പന്തിഭോജനം എന്ന് അര്‍ത്ഥം വരുന്ന ‘ സഗ്ധി’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് സദ്യ എന്ന വാക്കിന്റെ പിറവി എന്നാണറിവ്. ലളിതമായി പറഞ്ഞാല്‍ സഹഭോജനം. സദ്യയ്ക്ക് ഇല ഇടുന്നതുമുതല്‍ ചില ചിട്ടവട്ടങ്ങളില്‍ക്കൂടിയാണ് കാര്യങ്ങള്‍ കടന്നു പോകുന്നത്. ‘ഉണ്ടറിയണം ഓണം ‘- എന്നാണ് പഴമക്കാരുടെ പറച്ചില്. വിഭവങ്ങള്‍ വിധിപ്രകാരം വിളമ്പിതീര്ക്കുന്നത് ഒരു കലയാണ്.
തറയില്‍ വിരിച്ച പുല്പ്പായയിലാവാം ചമ്രംപടിഞ്ഞുള്ള ഇരിപ്പ്. ഉണ്ണാനിരിക്കുന്നവരുടെ ഇടത്തുവശത്തായിരിക്കണം നാക്കിലയുടെ അല്ലെങ്കില്‍ തൂശനിലയുടെ തലഭാഗം. സദ്യ വിളമ്പുന്നതിന് മുന്‍പ് പിതൃക്കള്‍ക്ക് ,ഗണപതിയ്ക്ക് ,മഹാബലിക്ക് തെളിഞ്ഞുകത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കി നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി വീടിന്റെ കന്നിമൂലയില്‍ വെയ്ക്കുന്ന പതിവുണ്ടായിരുന്നു.
മേടം രാശിയില്‍ നിന്നും തുടങ്ങി വലത്തോട്ട് എന്ന ക്രമത്തിലാണ് വിളമ്പല്‍ പുരോഗമിക്കുക. നേന്ത്രക്കായ വറുത്തത് ,ശര്‍ക്കര ഉപ്പേരി തുടങ്ങിയവയുടെ സ്ഥാനം ഇലയുടെ ഇടത്ത് ഭാഗത്ത്. പപ്പടവും പഴവും വിളമ്പുന്നതും ഇവിടെത്തന്നെ. ഇടത്തെ മൂലയുടെ മുകള്‍ വശത്ത് പുളിങ്കറി ,പച്ചടി, കിച്ചടി, അവിയല്‍ ,ഓലന്‍. തോരന്‍ , കൂട്ടുകറി. എരിശ്ശേരി. തൊടുകറികള്‍ തുടങ്ങി മറ്റെല്ലാ കറികളും വിളമ്പിക്കഴിഞ്ഞാലാവും ചോറ് വിളമ്പാന്‍ ആളെത്തുക.
ചോറ് വിളമ്പുന്നതിനും ചിട്ടയുണ്ട്. ഇലയുടെ താഴത്തെ ഭാഗത്ത് നടുവിലായി വേണം വിളമ്പാന്‍. അതിനു മുകളില്‍ നെയ്യും പരിപ്പും. കാച്ചിയ പപ്പടം ഞെരിച്ചുടച്ചതും പരിപ്പും നെയ്യും കൂട്ടിക്കുഴച്ച് ഊണു തുടങ്ങാം. ഇനി സാമ്പാറിന്റെ വരവായി. തൊട്ടുപുറകെ പുളിശ്ശേരി. ചോറ് കഴിഞ്ഞാല്‍ മധുരക്കറി അഥവാ പായസം ,പ്രഥമന്‍.
പരിപ്പ് പ്രഥമന്‍, പാല്‍പ്പായസം ,പഴപ്രഥമന്‍ ,സേമിയപ്പായസം ,പാലാട അങ്ങിനെ നീളുന്ന പായസങ്ങളുടെ പേരുകള്‍ .
പായസം കഴിഞ്ഞാല്‍ മോരും രസവും കൂട്ടി രണ്ടോ നാലോ ഉരുളച്ചോറ് ചിലര്‍ക്ക് പഥ്യം.
സദ്യ കേമമാകണമെങ്കില്‍ നാലുകൂട്ടം കറികള്‍, നാലുതരം വറവ്, നാല് ഉപദംശം (തൊടുകറി ) എന്നത് പഴയ രീതി.
വിവിധതരം പച്ചക്കറിവിഭവങ്ങളുടെ ചേരുവയായ സാമ്പാറില്‍ ധാരാളം നാരുകളടങ്ങിയതിനാല്‍ ദഹനത്തോടൊപ്പം മലബന്ധം ഒഴിവാക്കുന്നു .
പോഷകസമ്പന്നം .വിറ്റാമിനുകളും പ്രോട്ടീന്‍ സമ്പുഷ്ടവുമായ അവിയല്‍ തുടങ്ങി ഓരോവിഭവങ്ങളുടെയും രുചിപ്പെരുമയ്ക്കൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞാല്‍ തീരില്ല ഭക്ഷണംതന്നെയാണ് ആയുര്‍വ്വേദം എന്നത് സദ്യയിലൂടെ ഇവിടെ പൂര്‍ണ്ണമാവുന്നു .
ഓണസദ്യ പൊതുവെ വെജിറ്റേറിയന്‍ ആണെങ്കിലും വടക്കേ മലബാറില്‍ ആട്ടിറച്ചിയും കോഴിയിറച്ചിയും അയക്കൂറ ,ആകോലി തുടങ്ങിയ മീന്‍ വിഭവങ്ങളുമൊക്കെയാവും സദ്യയിലെ മികച്ച താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: