മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് വിടവാങ്ങി. 1946ല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ അദ്ദേഹം പഠനം നിര്‍ത്തി. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്. ഹരി, ജസ്റ്റിസ് കെ. സുകുമാരന്‍ എന്നിവര്‍ സഹപാഠികളായിരുന്നു. പുന്നപ്ര വയലാര്‍ സമരം എം.എം. ലോറന്‍സിന്റെ ജീവിതമാകെ മാറ്റിമറിച്ചു. പുന്നപ്രയില്‍ നടത്തിയതു പോലുള്ള പോലീസ് സ്റ്റേഷന് ആക്രമണം ഇടപ്പള്ളിയിലും ആസൂത്രണം ചെയ്തെങ്കിലും വിജയിച്ചില്ല. എറണാകുളത്തെ പത്രോസായിരുന്ന ലോറന്‍സ് അടക്കമുള്ളവര്‍ അതില്‍ പ്രതികളായി. ജയിലിലുമായി. പാര്‍ട്ടി പിളര്‍ന്നതോടെ ലോറന്‍സ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ടി. കെ. രാമകൃഷ്ണന് ശേഷം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി.
പാര്‍ട്ടി നിശ്ചയിച്ച ആളെ വിവാഹം ചെയ്ത ലോറന്‍സിന് നാലു മക്കളായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന അബി മകനാണ്. പലവട്ടം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലോറന്‍സ് 1980 ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭാംഗമായി. പിന്നീട് നടന്ന പല തെരഞ്ഞെടുപ്പുകളിലും നിര്‍ത്തി തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ നടത്തിയ കുത്സിതശ്രമം ലോറന്‍സ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രണ്ട് തരത്തിലാണ് ആരോപണങ്ങള്‍ പതിവ്. ഒന്ന് സ്ത്രീ വിഷയമാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക. അതില്‍ ലോറന്‍സിനെ പെടുത്താന്‍ കഴിഞ്ഞില്ല. സാമ്പത്തിക ആരോപണമാണല്ലോ രണ്ടാംഘട്ടം. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്കായി. ലോറന്‍സ് വലിയ കള്ളനായിരുന്നുവെന്ന് പ്രചണ്ഡ പ്രചാരണം നടത്തി. അതേക്കുറിച്ച് ലോറന്‍സ് തന്നെ പറഞ്ഞ ഒരു അനുഭവം ഇങ്ങനെയാണ്: ‘തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പില്‍ കെ. ബാബുവായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. മുന്‍കാലങ്ങളില്‍ ടി.കെ. രാമകൃഷ്ണനടക്കം പലരും ജയിച്ച ഇടതുകോട്ട. ബാബു ആണെങ്കില്‍ കന്നിക്കാരന്. അങ്കമാലിയില്‍ നിന്നു വന്ന് തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ. ബാബു ജയിച്ചു, ലോറന്‍സ് തോറ്റു. പാര്‍ട്ടിയുടെ നിരീക്ഷണത്തില്‍ ലോറന്‍സിന്റെ വ്യക്തിപരമായ വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം. സത്യത്തില്‍ തൃപ്പൂണിത്തുറ ഹിന്ദുഭൂരിപക്ഷ മണ്ഡലമാണ്. മുളന്തുരുത്തി മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോള്‍ പോള്‍ പി. മാണി ജയിച്ചത് ഒഴിച്ചാല്‍ ക്രിസ്ത്യാനികളോ കോണ്‍ഗ്രസ് തന്നെയോ അവിടെ നിന്ന് ജയിച്ചിച്ചിട്ടില്ല. എന്‍ഡിപി സ്ഥാനാര്‍ത്ഥി കെ.ജി.ആര്. കര്‍ത്താവിന്റെ കാര്യം വിസ്മരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം ലോറന്‍സ് ഓട്ടോറിക്ഷയില്‍ കയറി. ഡ്രൈവര്‍ സിഐടിയു തൊഴിലാളിയായിരുന്നു. യാത്രാമധ്യേ ലോറന്‍സ് തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചു. ഓട്ടോ ഡ്രൈവറുടെ മറുപടി അദ്ദേഹത്തെ അമ്പരപ്പിച്ചു, അല്ല അക്ഷരാര്‍ത്ഥത്തില്‍ വേദനിപ്പിച്ചു. ‘ആ കള്ളന് ലോറന്‍സ് ആയിരുന്നു ഇവിടുത്തെ സ്ഥാനാര്‍ഥി. ഞാന്‍ പോലും ബാബുവിനാണ് വോട്ട് ചെയ്തത്.’ സിഐടിയുവിന്റെ അഖിലേന്ത്യാ സെക്രട്ടറി വരെയായ ലോറന്‍സ് ആ മറുപടിയില്‍ ജീവച്ഛവമായി. പാര്‍ട്ടി അച്ചടക്കമുള്ള പ്രസ്ഥാനത്തിന്റെ അണികളെ ഇങ്ങനെ പഠിപ്പിച്ചതില്‍ ആ വിപ്ലവകാരിയുടെ മനസ് വ്യാകുലപ്പെട്ടു. തുടര്‍ന്ന് 1998 ല്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും എം.എ. ബേബിയും ചേര്‍ന്ന് ആ ധീരസഖാവിന്റെ കഥകഴിച്ചു. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ടു.
എറണാകുളം കുമാരനാശാന് നഗറിലെ ചെറിയ വീട്ടിലിരുന്ന് ഈ ദു:ഖങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ മനുഷ്യന്റെ കണ്ണുകള്‍ നിറഞ്ഞില്ല. ആര്‍എസ്എസിന്റെ എളമക്കര കാര്യാലയത്തില്‍ വന്ന് തന്റെ സതീര്‍ത്ഥ്യനായിരുന്ന ആര്. ഹരിയോട് ഇത്തരം ദു:ഖങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഈയുള്ളവനും സാക്ഷിയായിരുന്നു. അടുപ്പമുള്ളവരോടു പോലും പരുക്കനായി പെരുമാറുന്ന യഥാര്‍ത്ഥ മനുഷ്യസ്നേഹി. സംഘ കുടുംബത്തിലെ കാരണവരായിരുന്ന പി. പരമേശ്വര്‍ജിയോടൊപ്പം അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായിരുന്നു ലോറന്‍സ്. വ്യക്തിബന്ധങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുത്ത ആ മനുഷ്യസ്നേഹിക്കു നിറകണ്ണുകളോടെ വിട.
(കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: