ഈ പ്രപഞ്ചം കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബിന്ദുവില്‍ നിന്നുളള മഹാസ്ഫോടനത്തോടെയാണ് തുടക്കം കുറിച്ചതെന്ന് ഭൗതികശാസ്ത്രവും കണ്ടുപിടിച്ചിട്ടുണ്ട്. ഈ ബിന്ദുവിനെ (Sigularity) ശൂന്യബിന്ദുവായിട്ടാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇതിനര്‍ത്ഥം അത് ദ്രവ്യശൂന്യമായിരുന്നുവെന്നു മാത്രമാണ്, തികച്ചും ശൂന്യമായിരുന്നില്ല. കാരണം ബലം (force) കൂടാതെ സ്ഫോടനം സാധ്യമല്ല. അതായത് കേന്ദ്രീകൃതമായിരുന്ന പ്രപഞ്ച ശക്തിയുടെ ആദിസ്രോതസ്സാകുന്ന ബിന്ദുവാണ് സ്ഫോടനത്തിന് വിധേയമായത്. ഈ ശക്തി വ്യാപിച്ചതാണ് പ്രപഞ്ചം. വേദപുരാണങ്ങളില്‍ അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്നതായി പറയുന്ന ഈ ശക്തിയുടെ സ്രോതസ്സിനെയാണ് ‘ബ്രഹ്മം’ എന്നു വിളിച്ചത്. പ്രത്യേക ജീവിയെക്കുറിച്ച് പറയുമ്പോള്‍ ‘ബ്രഹ്മ’ ശബ്ദത്തിനു പകരം ‘ആത്മാ’ എന്ന് പ്രയോഗിക്കുന്നു. ‘ബ്രഹ്മ’ ശബ്ദത്തിന്റെ ഉത്ഭവമാകുന്ന സംസ്കൃതത്തിലെ ‘ബൃഹ്’ ധാതുവിന് വികസിക്കുക, വര്‍ദ്ധിക്കുക, ശബ്ദിക്കുക, ഗര്ജ്ജിക്കുക എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്.
പ്രപഞ്ചം ശക്തിസ്വരൂപമാണെന്ന് അതിപുരാതനകാലത്തുതന്നെ ഭാരതീയര്‍ അറിഞ്ഞിരുന്നു. പ്രപഞ്ചശക്തിയെയും അതിന്റെ രൂപാന്തരങ്ങളാകുന്ന തത്ത്വങ്ങളെയും (ദേവന്മാരെ) ഭാരതീയര്‍ ആരാധിച്ചു പോരുകയും ചെയ്തു. തന്ത്രവിദ്യാ സമ്പ്രദായത്തിലെ യന്ത്രങ്ങളില്‍ ബിന്ദുവിനാണ് ഏറ്റവും പ്രാധാന്യം. ഇത് പ്രപഞ്ചത്തിന്റെ സ്രോതസ്സായി കല്‍പ്പിക്കപ്പെടുന്നു. ആദിശക്തിയുടെ കേന്ദ്രീകൃതമായ അവസ്ഥയാണിത്. ഇവിടെ ശക്തി ശുദ്ധബോധസ്വരൂപമാകുന്ന ശിവനോട് യോജിച്ചിരിക്കുന്നു.
വൈദിക ജ്ഞാനത്തില്‍ ‘ബ്രഹ്മം’ എന്നത് പ്രപഞ്ചശക്തിയുടെ സ്രോതസ്സുമാത്രമല്ല, അത് ശുദ്ധബോധവുമാകുന്നു. പ്രപഞ്ചം ശക്തിമയമാണെന്നു സ്ഥാപിച്ച ഭൗതിക ശാസ്ത്രമാകട്ടെ, പ്രപഞ്ചശക്തിക്ക് ബോധം കല്‍പ്പിക്കുന്ന കാര്യത്തില്‍ സുദൃഢമായ നിഗമനത്തിലെത്തിയിട്ടില്ല. അത് സാധ്യമാകാത്തതിനു കാരണം ബോധത്തെ ഒരാള്‍ക്കും വിഷയമാക്കാനാവില്ല എന്നതുകൊണ്ടാണ്. ബോധം വിഷയത്തെ ഗ്രഹിക്കുന്ന വിഷയിയാണ്. വിഷയിയെ അഥവാ ശുദ്ധബോധത്തെ സാക്ഷാത്കരിക്കാന്‍ ബാഹ്യലോക വിഷയങ്ങള്‍ വിട്ട് ഉള്ളിലേക്ക് സഞ്ചരിക്കണം. വിഷയി-വിഷയം എന്ന ദ്വന്ദ്വാവസ്ഥയുള്ളതുകൊണ്ടാണ് നമുക്ക് ബാഹ്യലോകത്തെ അനുഭവിക്കാനും, ശാസ്ത്രജ്ഞന് അതിനെ പഠിക്കാനും സാധിക്കുന്നത്. ഈ ദ്വന്ദ്വത്തെ അതിക്രമിക്കുന്നതാണ് ഭാരതീയരുടെ ആത്മീയത. കാരണം വിഷയിയും വിഷയവും എന്ന ദ്വന്ദ്വത്തിന്നതീതമായി ഇവ ഏകീകരിച്ചിരിക്കുന്ന അവസ്ഥയാണ് ആത്യന്തിക സത്യത്തിന്റേത്. മനുഷ്യന് പ്രപഞ്ചത്തിന്റെ പരിച്ഛേദമാകയാല്‍ പ്രപഞ്ചശക്തികളെ അറിയുന്നതിനും, അവയെ അതിക്രമിച്ചുനില്‍ക്കുന്ന ബ്രഹ്മത്തിലെത്തിച്ചേരുന്നതിനും മനുഷ്യന് സ്വന്തം അസ്തിത്വത്തെ ആശ്രയിക്കാവുന്നതാണ്. സ്വന്തം ശക്തികളെ തിരിച്ചറിഞ്ഞും അവയെ അതിക്രമിച്ചും തന്റെ സത്തയാകുന്ന ബ്രഹ്മത്തിലെത്തിച്ചേരാം. കണക്കറ്റ വിഷയങ്ങളുടെ രൂപഭാവങ്ങളിലായി വ്യാപിച്ചു നില്ക്കുന്ന മനസ്സിനെ കേന്ദ്രീകൃതമാക്കുക വഴി അതിന്റെ സ്രോതസ്സിലെത്താം. ഇതിനായിട്ടാണ് പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിവ ശീലിക്കുന്നത്.
ഭാരതീയരുടെ ഈ ആത്മീയ പാരമ്പര്യം ആധുനിക ഭൗതിക ശാസ്ത്രത്തിന് വഴികാട്ടിയായിരുന്നു. ഭാരതവംശജനും, നൊബേല്‍ പുരസ്കാരത്തിന് ഏറ്റവും അര്‍ഹനുമായിരുന്ന ക്വാണ്ടം ഭൗതിക ശാസ്ത്രജ്ഞന് ഇ.സി.ജി. സുദര്ശന് വേദാന്തത്തെ ആശ്രയിച്ചിരുന്നുവെന്ന് സ്വയം സമ്മതിച്ചിട്ടുള്ളതാണ്. ഒരു വേദാന്തിയായി മാറിയതിനാലാണ് സുദര്ശന് നോബല്‍ പുരസ്കാരം ഒന്നിലധികം തവണ നിഷേധിക്കപ്പെട്ടതെന്ന ആക്ഷേപമുയരുകയുണ്ടായി. ഇതില്‍ വസ്തുതയുണ്ടെന്ന് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളിലൂടെയും സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാവും.
പ്രപഞ്ചത്തെ അതിബൃഹത്തായ ഒരു ക്വാണ്ടം കമ്പ്യൂട്ടറായി കണക്കാക്കേണ്ടതുണ്ടെന്നാണ് അമേരിക്കയിലെ പ്രസിദ്ധ സര്‍വ്വകലാശാലയായ ‘എംഐടി’യിലെ ക്വാണ്ടം കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് സെത്ലോയിഡ് അടുത്ത കാലത്ത് അഭിപ്രായപ്പെട്ടത്. അപ്പോള്‍ ആ ബൃഹദ് പദ്ധതി ആസൂത്രണം ചെയ്തതിനു പിന്നില്‍ ഒരു മഹത്തായ സൂത്രധാരനും ഉണ്ടായിരിക്കണമെന്നും സെത്ലോയിഡ് കരുതുന്നു. ഭൗതിക ശാസ്ത്രജ്ഞനായ ജോണ്‍ വീലര്‍ ഈ സൂത്രധാരനെ പ്രപഞ്ചത്തിന്റെ ആത്മാവായിട്ടാണ് കണ്ടത്. പ്രപഞ്ചശക്തിയെ നിയന്ത്രിക്കുന്ന ബോധത്തിന്റെ സാന്നിധ്യം ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നതിന്റെ സൂചനയാണിത്. ഈ പ്രപഞ്ചസൂത്രധാരനെയാണ് പുരാണങ്ങള്‍ ഹിരണ്യഗര്ഭന് അഥവാ ബ്രഹ്മാവ് എന്നു വിളിക്കുന്നത്. പ്രപഞ്ചത്തെ ഗര്‍ഭത്തില്‍ ധരിച്ചവന് അഥവാ ആസൂത്രണം ചെയ്തവന് എന്നു സാരം. മനുഷ്യര്‍ പ്രവര്‍ത്തിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും ആദ്യമുണ്ടാകുന്നത് ചിന്തയാണ്. ഈ ചിന്തയാണ് പ്രവൃത്തിയായി പരിണമിക്കുന്നത്. ഇപ്രകാരം ദൃശ്യപ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു
പിന്നില്‍ സൂക്ഷ്മമായിട്ടുള്ള ഒരു മനസ്സുണ്ട്. ഈ പ്രപഞ്ച മനസ്സ് പുരാണങ്ങളില്‍ ബ്രഹ്മാവ്, പ്രജാപതി, ഹിരണ്യഗര്ഭന് എന്നിങ്ങനെ പല നാമങ്ങളില്‍ വിളിക്കപ്പെടുന്നു.
ആത്യന്തിക സത്യമാകുന്ന ബ്രഹ്മത്തില്‍ നിന്നു പുറപ്പെടുന്ന ശക്തി മൂന്നു വിധത്തില്‍ പരിണമിച്ച് ബ്രഹ്മത്തെ വലയം ചെയ്യുന്നു. രജസ്സ്, സത്വം, തമസ്സ് എന്നിങ്ങനെ വിളിക്കപ്പെടുന്ന മൂന്നു ഗുണങ്ങളോടുകൂടിയവയാണ് ഈ ശക്തികള്‍. രജസ്സിനാല്‍ ചുറ്റപ്പെട്ട ബ്രഹ്മത്തെ ബ്രഹ്മാവ് അഥവാ സ്രഷ്ടാവ് എന്നും, സത്വഗുണത്താല്‍ ആവരണം ചെയ്യപ്പെട്ട ബ്രഹ്മത്തെ വിഷ്ണുവെന്നും, തമസ്സിനാല്‍ ആവരണം ചെയ്യപ്പെട്ട ബ്രഹ്മത്തെ ശിവന് എന്നും വിളിക്കപ്പെടുന്നു. സൃഷ്ടിയില്ലാത്തപ്പോള് പ്രപഞ്ചശക്തി ബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നു. ഈ സമയത്ത് ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര് വ്യത്യസ്ത ഗുണങ്ങളെ കൈവിട്ട് ബ്രഹ്മമായിത്തന്നെ വര്‍ത്തിക്കുന്നു. ആദിശക്തി മൂന്നായി പിരിഞ്ഞാണ് ത്രിമൂര്‍ത്തികള്‍ ഉണ്ടാകുന്നതെന്ന കാരണത്താലാണ് ശാക്തേയ ആഗമങ്ങളില്‍ ആദിശക്തിയാണ് ത്രിമൂര്‍ത്തികളെ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞിട്ടുള്ളത്. ത്രിമൂര്‍ത്തികളുടെയും ശക്തിയുടെയുമെല്ലാം ആദിസ്വരൂപം പരബ്രഹ്മത്തിന്റേതാണ്. ഇതിനാലാണ് ശിവഭക്തര്‍ക്ക് ശിവനും വൈഷ്ണവര്‍ക്ക് വിഷ്ണുവും ശാക്തേയര്‍ക്ക് ശക്തിയും പരബ്രഹ്മമാകുന്നത്. ജീവജാലങ്ങളെല്ലാം ഈ പ്രപഞ്ചവിധാനത്തിലെ കണ്ണികളാകയാല് ഓരോ ജീവിയുടെയും അടിസ്ഥാന സത്യം പരബ്രഹ്മത്തിന്റേതാണ്. ഇതിനാലാണ് ജീവാത്മാവിന് പരമാത്മാവാകാന്‍ സാധിക്കുന്നത്.
ഭാഗവതം വിഷ്ണുവിനെ സത്വഗുണാധീശനായും ത്രിഗുണാധീശനായും ത്രിഗുണാതീതനായ പരബ്രഹ്മമായും അവതരിപ്പിക്കുന്നു. ഇതിനു കാരണം വൈദിക ജ്ഞാനത്തിലെ ഏകാത്മാ ദര്‍ശനമാണ്. ഏക തത്ത്വമാകുന്ന പരബ്രഹ്മം പല പ്രാപഞ്ചിക തത്ത്വങ്ങളായി ഭവിച്ചതാണ്. പ്രപഞ്ചതത്ത്വ ശൃംഖലയിലുള്ള എല്ലാറ്റിന്റെയും ആദിസ്വരൂപം ഏകമായ പരബ്രഹ്മമായതിനാല്‍ ഓരോ തത്ത്വത്തിന്റെയും പാരമാര്‍ത്ഥിക യാഥാര്‍ത്ഥ്യം പരബ്രഹ്മത്തിന്റേതാകുന്നു. അതിനാല്‍ വിഷ്ണു ത്രിഗുണാധീശനും ത്രിഗുണാതീതനുമാണ്. ഗുണങ്ങളെ വേര്‍തിരിച്ചു കാണുമ്പോള്‍ വിഷ്ണു സത്ത്വഗുണമൂര്ത്തിയുമാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: