍വറിനെതിരെ പോലീസിന് മുന്നിലുണ്ട.് ഇത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ കേസ് പൊടിതട്ടിയെടുക്കാനാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: