49 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25 -ാം തീയതി അര്‍ധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അവരുടെ ഉപജാപകവൃന്ദങ്ങളും ചേര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു. ഭരണഘടനയുടെ 352-ാം വകുപ്പ് റദ്ദുചെയ്തുകൊണ്ടുള്ള ഇന്ദിരയുടെ കത്തില്‍ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒപ്പുവച്ചതോടെ ജനങ്ങളുടെ 7 മൗലികാവകാശങ്ങളും റദ്ദുചെയ്യപ്പെട്ടു.
ഈ സമയത്ത് ഇന്ദിരാ ഗാന്ധി രണ്ട് കരിനിയമങ്ങള്‍ ഉണ്ടാക്കി. 1. എംഐഎസ്എ- മെയിന്റനന്‍സ് ഓഫ് ഇന്ത്യ സെക്യൂരിറ്റി ആക്ട്. 2. ഡിഐആര്‍- ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍സ്. രാജ്യത്ത് നിലനിന്നിരുന്ന നിയമപ്രകാരം ആരെ അറസ്റ്റ് ചെയ്താലും 24 മണിക്കൂറിനകം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കണം എന്ന നിയമമാണ് എംഐഎസ്എയിലൂടെ ഇല്ലാതാക്കിയത്. മിസ പ്രകാരം ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിക്കാമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെതന്നെ ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്പേയി, ലാല്‍കൃഷ്ണ അദ്വാനി, ചന്ദ്രശേഖര്‍, ചരണ്‍സിങ്, രാജ്നാരായണ്‍, മധുലിമായെ, വിജയലക്ഷ്മി പണ്ഡിറ്റ്, ആചാര്യ കൃപലാനി തുടങ്ങി 1000 ത്തിലധികം ദേശീയ നേതാക്കളെ കല്‍ത്തുറുങ്കിലടച്ചു. ആര്‍എസ്എസിനെ നിരോധിച്ചു. കോടതികളുടെ അധികാരങ്ങളും കവര്‍ന്നെടുത്തു. ചിന്താസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം,സംഘടനാ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ എടുത്തുമാറ്റി. 2500 ഓളം ദേശീയപത്രങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കുല്‍ദീപ് നയ്യാര്‍, കെ.ആര്. മല്‍ക്കാനി, ബി.ജി. വര്‍ഗീസ് തുടങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകരെ തടവിലാക്കി.
അറസ്റ്റുചെയ്യപ്പെടുമ്പോള്‍ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണ് ജയപ്രകാശ് നാരായണന് പറഞ്ഞത്. ഒരു പ്രവചനം പോലെ അത് ഇന്ദിരയുടെ പതനത്തിലേക്ക് നയിച്ചുവെന്നത് പില്ക്കാല ചരിത്രം.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥി രാജ് നാരായണ്‍ കൊടുത്ത കേസില്‍ ഇന്ദിരാഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ടായി. അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി. കോടതിവിധിക്കു വഴങ്ങുന്നതിനു പകരം ഇന്ദിരാഗാന്ധി ജനാധിപത്യം കാറ്റില്‍പറത്തി അധികാരത്തില്‍ തുടരാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് 1975 ജൂണ്‍ 25 ന് അര്‍ധരാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥാ വിരുദ്ധ സമരം നയിക്കുന്നതിനായി ജനസംഘം (ബിജെപി), സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ബിഎല്‍ഡി, സര്‍വ്വോദയ സംഘം എന്നീ സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് ‘ലോകസംഘര്‍ഷ സമിതി’ എന്ന സംഘടനയുണ്ടാക്കി. മൊറാര്‍ജി ദേശായി പ്രസിഡന്റും നാനാജി ദേശ്മുഖ് സെക്രട്ടറിയും അശോക് മേത്ത ഖജാന്‍ജിയുമായി. മറ്റു സംസ്ഥാനങ്ങളിലെ ചെറിയ പാര്‍ട്ടികളെല്ലാം ഇതില്‍ അംഗങ്ങളുമായി. ആ സമയത്തും കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരനായ സി.അച്യുതമേനോന് മുഖ്യമന്ത്രിയും ഇന്ദിരാഗാന്ധിയുടെ വിധേയനായ കെ. കരുണാകരന് ആഭ്യന്തരമന്ത്രിയുമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആദ്യകാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം (ബിജെപി), സോഷ്യലിസ്റ്റ് പാര്‍ട്ടി, വിമതലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളും പ്രകടനങ്ങളില്‍ പങ്കെടുത്തു. അന്നത്തെ പ്രതിപക്ഷ മുന്നണിയും ഭാരതീയ ജനസംഘവും ചേര്‍ന്ന് 1975 ജൂലൈ 9, 10, 11 തീയതികളില്‍ സംസ്ഥാനത്ത് ജില്ലാ മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജൂലൈ 11 ന് സംസ്ഥാനവ്യാപകമായി ബന്ദും നടത്തി. നേതാക്കളില്‍ പലരും അറസ്റ്റിലായി. ഈ ആദ്യകാല പ്രതികരണങ്ങള്‍ക്കുശേഷം പല വിപ്ലവകാരികളും മാളത്തിലൊളിച്ചു. തുടര്‍ന്ന് ആ സമരം മുന്നോട്ടുകൊണ്ടുപോയത് ആര്‍എസ്എസും ജനസംഘവുമായിരുന്നു.
ലോകസംഘര്‍ഷ സമിതിയുടെ തീരുമാനമനുസരിച്ച് 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി വരെ രാജ്യത്താകമാനം ഗാന്ധിയന്‍ രീതിയിലുള്ള സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഭാരതത്തിലാകമാനം 175,000 പേര് (കേരളത്തില്‍ 8000 ത്തോളം പേര്) പങ്കെടുത്തു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളും സബ്ജയിലുകളും സമരസേനാനികളെക്കൊണ്ട് നിറഞ്ഞു. പിന്നീടങ്ങോട്ട് 11 പേരടങ്ങിയ ബാച്ച് സമരം ചെയ്താല്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. അതില്‍നിന്ന് രണ്ടുപേരെ മാത്രം ഡിഐആര്‍ പ്രകാരം കേസെടുത്ത് ജയിലിലാക്കി. ബാക്കിയുള്ളവരുടെ പേരില്‍ എഫ്ഐആര്‍ പോലും എടുക്കാതെ പാതിരാത്രിയില്‍ ഇറക്കിവിട്ടു.
കെ. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്രൂരമായ പോലീസ് മര്‍ദ്ദനം ഉണ്ടായത്. സംസ്ഥാനത്ത് അതിനുവേണ്ടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍തന്നെ ഉണ്ടായിരുന്നു. ഈ ക്യാമ്പുകളില്‍ കൊണ്ടുപോയി കുടിവെള്ളംപോലും കൊടുക്കാതെ 13 ഉം 14 ദിവസം ക്രൂരമര്ദ്ദനങ്ങളേറ്റുവാങ്ങിയവരില് വൈക്കം ഗോപകുമാര്‍, അത്തോളി ശിവദാസ്, എം.ഐ. സുകുമാരന്‍, എം.കെ. ധര്മ്മരാജന്, എ.പി. ഭരത്കുമാര്‍, എ. ദാമോദരന്‍, ടി. വേലായുധന് താനൂര്‍, മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി തുടങ്ങി നിരവധിപേരുണ്ട്.
ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം ഈ സമരത്തില്‍ പങ്കെടുത്തവര്‍ മരണത്തെയും നേരിടാന്‍ തയ്യാറായാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്ത്രീകള്‍, വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സമരത്തില്‍ പങ്കാളികളായി. സംസ്ഥാനത്ത് സ്ത്രീകളുടെ 5 ബാച്ചുകളാണ് സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചത്. അതില്‍ കൈക്കുഞ്ഞുങ്ങളുമായി സമരം ചെയ്തവരും ഉണ്ടായിരുന്നു. സമരസേനാനികളെ തയ്യാറാക്കുന്നതിനും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനും ലോക്കപ്പുകളിലും ജയിലുകളിലും സഹായങ്ങള്‍ എത്തിക്കുന്നതിനുമായി നിരവധി സംഘപ്രചാരകന്മാരും കാര്യകര്‍ത്താക്കന്മാരും ഒളിവില്‍ പ്രവര്‍ത്തിച്ചു. നിരവധി അമ്മമാര്‍ ഒളിവിലും തെളിവിലും ്രപവര്ത്തിച്ചവര്ക്ക് താവളമൊരുക്കി. ഭക്ഷണവും നല്കി.
സംഘതീരുമാനമനുസരിച്ച് കേരളത്തില്‍ ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയാന്‍ വേണ്ടി ‘കുരുക്ഷേത്രം’- എന്ന പ്രസിദ്ധീകരണം അച്ചടിച്ചു. അത് രഹസ്യമായി വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കല്‍ ഇറക്കി വിതരണം ചെയ്യുന്ന കുരുക്ഷേത്രത്തിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പോലും വാര്‍ത്തകളറിഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലന് അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പോലും കേരളത്തില്‍ സിപിഎമ്മുകാര്‍ വായിച്ചറിഞ്ഞത് കുരുക്ഷേത്രയിലൂടെയാണ്.
(അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജന.സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: