പാലാഴിയില്‍ അനന്തന്റെ മേല്‍ ശയിക്കുന്ന വിഷ്ണു ഒരു പ്രതീകാത്മക അവതരണമാണ്. അനന്തന് ഭഗവാന്റെ അനന്തശക്തിയാകുന്നു. അതില്‍ നിന്ന് എത്ര ലോകങ്ങള്‍ പ്രവഹിച്ചാലും അത് അനന്തമായിത്തന്നെ അവശേഷിക്കുന്നു. ഇപ്രകാരം ശേഷിക്കുന്ന അനന്തശക്തിയുടെ (അനന്തന് ‘ശേഷനു’മാണല്ലോ) ഉടമയാണ് ഭഗവാന്. അനന്തതയില്‍ നിന്ന് അനന്തമായവ എടുത്തുമാറ്റിയാലും അത് അനന്തമായിത്തന്നെ ശേഷിക്കുന്നു. ഈ അനന്തശക്തിയെ അതിക്രമിച്ചു ശയിക്കുന്ന ബോധസ്വരൂപമാകുന്നു ഭഗവാന് (cosmic onsciousness). ജീവാത്മാവിന്റെ സ്ഥിതിയും ഇതുതന്നെയാണ്. അന്തമില്ലാതെ, വിവിധങ്ങളാകുന്ന വിഷയങ്ങള്‍ ഓരോ നിമിഷത്തിലും ഉള്ളിലേക്ക് കടക്കുന്നു. ബോധം (pure awareness) അവയെയെല്ലാം ഗ്രഹിക്കുന്നുവെങ്കിലും അത് സ്വരൂപവ്യതിയാനമില്ലാതെ എല്ലാറ്റിനും മേലെ നിലകൊള്ളുന്നു. ബോധം ചിലപ്പോള്‍ മറയ്ക്കപ്പെടാം, പക്ഷേ ഇല്ലാതാകുന്നില്ല.
പാലാഴിയെന്നത് പ്രപഞ്ചകാരണമാകുന്ന ആദിശക്തിയുടെ പ്രതീകമാണ്. തരംഗങ്ങളായി ഒഴുകുന്നതിനാല്‍ ശക്തിയെ ജലമായി ചിത്രീകരിച്ചിരിക്കുന്നു. അമൃതിനുവേണ്ടി പാലാഴി കടയുന്നതും പ്രതീകാത്മക വിവരണമാണ്. രജസ്സ്, സത്വം, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെയും ഉറവിടമാണ് കാരണജലം. വ്യക്തിഗതമായി പറയുമ്പോള്‍ മനസ്സ് ത്രിഗുണാത്മകമാണ്. അതിന്റെ അടിസ്ഥാനം കാരണശരീരമാകുന്നു. ഈ കാരണ ശരീരത്തില്‍ നിന്നാണ് ബ്രഹ്മാനന്ദമാകുന്ന അമൃത് മുകളിലേക്ക് പൊന്തിവരുന്നത്. ഇതിനായി മനസ്സിന്റെ മഥനം നടക്കേണ്ടതുണ്ട്. ഇതിനാലാണ് അമൃതിനായി സാത്വികഗുണ പ്രധാനികളാകുന്ന ദേവന്മാരും താമസിക ഗുണ പ്രധാനികളാകുന്ന അസുരന്മാരും ഒരുമിച്ചു പ്രയത്നിക്കേണ്ടി വന്നത്. വിപരീത ശക്തികളുടെ ഊര്‍ജം ഒരുമിച്ചിരിക്കുന്ന സമാവസ്ഥയില്‍ മാത്രമേ കാരണശരീരം പ്രകടമാവുകയുള്ളൂ. ഇതിനെ ‘സമാധി’ എന്നു വിളിക്കാം. ‘ധി’ (ബുദ്ധി, മനസ്സ്) സമമായിരിക്കുമ്പോള്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ഈ ‘അമൃത്’ അമരത്വം അഥവാ മുക്തിയാകുന്നു. മനസ്സില്‍ ഉറപ്പിച്ചിട്ടുള്ള ആഗ്രഹങ്ങള്‍, സങ്കല്‍പ്പങ്ങള്‍, വിശ്വാസങ്ങള്‍, മറ്റ് വിചാരങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന വിഗ്രഹങ്ങളെ കടഞ്ഞുടച്ച് മുന്നേറുമ്പോള്‍ മാത്രമാണ് മനസ്സിനെ ജയിക്കാന്‍ സാധിക്കുന്നത്. ഇപ്രകാരം മനസ്സിലെ ത്രിഗുണങ്ങളെ ജയിക്കുന്ന അവസ്ഥയാണ് അമരത്വം അഥവാ മുക്തി.
പ്രപഞ്ചശക്തിയുടെ ഉറവിടമാകുന്ന കാരണശക്തിയുടെ പ്രഭാവം പ്രാപ്തമാക്കുന്നവര്‍ അക്ഷയ ശക്തിക്ക് (അമൃത്) ഉടമകളായിത്തീരുന്നു. അതിനാലാണ് ദാനവന്മാര്‍ക്ക് അമൃത് നല്കാന് വിഷ്ണു തയ്യാറാകാത്തത്. മോഹിനിയായി വിഷ്ണു അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ദാനവന്മാര്‍ മോഹത്തിലാണ്ടുപോയി. ഇങ്ങനെ ആസക്തി പൂണ്ടവര്‍ക്ക് അമരത്വം ലഭ്യമാകുന്നില്ല. അവര്‍ അക്ഷയവും അനന്തവുമായ ശക്തി കരസ്ഥമാക്കുന്നത് അപകടകരവുമാണ്. ലോകമംഗളകാരിയായ വിഷ്ണുവിന് സദാ സാത്വിക ഗുണത്തെ പരിപോഷിപ്പിക്കുന്നതിലാണ് താല്‍പ്പര്യം.
ഭക്തി-ജ്ഞാന-വൈരാഗ്യങ്ങള്‍
മഹാഭാഗവതത്തിന്റെ തുടക്കത്തില്‍ പത്മപുരാണാന്തര്‍ഗതമായിട്ടുള്ള ഭാഗവത മാഹാത്മ്യം ചേര്‍ത്തിട്ടുണ്ട്. അതില്‍ ഭക്തി-ജ്ഞാന-വൈരാഗ്യങ്ങളാണ് മുക്തിക്ക് നിദാനമെന്നും, ഇവ വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ഭാഗവതം രചിക്കപ്പെട്ടിട്ടുള്ളതെന്നും ബോധ്യപ്പെടുത്തുന്നതിനായി ഭക്തി-ജ്ഞാന-വൈരാഗ്യങ്ങളെ ‘മിത്തു’രൂപേണയാണ് അവതരിപ്പിച്ചിട്ടുള്ളത്. അധര്‍മപ്രധാനവും പ്രതികൂലശക്തിയുമായ ‘കലി’ ഭൂമിയെ ബാധിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ നാരദന് പുഷ്കരം, പ്രയാഗ, കാശി മുതലായ തീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭൂമിയില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ സത്യവും ദയയും ദാനവും വെടിഞ്ഞ മൂഢബുദ്ധികളെയും അസന്മാര്‍ഗസഞ്ചാരികളെയുമാണ് കൂടുതലായി കാണാന്‍ സാധിച്ചത്. ദേവാലയങ്ങള്‍ നീചന്മാരാല്‍ കയ്യടക്കപ്പെട്ടിരുന്നു. ജനങ്ങള്‍ അതിക്രൂരമായ കര്‍മങ്ങള്‍ ചെയ്യുന്നവരും നാസ്തികന്മാരുമായിത്തീര്‍ന്നു. കലിദോഷങ്ങള്‍ കണ്ട് വിഷണ്ണനായ മഹര്‍ഷി ഒടുവില്‍ ശ്രീകൃഷ്ണന്റെ വിഹാര രംഗമായിരുന്ന യമുനാതീരത്തെത്തുന്നു. അവിടെ കണ്ടത് മൃതപ്രായരായിക്കിടക്കുന്ന രണ്ടു വൃദ്ധന്മാരുടെ മധ്യത്തിലിരുന്ന് കരയുന്ന ഒരു യുവതിയെയാണ്. അവളോട് കാര്യമന്വേഷിച്ചപ്പോള്‍ അവള് ‘ഭക്തി’ യാണെന്നും, ആ വൃദ്ധന്മാര് അവളുടെ സന്താനങ്ങളാകുന്ന ജ്ഞാനവൈരാഗ്യങ്ങളാണെന്നും അറിയാന്‍ കഴിഞ്ഞു. ഭക്തിയെ ഘോരമായ കലിയുടെ പ്രേരണയാല്‍ മനുഷ്യര്‍ പീഡിപ്പിച്ചതിന്റെ ഫലമായി അവള്‍ക്കും പുത്രന്മാര്ക്കും യൗവ്വനക്ഷയം സംഭവിച്ചുപോയി. ഗത്യന്തരമില്ലാതെ ഉത്തരദേശത്തേക്ക് ഗമിച്ച അവര്‍ ശ്രീകൃഷ്ണ ലീലയുടെ സ്മരണകളുണര്‍ത്തുന്ന യമുനാതടത്തിലെത്തിയപ്പോള്‍ ഭക്തിക്ക് അവളുടെ യൗവ്വനം വീണ്ടെടുക്കാനായി. എന്നാല്‍ പുത്രന്മാരായ ജ്ഞാന വൈരാഗ്യങ്ങള്‍ വാര്‍ദ്ധക്യബാധിതരായി തുടര്‍ന്നു. നാരദന് ഈ വിവരം സനകാദികളെ ബോധ്യപ്പെടുത്തുന്നു. അവരുടെ ഉപദേശപ്രകാരം നാരദന് ഗംഗാ തടത്തില്‍ ഭാഗവത സപ്താഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ശുകശാസ്ത്രമെന്ന പേരിലും അറിയപ്പെടുന്ന മഹാഭാഗവതത്തിന്റെ ഉള്ളടക്കം സനകാദികള്‍ ജനങ്ങള്‍ക്ക് ഉപദേശിക്കുന്നു. തദവസരത്തില്‍ അവിടേക്കാനയിക്കപ്പെട്ട ഭക്തി ജ്ഞാന വൈരാഗ്യങ്ങള്‍ പൂര്‍ണ്ണസുഖം പ്രാപിച്ച് യൗവ്വനാവസ്ഥ വീണ്ടെടുക്കുന്നു.
ശേഷമുള്ള കഥയും ഇതുതന്നെ വ്യക്തമാക്കുന്നു. സനത് കുമാരന്മാര് സപ്താഹത്തില്, തുംഗഭദ്രാ നദിയുടെ തീരത്ത് ജീവിച്ചിരുന്ന ആത്മദേവന് എന്നൊരു ബ്രാഹ്മണന്റെ കഥ പറയുന്നു. ആത്മദേവന്റെ പത്നി കലഹപ്രിയയും ദുശ്ശാഠ്യക്കാരിയുമായിരുന്നുവത്രേ. അവര്‍ക്ക് സന്താന ഭാഗ്യമില്ലാതിരുന്നതിനാല്‍ ആത്മദേവന് വല്ലാതെ നിരാശനായിരുന്നു. ഒരിക്കല്‍ ദിവ്യനായ ഒരു സംന്യാസിയെ കണ്ടുമുട്ടുന്നു. തന്റെ വ്യസനത്തെപ്പറ്റി ആ സംന്യാസിശ്രേഷ്ഠനോട് പറഞ്ഞപ്പോള്‍ ഇത്തരം ദുഃഖം അജ്ഞാനം നിമിത്തമാണെന്നതിനാല്‍ വിവേകം കൈവരിച്ച് മനശ്ശാന്തി നേടാനായിരുന്നു ഉപദേശം. ആത്മദേവനാകട്ടെ, സംന്യാസിയുടെ ഉപദേശം സ്വീകരിക്കാതെ സന്താന സൗഭാഗ്യത്തിന് അനുഗ്രഹം നല്‍കണമെന്ന് വാശിപിടിച്ചു. ഒടുവില്‍ ആത്മദേവന്റെ പത്നിക്ക് കഴിക്കാനായി സംന്യാസി ഒരു ദിവ്യഫലം നല്കി. പക്ഷേ ബ്രാഹ്മണ പത്നി പഴം കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. കാരണം ഗര്‍ഭകാലത്തെ കഷ്ടതകളും പ്രസവവേദനയും സഹിക്കാന്‍ അവള് ഒരുക്കമല്ലായിരുന്നു. അവള് ആ പഴം പശുവിന് നല്‍കിയിട്ട് താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും, അനുജത്തിയുടെ കുഞ്ഞിനെ ധനം നല്കി സ്വന്തമാക്കുകയും ചെയ്തു. ആ പുത്രന് ‘ധുന്ധുകാരി’ എന്ന പേര് നല്കി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഴം തിന്ന പശു ദിവ്യനും നിര്‍മലനുമായ ഒരു ബാലനെ പ്രസവിച്ചു. ചെവി മാത്രം പശുവിന്റേതായിരുന്ന ആ കുഞ്ഞിന് ‘ഗോകര്‍ണന്‍’ എന്നു പേരിട്ടു. വളര്‍ന്നപ്പോള്‍ ഗോകര്‍ണന്‍ സല്‍സ്വഭാവിയും ജ്ഞാനിയുമായി. എന്നാല്‍ ദുന്ധുകാരി മഹാദുഷ്ടനായി വളര്‍ന്നു. ധുന്ധുകാരിയുടെ ദുഷ്കൃത്യങ്ങളും പീഡനവും കാരണം നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന ആത്മദേവന് ഗോകര്‍ണന്‍ ആത്മീയോപദേശം നല്കി. സംസാരത്തില്‍ മോഹസാഫല്യത്തിനായി വാശിപിടിച്ചതുകാരണമുണ്ടായ ദൗര്‍ഭാഗ്യം മനസ്സിലാക്കിക്കൊടുത്തു. തുടര്‍ന്ന് ആത്മദേവന് വനത്തിലേക്കു പോയി ഭക്തിമാര്‍ഗം സ്വീകരിച്ച് മുക്തി പ്രാപിച്ചു. ധുന്ധുകാരിയുടെ ദ്രോഹം സഹിക്കാന്‍ കഴിയാതെ മാതാവ് ആത്മഹത്യ ചെയ്തു. ഗോകര്‍ണനും ഇതിനകം വീട് വിട്ടുപോയിരുന്നു.
ഒറ്റയ്ക്കായ ധുന്ധുകാരി വേശ്യാ സ്ത്രീകളെ വീട്ടില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. അവര്‍ അയാളെ ക്രൂരമായി കൊലചെയ്തശേഷം ധനമെല്ലാം അപഹരിച്ചുകൊണ്ടുപോയി. ധുന്ധുകാരി ഒരു മഹാപ്രേതമായിത്തീര്‍ന്നു. ഉഗ്രരൂപിയായ അയാള്‍ ഗോകര്ണന്റെ മുന്നിലെത്തി ദുഷ്ക്കര്‍മ്മ ഫലമായ തന്റെ ദുരവസ്ഥയുടെ മോക്ഷത്തിനായി കരഞ്ഞപേക്ഷിച്ചു. ഭാഗവത സപ്താഹ ശ്രവണം കൊണ്ട് ധുന്ധുകാരിക്ക് മോചനം ലഭിക്കുമെന്ന് മനസ്സിലാക്കിയ ഗോകര്‍ണന്‍ സപ്താഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ഗോകര്‍ണന്‍ ഭാഗവതം പാരായണം തുടങ്ങിയപ്പോള്‍ ധുന്ധുകാരി അവിടെയുണ്ടായിരുന്ന ഏഴ് മുട്ടുകളോടുകൂടിയ ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിലൂടെ അതിനുള്ളില്‍ പ്രവേശിച്ച് ഇരിപ്പുറപ്പിച്ചു. ആദ്യദിവസത്തെ പാരായണം കഴിഞ്ഞപ്പോള്‍ ആ മുളയുടെ ആദ്യത്തെ മുട്ടു പൊട്ടി. ഓരോ ദിനത്തിന്റെയും അവസാനം ഓരോ മുട്ടു വീതം പൊട്ടി. ഏഴാം ദിനത്തില്‍ മുളയുടെ ഏഴ് മുട്ടുകളും പിളരുകയും, ധുന്ധുകാരിയുടെ പ്രേതാവസ്ഥ മാറി അയാള്‍ മോക്ഷം പ്രാപിക്കുകയും ചെയ്തുവത്രേ.
ഈ കഥ പ്രതീകാത്മകമാണെന്ന് ആഗമങ്ങള്‍ വായിക്കുന്നവര്‍ക്ക് വളരെ സ്പഷ്ടമാണ്. മനുഷ്യശരീരത്തില്‍ സ്ഥിതിചെയ്യുന്ന സൂക്ഷ്മനാഡികളില്‍ ഏറ്റവും പ്രധാനപ്പെട്ട സുഷുമ്നാ നാഡി നട്ടെല്ലിന്റെ മാര്‍ഗത്തിലാണുള്ളത്. അതില്‍ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ, സഹസ്രാരം എന്നിങ്ങനെ ഏഴ് സൂക്ഷ്മഗ്രന്ഥികളെ അടയാളപ്പെടുത്തിയിരിക്കുന്നു. മോക്ഷപ്രാപ്തിക്കായി ജീവാത്മാവ് താഴെയുള്ള ആറ് ശക്തി കേന്ദ്രങ്ങളില്‍ ഒന്നിലും തളയ്ക്കപ്പെടാതെ സഹസ്രാരത്തിലെത്തിച്ചേര്‍ന്ന് അവിടെ സ്ഥിതിചെയ്യുന്ന പരാശക്തി അഥവാ അനന്ത ശക്തിയെയും കടന്ന് അതിന്മേല് ശയിക്കുന്ന കേവല ബോധസ്വരൂപമാകുന്ന വിഷ്ണുവിനെ പ്രാപിക്കേണ്ടതുണ്ട്. ഭാഗവത സപ്താഹം ശ്രവിച്ച ധുന്ധുകാരി ഏഴു ദിനങ്ങള്‍ കൊണ്ട് ഏഴ് ശക്തികേന്ദ്രങ്ങളെയും കടന്ന് വിഷ്ണു സ്വരൂപം പ്രാപിച്ചുവെന്നാണ് ഭാഗവതമഹാത്മ്യം വ്യക്തമാക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: