രാമനില്‍ അധര്‍മ്മക്കറകള്‍ കാണുന്ന കണ്ണുകള്‍ ആന്ധ്യത്തിലാണ്. അവിദ്യയുടെ ഭാണ്ഡം രാമായണത്തിന്റെ ജ്ഞാനാഗ്നിയില്‍ ഹോമിക്കുമ്പോള്‍ രാമന് എന്ന ധര്‍മ്മസ്വരൂപനായ നരോത്തമന്‍ പ്രത്യക്ഷപ്പെടുന്നു. ശുദ്ധബോധത്തിന്റെ മായികതലത്തില് രാമതത്ത്വവും രാമഹൃദയവും ‘ആത്മാനാം മാനുഷം മന്യേ’ എന്ന ആത്മമുദ്രയേകുന്ന രാമന് നമ്മുടേതാവുന്നു. നാം രാമന്റെയാകുന്നു. തരളിത വൈകാരികതയുടെ ഹൃദ്സ്പന്ദമുണര്ത്തുന്ന ചില മുഹൂര്‍ത്തങ്ങളില്‍ രാമനിലെ സാധാരണ മനുഷ്യന് ലോകാഭിരാമനെയാണ് പൂജയേല്ക്കുക. രാമന്റെ അവതാര പരിവേഷം വെടിയുന്ന ഈ സന്ദര്‍ഭങ്ങളില്‍ അനുവാചകനുള്ളില്‍ ആത്മീയലൗകികതകള് അഭിന്നമാകുന്നു. അദൈ്വത ലയനത്തിന്റെ ആമുഖക്കുറിയാണിത്.
ലങ്കാ ദഹനാനന്തരം ഹനുമാന് സീതാദേവിയോട് യാത്രാനുമതി വാങ്ങി മഹാര്ണ്ണവും ചാടിക്കടന്നു.
‘കപിനിവഹ വീരരേ! കണ്ടിതു സീതയെ
കാകുല്‍സ്ഥ വീരനനുഗ്രഹത്താലഹം’
എന്ന് ചൊല്ലി കാത്തുനിന്ന വാനരസംഘത്തിനു മുന്നില്‍ രാമദൂതനെത്തി. ജാംബവാദികളോട് ലങ്കാദഹനമടക്കം അവിടെ നടന്ന ദൗത്യകഥ പറഞ്ഞ് രാമനെ കാണുവാന്‍ അവര്‍ നടന്നു. പ്രസവണാചല സമീപമെത്തി സുഗ്രീവരാജ്യം പ്രാപിച്ചു. മധുവനത്തില്‍ മധുര മധുപാനവും പക്വഫലഭക്ഷ്യവുമായി സംഘം സംതൃപ്തരായി. അംഗദന്റെ സഹായത്തോടെ സുഗ്രീവനെക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. ഒടുക്കം ലക്ഷ്യസ്ഥാനമായ രാമസന്നിധിയിലെത്തി രാമനെ വണങ്ങി. ഹനുമാന് ദൗത്യനിര്‍വ്വഹണ കാര്യങ്ങളും ലങ്കാദഹനവും സൂക്ഷ്മമായി ആദരാതിരേകത്തോടെ രാമസവിധം അറിയിക്കുന്നു. അംഗുലീയമേകി അടയാളവാക്യം നല്കിയപ്പോള് സീത മോതിരം കണ്ണീര്‍കൊണ്ട് കഴുകിയ കഥ ആര്‍ദ്രഹൃദയനായി വര്ണ്ണിച്ചുകൊടുക്കുകയാണ് ഹനുമാന്. രാമന് വിശ്വാസത്തിനായി സീതയേല്പ്പിച്ച ചൂഡാരത്നം കൊടുത്തശേഷം അടയാളവാക്യമായി സീത പറഞ്ഞ ജയന്ത കഥയും ഔചിത്യപൂര്‍വം വിവരിക്കുന്നു. കരഞ്ഞ് കണ്ണീര് വറ്റിയ സീതാദേവിയെ താന്‍ ആശ്വസിപ്പിച്ചെന്നും രാമനും കപികുലവുമെത്തി രാവണവധാനന്തരം സീതയെ മോചിപ്പിക്കുമെന്നും ദൂതനെന്ന നിലയില്‍ താന്‍ പറഞ്ഞ കാര്യം രാമനോട് ഹനുമാന് ഉണര്‍ത്തിക്കുന്നു.
”സദയമുപകാരമിചെയ്തതിന്നാദരാല്
സര്‍വ്വസ്വവും മമ തന്നേന് നിനക്കു ഞാന്‍
പ്രണയ മനസാ ഭവാനാല്‍ കൃതമായതിന്‍
പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ”
എന്നോതി രമാവരന്‍ മാരുത പുത്രനെ പൂര്‍ണ്ണമോദം സമാദരം പുണരുകയാണ്.
”ഉരസി മുഹുരപി മുഹുരണച്ചു
പുല്കീടിനാ-
നോര്‍ക്കെടോ! മാരുത പുത്ര ഭാഗ്യോദയം!
ഭുവനതല മതിലൊരുവനിങ്ങനെയില്ലഹോ
പൂര്‍ണ്ണ പുണ്യൗഘ സൗഭാഗ്യമുണ്ടായെടോ”
രാമനിലൂടെ നിത്യാനുഗ്രഹവര്ഷം നേടി നില്ക്കുന്ന ഹനുമാനെ ആചാര്യകവി ആഹ്ലാദവായ്പോടെ വര്‍ണ്ണിച്ച് പ്രണമിക്കുകയാണ്. അദ്ധ്യാത്മ രാമായണത്തില്‍ സേവാസമര്പ്പണ സൗഭാഗ്യത്തിലൂടെ നക്ഷത്രത്തിളക്കം നേടിയെടുക്കുകയാണ് ആഞ്ജനേയന്. ”എന്റെ ഈ ആലിംഗനം സര്വ്വസ്വദാനത്തിന് സമമാണെന്ന് ഉണര്‍ത്തിച്ച രാമനും ഇവിടെ സൃഷ്ടിക്കുന്നത് മനുഷ്യമഹത്ത്വത്തിന്റെ മഹാസംഗീതികയാണ്. ആശ്ലേഷദാനം മഹാദനമാണെന്നനുഭവിച്ചറിയുന്ന ഹനുമാന് അത് വരം തന്നെയായിരുന്നു. ആത്മീയ പ്രഭാവമാര്ജ്ജിച്ച മഹത്തുക്കള്‍ നിസ്സംഗബുദ്ധിയോടെ, വിശുദ്ധി ലാവണ്യത്തില്‍ സ്പര്ശിച്ചനുഗ്രഹിച്ചാല് അനിര്‍വചനീയമായ വിദ്യുത്തരംഗമായി ആ സ്പര്ശാനുഭൂതിക്ക് പാത്രമാകുന്നവരില്‍ കമ്പനമുണ്ടാക്കുമെന്നത് ശാസ്ത്രസത്യം കൂടിയായി സ്വീകരിക്കാം. ആദ്ധ്യാത്മിക തത്ത്വങ്ങളെ തൊട്ടുണര്‍ത്തുന്ന സ്നേഹരസമാണ് ആ ആലിംഗനം. അനുഗ്രഹ വിഭൂതിയുടെ പ്രഹര്ഷങ്ങളാണ് ഹനുമാന് ഈ മുഹൂര്‍ത്തത്തില്‍ ഏറ്റുവാങ്ങുന്നത്.
‘യുദ്ധകാണ്ഡ’ത്തില്‍ സമാനാനുഭൂതി പകരുന്ന മറ്റൊരു ദൃശ്യ മുഹൂര്‍ത്തവുമായി ഇത് ചേര്‍ത്തുവായിക്കാം. ശ്രീരാമപട്ടാഭിഷേകാനന്തരം രാമദൂതന്മാര്ക്കെല്ലാം അവരര്‍ഹിക്കുന്ന അനുഗ്രഹ പാരിതോഷികം സമ്മാനിക്കുകയാണ്. സീത ഉയര്‍ത്തിപ്പിടിച്ച രത്നഹാരം കണ്ട് ആഹ്ലാദചിത്തനായി രാമന് പറയുന്നു- ‘സീതേ നിനക്കിഷ്ടമുള്ള ആള്‍ക്ക് അത് സമ്മാനിക്കാം.’ സീത മറ്റാരെയുമല്ല വിളിച്ചത്, ഹനുമാനെത്തന്നെയായിരുന്നു. രഘുവരന് ഹാരംകൊണ്ട് വിളങ്ങിനില്ക്കുന്ന ഹനുമാനെ കണ്ട് ആനന്ദപരവശനായി മധുരാക്ഷത്തില് പറയുന്നു- ‘വീര! ഏത് വരമാണ് നിനക്ക് തരേണ്ടത്? ഹനുമാന് ആഹ്ലാദത്തോടെ പ്രതിവചിച്ചു-
”സ്വാമിന്! പ്രഭോ! നിന്തിരുവടി തന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയില്‍ വാഴ്വാനനുഗ്രഹിച്ചീടണം
രാമ നാമം കേട്ടുകൊള്‍വാനനാരതം”
മറ്റൊരു വരവും തനിക്ക് വേണ്ടെന്നാണ് ഹനുമാന് രാമനെ ഉണര്‍ത്തിക്കുന്നത്. ആ രാമാശ്ലേഷം തന്നെയായിരുന്നു രാമദൂതന് ലഭിച്ച വിശിഷ്ടമായ വരം. ഭക്തികൊണ്ട് നേടുന്ന ബ്രഹ്മത്വം പോലെ രാമാലിംഗനത്താല് ആഞ്ജനേയന് നേടുന്നത് ബ്രഹ്മാനന്ദ വിഭൂതി തന്നെ. (തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: