പാലക്കാട് ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിറസാന്നിധ്യമായ ഗോപാലകൃഷ്ണ പിള്ള സപ്തതിയുടെ നിറവിലാണ്. 2024 ജൂലൈ 11ന് മിഥുനമാസത്തിലെ പൂരം നക്ഷത്രത്തില്‍ എഴുപതാം വയസ്സിലേക്ക് പദമൂന്നിയ പിള്ളാജി, ഗോപാല്‍ജി, ജിജി പര്‍ണ്ണശാല എന്നൊക്കെ വിളിപ്പേരുകളുള്ള ജി.ഗോപാലകൃഷ്ണ പിള്ള നാലര പതിറ്റാണ്ടുകാലമായി പാലക്കാട്ടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ അറിയപ്പെടുന്ന ശബ്ദമാണ്.
കവി, പ്രഭാഷകന്‍, പരിഭാഷകന്, പ്രബന്ധ കര്‍ത്താവ്, സംഘസന്ദേശ്, കേരള പെന്ഷണര് മാസികകളുടെ എഡിറ്റര്‍, വിവിധ പരിവാര്‍ സംഘടനകളുടെ ജില്ലാ ഭാരവാഹി, എന്‍ജിഒ, പെന്ഷന് സംഘടനകളുടെ സ്ഥാപകനേതാവ് എന്നീ നിലകളിലെല്ലാം പിള്ളാജി നമുക്കിടയിലുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ ഇത്തിത്താനം വെള്ളാപ്പള്ളില്‍ തങ്കമ്മയുടെയും പുത്തന്‍പുരയ്ക്കല്‍ ഗോപാലന് നായരുടെയും പുത്രനായി 1954 ജൂലൈ 5-ന് ജനിച്ച ഗോപാലകൃഷ്ണപിള്ള, സ്കൂള്‍വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അക്കാലത്ത് വിശ്വന്‍പാപ്പ താലൂക്ക് പ്രചാരകും ഛോട്ടാ രാമചന്ദ്രജി കോട്ടയം ജില്ലാ പ്രചാരകുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം സാമ്പത്തിക സ്ഥിതി വിവരവകുപ്പില് ഉദ്യോഗസ്ഥനായാണ് പാലക്കാട് എത്തുന്നത്.
കോളജ് വിദ്യാഭ്യാസ കാലത്ത് ബിഎംഎസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.എസ്. കരുണാകരന്, ബിജെപി സംസ്ഥാന ട്രഷറര്‍ ആയിരുന്ന എം.ബി. രാജഗോപാല്‍ തുടങ്ങിയവരോടൊപ്പം വിദ്യാര്‍ത്ഥി പരിഷത്തില്‍ (എബിവിപി) പ്രവര്‍ത്തിച്ചു. ജി.രാമന് നായര്‍, രമേശ് ചെന്നിത്തല, സുരേഷ് കുറുപ്പ്, കെ.വി.രാജശേഖരന് തുടങ്ങിയവര്‍ അക്കാലത്ത് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ ഒളിപ്രവര്‍ത്തനങ്ങളിലും കുരുക്ഷേത്രം, സുദര്‍ശനം തുടങ്ങിയ രഹസ്യ പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിലും പങ്കെടുത്തു. 1977 മുതല്‍ 80 വരെ ആലത്തൂര്‍ താലൂക്കിലെ സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി.
1980ല്‍ പാലക്കാട് എത്തിയതു മുതല്‍ പിള്ളസാറുമായുള്ള എന്റെ സൗഹൃദം ആരംഭിച്ചു. സംഘകാര്യാലയത്തിലായിരുന്നു പിള്ളാജിയുടെ താമസം. അന്ന് പി. വാസുദേവന്‍ (വാസുവേട്ടന്) ആയിരുന്നു വിഭാഗ്പ്രചാരക്. അസമില്‍ പ്രചാരകായിരിക്കെ ഉള്‍ഫാ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട മുരളിയേട്ടന് ജില്ലാ പ്രചാരകും.
പാലക്കാട് നഗരത്തിലെ സംഘത്തിന്റെയും വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ വളരെ വലിയ പങ്കാണ് ഗോപാലകൃഷ്ണപിള്ള വഹിച്ചത്. ബിഎംഎസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകരുമായി അടുത്തിടപഴകുകയും, വിവിധ യൂണിയനുകളുടെ വളര്‍ച്ചയില്‍ ടി.ചന്ദ്രശേഖരനോടൊപ്പം പങ്ക് വഹിക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്തിന്റെ ദക്ഷിണ ഭാരത സമ്മേളനത്തിന് പ്രതിനിധികളുമായി അഡ്വ. ഉദയശങ്കറുടെ നേതൃത്വത്തില്‍ തിരുപ്പതിയിലേക്കുപോയത് പഴയകാല പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
പാലക്കാട് ജില്ലയിലെ ബാലഗോകുലം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഗോപാലകൃഷ്ണ പിള്ളയെയാണ്. സേതുവേട്ടന്റെ (എസ്. സേതുമാധവന്) മൂത്ത സഹോദരനായിരുന്ന ഭാസ്കരന് മാസ്റ്റര്‍ പ്രസിഡന്റായിരുന്നു. 1980 കളുടെ തുടക്കത്തില്‍ ബാലഗോകുലത്തിന്റെ ആരംഭകാലം മുതല്‍ പാലക്കാട് ജില്ലയില്‍ പതിനാലോളം ബാലഗോകുലങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കാനും, രക്ഷാധികാരികളെയും ബാലമിത്രങ്ങളെയും പരിശീലിപ്പിക്കാനും പിള്ളാജിക്ക് കഴിഞ്ഞു. ശകുന്തള ജംഗ്ഷനില്‍ നിന്ന് കോട്ടയ്ക്കകത്ത് ആഞ്ജനേയ ക്ഷേത്രം വരെ ബാലഗോകുലം ശോഭാ യാത്ര വര്‍ണ്ണാഭമായി നടത്താന്‍ കഴിഞ്ഞതും, സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് സാംസ്കാരിക സമ്മേളനങ്ങള്‍ നടത്താന്‍ സാധിച്ചതും ഓര്‍മിക്കുന്നു.
എന്‍ജിഒ സെന്റര്‍ പിളര്‍ന്ന് എന്‍ജിഒ സംഘ് രൂപം കൊണ്ടപ്പോള്‍ പാലക്കാട്ട് അതിന്റെ രൂപീകരണത്തിന് ടി. ചന്ദ്രശേഖരനോടൊപ്പം ചുക്കാന്‍ പിടിക്കാന്‍ ഗോപാലകൃഷ്ണപിള്ളയും ഉണ്ടായിരുന്നു. സംഘടനയുടെ നയരൂപീകരണത്തിലും പ്രമേയങ്ങള്‍ തയ്യാറാക്കുന്നതിനും സമ്മേളനങ്ങളിലും ധര്‍ണ്ണകളിലും മുദ്രാവാക്യങ്ങള്‍ എഴുതുന്നതിലുമൊക്കെ ഞങ്ങള്‍ ആശ്രയിച്ചിരുന്നത് പിള്ളാജിയെ ആണ്. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം എഴുതിയെഴുതിയാണ് താന്‍ ഒരു കവിയായതെന്ന് അദ്ദേഹം പറയാറുണ്ട്. ഏതു വിഷയത്തെപ്പറ്റിയും ആഴത്തില്‍ പഠിച്ച്, കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ പിള്ളാജിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.
മുരളി മനോഹര്‍ ജോഷിയുടെ ഏകതാ യാത്രയുടെ വിശദീകരണയോഗം പാലക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് ചേര്‍ന്നപ്പോള്‍ കശ്മീര്‍ പ്രശ്നത്തിന്റെ വിവിധ വശങ്ങള് തന്റെ സ്വസിദ്ധമായ ശൈലിയില്‍ പിള്ളസാര്‍ വിശദീകരിച്ചതു കേട്ടിട്ട് ഇതില്‍ കൂടുതലായി തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യപ്രഭാഷകനായ ഓ.രാജഗോപാല്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു. പാലക്കാട് നിന്ന് രാജേട്ടന് അസംബ്ലിയിലേക്ക് മത്സരിച്ചപ്പോള്‍ ശൂന്യവേതന അവധിയെടുത്ത് ഓഫീസ് സെക്രട്ടറിയായി പിള്ളാജി പ്രവര്‍ത്തിച്ചു.
കേരള എന്‍ജിഒ സംഘിന്റെ മുഖപത്രമായ ‘സംഘസന്ദേശി’ന്റെയും പെന്‍ഷനേഴ്സ് സംഘിന്റെ മുഖപത്രമായ ‘കേരളാ പെന്‍ഷന’റുടെയും തുടക്കം മുതല്‍ എഡിറ്റര്‍ ചുമതല ഗോപാലകൃഷ്ണപിള്ളയ്ക്കായിരുന്നു. 1990കളുടെ മദ്ധ്യം മുതല്‍ സംഘസന്ദേശില് ജിജി പര്‍ണ്ണശാല എന്ന പേരില്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന ‘അകവും പുറവും’ എന്ന പംക്തി ഒരു സര്‍വ്വകാല റെക്കോര്‍ഡാണ്.
റിട്ടയര്‍ ചെയ്ത് ഒരു വ്യാഴവട്ടത്തിനു ശേഷവും ഒരു മാസം പോലും മുടങ്ങാതെ എഴുതിക്കൊണ്ടിരിക്കുന്ന ആ പംക്തി സംസ്ഥാനതലത്തിലും ഭാരതത്തിലും ദേശീയ തലത്തിലുമുള്ള ആനുകാലിക സംഭവങ്ങളെ ഹാസ്യാത്മകമായി വിശകലനം ചെയ്യുന്നതാണ്. പിള്ളസാറിന്റെ കവിതകളും ലേഖനങ്ങളും പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടില്ല എന്നത് ഒരു പോരായ്മയാണ്. പ്രസിദ്ധി ആഗ്രഹിക്കാത്തതുകൊണ്ട് അതിനു മിനക്കെടാത്ത പിള്ളസാര്‍ പലരുടെയും കൃതികള്‍ പുറത്തിറക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്.
1985 മുതലാണ് പിള്ള സാര്‍ തപസ്യ കലാസാഹിത്യവേദിയുടെ ചുമതല ഏറ്റെടുക്കുന്നത്. പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസില്‍ ഹിന്ദി ഓഫീസര്‍ ആയിരുന്ന കുഞ്ഞപ്പന് കൊല്ലങ്കോട് രൂപീകരിച്ച റെയില്‍വേ കോളനി യൂണിറ്റിനെ വളര്‍ത്തുകയും, നഗരത്തില്‍ അതിന് അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഗോപാലകൃഷ്ണപിള്ളയും ഞാനും ചേര്‍ന്ന് വര്‍ഷംതോറും കുട്ടികള്‍ക്ക് വേണ്ടി നടത്തിയിരുന്ന ചിത്രരചനാ മത്സരവും ചിത്രം ചായം കൊടുക്കല്‍ മത്സരവും നൂറുകണക്കിന് കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും തപസ്യയിലേക്ക് ആകര്‍ഷിച്ചു. തപസ്യയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന പ്രൊഫ. സി. കെ. മൂസ്സത് അന്ന് താരേക്കാട് ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
ബി.ഗംഗാധരന് കണ്‍വീനറായി മൂസ്സത് സാറിന്റെ സപ്തതി ആഘോഷം നടത്തിയതോടുകൂടി തപസ്യയ്ക്ക് പാലക്കാട് അടിത്തറ ഉണ്ടായി. ഇതാണ് പത്തൊമ്പതാം സംസ്ഥാന വാര്‍ഷികോത്സവം പാലക്കാട് നടത്താന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ആര്. സഞ്ജയന് പ്രേരണയായത്. ആ വാര്‍ഷിക ഉത്സവം തപസ്യയുടെ ചരിത്രത്തില്‍ ചിരസ്മരണീയമാണ്. അഞ്ചു ദിവസം പാലക്കാട് ടൗണ്‍ ഹാള്‍ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കവികളുടെയും സാംസ്കാരിക നായകന്മാരുടെയും സംഗമം കൊണ്ട് ധന്യമായി. കളമെഴുത്ത്, ചിത്രപ്രദര്‍ശനം തുടങ്ങി പാലക്കാട് അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിഭവങ്ങള്‍ ഒരുക്കിയ സംസ്ഥാന സമ്മേളനം സഞ്ജയേട്ടന്റെ വലംകൈയായി നിന്നുകൊണ്ട് വിജയിപ്പിച്ചത് ഗോപാലകൃഷ്ണപിള്ള ആയിരുന്നു. തപസ്യയില്‍ ഞാന്‍ സജീവമായത് ആ സമ്മേളനത്തോടുകൂടിയാണ്. മഹാകവി അക്കിത്തം, സിര്‍പ്പി, എം.ടി… അങ്ങനെ എത്രയോ മഹാരഥന്മാര് പങ്കെടുത്ത ആ സമ്മേളനത്തോടൊപ്പം ‘നിളാപുണ്യത്തിലേക്ക്’ എന്ന ഒരു സാംസ്കാരിക യാത്രയും ഉണ്ടായിരുന്നു. അക്കാലത്ത് ഗോപാലകൃഷ്ണപിള്ള എഴുതിയ ‘നിളയ്ക്കൊരു നീരാജനം’ എന്ന കവിത ഇടതുസംഘടനയായ എന്‍ജിഒയൂണിയന്‍ സംസ്ഥാനതലത്തില്‍ ജീവനക്കാര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ജന്മഭൂമി അത് വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. കടമ്മനിട്ട, വൈശാഖന് തുടങ്ങിയ വരായിരുന്നു വിധികര്‍ത്താക്കള്‍.
അതിനുശേഷം എത്രയെത്ര പരിപാടികള്‍! വര്ഷവിംശതി ആഘോഷം, ദക്ഷിണാഭാരത കലാസാധക സംഗമം, പഠന ശിബിരങ്ങള്‍, എന്തെല്ലാം സംരംഭങ്ങള്‍. പിള്ളാജി മുന്നിന്നു നടത്തിയ പരിപാടികളില്‍ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല. കേരളത്തില്‍ നിന്ന് 60 ഓളം കലാകാരന്മാരെ നാഗ്പൂരില്‍ നടന്ന അഖില ഭാരതീയ കലാസാധക സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ കാണിച്ച സംഘാടക മികവും എടുത്തു പറയേണ്ടതാണ്. അവിടെ കവി സമ്മേളനത്തില്‍ ‘ബുദ്ധന് ചിരിക്കുന്നു’ എന്ന കവിത അവതരിപ്പിക്കുകയും, ഹിന്ദിയില്‍ കുഞ്ഞപ്പന് കൊല്ലങ്കോടിനെക്കൊണ്ട് വിവര്‍ത്തനം ചെയ്യിപ്പിച്ച് പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വാജ്പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആണവ പരീക്ഷണം നടത്തിയതിനെതിരെ ഉപരോധം നടത്തിയ രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ആ കവിത, തപസ്യയുടെ മലപ്പുറം പഠനശിബിരത്തില്‍ കവിത സോദ്ദേശമായിരിക്കണമെന്നു തെളിയിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് എഴുതിയതായിരുന്നു. ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ അത് പ്രസിദ്ധീകരിച്ചു.
2022 ല്‍ ധോണിയില്‍ നടന്ന തപസ്യയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ആദ്യന്തമുള്ള നടപടിക്രമങ്ങള്‍ വള്ളിപുള്ളി വിടാതെ പകര്‍ത്തിയെടുത്ത് പിള്ള സാര്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രസംഗങ്ങള്‍ കേട്ടെഴുതാന്‍ മാത്രമല്ല തല്‍സമയം പരിഭാഷ ചെയ്യാനും പിള്ള സാറിനുള്ള മികവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വാമി ചിന്മയാനന്ദന്റെയും പ്രേമപാണ്ഡുരംഗയുടെയും ആംഗലഗംഗാപ്രവാഹത്തെ തല്‍സമയം ആവാഹിച്ച് മലയാളത്തിലാക്കിയിട്ടുണ്ട്.
റിട്ടയര്‍മെന്റിനുശേഷം പിള്ളാജി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ സംഘശക്തി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ശ്രീകൃഷ്ണ സേവാ ട്രസ്റ്റ് രൂപീകരിച്ച് ഒരു ശ്രീകൃഷ്ണ ക്ഷേത്രം, ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ ഒരു പ്രൈമറി വിദ്യാലയം, സര്‍ക്കാര്‍ അംഗീകാരത്തോടു കൂടി ഒരു വനിതാ സഹകരണ സംഘം എന്നിവ അകത്തെത്തറയില്‍ രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തു. ഇതിന്റെ ഗുണഫലമായി ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഈ പഞ്ചായത്തില്‍ മുഖ്യ പ്രതിപക്ഷമാണ്. യുഡിഎഫിന് ഒറ്റ സീറ്റ് പോലുമില്ലാത്ത പഞ്ചായത്തില്‍ ഏതാനും വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി ഈ പഞ്ചായത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം പൊതുരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നവ മാധ്യമങ്ങളിലൂടെ ഗോപാലകൃഷ്ണപിള്ള തന്റെ സമാജസേവനം തുടരുന്നു. ഈ സപ്തതി വെളിയില്‍, അശീതിയും നവതിയും കടന്ന് ആയുരാരോഗ്യ സൗഖ്യത്തോടുകൂടി അദ്ദേഹം നമുക്കു കരുത്തുപകരുവാന്‍ കൂടെയുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
(തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജന.സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: