ബെംഗളൂരു: മഹര്‍ഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് കോര്പ്പറേഷന് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി രാജി വച്ചു. കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി. നാഗേന്ദ്രയാണ് രാജി വച്ചത്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആദ്യ രാജിയാണിത്. രാജിക്കത്ത് ബി. നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. മന്ത്രി തെറ്റുകാരന്‍ ആണെങ്കില്‍ രാജി ആവശ്യപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് നീക്കം. എന്നാല്‍ രാജി ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
ഗോത്രവികസനത്തിനായി രൂപീകരിച്ച കോര്‍പറേഷന്റെ 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തിയെന്നതാണ് കേസ്. മെയ് 26ന് അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മഹര്‍ഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് കോര്പ്പറേഷന് ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖര്‍ ജീവനൊടുക്കിയിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യയുടെ പരാതിയില്‍ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടര്‍ ജെ.ജി. പത്മനാഭ, അക്കൗണ്ടന്റ് പരശുരാമ ദുര്‍ഗന്നനവര്‍, യൂണിയന് ബാങ്ക് മാനേജര്‍ സുചിസ്മിത രാവുള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ക്രമക്കേടിനു പിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചന്ദ്രശേഖരന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ചും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചും കുറിപ്പില്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.
എസ്ടി ക്ഷേമത്തിന് വേണ്ടിയുള്ള 187 കോടിയില്‍ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമായ ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ മന്ത്രി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടര്‍ന്നതോടെ ബിജെപി-ജെഡിഎസ് നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് മന്ത്രി രാജി വച്ചത്. മന്ത്രി നാഗേന്ദ്രയുടെ പങ്ക് വ്യക്തമായിട്ടും കേസ് സിബിഐക്ക് കൈമാറാതെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: