ഒരു ഗുരുപൂര്‍ണ്ണിമ ദിനം കൂടി സമാഗതമായിരിക്കുന്നു. ‘ഗുരോരംഘ്രി പത്മേ മനശ്ചേന്ന ലഗ്‌നം തത:കിം’ എന്ന് ശങ്കരാചാര്യര്‍ ഗുരുവിന്റെ മഹത്വം വെളിവാക്കുന്നു. നമുക്ക് ജീവിതത്തില്‍ എല്ലാം ഉണ്ടായിരിക്കാം:
ഭൗതികമായ സുഖ സൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, സ്‌നേഹിക്കുവാന്‍ ഒരുപാട് ആളുകള്‍. പക്ഷേ, മനസ്സ് ഒരു സദ്ഗുരുവിലോ ഈശ്വരനിലോ ലീനമായില്ലായെങ്കില്‍ തത:കിം?(എന്ത് പ്രയോജനം) എന്ന് ആചാര്യ സ്വാമികള്‍ പറഞ്ഞുവെയ്‌ക്കുന്നു. അര്‍ജുനന്‍ വില്ലാളിവീരനായിരുന്നു. പക്ഷേ കുരുക്ഷേത്ര ഭൂമിയിലെ യുദ്ധരംഗത്ത് തളര്‍ന്നിരുന്നുപോയി. തന്റെ അസ്ത്രവിദ്യക്കും അഹന്തയ്‌ക്കും ഒന്നും ചെയ്യാനായില്ല. ഞാന്‍ എന്ന ഭാവം അപ്പാടെ പരാജയപ്പെട്ടു. തന്നെ ശിഷ്യനായ് സ്വീകരിച്ച് വേണ്ടത് ഉപദേശിച്ച് തരണമെന്ന് കണ്ണീരോടെ പാര്‍ത്ഥന്‍ ഭഗവാനോട് പ്രാര്‍ഥിക്കുന്നു. പൂര്‍ണ്ണ ശരണാഗതനായി, അര്‍ജ്ജുനന്‍ ആയുധങ്ങളെല്ലാം ഭഗവത് പാദങ്ങളില്‍ സമര്‍പ്പിക്കുമ്പോഴാണ് ശ്രീകൃഷ്ണഭഗവാനിലെ ഗുരുഭാവം ഉണരുന്നത്. പിന്നിടങ്ങോട്ട് ഭഗവാന്റെ ഉപദേശരൂപേണയുള്ള വാക്കുകളാണ് അര്‍ജ്ജുനന്റെ ക്ഷാത്രവീര്യത്തെ ഉണര്‍ത്തുന്നത്. ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും ആര്‍ക്കും പ്രതിസന്ധികള്‍ വരാം. അവ അതിജീവിക്കാനുള്ള ഉള്‍ക്കരുത്താണ് ഗുരുക്കന്മാര്‍ നല്കുന്നത്. യഥാര്‍ഥത്തില്‍ ആത്മശക്തി നമ്മില്‍ അന്തര്‍ലീനമാണ്. പക്ഷേ ഒരു ബാഹ്യഗുരുവിനേ നമ്മെ പ്രചോദിപ്പിക്കുവാന്‍ കഴിയൂ. കുരുക്ഷേത്രയുദ്ധം ബാഹ്യമാണെങ്കിലും, ആത്മീയദൃഷ്ടിയില്‍ ഒരുവന്റെ മനസ്സില്‍ നടക്കുന്ന സംഘര്‍ഷം കൂടിയാണ.് കൃത്യമായ ധാര്‍മ്മികബോധവും’ ജീവിത മൂല്യങ്ങളും ഉള്ള ഒരുവന് മാത്രമേ ജീവിതത്തില്‍ വിജയിക്കുവാന്‍ കഴിയൂ. പൗരാണിക കാലം മുതല്‍ ആത്മീയ ഗുരുക്കന്മാര്‍ കാലാതിവര്‍ത്തിയായ പ്രകാശ ഗോപുരങ്ങളായി വര്‍ത്തിക്കുന്നു. അവര്‍ ഉദ്‌ബോധിപ്പിച്ചത് ആത്മാന്വേഷണവും ഈശ്വരസാക്ഷാത്ക്കാരവുമാണ്. മനുഷ്യജന്മത്തിന്റെ പരമോദ്ദേശ്യം. മനുഷ്യത്വം: മുമുക്ഷുത്വം മഹാപുരുഷ സംശ്രയം എന്ന് വിവേക ചൂഡാമണിയില്‍ പറയുന്നു. ഒരു ഉത്ക്കൃഷ്ട മനുഷ്യനായി ജീവിക്കുക എന്നത് പ്രധാനമാണ്. ശ്രീനാരായണഗുരു പറയും ‘അരുളുള്ളവനാണ് മനുഷ്യന്‍, അതായത് അനുകമ്പാ കാരുണ്യമുള്ളവനാണ് മനുഷ്യന്‍.’ അവന് ആത്മസാക്ഷാത്ക്കാരം അകലെയല്ല. ആധുനിക സമൂഹത്തില്‍ നമ്മില്‍ എത്ര പേര്‍ യഥാര്‍ഥ മനുഷ്യരാണ്. ആത്മതത്ത്വത്തെ ഒരുവനില്‍ ഉണര്‍ത്തുകയാണ് യഥാര്‍ഥ സദ്ഗുരു. എന്നാല്‍ യഥാര്‍ഥ ഗുരുവിനെ കണ്ടെത്തുക അഥവാ തിരിച്ചറിയുക എളുപ്പമല്ല. മാതാ അമൃതാനന്ദമയി അമ്മ പറയും, ‘കലിയുഗത്തില്‍ ഗുരുക്കന്മാര്‍ ഉണ്ടാവും യഥാര്‍ഥശിഷ്യന്മാരെ കിട്ടുകയെന്നാതാണ് പ്രയാസം.’
ഒരു കഥ പറയാറുണ്ട് ഒരിക്കല്‍ ഒരു സത്യാന്വേഷി ഗുരുവിനെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചു. വഴിയില്‍ ഒരു ആല്‍മരച്ചുവട്ടില്‍ ഒരു സംന്യാസി ഉണ്ടായിരുന്നു. തന്റെ ഗുരുവിന് എവിടെ കിട്ടുമെന്ന് അയാള്‍ ചോദിച്ചു. സംന്യാസി നല്കിയ ഉത്തരം ”യാത്ര തുടരുക, നീ കണ്ടെത്തും” എന്നായിരുന്നു. സത്യാന്വേഷി യാത്ര തുടര്‍ന്നു. ഒരുപാട് വര്‍ഷങ്ങള്‍ കടന്നു പോയി, ഒരുപാട് ജീവിതാനുഭവങ്ങളിലൂടെയും. പക്ഷേ ഗുരുവിനെ മാത്രം കണ്ടെത്തിയില്ല. നിരാശനായി തിരിച്ച് അയാള്‍ പഴയ ഗ്രാമത്തില്‍ വന്നു. അതാ വളരെ വൃദ്ധനായ ഒരു സംന്യാസി ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്നു. കാരുണ്യം ജ്വലിക്കുന്ന കണ്ണുകള്‍. അയാള്‍ തിരിച്ചറിഞ്ഞു, ”ഇതാ എന്റെ ഗുരു. ഞാനെന്റെ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു.” അയാള്‍ ഗുരുവിനോട് കണ്ണീരോടെ പറഞ്ഞു, ”അങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തുകൊണ്ട് സത്യം വെളിവാക്കിയില്ല?” അപ്പോള്‍ ഗുരു പറഞ്ഞു. ”നീ ജീവിതത്തില്‍ വേണ്ടത്ര പക്വത നേടിയിരുന്നില്ല. ആദ്യമേ ഞാനാണ് നിന്റെ ഗുരു എന്നരുളിയാല്‍ നീ വിശ്വസിക്കില്ല. നിനക്ക് എന്നെ തിരിച്ചറിയാനാവില്ല. നിന്റെ മനസ്സ് അഹംബോധവും മനോമാലിന്യം നിറഞ്ഞതുമായിരുന്നു. ഇപ്പോള്‍ നീ ജീവിതാനുഭവത്താല്‍ പരിപക്വമായിരിക്കുന്നു.” പിന്നീട് ഗുരുശുശ്രുഷയിലൂടെ ശിഷ്യന്‍ ആത്മജ്ഞാനം നേടി മറ്റൊരു ധ്യാനഗുരുവായി മാറി.
ഒരോ മനുഷ്യനും പരിപൂര്‍ണ്ണത കൈവരിക്കുന്നത് ഗുരുകൃപയാലാണ്. ഗുരുസ്മരണയുടെ ദിനമാണ് ഗുരുപൂര്‍ണ്ണിമ. ഗുരുവിന്റെ ജ്ഞാനം പൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശിഷ്യനില്‍ തിളങ്ങും. ശ്രീബുദ്ധന് ബോധോദയം ഉണ്ടായതും ഭഗവാന്‍ വേദവ്യാസന്റെ ജയന്തിയായും ഗുരുപൂര്‍ണ്ണിമ ഭാരതത്തില്‍ ആഘോഷിക്കുന്നു. പരമ്പരാഗത സംന്യാസിമാര്‍ ചാതുര്‍മാസ്യവ്രതം ആരംഭിക്കുന്നതും ആശ്രമങ്ങളില്‍ ഗുരുപൂജ ചെയ്യുന്നതും ഗുരുഗീത പാരായണവും ഗുരുപൂര്‍ണ്ണിമ വ്രതത്തിന്റെ ഭാഗമാണ്.
ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അന്ധകാരത്തെ അകറ്റുന്ന ആള്‍ എന്നതാണ.് ഗുരുകൃപകൂടാതെ സത്യസാക്ഷാത്ക്കാരം സാദ്ധ്യമല്ലെന്ന് ശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
ഉപനിഷത് ഉദ്‌ഘോഷിക്കുന്നു: ”ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത.” ഗുരുക്കന്മാരുടെ അനുഗ്രഹം ഏവരിലും പ്രകാശപൂരിതമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: