ദാഹിച്ചാല് പണ്ടൊക്കെ കിണറ്റില്‍ നിന്നാണ് നാം വെള്ളം കുടിച്ചിരുന്നത്. അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ കുഴലിലൂടെ വരുന്ന പൈപ്പ് ജലമായി നമുക്ക് ജീവജലം. അതിനു പിന്നാലെ വന്നത് സീല്‍ ചെയ്ത മിനറല്‍ വാട്ടര്‍. പക്ഷേ ഇതൊക്കെ അപ്രസക്തമാക്കിയാണ് ആര്.ഒ. വാട്ടര്‍ എന്നറിയപ്പെടുന്ന ‘റിവേഴ്സ് ഓസ്മോസിസ്’ കുടിവെള്ളം വരുന്നത്. ആര്.ഒ എന്നാല്‍ എതിര് വ്യതിവ്യാപനം എന്ന് തര്‍ജമ.
ഗാഢത കൂടിയ ഇടത്തിലേക്ക് കുറഞ്ഞ ഗാഢതയുള്ള വെള്ളം ഒരു അര്‍ദ്ധ സുതാര്യ സ്തരത്തിലൂടെ സാധാരണ മര്‍ദ്ദത്തില്‍ പ്രവഹിക്കുന്ന ഏര്‍പ്പാടാണ് ‘ഓസ് മോസിസ്.’ എന്നാല്‍ ഗാഢത കൂടിയ ഇടത്തില്‍നിന്ന് കുറഞ്ഞയിടത്തിലേക്കുള്ള-അതിസൂക്ഷ്മ സുഷിരങ്ങള്‍ നിറഞ്ഞ സ്തരത്തിലൂടെയുള്ള-ജലപ്രവാഹമാണ് ‘റിവേഴ്സ് ഓസ്മോസിസ്.’ ആ പ്രക്രിയ നടക്കണമെങ്കില്‍ ബാഹ്യമായ മര്‍ദം പ്രയോഗിക്കുകയും വേണം.
കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനും അപകടകാരികളായ അണുക്കള്‍ക്ക് തടയിടുന്നതിനും ദ്രവമാലിന്യങ്ങളെ ഒഴിവാക്കുന്നതിനും ദ്രാവകത്തിലെ കണികകളെ പിടികൂടുന്നതിനും റിവേഴ്സ് ഓസ്മോസിസ് പോലെ ഗംഭീരമായ ഏര്‍പ്പാട് വേറെയില്ല. ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നത് അതിശുദ്ധമായ ജലം.
ജലം ഒരു ജൈവവസ്തുവാണെന്ന് നമുക്കറിയാം. നിരവധി ചെറു ഖനിജങ്ങളും അതിസൂക്ഷ്മ മൂലകങ്ങളും അല്‍പ്പം ചില ജീവകങ്ങളും കുറെ സൂക്ഷ്മാണുക്കളുമൊക്കെ ചേര്‍ന്ന ദ്രാവകം. എന്നാല്‍ അര്‍ദ്ധ സുതാര്യ ഫില്റ്ററിലൂടെ മര്‍ദ്ദിച്ച് കടത്തിവിടുന്ന ജലത്തില്‍ അതൊന്നും ഉണ്ടാവില്ല. ‘വെറും വെള്ളം’ മാത്രമായിരിക്കും അത്.
പക്ഷേ നഗരവാസികള്‍ക്ക് ഏറെ പ്രിയം ‘ആര്.ഒ. വാട്ടര്‍’ തന്നെ. പ്രത്യേകിച്ചും തലസ്ഥാനം അടക്കമുള്ള മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിശ്വാസം ആര്.ഒ. വെള്ളം തന്നെ. ഓഫീസുകളുടെ കാര്യവും മറിച്ചല്ല. അതുകൊണ്ടാണ് ആര്.ഒ. വെള്ളം ഇടതടവില്ലാതെ നല്കുന്ന വെള്ളക്കിണ്ടികള് നഗരങ്ങളില്‍ പരക്കെ സ്ഥാനംപിടിച്ചത്. ഇതോടെ ആര്.ഒ. യന്ത്രങ്ങള്‍ വില്‍ക്കുന്ന വ്യവസായവും തഴച്ചുവളര്‍ന്നു. യാതൊരു രോഗാണുക്കളും ജീവകങ്ങളും മിനറലുകളും ഇല്ലാത്ത ‘ആര്.ഓ. ശുദ്ധജലം’ കുടിച്ച് നഗരവാസികള്‍ ആഹ്ലാദം കൊണ്ടു…കൊണ്ടുകൊണ്ടിരിക്കുന്നു!
രാജ്യത്തിന്റെ പല ഭാഗത്തും ഭൂഗര്‍ഭ ജലത്തില്‍ ആപത്കാരികളായ ലോഹങ്ങളുടെയും മൂലകങ്ങളുടെയും സാന്നിദ്ധ്യമുണ്ട്. കുടിവെള്ളത്തില്‍നിന്ന് അത്തരം വസ്തുക്കളെ നിര്‍ബന്ധമായും അകറ്റുകയും വേണം. ബിഹാര്‍, ജാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ പല സംസ്ഥാനങ്ങളിലെയും ഭൂഗര്‍ഭജലത്തില്‍ ആഴ്സനിക്കും ഫഌറൈഡും ആവശ്യത്തിലേറെ അടങ്ങിയിട്ടുണ്ട്. അവ മനുഷ്യ ശരീരത്തിനുള്ളില്‍ ഉണ്ടാക്കുന്ന അത്യാപത്തുകള്‍ അനവധിയുമാണ്. പക്ഷേ അത്തരം സ്ഥലങ്ങളില്‍ ജല ശുചീകരണത്തിന് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നിരവധി ഏര്‍പ്പാടുകളുമുണ്ട്. തിളപ്പിക്കലും ക്ലോറിന്‍ ശുചീകരണവും ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്ററും അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ പ്രയോഗവും തുടങ്ങി നിരവധി ഏര്‍പ്പാടുകള്‍…
രാജ്യത്തെ 230 ജില്ലകളില്‍ ആഴ്സനിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് 469 ജില്ലകളില്‍ അമിതമായ ഫഌറൈഡ് സാന്നിധ്യമുണ്ട്. പക്ഷേ അതിന് നാടു മുഴുവന്‍ ‘റിവേഴ്സ് ഓസ്മോസിസ്’ നടത്തിയ വെള്ളം കുടിപ്പിക്കേണ്ടതുണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. കാശു നല്കി കടിക്കുന്ന പട്ടിയെ വാങ്ങേണ്ടതുണ്ടോയെന്ന് നാടന്‍ ഭാഷയിലും പറയാം. എന്തായാലും കച്ചവടം പൊടിപൊടിക്കുന്നു. ജനം ആനന്ദചിത്തരായി ആര്.ഒ.വെള്ളം കുടിക്കുന്നു.
കേവലം ഓക്സിജനും ഹൈഡ്രജനും കൃത്യമായി ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു ദ്രാവകം മാത്രമല്ല വെള്ളം. അതിന് ജനങ്ങളുടെ ആരോഗ്യവുമായും സംസ്കാരവുമായും ജീവിത ശൈലിയുമായും വലിയ ബന്ധമാണുള്ളത്. അതില്‍ ഉപകാരികളായ സൂക്ഷ്മജീവികളുണ്ട്. സൂക്ഷ്മമൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, നാകം തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്. മാംസപേശികളുടെ വികാസത്തിനും ഹൃദയകോശങ്ങളുടെ സുന്ദരമായ പ്രവര്‍ത്തനത്തിനും ഏറെ സഹായിക്കുന്നവയാണ് ഇവയില്‍ പല മൂലകങ്ങളും. മറ്റ് ചിലതാവട്ടെ ശരീരത്തിലെ ചില എന്‍സൈമുകളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതൊന്നും അശേഷം തീണ്ടാത്ത ആര്.ഒ. വെള്ളം ജനങ്ങളില്‍ സൂക്ഷ്മമൂലകങ്ങളുടെ കടുത്ത അഭാവത്തിനും കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങളുടെ പെരുപ്പത്തിനും സന്ധി വേദന അടക്കമുള്ള അസുഖങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് ആര്.ഒ. ശുദ്ധജല യന്ത്രങ്ങളെ സംബന്ധിച്ച് നാഷണല്‍ ഹരിത ട്രിബ്യൂണല്‍ 2019 മെയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുരാന്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇടപെടലില്‍ അത് സ്തംഭിച്ചു. കുടിവെള്ളത്തില്‍ നിശ്ചിത അളവ് ടിഡിഎസ് (ജലത്തില്‍ കാണപ്പെടുന്ന ലേയ മാലിന്യങ്ങള്‍) ഉണ്ടായിരിക്കണമെന്നതായിരുന്നു ട്രിബ്യൂണലിന്റെ നിയന്ത്രണങ്ങളില്‍ മുഖ്യം. ഗുജറാത്തിലെ ആര്.ഒ. വെള്ളം ഉപയോഗിക്കുന്ന 2600 നഗരവാസികളില്‍ നടത്തിയ പഠനം 2023 ആഗസ്റ്റില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നു. വെള്ളത്തിലെ ഉപകാരപ്രദമായ കാത്സ്യവും മഗ്നീഷ്യവും (90-92 ശതമാനം) റിവേഴ്സ് ഓസ്മോസിസ് മുഖേന നീക്കം ചെയ്യപ്പെടുന്നായി ആ പഠനം ചൂണ്ടിക്കാണിക്കുന്നു. ആര്.ഒ. ജലത്തിന്റെ നിരന്തര ഉപയോഗവും സന്ധിവേദനയുമായി ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈജിപ്ഷ്യന്‍ ജേര്‍ണല്‍ ഓഫ് ഇന്റേര്‍ണല്‍ മെഡിസിന് 2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പഠനമാവട്ടെ ആര്.ഒ. വാട്ടര്‍ നിരന്തരമായ ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ബി-12 ന്റെ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
കുടിവെള്ളത്തില്‍ നിന്ന് ടിഡിഎസ് അഥവാ മൊത്തം അലിഞ്ഞു ചേര്‍ന്ന ഖരവസ്തുക്കളുടെ അളവ് പൂജ്യം മുതല്‍ 50 പിപിഎം (പാര്‍ട്സ് പെര് മില്യന്‍) ആണെങ്കില്‍ മനുഷ്യന് കുടിക്കാന്‍ പറ്റിയതല്ല. കാരണം അതില്‍ അല്പ്പവും അത്യാവശ്യ മൂലകങ്ങള്‍ ഉണ്ടാവില്ല. ഇത്തരം വെള്ളത്തിനെ ‘ഹംഗ്രി വാട്ടര്‍’ അഥവാ വിശപ്പുള്ള വെള്ളം എന്ന് വിശേഷിപ്പിക്കുന്നു. ആര്.ഓയിലൂടെ വരുന്ന വെള്ളം ഈ ഗണത്തിലാണ് പെടുന്നത്. അന്‍പത് മുതല്‍ 150 വരെ ടിഡിഎസ് സാന്നിധ്യമാണ് ഏറെ ആശാസ്യം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡിന്റെ നിശ്ചയപ്രകാരം ലിറ്റര്‍ ഒന്നിന് 500 മില്ലി ഗ്രാമില്‍ താഴെ ടിഡിഎസ് ആവാം. വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്ന ജൈവവും അജൈവവും (മിനറലുകള്‍, ഉപ്പുകള്‍, ചെറുകണങ്ങള്‍ തുടങ്ങിയവ) ആയ പദാര്‍ത്ഥങ്ങളുടെ അളവാണ് ടിഡിഎസ് അഥവാ ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്സ്.
അതിനാല്‍ ഓര്‍മിക്കുക-അതിശുദ്ധ ജലത്തിനോടുള്ള അമിതമായ അഭിനിവേശം ആപത്താണ്. ജീവനില്ലാത്ത ശുദ്ധജലത്തെക്കാളും ജീവനുള്ള ജലമാണ് ജീവികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യം. അതിനൂതന യന്ത്രങ്ങള്‍ ശുദ്ധീകരിച്ചെടുക്കുന്ന അതിശുദ്ധവെള്ളം അമിതമായി ഉപയോഗിക്കാതിരിക്കുക… അതിനായി പണമെറിഞ്ഞ് മേനി നടിക്കുന്നവരും ഒരു നിമിഷം ചിന്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: