ശകവര്‍ഷം ആഷാഢമാസത്തിലെ പൗര്‍ണ്ണമിനാള്‍ വ്യാസജയന്തിയായി ലോകം ആചരിക്കുന്നു. ആഷാഢ പൗര്‍ണ്ണമി അഥവാ വ്യാസ പൗര്‍ണ്ണമിയും, വ്യാസന് ബ്രഹ്മസൂത്രരചന തുടങ്ങിയതും പിന്നീട്, ആദിശങ്കരന് അതിനു ഭാഷ്യം എഴുതിത്തുടങ്ങിയതും, സംന്യാസദീക്ഷയും, മന്ത്രദീക്ഷയും കൊടുക്കുന്നതും സംന്യാസിമാരുടെ ചാതുര്‍മാസ്യ വ്രതാരംഭവും എല്ലാം ഒത്തുചേരുന്ന ഈ പുണ്യദിനം ഗുരു പൂര്‍ണിമ ദിനമായി ലോകം ആചരിക്കുന്നു.
‘വ്യാസന്’ എന്ന പദത്തെ ‘വ്യാസം’ ചെയ്യുന്നവന് എന്നു രൂപാന്തരപ്പെടുത്തുമ്പോള്‍ ഒരു വൃത്തപരിധിയിലെ രണ്ടഗ്രബിന്ദുക്കളെ യോജിപ്പിക്കുന്ന ഏറ്റവും വലിയ രേഖയാകുന്നു അത്. ജീവന്റെ ആത്യന്തിക ജന്മലക്ഷ്യ സാക്ഷാത്കാര സാധനോപാധികള്‍ ധര്‍മ്മാധര്‍മ്മ – വ്യതിരിക്തചിന്തകളിലൂടെ പരമപദപ്രാപ്തിയുടെ മാര്‍ഗ്ഗങ്ങളുടെ പരമകാഷ്ഠ, ലളിതവും, ആയാസരഹിതവുമായി ഏതൊരു ജീവനും ഹൃദിസ്ഥമാക്കാവുന്ന തരത്തില്‍ മുന്നോട്ടു വച്ചിരിക്കുന്ന – അദ്ധ്യാത്മസാധനയുടെ മറ്റെ അഗ്രം വരെ നീളുന്ന ഈ രണ്ടഗ്രങ്ങളെയും സംയോജിപ്പിക്കുന്ന ഏറ്റവും മഹത്തായ പ്രപഞ്ച സൃഷ്ടിയായി, വ്യാസന് ലോകാന്ധകാരത്തിന്മേല്‍ ഒരു നെടുംതൂണായി, ദീപസ്തംഭമായി, വിശ്വഗുരുവായി, വിളങ്ങുമ്പോള്‍ വ്യാസന് എന്ന പദം തന്നെ അര്‍ത്ഥപൂര്‍ണ്ണമാകുന്നു.
വ്യാസന്റെ വംശാവലി- വിഷ്ണുവില്നിന്ന് അനുക്രമമായി- ബ്രഹ്മാവ്- വസിഷ്ഠന് ശക്തി -പരാശരന്- വ്യാസന് എന്നിങ്ങനെയാണ്. പരാശരമുനിക്ക് കാളി (സത്യവതി)യില്‍ പിറന്ന മകനാണ് വ്യാസന്. ജനിക്കുമ്പോള്‍ കറുപ്പു നിറമായിരുന്നതിനാല്‍ ‘കൃഷ്ണന്’ എന്നും ദ്വീപില്‍ ജനിച്ചതിനാല്‍ ‘കൃഷ്ണദൈ്വപായനന്‍’ എന്നും സത്യവതി സുതന്, സത്യവത്യാത്മജന്‍, പാരാശര്യന് പരാ ശരാത്മജന്‍, ബാദരായണന്‍, വേദവ്യാസന് എന്നുമുള്ള അനന്തനാമധേയങ്ങളെല്ലാം വ്യാസന്റെ അപരനാമങ്ങള്‍ തന്നെ.
വ്യാസന്റെ കാലഘട്ടം ക്രിസ്തുവിനുമുന്‍പ് 1500 നും 180 നും ഇടയിലാണ്. കലി യുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുന്‍പെങ്കിലും വ്യാസനുണ്ടായിരുന്നുവെന്നാണ് പണ്ഡിതമതം. കലിയുഗം ആരംഭിച്ചത് ഇന്നേക്ക് 5080 വര്‍ഷം മുന്‍പാണ് എന്നാണ് ചരിത്രഗവേഷകരുടെ നിഗമനം.
ഏകവും ക്രമരഹിതവും സങ്കീര്‍ണ്ണവുമായിരുന്ന വേദങ്ങളെ വിഷയാടിസ്ഥാനത്തില്‍ ചതുര്‍വേദങ്ങളായി വ്യസിച്ചവന്‍, ഗീത-ഉപനിഷത്ത് -ബ്രഹ്മസൂത്രം എന്നിവയടങ്ങിയ പ്രസ്ഥാനത്രയനിര്‍മാതാവ്, 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും പടച്ചവന്, സാക്ഷാല്‍ കൃഷ്ണന്റെ ഹൃദയത്തില്‍ കടന്ന് ഭാഗവതം രചിച്ച കൃഷ്ണന്, വിശ്വഗുരു ഇങ്ങനെ വ്യാസനു വിശേഷണങ്ങള്‍ തീരുന്നില്ല.
”മഹാഭാരതം രചിച്ചതു വ്യാസനാണ്. അദ്ദേഹം വേദങ്ങള്‍ പകുത്ത് ചിട്ടപ്പെടുത്തി. ഉപനിഷത്തുകളെയെല്ലാം സമന്വയിപ്പിച്ച് ബ്രഹ്മസൂത്രം ചമച്ചു. 18 പുരാണങ്ങള്‍ രചിച്ചു. 5-ാം വേദമെന്ന് പ്രസിദ്ധമായ മഹാഭാരതം രൂപപ്പെടുത്തി. ഭാരതത്തിലും ഭാഗവതത്തിലും വ്യാസന് ഗ്രന്ഥകര്‍ത്താവു മാത്രമല്ല കഥാപാത്രവുമാണ്, ഈ വ്യാസന് ജീവിച്ചിരുന്നോ എന്നാണ് പലര്‍ക്കും സംശയം. ഈ സംശയം അസ്ഥാനത്താണ്. ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഭ, അതാണ് വേദവ്യാസന്,’ എന്ന് പ്രശസ്ത വേദാന്ത ശാസ്ത്ര പണ്ഡിതനായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍ അഭിപ്രായപ്പെടുന്നു.
ഭാരതീയസംസ്കാരം ആദ്ധ്യാത്മികമാണ്. അതിന്റെ കേന്ദ്രബിന്ദു ഈശ്വരനാണ്. സമസ്ത ജീവിത സംവിധാനവും ആ കേന്ദ്രത്തെ ചുറ്റിപ്പറ്റിയും ലക്ഷ്യമാക്കിയുമാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിത്യസത്യം കേന്ദ്രമായതു കൊണ്ടാണ് ഇതു സനാതനമായത്. ഭൗതിക ഭൂതികളൊക്കെ വിഭൂതിയായി മാറുമ്പോഴും വിഭൂതിഭൂഷണന്‍ അവശേഷിക്കും. ആ നിഷേധശേഷനെ ദര്‍ശിച്ചവരുടെ സാക്ഷ്യമാണ് ഈ സംസ്കാരത്തിന്റെ പരമപ്രമാണം. അവരെ ഋഷികളെന്നും അവരുടെ ദര്‍ശനത്തെ വേദം എന്നും പറയുന്നു. അങ്ങനെ സംസ്കാരത്തിന്റേയും ജ്ഞാനത്തിന്റേയും മറുകര എത്തിയ അവരുടെ ആദ്ധ്യാത്മിക അനുഭൂതിയാണ് വേദം. സത്യാനുഭൂതിയും അതു നേടാനുള്ള മാര്‍ഗ്ഗങ്ങളുമാണ് വേദത്തിലെ പ്രതിപാദ്യം. വേദത്തില്‍ സത്യത്തിന് ബ്രഹ്മമെന്നും മാര്‍ഗ്ഗത്തിന് ധര്‍മ്മമെന്നും പേരു വിളിക്കുന്നു. ഓരോ ദ്വാപരയുഗത്തിലും ആ യുഗത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ഈശ്വരന് വേദങ്ങളെ പകുക്കുന്ന ജോലി നിര്‍വ്വഹിക്കുന്നുവെന്നാണ് പുരാണങ്ങള്‍ ഘോഷിക്കുന്നത്. ഈശ്വരന് അതിനായി സ്വീകരിക്കുന്ന മാനുഷിക ഭാവത്തിനാണ് വ്യാസന് എന്നു പറയുന്നത്. ഓരോ ദ്വാപരയുഗത്തിലും വേദാന്തങ്ങളെ പകുത്ത 28 വ്യാസന്മാര് അവതരിച്ചു. അതിലെ ആദ്യവ്യാസന്‍ ബ്രഹ്മാവാണ്. രണ്ടാമത്തെ വ്യാസന് പ്രജാപതി, 3-ാമത് ശുക്രാചാര്യന്, 4-ാമത് ബൃഹസ്പതി, 5-ാമത് സൂര്യന്, 6-ാമത് ധര്‍മ്മരാജാവ്, 7-ാ മത് ഇന്ദ്രന്, 8-ാമത് വസിഷ്ഠന്, 9-ാമത് സാരസ്വതന്‍, 10-ാമത് ത്രിധാമാവ് ഇങ്ങനെ 28-ാമത് വ്യാസനാണ് കൃഷ്ണദൈ്വപായനന്‍ എന്നും പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. വേദവ്യാസന് വേദങ്ങളെ 4 ആയി പകുത്ത് ആദ്യത്തേതായ ഋഗ്വേദം വൈലന് എന്ന ശിഷ്യനേയും സാമം ജൈമിനിയെയും യജ്ജുസ്സ് വൈശമ്പായനനേയും അഥര്‍വ്വം സുമന്തുവിനെയും പഠിപ്പിച്ചു. പഞ്ചമവേദമായ പുരാണേതിഹാസങ്ങളെ രോമഹര്‍ഷണന്‍ എന്ന സൂതശിഷ്യനെയും പഠിപ്പിച്ചു എന്നു സിദ്ധിനാഥാനന്ദ സ്വാമി രേഖപ്പെടുത്തുന്നു.
പല ഋഷികള്‍ക്കു പലകാലങ്ങളില്‍ വെളിപ്പെട്ടുകിട്ടിയ അപൗരുഷേയമായ തത്ത്വങ്ങളാണ് ഉപനിഷത്തുക്കള്‍. ദ്രഷ്ടാക്കളുടെ ദര്‍ശന ഭേദം, വചനപടുത, ദേശകാലങ്ങള്‍ മുതലായവ ഈ ദര്‍ശനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാം. ഇങ്ങനെയുള്ള വിഭിന്നദര്‍ശനങ്ങളുടെ പരമ താത്പര്യം എന്ത് എന്നു നിര്‍ണ്ണയിക്കാന്‍ വ്യാസന് നടത്തിയ ശ്രമത്തിന്റെ ഫലമാണ് ബ്രഹ്മസൂത്രങ്ങള്‍ അഥവാ ശാരീരിക മീമാംസാസൂത്രങ്ങള്‍ എന്നറിയപ്പെടുന്ന വേദാന്തദര്‍ശനം. അങ്ങനെ വ്യാസന് ഉനിഷത്ത് സംസ്കാരകനും ബ്രഹ്മസൂത്രരചയിതാവുമായി മാറുന്നു.
പഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതം ലോകത്തെ പഠിപ്പിക്കുന്നത് ‘യതോ ധര്‍മ്മ സ്തതോജയ- ധര്‍മ്മം എപ്പോഴും വിജയിക്കും. അധര്‍മ്മം നശിക്കും’ എന്നാണ്.
‘ധര്‍മ്മാനുഷ്ഠാനം കൊണ്ടുതന്നെ അര്‍ത്ഥകാമങ്ങള്‍ ലഭിക്കും എന്ന് ഞാനിത്രയൊക്കെ നിലവിളിച്ചിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ധര്‍മ്മം ആചരിക്കാത്തത്’? വ്യാസദേവന് നമ്മുടെ ഹൃദയത്തിലേയ്ക്ക് എറിയുന്ന ഈ ചോദ്യത്തിന് ഉത്തരം ഓരോ ജീവനും നമ്മുടെ മനഃസ്സാക്ഷിയോടാണ് തേടേണ്ടത്. ഗീതാകാരനായ വ്യാസന് അര്‍ജ്ജുനനെ സാക്ഷിയാക്കി ലോകത്തോടു പറയുന്നു:
”അല്ലയോ അര്‍ജ്ജുന, ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കപ്പെടാവുന്ന അനിഷേധ്യമായ സത്യം ഞാന്‍ നിനക്കു പറഞ്ഞുതന്നിരിക്കുന്നു. ഇതറിയുന്നവനാണ് ബുദ്ധിമാന്. ഇതറിയുന്നവനാണ് കൃതകൃത്യന്‍’.
വേദാന്തദര്‍ശനത്തിന്റെ ഗഹനമായ തത്ത്വങ്ങളിലൂടെയെന്നതുപോലെ പ്രശാന്തമായ മനസ്സിന് നിഷ്കല്മഷഭഗവത്ഭക്തിയിലൂടെയും ധര്‍മ്മപദത്തിലെത്താനും, പരമപദം പ്രാപിക്കുവാനും കഴിയുമെന്നും ഭാഗവതത്തിലൂടെ വ്യാസന് ലോകത്തിനു പറഞ്ഞുതന്നിരിക്കുന്നു. ഗൃഹസ്ഥജീവനു വെളിച്ചം പകരാന്‍ തന്നാലാവുന്നതെല്ലാം നല്‍കിയിട്ടും തന്റെ ദുഃഖം തീരുന്നില്ലല്ലോയെന്നു നാരദരോടു വിഷാദിച്ച വ്യാസനു നാരദന് നല്കിയ ഉപദേശമാണ് ഭാഗവതസൃഷ്ടിയുടെ ബീജം. തീര്‍ച്ചയായും ഇതു ലോകസന്താപനാശിനിയുംകൂടിയായത് സര്‍വ്വജഗത്തിലും താനുണ്ടെന്നറിഞ്ഞു സര്‍വ്വലോകവും തന്നിലാണെന്നുമറിഞ്ഞ വേദവ്യാസന്റെ രചനാവൈഭവത്തിലായിരിക്കാം.
ലോകത്തിന്റെ ആദിഗുരുവായി വ്യാസനും ആദികവിയായി വാത്മീകിയും ഇതിഹാസ കര്‍ത്താക്കളായി സ്വയം പ്രകാശിച്ചുകൊണ്ട് ഭാരതാംബയെ രൂപപ്പെടുത്തുന്നു.
ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ അപൗരുഷേയമെന്നും പൗരുഷേയമെന്നും വാദഗതികള്‍ നിലനില്‍ക്കുന്ന വേദപ്രമാണമായ സനാതനധര്‍മ്മത്തിന് സര്‍വ്വാദരണീയനായ പരമാചാര്യനാര് എന്നു തേടിപ്പോയാല്‍ നാം വേദവ്യാസമഹര്‍ഷിയെയാണ് കണ്ടെത്തുക. ലോകസംഗ്രഹാര്‍ത്ഥം വേദവ്യസനം നടത്തിയും പ്രസ്ഥാനത്രയം ചമ ച്ചും പഞ്ചമവേദം രചിച്ചും ഭാഗവതം പാടിയും നമ്മുടെയെല്ലാം മുന്നില്‍ നിറപുഞ്ചിരിതൂകി പ്രപഞ്ചമാകെ നിറഞ്ഞുനില്ക്കുന്ന ആ വിശ്വഗുരുവിനോടുള്ളത്ര കടപ്പാട് സനാതനധര്മ്മത്തിനു വേറൊരു വ്യക്തിയോടും ഇല്ല. പ്രപഞ്ചരഹസ്യാത്മകതത്ത്വങ്ങള്‍ സര്‍വ്വം ഗ്രഹിച്ച ആ വിശ്വാചാര്യന്റെ(പരിഹാസ) പുഞ്ചിരി, ഇരുളില്‍ തൂവുന്ന നറുനിലാവ് പോലെ ഹൃദയാകാശം നിറയാനുള്ള അനുഗ്രഹത്തിനായി യാചിച്ചുകൊണ്ട് ആ പാദാരവിന്ദങ്ങളില്‍ മനസാ സാഷ്ടാഗം നമസ്കരിക്കാം.
(ബാലഗോകുലം തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: