തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴ പെയ്യുമെന്നാണ്. ജൂണ്‍ 21 രാത്രി 12 മണി 7 മിനുട്ടിനാണ് തിരുവാതിര ഞാറ്റുവേല തുടങ്ങിയത്. ജൂലൈ 5നു രാത്രി 11 മണി 36 മിനുട്ടു വരെ തിരുവാതിര ഞാറ്റുവേല ഉണ്ടാകും.
സൂര്യന് ഒരു നക്ഷത്രത്തില്‍ നില്ക്കുന്ന സമയമാണ് ഒരു ഞാറ്റുവേല. തിരുവാതിര ഞാറ്റുവേല എന്നാല്‍ സൂര്യന് തിരുവാതിര നക്ഷത്രത്തില്‍ നില്ക്കുന്ന സമയം.
ഓരോ നക്ഷത്ര സമൂഹവും സ്ഥിതി ചെയ്യുന്ന 13.33 ഡിഗ്രി (360/27) ദൂരം കടക്കാന്‍ സൂര്യന് എടുക്കുന്ന കാലയളവാണ് ഓരോ ഞാറ്റുവേലയും. ഞായറിന്റെ(സൂര്യന്റെ) വേള അഥവാ നക്ഷത്രചാരം സാധാരണ ഗതിയില്‍ പതിമൂന്നര ദിവസമായിരിക്കും.
ഇതു തിരുവാതിര ഞാറ്റുവേല ആണെന്നു പറഞ്ഞല്ലോ. അതുകഴിഞ്ഞാല്‍ പുണര്‍തം നക്ഷത്ര സമൂഹത്തിനു നേരെ സൂര്യന് എത്തും. അതോടെ പുണര്‍തം ഞാറ്റുവേല തുടങ്ങും. അങ്ങനെ ഭൂമധ്യരേഖയ്ക്കു ചുറ്റും ആകാശത്തില്‍ കാണുന്ന 27 നക്ഷത്ര സമൂഹങ്ങളിലൂടെയും സൂര്യന് കടന്നു പോകാന്‍ ഒരു കൊല്ലം എടുക്കും.
സംക്രമം അമനുസരിച്ച് ഏപ്രില്‍ 14നോ 15 നോ അശ്വതി നക്ഷത്രത്തിലാണ് ഞാറ്റുവേലയുടെ ആരംഭം. ഓരോ നക്ഷത്രസമൂഹത്തിലൂടെയും ചന്ദ്രന് കടന്നുപോകുന്ന കാലയളവാണ് നാള് അഥവാ നക്ഷത്രം എന്ന് പറയുന്നത്. ഇത് ഏകദേശം ഒരു ദിവസം (24 ഹോര/മണിക്കൂര്‍) വരും. ഇത് ദീര്ഘവൃത്തകൃതിയിലുള്ള ഭ്രമണപഥത്തിലെ ആപേക്ഷിക സ്ഥാനങ്ങള്‍ക്കനുസരിച്ചു അല്പം കൂടിയും കുറഞ്ഞും ഇരിക്കുമെന്നതിനാല്‍ ഒരു നക്ഷത്രത്തിന്റെ ദൈര്‍ഗ്ഘ്യം ഒരു ദിവസം അഥവാ 60 നാഴികയില്‍ കൂടിയോ കുറഞ്ഞോ വരാം എന്നതും മനസ്സിലാക്കിയിരിക്കണം.
അപ്പോള്‍ മാസമോ?
27 നെ 12 കൊണ്ട് ഹരിച്ചാല്‍ രണ്ടേകാല്‍ എന്ന് കിട്ടും.
ഓരോ രണ്ടേകാല്‍ നക്ഷത്രം ചേരുന്ന 30 ഡിഗ്രിയെ ആണ് ഒരു രാശി എന്ന് പറയുന്നത്. അശ്വതി, ഭരണി എന്നീ നക്ഷത്രസമൂഹങ്ങളും കാര്‍ത്തിക നക്ഷത്ര സമൂഹത്തിന്റെ ആദ്യത്തെ കാല് ഭാഗവും ചേര്‍ന്നതിനെ മേടം രാശി എന്ന് പറയുന്നു. ഈ നക്ഷത്ര സമൂഹങ്ങളിലൂടെ അഥവാ രാശിയിലൂടെ സൂര്യന് സഞ്ചരിക്കുന്നതായി കാണപ്പെടുന്ന കാലയളവാണ് മേടമാസം. ഇതേ പോലെയാണ് ഭാരതീയ കലണ്ടറിലെ 12 മാസങ്ങള്‍ വരുന്നത്.
അതായതു ഭാരതീയ കാലഗണനയ്ക്ക് പ്രത്യേക ജ്യോതിശ്ശാസ്ത്ര പ്രാധാന്യം (astronomical significance) ഉണ്ട്. ഗ്രിഗോറിയന്‍ കലണ്ടറിനോ പാശ്ചാത്യ കാലഗണനയ്ക്കോ അവകാശപ്പെടാനാവാത്ത ഒന്നാണിത്.
ആദ്യ രാശി ആയ മേടത്തിലെ യആദ്യ നക്ഷത്രമായ അശ്വതിയിലേക്ക് സൂര്യന് പ്രവേശിക്കുന്നതായി കാണപ്പെടുമ്പോഴാണ് ഭാരതീയ കാലഗണനയില്‍ വര്‍ഷാരംഭദിനം വരുന്നത്. ജ്യോതിശ്ശാസ്ത്രപരമായ ഈ പ്രാധാന്യം അവകാശപ്പെടാന്‍ ജനുവരി ഒന്നിനു സാധിക്കില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.
ചന്ദ്രനെ മാത്രം ആസ്പദമാക്കിയുള്ളതാണ് ഹിജ് റവര്ഷ കാലഗണന. അത് ഏകമാനകം ആണെന്നതിനാല്‍ സൗരവര്‍ഷത്തേക്കാള്‍ ദിവസങ്ങള്‍ കുറവായിരിക്കും. ഇതാണ് ബലി പെരുന്നാള്‍ എല്ലാ വര്‍ഷവും ഓരോ മാസം നേരത്തെ ആവാന്‍ കാരണം. ഭാരതത്തിന്റേത് സൂര്യന്, ചന്ദ്രന്, നക്ഷത്രസമൂഹങ്ങള്‍ ഇവയെല്ലാം ആസ്പദമായുള്ള വിവിധ മാനക കാലഗണന ആണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഭാരതീയ കാലഗണനയിലെ മാസങ്ങള്‍ക്കു ഗ്രിഗോറിയന്‍ കലണ്ടറിലേതുപോലെ നിയതമായ ദിവസങ്ങള്‍ അല്ല എന്നുള്ളതാണ്. സൂര്യന് ഓരോ രാശി കടന്നു പോകാന്‍ എടുക്കുന്ന സമയം അനുസരിച്ചു 29 ഓ 30ഓ 31ഓ ദിവസങ്ങള്‍ മാസത്തിനുണ്ടാകാം. (ഒരേ മാസത്തിനു തന്നെ ഈ വര്‍ഷം 30 ദിവസമാണെങ്കില്‍ അടുത്ത വര്‍ഷം 31 ദിവസവും ആകാം). അത് മാത്രമല്ല, പാശ്ചാത്യ കാലഗണനയില്‍ ദിവസവും മാസവും എല്ലാം തുടങ്ങുന്നത് അര്‍ദ്ധരാത്രി 12 മണിക്കാണെങ്കില്‍ ഭാരതീയ കാലഗണനയില്‍ ദിവസം തുടങ്ങുന്നത് സൂര്യോദയത്തോടെയും നാള്, ഞാറ്റുവേല, മാസം എന്നിവ തുടങ്ങുന്നത് ചന്ദ്രന് അഥവാ സൂര്യന് പ്രസ്തുത നക്ഷത്ര സമൂഹത്തിലേക്കു പ്രവേശിക്കുന്ന സമയത്തോടെയും മാത്രമാണ്. ഈ മാറ്റത്തെ സംക്രമം എന്നു പറയുന്നു, സംക്രമങ്ങളുടെയും ഗ്രഹണത്തിന്റെയും എല്ലാം സമയം മുന്‍കൂട്ടി കണക്കാക്കി കലണ്ടര്‍ തയാറാക്കാന്‍ മാത്രം ഗണിത ശാസ്ത്രവിജ്ഞാനം സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പേ ഭാരതത്തിലുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഈ സങ്കീര്‍ണതയും വ്യതിയാനങ്ങളും ഇല്ലാത്തതിനാല്‍ പശ്ചാത്യ കലണ്ടറിനു പ്രയോഗ ലാഘവത്വം (Operational Simplicity) അവകാശപ്പെടാം .ശാസ്ത്രീയത കുറവാണെങ്കിലും ലോകമെങ്ങും സ്വീകാര്യത കൂടാന്‍ ഒു കാരണവും ഇതാണ്.
പിന്കുറിപ്പ്: എല്ലാമാസവും തിരുവാതിര നക്ഷത്രം വന്നുപോകുന്നുണ്ടെങ്കിലും ആഘോഷിക്കുന്നത് പൗര്‍ണ്ണമിയോട് ചേര്‍ന്ന് വരുന്ന ധനുമാസത്തിലെ തിരുവാതിരയാണ്. എന്തുകൊണ്ടാണ് ധനു മാസത്തിലെ തിരുവാതിര മാത്രം പൗര്‍ണ്ണമിയോട് ചേര്‍ന്ന് വരുന്നത്? തിരുവാതിര നാളെന്നാല്‍ ചന്ദ്രന് മിഥുനരാശിയിലെ തിരുവാതിര നക്ഷത്രത്തിലൂടെ നീങ്ങുന്നുവെന്നാണല്ലോ. ധനുമാസമെന്നാല് സൂര്യന് ധനു രാശിയിലാണെന്നും. അതായത് അന്നു ചന്ദ്രന് സൂര്യന്റെ 180 ഡിഗ്രി എതിര്‍വശത്തായിരിക്കും. അതുകൊണ്ടുതന്നെ അന്ന് പൗര്‍ണമി ആവാതെ തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: