പണ്ട് പണ്ട് അതിശക്തനായൊരു നേതാവുണ്ടായിരുന്നു. രാജാവിനെക്കാളും കരുത്തനായ നേതാവ്. സ്വന്തമായി വലിയൊരു സാമ്രാജ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്താങ്ങാന് സ്വന്തമായൊരു പാര്‍ട്ടിയും ആ നേതാവിനുണ്ടായിരുന്നു. റാന്‍ മൂളാന്‍ കോടിക്കണക്കിന് പ്രജകളും.
അങ്ങനെയിരിക്കെ നേതാവിനൊരു ഉള്‍വിളി ഉണ്ടായി. നാട്ടിലെ ദാരിദ്ര്യം തുടച്ചുമാറ്റണം. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. പോഷകാഹാരക്കുറവ് ഇനി ഇന്നാട്ടില് ഉണ്ടാവരുത്. ഉറങ്ങിയെണീറ്റപ്പോള്‍ നേതാവിനു മുന്നില്‍ പരിഹാര മാര്‍ഗം തെളിഞ്ഞു. രാജ്യത്തെ ക്ഷുദ്രജീവികളെ മുഴുവന്‍ കൊല്ലുക. കുരുവികളെ മുഴുവന്‍ ചുട്ടെരിക്കുക. കുരുവികള്‍ കതിരുകള്‍ കൊത്തിയെടുക്കുന്നതാണ് വിളവ് കുറയാന്‍ കാരണം. അതിനാല്‍ തന്റെ നാട്ടില്‍ ഇനി കുരുവികള്‍ വേണ്ട.
ഈ നേതാവിനെ കേട്ടറിയാത്തവര്‍ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാവില്ല. പേര് മാവേ സേതൂങ്. ചൈനാ മഹാരാജ്യത്തിന്റെ മഹാരാജാവ്… ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത ഭരണാധികാരി. 1957 ല്‍ നടന്ന എട്ടാം സി.പി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സെഷനില്‍ വച്ചാണ് മാവോ തന്റെ കണ്ടെത്തലും പരിഹാര മാര്‍ഗവും പ്രഖ്യാപിച്ചത്. ചൗ എന്‍ ലായ് അടക്കം എല്ലാവരും കൈപൊക്കി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു-തീരുമാനവും ഉത്തരവും നടപ്പാക്കലും ഒക്കെ!
രാജ്യസ്നേഹത്തില്‍ ഊന്നിയായിരുന്നു മാവോയുടെ ഉത്തരവ്. ഈച്ച, എലി, കൊതുക്, കുരുവി എന്നിങ്ങനെ നാല് ശത്രുക്കളെ കൊന്നുമുടിക്കാനായിരുന്നു മാവോയുടെ ആഹ്വാനം. ചതുര്‍കീട നിയന്ത്രണ പരിപാടി. പക്ഷേ ഫലത്തില്‍ അത് കുരുവിയുടെ കൂട്ടക്കൊലയായി മാറി. ‘ഗ്രേറ്റ് സ്പാരോ കാംപയിന്’ ചൈനാ രാജ്യത്തെ ഇളക്കി മറിച്ചു. നാടും നഗരവും, സ്കൂള്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളുമെല്ലാം കുരുവിയെ കൊല്ലാനിറങ്ങി.
1948 ല്‍ തുടക്കമിട്ട കുരുവി നിര്‍മാര്‍ജനം ഇങ്ങനെയായിരുന്നു-കുരുവിയെ എവിടെ കണ്ടാലും കൊന്നൊടുക്കുക. പറക്കുന്ന കുരുവിയെ എറിഞ്ഞു കൊല്ലുക; തോക്കുള്ളവര്‍ വെടിവച്ച് വീഴ്ത്തുക; കുരുവിക്കൂട് എവിടെ കണ്ടാലും വലിച്ചുപറിച്ച് കളയുക: കുരുവി മുട്ടകള്‍ തേടിപ്പിടിച്ച് തല്ലിപ്പൊട്ടിക്കുക… കുരുവിയുടെ സാന്നിധ്യം അറിഞ്ഞാലുടന്‍ പിഞ്ഞാണത്തില്‍ തവികൊണ്ട് ആഞ്ഞ് മുട്ടണമെന്നായിരുന്നു നിര്‍ദേശം. ആ ശബ്ദത്തില്‍ അവ ഭയക്കണം. പറന്ന് പറന്ന് തളര്‍ന്ന് വീണ് മരിക്കണം!
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ആവശ്യാനുസരണം അവധി നല്‍കാനും സര്‍ക്കാര്‍ മറന്നില്ല. കൂടുതല്‍ കുരുവികളെ കൊന്നൊടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. കുരുവിവേട്ട പരിസ്ഥിതി ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നല്കിയ ശാസ്ത്രജ്ഞന്മാര്ക്ക് പീഡനം ഉറപ്പാക്കാനും സര്‍ക്കാര്‍ മറന്നില്ല. അവര്‍ക്കൊക്കെ ജോലി പോയി. ജനകീയ വിചാരണ കിട്ടി. ജയില്‍ വാസവും ലഭിച്ചും. ചൈനയിലെ മറ്റ് രാജ്യങ്ങളുടെ എംബസികളെപ്പോലും വേട്ടക്കാര്‍ വെറുതെ വിട്ടില്ല. ഒരുപാട് കുരുവികള്‍ അവിടെയൊക്കെ അഭയം തേടി. അവിടെയൊക്കെ വേട്ടക്കാര്‍ പിന്നാലെയെത്തി. അകത്ത് കടക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പോളീഷ് എംബസിക്കുമുന്നില്‍ സംഘര്‍ഷം വരെ ഉണ്ടായത്രേ. വേട്ടക്കാര്‍ എംബസി വളപ്പിനു ചുറ്റും നിന്ന് പിഞ്ഞാണത്തില്‍ കൊട്ടി പക്ഷികളെ തളര്‍ത്തി. രണ്ടു ദിവസം കഴിഞ്ഞതോടെ അവയൊക്കെ എംബസി വളപ്പില്‍ തളര്‍ന്നു വീണു മരിച്ചു.
അങ്ങനെ രണ്ടുവര്‍ഷം കൊണ്ട് ചൈനക്കാര്‍ കൊന്നൊടുക്കിയത് 100 ലക്ഷം കുരുവികളെ. എന്നിട്ടും ഭക്ഷണ സുരക്ഷ നേടാനായില്ല. പകരം രാജ്യമാകെ ഭക്ഷ്യക്ഷാമം. പട്ടിണി പടര്‍ന്നുപിടിച്ചു. ‘ഗ്രേറ്റ് ചൈനീസ് ഫാമിന്’ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ആ കൊടുംക്ഷാമത്തില്‍ മരിച്ചത് നാലരകോടി മനുഷ്യര്‍. ചൈനീസ് കണക്ക് പ്രകാരം വെറും ഒന്നരകോടി മനുഷ്യര്‍. ഒടുവില്‍ മാവോയുടെ ബോധം തെളിഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും വെളിച്ചം വീണു. കുരുവികള്‍ ധാന്യമണികള്‍ മോഷ്ടിക്കുന്ന കള്ളന്മാരല്ലന്ന് കാലം അവരെ മനസ്സിലാക്കി.
കുരുവികള്‍ വിളകളെ നശിപ്പിക്കുന്ന ആയിരക്കണക്കിന് പരജീവികളെയും കൃമികീടങ്ങളെയും കൊന്നൊടുക്കുന്ന കര്ഷകമിത്രങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. കുരുവികള്‍ ചത്തൊടുങ്ങിയതോടെ വെട്ടുക്കിളികളുടെ ആക്രമണം രൂക്ഷമായത് അവര്‍ നേരിട്ട് കണ്ടു. നെല്‍പ്പാടങ്ങളും ഗോതമ്പുപാടങ്ങളുമെല്ലാം വെട്ടുക്കിളികള്‍ തിന്നൊടുക്കി. മുഞ്ഞയുടെയും ചെള്ളിന്റെയും തേരോട്ടത്തില്‍ ധാന്യവിളകള്‍ തകര്‍ന്നടിഞ്ഞു. കുരുവിക്കെതിരായ പോരാട്ടത്തില്‍ അറിഞ്ഞും അറിയാതെയും ഇതരപക്ഷിജാലങ്ങളും മൃതിയടഞ്ഞതോടെ നാട്ടിലെ ജൈവവൈവിധ്യം തകിടം മറിഞ്ഞു.
ചൈനയിലെ കുരുവിവേട്ടയും കുരുവിവേട്ടയും തുടര്‍ന്നുവന്ന ഭീകരക്ഷാമവും ‘ശവകുടീരം’ (ടോംബ് സ്റ്റോണ്‍- ദി ഗ്രേറ്റ് ചൈനീസ് ഫാമിന് 1958-1962)എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകനായ യാങ് ജിഷെങ് വരച്ചുകാട്ടിയിട്ടുണ്ട്. പട്ടിണിമൂലം മനുഷ്യര്‍ മൃതശരീരങ്ങളും ചത്തമൃഗങ്ങളും മരത്തൊലികളും ഭക്ഷിക്കാന്‍ നിര്‍ബന്ധിതരായ ദയനീയ ചരിത്രം യാങ് തന്റെ പുസ്തകത്തില്‍ വരച്ചുകാട്ടി. തന്റെ നാട്ടിലെ 360 ലക്ഷം മനുഷ്യജീവികള്‍ പട്ടിണികിടന്ന് മരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയിലെ പത്രപ്രവര്‍ത്തകനായിരുന്ന യാങ് സ്ഥാപിക്കുന്നു. പക്ഷേ ‘ടോംബ് സ്റ്റോണ്‍’ നിരോധിക്കാന്‍ ചൈനയ്ക്ക് അന്ന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല.
കൃത്യം രണ്ടുവര്‍ഷം. 1960 അവസാനമായപ്പോള്‍ സര്‍ക്കാര്‍ തങ്ങള്‍ കാട്ടിക്കൂട്ടിയ ആനമണ്ടത്തരം തിരിച്ചറിഞ്ഞു. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. നാടെങ്ങും കീടങ്ങള്‍ പെരുകിയിരുന്നു. അവ വിളവ് തിന്നുമുടിച്ചു. ജനം ഈയാംപാറ്റകളെ പോലെ പട്ടിണികൊണ്ട് ചത്ത് വീണു. അതുകണ്ട് മാവോ ഉത്തരവിട്ടു-ഇനി കുരുവിവേട്ട വേണ്ട. അവയെ നമുക്ക് തിരികെ കൊണ്ടുവരണം. ക്ഷുദ്ര ജീവികളുടെ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ കുരുവിയെ വെട്ടി. പകരം മൂട്ടയുടെ പേര് എഴുതിച്ചേര്‍ത്തു. കുരുവി വേട്ട പരിസ്ഥിതി ദുരന്തമാകുമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞന്മാരെ തുറന്നുവിട്ടു. അവരെ ജോലിയില്‍ തിരിച്ചെടുത്തു.
ആദ്യപടിയായി സോവിയറ്റ് റഷ്യയില്‍ നിന്ന് 25 ലക്ഷം കുരുവികളെ ചൈന ഇറക്കുമതി ചെയ്തു. സംയോജിത കീടനിയന്ത്രണം, വിളകളുടെ പുനഃചംക്രമണം, കൃഷിയിലെ വൈവിധ്യവത്കരണം. മണ്ണിന്റെയും ജലത്തിന്റെയും സമഗ്ര വിനിയോഗം തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിളവ് മെച്ചപ്പെടുത്താന്‍ ചൈന ശ്രമം തുടങ്ങി. എങ്കിലും ശാസ്ത്രബോധമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ വീണ്ടുവിചാരമില്ലാത്ത നടപടികള്‍ ഒരു രാഷ്ട്രത്തെ മുഴുവന്‍ വലിയൊരു ദുരന്തത്തിലേക്ക് തള്ളിയിട്ടതിന്റെ ഉദാഹരണമായി ചൈനയിലെ കുരുവി വേട്ടയും മഹാക്ഷാമവും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനംപിടിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ഇരട്ടി ആളുകള്‍ ചൈനയില്‍ പട്ടിണി കിടന്നു മരിച്ചതായി രേഖപ്പെടുത്തപ്പെട്ടു.
‘ഗ്രേറ്റ് ലീപ് ഫോര്‍വേഡ്’ അഥവാ ‘വമ്പന്‍ കുതിച്ചു ചാട്ടം’ എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി ‘കിതച്ചു ചാടി’ തകര്‍ന്നു വീണത് ലോകത്തിന് മാതൃകയായി മാറി. പക്ഷേ 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളത്തിലുണ്ടായിരുന്ന 30000 സര്‍പ്പക്കാവുകളെ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ആയിരത്തില്‍ത്താഴെ ആക്കി മാറ്റിയ ‘ബുദ്ധിമാന്മാരായ’ നമുക്ക് ഇത് വല്ലതും മനസ്സിലാവുമോ? അതിനുള്ള ചിന്താശേഷി നമുക്ക് എന്നേ കൈമോശം വന്നുവല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: