ഏഴെട്ടുകൊല്ലം മുമ്പാണ്. കൊറാത്ത് സാറിന്റെ മകള്‍ ഉഷ വിളിച്ചു. അച്ഛന്റെ ലേഖനങ്ങള്‍ കൂറേ അവിടെയും ഇവിടെയുമായി ഉണ്ട്. അവ സമാഹരിക്കണമെന്നു മോഹം. ശ്രമിച്ചുകൂടേ?
തീര്‍ച്ചയായും സമാഹരിക്കണം എന്നു തന്നെയായിരുന്നു എന്റെ മറുപടി. കുറേക്കാലമായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ആശയമാണ്. അങ്ങനെ ഞങ്ങള്‍ മൂന്നുനാലുപേരിരുന്ന് പരിപാടി ആസൂത്രണം ചെയ്തു.
മാതൃഭൂമി, കേസരി, ജന്മഭൂമി, വാര്‍ത്തികം പിന്നെ ചില സോവനീറുകളിലും അതുപോലുള്ള പ്രസിദ്ധീകരണങ്ങളിലും സാറിന്റെ ലേഖനം കണ്ടിട്ടുണ്ട്. ആരു ലേഖനം ചോദിച്ചാലും വയ്യെന്നു പറയാത്തതാണ് കൊറാത്തിന്റെ പ്രകൃതം. ആദ്യം അന്വേഷിച്ചത് വീട്ടിലെ ശേഖരങ്ങളില്‍ ലേഖനങ്ങളുടെ കോപ്പി പലതും സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു. ഉഷ തീര്‍ത്തു പറഞ്ഞു. അങ്ങനത്തെ തുണ്ടു കടലാസുപോലും ഇവിടെ, വീട്ടില്‍ ഇല്ല. നമ്മള് അന്വേഷിച്ചു കണ്ടെത്തുകയേ നിവൃത്തിയുള്ളൂ.
ഇങ്ങനെ സൂക്ഷിക്കുന്ന ശീലമൊന്നും കൊറാത്തിനില്ലെന്ന് അദ്ദേഹത്തെ അറിയുന്നവരോടു പ്രത്യേകിച്ചു പറയേണ്ടതില്ല. തന്റെ സ്വന്തം കാര്യം എന്തുതന്നെയായാലും നിസ്സംഗതയോ അവഗണനയോ-തിക്കിത്തിരക്കിവരുന്ന, മറ്റുള്ളവരുടെ കാര്യങ്ങളുടെ പിന്നിലായിരിക്കും എപ്പോഴും ശ്രദ്ധ. ശമ്പളം വേസ്റ്റ്പേപ്പര്‍ ബാസ്കറ്റില്‍ കൊണ്ടിടുന്ന കക്ഷിയാണ് എന്ന് മാതൃഭൂമിക്കാര്ക്കറിവുള്ളതാണല്ലോ, സംഭവം ഇങ്ങനെയാണ്. മാതൃഭൂമിയില്‍ (അക്കാലത്ത്) ശമ്പളം മാസത്തില്‍ രണ്ടു ഗഡുക്കളായാണ് നല്‍കാറ്, മാസാദ്യം രണ്ടാം തിയതിയും, 17-ാം തിയ്യതിയും. 17നു ശമ്പളത്തിന്റെ പകുതി. രണ്ടാം തിയ്യതി പിടിക്കലുകളെല്ലാം കഴിഞ്ഞ് ബാക്കി തുക. ജീവനക്കാരന്റെ മേശയ്ക്കരികിലെത്തി ശമ്പളക്കവര്‍ ഏല്‍പ്പിക്കുന്നു, നിയുക്ത സ്റ്റാഫ്. ഒരു മൂന്നാം തിയതിയോ 18-ാം നോ ആണ്, രാവിലെ തൂപ്പുകാരിക്ക് കൊറാത്തിന്റെ കസാലയ്ക്കരികിലെ പാഴ്കടലാസുകളിടുന്ന ബക്കറ്റില്‍ നിന്ന് ശമ്പളമടങ്ങിയ കവര്‍ കിട്ടി. ഉടനെ അവിടത്തെ അറ്റന്‍ഡറെ ഏല്‍പ്പിച്ചു. അറ്റന്‍ഡര്‍ രാവിലെ ഡ്യൂട്ടിക്ക് എത്തിയ സബ് എഡിറ്ററോട് വിവരം പറഞ്ഞു, കവര്‍ കൈമാറി. കൊറാത്തിന്റെ പേരെഴുതിയ കവറായതുകൊണ്ട് കാര്യം പിടികിട്ടിയ സബ്ബ് എഡിറ്റര്‍ കഥാനായകനെ വിളിച്ച് വിവരം പറഞ്ഞു. ആ വിളി വന്നപ്പോഴാണ് കൊറാത്തിന് ഉള്‍വിളി, ഇന്നലെ ശമ്പളം കിട്ടിയിട്ടുണ്ടല്ലോ! പിന്നീട് ശമ്പള ദിവസങ്ങളില്‍ സാറ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ഒന്നുകില്‍ ന്യൂസ് ഡസ്കിലുള്ളവര്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കും, അല്ലെങ്കില്‍ അദ്ദേഹം ഇങ്ങോട്ട് വിളിക്കും. പലപ്പോഴും വേസ്റ്റ് കടലാസുകള്‍ക്കിടയില്‍ നിന്ന് ശമ്പളകവര് ‘വീണ്ടെടുത്തിട്ടുണ്ട്.’
ഇത് നടന്നതാണ്. വിശദാംശങ്ങളില്‍ ചില്ലറ വ്യത്യാസമുണ്ടായേക്കാം. മാതൃഭൂമിയില്‍ അക്കാലങ്ങളില്‍ പാട്ടായിരുന്നു ഇത്. ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മയിലെത്തി എന്നേ ഉള്ളൂ. ഇവിടെ ഒന്നെടുത്തുപറയേണ്ടതുണ്ട്. എഡിറ്റ് പേജ് കൈകാര്യം ചെയ്തിരുന്ന വി.എം. കൊറാത്തിന്റെ മേശപ്പുറത്ത് കണ്ടമാനം ലേഖനങ്ങളും ആക്ഷേപസാഹിത്യവും നിത്യേന കുന്നുകൂടാറുണ്ട്. എമ്പരപ്പ് സൃഷ്ടികള്‍! അതിലേതെങ്കിലും ഒന്ന്, താരതമ്യേന അപ്രധാനമെന്നു തോന്നാവുന്ന, പത്രാധിപര്‍ക്കുള്ള കത്തുകള്‍ വരെ, കാണാതെപോയ അനുഭവമില്ല. കൃത്യമായി ഫയലില്‍ സൂക്ഷിച്ച് ഉപയോഗിക്കാത്ത ലേഖനങ്ങള്‍ തിരിച്ചയച്ച്, പ്രസിദ്ധീകരണയോഗ്യമല്ലാത്ത കത്തുകള്‍ ഉപേക്ഷിച്ച് മേശപ്പുറം അപ്റ്റുഡേറ്റായിരിക്കും. സ്വന്തം ശമ്പളക്കവറിന്റെ ‘യോഗം’ പത്രത്തിലേക്കുള്ള കടലാസുകള്‍ക്ക് വരാറില്ല എന്നര്‍ത്ഥം!
‘ഓര്‍മ്മയുടെ നിലാവ്’ എന്ന ആത്മകഥാഗ്രന്ഥത്തില്‍ ഏറ്റവും ഒടുവിലത്തെ കുറച്ചു കുടുംബകാര്യങ്ങള്‍ എന്ന അധ്യായം ശ്രദ്ധിച്ചു നോക്കുക. എന്തു കൊണ്ടും സ്വീകാര്യമായ നല്ലൊരു വിവാഹാലോചന മകള്‍ക്കു വന്നപ്പോള്‍ അതിന്റെ നടത്തിപ്പിനാവശ്യമായ ധനം സമാഹരിക്കാന്‍, അന്നത്തെ നിലയില്‍ സാമാന്യം മെച്ചപ്പെട്ട ശമ്പളം വാങ്ങിക്കുന്ന ഭാര്യാഭര്ത്താക്കന്മാര് പെട്ടപാട്! പണ്ടം പണയം വെച്ചും തന്നെ നന്നായറിയുന്ന അടുത്ത സുഹൃത്തുകളുടെ സഹായം സ്വീകരിച്ചുമാണ് മകളെ വിവാഹമണ്ഡപത്തിലേയ്ക്ക് എത്തിച്ചത് എന്ന് അദ്ദേഹം അവിടെ എഴുതുന്നു.
ഈ സ്വഭാവസവിശേഷതയെക്കുറിച്ച് തനിക്ക് നല്ല ബോധ്യവുമുണ്ട്. ‘ശമ്പളം കിട്ടിയാല്‍ ചുരുക്കി ചെലവാക്കി വല്ലതും മിച്ചം വെക്കുന്ന ശീലം എനിക്കില്ലായിരുന്നു. കാശ് കൈയിലുള്ളപ്പോള്‍ യഥേഷ്ടം ചെലവാക്കും. ഇതു കാരണം അത്യാവശ്യങ്ങള്‍ നേരിടുമ്പോള്‍, കടം വാങ്ങി കാര്യം നിവര്‍ത്തിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ആര്‍ഭാടമോ അനാവശ്യച്ചെലവോ അല്ല, പണം ചെലവഴിക്കുന്നതിലുള്ള പിടിപ്പുകേടാണ് ഇതിന് കാരണം’ (ഓര്‍മയുടെ നിലാവ് പേജ് 303-304)
കുറേകാലം കൂടി കാണുന്ന പ്രിയപ്പെട്ടവര്‍ ഓഫീസില്‍ വന്നുകാണുമ്പോള്‍ അവരെയും അപ്പോള്‍ അവിടെയുള്ള സഹപ്രവര്‍ത്തകരെയും കൂട്ടി ഹോട്ടലില്‍ വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുക, കൊറാത്തിന്റെ സ്വഭാവമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് അതിനെതിരെ പ്രവര്‍ത്തിച്ചിരുന്ന സംഘപ്രവര്‍ത്തകര്‍ പണത്തിന് ക്ലേശിക്കേണ്ടിവരുമല്ലോ എന്ന് മനസ്സിലാക്കി അവരെ സഹായിക്കുക, തപസ്യ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം വരുമ്പോള്‍ കണ്ടറിഞ്ഞ് സഹായിക്കുക. ഇതിനൊക്കെ അദ്ദേഹം കൈയയച്ചിരുന്നു. പണം ആവശ്യമുള്ളപ്പോള്‍ കടം നല്കി സഹായിക്കാന്‍ തയ്യാറുള്ള ചില സഹപ്രവര്‍ത്തകരെ അദ്ദേഹം കണ്ടുവെച്ചിരുന്നു.
ഈ ‘പിടിപ്പുകേട്’ സാമ്പത്തിക കാര്യങ്ങളില്‍ മാത്രമേ തനിക്കുള്ളൂ എന്ന് ശുദ്ധഗതികൊണ്ട് അദ്ദേഹം ധരിച്ചിരുന്നതായിത്തോന്നുന്നു. തന്റെ സമയം മാനേജ്ചെയ്യുന്നതിലും സ്വന്തം കഴിവ് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലും മറ്റും ഈ ‘പിടിപ്പുകേട്’ കൊറാത്തിനുണ്ടായിരുന്നു. ആത്മകഥ തന്നെ നോക്കുക. മുന്‍പ് സൂചിപ്പിച്ചതു പോലെ 49 അധ്യായമുള്ള, 309 പേജുള്ള ആ പുസ്തകത്തില്‍ ഏറ്റവും ഒടുവില്‍ 13 പേജാണ് തന്റെ വീട്ടു കാര്യങ്ങളെക്കുറിച്ചു പറയാന്‍ കൊറാത്ത് നീക്കിവെച്ചത്! തന്റെ ഔദ്യോഗിക ജീവിതവുമായും പൊതുരംഗത്തെ പ്രവര്‍ത്തനവുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കുറിച്ച് വിസ്തരിച്ച് പ്രതിപാദിച്ച് ഈ ഗ്രന്ഥകാരന് കുടുംബം, വിവാഹം തുടങ്ങിയവ ‘ശ്ലോകത്തില്‍ കഴിച്ചിരിക്കുകയാണ്’ നോക്കിയാല്‍ പഠിപ്പ്, വിവാഹം, മകളുടെ വിവാഹം ഇതൊക്കെ നാടകീയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്. അത്യാകര്‍ഷകമായ ഒരു ശൈലിയുള്ള കൊറാത്തിന് കൂടുതല്‍ ഭംഗിയായി വിസ്തരിക്കാന്‍ കഴിയേണ്ടതാണ് അതെല്ലാം. എന്തു ചെയ്യാം, പാഴ്ക്കടലാസുകള്ക്കിടയില് ശമ്പളക്കവര്‍ വെച്ചു മറക്കുന്ന തനിക്ക് കുടുംബകാര്യങ്ങള്‍ യാത്രാ തീവണ്ടിയിലെ ഏറ്റവും ഒടുവില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒരു ബോഗിയായിപ്പോയി!
ഈ പിടിപ്പുകേടിന്റെ കഥയിലെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ രചനകളുടെ എന്തെങ്കിലും രേഖകള്‍ വീട്ടിലുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഉഷ തന്ന മറുപടിയില്‍ കാണുന്നത്. താനെഴുതി പ്രസിദ്ധീകൃതമായ ലേഖനങ്ങള്‍ സംബന്ധിച്ച ഒരു തുണ്ട് കടലാസുപോലും വീട്ടില്‍ കാണാനായില്ല. അവ സൂക്ഷിക്കാന്‍ അദ്ദേഹം മനസ്സു വെച്ചില്ല. വേണ്ട എന്ന് കരുതിയിട്ടല്ല. അതിനെക്കുറിച്ചൊന്നും അദ്ദേഹം ആലോചിച്ചതേ ഇല്ല. അദ്ദേഹം ആദ്യ കാലങ്ങളില്‍ കവിതകളും എഴുതിയിട്ടുണ്ട് എന്ന് സ്വകാര്യസംഭാഷണങ്ങള്ക്കിടയിലെ ചില സൂചനകളില്‍ നിന്ന് ഞാനൂഹിക്കുന്നു. മാതൃഭൂമിയിലും പുറത്തുമുള്ള താനാദരിക്കുന്നവര്, സഹപ്രവര്‍ത്തകര്‍, തന്റെ പിന്നാലെ വന്നവര്‍… അവരില്‍ ഏറെപ്പേരും പത്രാധിപര്‍ക്കെഴുതിയ കത്തും സ്കൂള്‍ കോളജ് മാസികയിലെഴുതിയ സൃഷ്ടികള്‍ പോലും കൃത്യമായി ഡേറ്റിട്ട് ഫയലില്‍ സൂക്ഷിക്കാന്‍ മറക്കാറില്ല എന്നിരിക്കെ തന്റെ കാര്യത്തില്‍ ഇങ്ങനെ ഒന്ന് അദ്ദേഹത്തിന്റെ ചിന്തയിലേ പോയില്ല.
ഫലം: അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിക്കാനുള്ള ശ്രമം എങ്ങുമെത്താതെ സ്തംഭിച്ചു. മാതൃഭൂമി, ജന്മഭൂമി, വാര്‍ത്തികം എന്നീ പ്രസിദ്ധീകരണങ്ങളിലെ പംക്തികള്‍ വലിയ ക്ലേശം കൂടാതെ സംഘടിപ്പിക്കാമെന്ന് കരുതി. അത്രത്തോളമെത്തിയപ്പോഴല്ലേ, ചില പ്രസിദ്ധീകരണങ്ങളുടെ ഓഫീസില്പ്പേലും അവ കൃത്യമായി സൂക്ഷിച്ചിട്ടില്ല! ഞാന്‍ കോഴിക്കോട്ടും തൃശ്ശൂരും, കൊച്ചിയിലും, തിരുവനന്തപുരത്തും ഈയാവശ്യത്തിനായി സഞ്ചരിച്ചു. പലരേയും കണ്ടു ഉപദേശനിര്‍ദ്ദേശങ്ങള്‍ നിര്‍ലോപം ലഭിച്ചു എന്നല്ലാതെ ഒരു ഫലവുമുണ്ടായില്ല. എന്റെ പരിചയക്കുറവും ഇതിനുകാരണമായിട്ടുണ്ടാവും. രണ്ടു മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഉഷയോടു ഞാന്‍ സംഗതി പറഞ്ഞു. എന്തുചെയ്യും, ശ്രമിക്കാഞ്ഞിട്ടല്ലല്ലോ നമുക്ക് ഈ പദ്ധതി ഇവിടെ ഉപേക്ഷിക്കാം എന്ന് ഉഷ. ഇന്ന് നമ്മോടൊപ്പമില്ലാത്ത ആ സഹോദരി എന്റെ ആത്മാര്‍ത്ഥതയില്‍ സംശയിക്കാന്‍ ഇടയില്ല എന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു.
പറഞ്ഞുവന്നത് ഇതാണ്. കൊറാത്തിന്റെ വ്യക്തിത്വത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു സവിശേഷതയാണ് ‘പിടിപ്പുകേട്’. പത്രപ്രവര്‍ത്തകനായിരിക്കെത്തന്നെ കേളപ്പജിയുടെ വഴിയേ സഞ്ചരിച്ച അദ്ദേഹം സര്‍വോദയ പ്രവര്‍ത്തനങ്ങളിലും ക്ഷേത്രസംരക്ഷണ പ്രവര്‍ത്തനങ്ങളിലും തന്റേതായ പങ്കു നിര്‍വഹിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. നല്ല പത്രപ്രവര്ത്തകന് പറഞ്ഞിട്ടുള്ളതല്ല, ഇമ്മാതിരി പൊതു പ്രവര്‍ത്തനം എന്ന് സഹപ്രവര്‍ത്തകരുടെ ന്യായം തനിക്ക് സ്വീകാര്യമായില്ല. പത്രപ്രവര്‍ത്തനത്തിലെ ഏതെങ്കിലും മേഖലയില്‍ പ്രാഗത്ഭ്യം നേടാനുള്ള അവസരം, പൊതുപ്രവര്‍ത്തനം മൂലം നഷ്ടപ്പെടുത്തിയല്ലോ എന്ന് ഒരവസരത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. കണ്‍കോണുകളിലും ചുണ്ടറ്റത്തും ഒളിപ്പിക്കാതെ ഒളിപ്പിച്ചുവെച്ച കുസൃതിച്ചിരിയോടെ, ‘പണിയെടുക്കാതെ ഞാന്‍ ഉഴപ്പി എന്ന്, അല്ലേ’ എന്നായിരുന്നു പ്രതികരണം. അബദ്ധമായോ ചോദിച്ചത്? ഞാന്‍ ഷഡ്ഗവ്യത്തിലായി. അദ്ദേഹം ആശ്വസിപ്പിക്കുന്നപോലെ പ്രതിവചിച്ചു. ബാലകൃഷ്ണന് പറഞ്ഞതില്‍ ശരിയുണ്ട്, എന്നാല്‍ സമൂഹത്തിന്റെ നാഡിമിടിപ്പ് പത്രപ്രവര്ത്തകന് അറിഞ്ഞിരിക്കണം. അതിനു പൊതുരംഗത്തും പ്രവര്‍ത്തിക്കേണ്ടിവരും. പൊതുപ്രവര്‍ത്തനത്തില്‍ സര്‍വ്വോദയം, ക്ഷേത്രസംരക്ഷണസമിതി വഴി അദ്ദേഹം തപസ്യയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തി. തപസ്യ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സംതൃപ്തി കണ്ടു. തന്നെതാന്‍ കണ്ടെത്തുകയായിരുന്നു തപസ്യയിലൂടെ എന്നദ്ദേഹം കരുതിയെന്നു തോന്നുന്നു. അദ്ദേഹത്തിന്റെതായി രണ്ടു കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
1. മുഖത്തോടുമുഖം (വേദ്മേഹ്ത്തയുടെ ആത്മകഥയുടെ മൊഴിമാറ്റം) പ്രസാധനം; കുരുക്ഷേത്രപ്രകാശന്‍. 2. ഓര്‍മയുടെ നിലാവ് (ആത്മകഥ) പ്രസാധനം: തപസ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: