140 കോടി ജനങ്ങളുള്ള ഈ മഹാരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവിരുദ്ധ എന്‍ജിഒകളും അന്തിമ പോരാട്ടത്തിനിറങ്ങിയ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയിലേക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നുകടക്കുന്നത്. അത്യന്തം സങ്കീര്‍ണ്ണമാണ് ഇന്നത്തെ ദിവസം. എവിടെയും എന്തും പറഞ്ഞും പ്രചരിപ്പിച്ചും ഏതു കുഴപ്പവുമുണ്ടാക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ഒരുവശത്ത്. ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയും ആശങ്കകള്‍ സൃഷ്ടിക്കുകയുമാണ് അവരുടെ ലക്ഷ്യം. ഉത്തരവാദിത്വമില്ലാത്ത ചില മാധ്യമങ്ങളും ഭരണപ്രതീക്ഷയില്ലാത്ത പ്രതിപക്ഷവും ഈ രാജ്യത്ത് അരാജകത്വം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ഭരണഘടനയെപ്പറ്റി നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു നടക്കുന്ന ഈ ജനാധിപത്യവിരുദ്ധക്കൂട്ടങ്ങള്‍ക്കെതിരെ പൊതുവികാരം രാജ്യത്ത് ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴെല്ലാം കോടതികള്‍ കേന്ദ്രീകരിച്ചും മാധ്യമങ്ങളിലൂടെയും പ്രതിപക്ഷ നേതാക്കളിലൂടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കങ്ങള്‍ രാജ്യത്തുപതിവാണ്. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം ഇക്കൂട്ടര്‍ കൂടുതല്‍ സജീവമായി. ഇത്തവണ വോട്ടിംഗ് യന്ത്രവും വിവിപാറ്റും മുതല്‍ വോട്ടെണ്ണല്‍ പ്രക്രിയയും വരെ ഇവരുടെ ആക്രമണത്തിന് വിധേയമായി. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ സംസാരിക്കവേ ഇന്നലെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വികാരാധീനരായി മാറിയത് വെറുതെയല്ല. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുണ്ടാവുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും എന്നാല്‍ അതുണ്ടായത് രാജ്യത്തിനകത്തുനിന്നാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിഷമത്തോടെയാണ് പറഞ്ഞുനിര്‍ത്തിയത്. പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് നാലു ദിവസം മുമ്പാണ് വിവിപാറ്റ് ഹര്‍ജികള്‍ കോടതിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം വിശദവിവരങ്ങള്‍ കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതാണ്. എന്നാല്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ഹര്‍ജികള്‍ കോടതിയിലെത്തി. 2019ലെ തെരഞ്ഞെടുപ്പിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിനു നാലു ദിവസം മുമ്പ് സുപ്രീംകോടതിയില്‍ വോട്ടിംഗ് യന്ത്രത്തിനെതിരായ ഹര്‍ജിയെത്തിയിരുന്നതായും രാജീവ് കുമാര്‍ വെളിപ്പെടുത്തി. സുപ്രീംകോടതിയിലും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റിയും വോട്ടെണ്ണല്‍ പ്രക്രിയയെപ്പറ്റിയും വളരെ വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും അതനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വോട്ടെടുപ്പിന് തലേദിവസം ദല്‍ഹിയില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമത്വവും അട്ടിമറിയും ആരോപിക്കുന്നവരുടെ ലക്ഷ്യം വലുതാണെന്ന് തന്നെയാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞുവെച്ചത്. ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചനകള്‍ അടക്കം വരും ദിവസങ്ങളില്‍ അന്വേഷിക്കേണ്ടതുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് ഈ ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഏഴു ഘട്ടങ്ങളായി 543 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 64.2 കോടി പൗരന്മാര്‍ വോട്ട് രേഖപ്പെടുത്തി. ഇത്രവലിയ ജനാധിപത്യ പ്രക്രിയ ലോകത്തെങ്ങും നടന്നിട്ടില്ല. ഇത്രവലിയ വോട്ടെടുപ്പ് ലോക റിക്കോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഭാരതത്തില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ജി7 രാജ്യങ്ങളിലെ വോട്ടര്‍മാരേക്കാള്‍ ഒന്നര ഇരട്ടി കൂടുതലാണ്. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ രണ്ടര ഇരട്ടികൂടുതലാണ് ഭാരതത്തില്‍ ഇത്തവണ വോട്ട് ചെയ്തവരുടെ എണ്ണം. രാജ്യത്ത് വോട്ട് രേഖപ്പെടുത്തിയ വനിതാ വോട്ടര്‍മാരുടെ എണ്ണം 31.2 കോടിയാണ്. യൂറോപ്യന്‍ യൂണിയനിലെ വോട്ടമാരുടെ ഇരട്ടിയിലധികം. വോട്ടെടുപ്പ് പ്രക്രിയയ്‌ക്കായി രാജ്യത്ത് നിയോഗിക്കപ്പെട്ടത് ഒന്നര കോടി ഉദ്യോഗസ്ഥരെയാണ്. പോളിംഗ് ഡ്യൂട്ടിക്കും സുരക്ഷാ ഡ്യൂട്ടിക്കുമായാണ് ഇത്രയധികം പേരെ നിയോഗിച്ചത്. 68,763 തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങള്‍ രാജ്യത്താകമാനം പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നിയമവിരുദ്ധമായി എത്തിച്ച പതിനായിരം കോടി രൂപയുടെ പണവും മദ്യവും മറ്റുമാണ് കണ്ടുകെട്ടിയത്. ഇതില്‍ 4,391 കോടി രൂപയുടെ മയക്കുമരുന്നുകള്‍ കണ്ടുകെട്ടിയതും ഉള്‍പ്പെടുന്നു. തികച്ചും സമാധാനപരമായി വോട്ടെടുപ്പ് നടത്താന്‍ സാധിച്ചതും വലിയ നേട്ടമായി കമ്മീഷന്‍ കാണുന്നു. 2019ല്‍ 540 ഇടത്ത് റീപോളിംഗ് നടത്തേണ്ടിവന്നപ്പോള്‍ ഇത്തവണ വെറും 39 റീപോളിംഗുകള്‍ മാത്രമാണ് രാജ്യത്ത് നടന്നത്. അതില്‍ 25 എണ്ണവും അരുണാചലിലും മണിപ്പൂരിലുമായിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ റീപോളിംഗുകള്‍ നടത്തേണ്ടിയേ വന്നിട്ടില്ല. രാജ്യത്തെ ക്രമസമാധാന നില അത്രയധികം സാധാരണനിലയിലാണെന്നതിന്റെ തെളിവുകളാണിത്. നാലുപതിറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനമാണ് ജമ്മുകശ്മീരില്‍ നടന്നത് 58.58 ശതമാനം. കശ്മീര്‍ താഴ്‌വരയില്‍ 51.05ശതമാനം ജനങ്ങള്‍ വോട്ട് ചെയ്തു. കശ്മീരി പണ്ഡിറ്റുകള്‍ക്കായിപ്രത്യേക പോളിംഗ് സ്‌റ്റേഷനുകളുമുണ്ടായിരുന്നു. വലിയ സംഘര്‍ഷം നടന്ന മണിപ്പൂരിലും താരതമ്യേന ശാന്തമായി വോട്ടെടുപ്പ് നടന്നു. ഇന്നര്‍ മണിപ്പൂരില്‍ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരില്‍ 51.72 ശതമാനവുമായിരുന്നു വോട്ടിംഗ് ശതമാനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യഉത്സവം കാണാനായി 23 ലോകരാജ്യങ്ങളുടെ പ്രതിനിധികളാണെത്തിയത്.
വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി കൃത്രിമം കാണിക്കുന്നുവെന്ന ആരോപണമായിരുന്നു കാലങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നത്. ഇത് പലവട്ടം പരിശോധിച്ചശേഷം സുപ്രീംകോടതി തള്ളിയതോടെ വിവിപാറ്റിലേക്ക് പ്രതിപക്ഷ ആരോപണം മാറി. വിവിപാറ്റില്‍ കൃത്രിമത്വം കാണിക്കുന്നു, വിവിപാറ്റ് മുഴുവനും എണ്ണണം തുടങ്ങിയ ആരോപണങ്ങളും കോടതി തള്ളിയതോടെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ ബിജെപി തട്ടിപ്പ് കാണിക്കുന്നുവെന്ന കൂടുതല്‍ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൂടിയായ 150 ജില്ലാ കളക്ടര്‍മാരെ കേന്ദ്രആഭ്യന്തരമന്ത്രി ഫോണില്‍ വിളിച്ചു നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം ഉന്നയിച്ചത് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശാണ്. ഇതിന് തെളിവ് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് ഒരാഴ്ച കഴിഞ്ഞുമാത്രമേ മറുപടിനല്‍കാനാവൂ എന്നാണ് ജയറാം രമേശ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ജയറാം രമേശ് ഉന്നയിച്ച ആരോപണം പച്ചക്കള്ളമാണെന്നും ഒരിടത്തുനിന്നും അത്തരത്തിലൊരു വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴിന് മുമ്പായി മറുപടി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു ജയിലിലിടേണ്ട ക്രിമിനല്‍ കുറ്റമാണ് ജയറാം രമേശ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. അഞ്ഞൂറ് അറുനൂറ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ നടക്കുമോ എന്നു ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍, കിംവദന്തി പ്രചരിപ്പിക്കുന്നതും എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതേപടി പകര്‍ത്തി പ്രതിപക്ഷ നേതാക്കള്‍ താഴേത്തട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നതിനപ്പുറം കമ്മീഷനെ ചോദ്യം ചെയ്യാനുള്ള ഒരവസരവും നഷ്ടമാക്കരുതെന്ന സന്ദേശമാണ് പ്രതിപക്ഷം നല്‍കുന്നത്. ചെറിയ കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ ബഹളമുണ്ടാക്കുകയും അതുവഴി ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയുമാണ് പ്രതിപക്ഷ ലക്ഷ്യം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കാലങ്ങളായി ആദ്യമെണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളാണെന്നിരിക്കേ, പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയശേഷം മാത്രമേ ഇവിഎമ്മുകള്‍ എണ്ണാവൂ എന്ന ആവശ്യം ഉന്നയിച്ചതു പോലും കമ്മീഷനെ വെറുതെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്. വോട്ടെണ്ണല്‍ പ്രക്രിയ ഏതുവിധേനയും തടസ്സപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയുടെ വിശ്വാസ്യതയെ തകര്‍ക്കുകയുമാണ് പ്രതിപക്ഷ ലക്ഷ്യം. നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തെ അവര്‍ അത്രയധികം ഭയപ്പെടുന്നുവെന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: